ആകാശത്തേയ്ക്ക് പറന്നുയരാന്‍ പറ്റുന്ന വാഹനങ്ങള്‍ ഇനി വെറും പഴങ്കഥയാവില്ല

June 30, 2017, 4:47 pm
ആകാശത്തേയ്ക്ക് പറന്നുയരാന്‍ പറ്റുന്ന വാഹനങ്ങള്‍ ഇനി വെറും പഴങ്കഥയാവില്ല
Automobile
Automobile
ആകാശത്തേയ്ക്ക് പറന്നുയരാന്‍ പറ്റുന്ന വാഹനങ്ങള്‍ ഇനി വെറും പഴങ്കഥയാവില്ല

ആകാശത്തേയ്ക്ക് പറന്നുയരാന്‍ പറ്റുന്ന വാഹനങ്ങള്‍ ഇനി വെറും പഴങ്കഥയാവില്ല

കരയിലും ആകാശത്തും ഒരുപോലെ സഞ്ചരിക്കുന്ന വാഹനങ്ങളെക്കുറിച്ച് മുത്തശ്ശിക്കഥകളില്‍ നാം ധാരാളം കേട്ടിട്ടുണ്ട്. ഇത് ഉടന്‍ യാഥാര്‍ഥ്യമായി മാറും എന്നതിന്റെ സൂചനകള്‍ എത്തിത്തുടങ്ങി. കരയിലും വായുവിലും ഒരുപോലെ സഞ്ചരിക്കാനാവുന്ന എട്ടു റോബോട്ടിക് ഡ്രോണുകളെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ(MIT )ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു.

ഭൂമിയിലും ആകാശത്തും ഒരേപോലെ സഞ്ചരിക്കാനാവുന്നവയാണ് ഇവ. വിമാനം നിലത്തിറങ്ങുന്നതിനു വേണ്ടിവരുന്നത് പോലെയുള്ള സംവിധാനങ്ങളൊന്നും വേണ്ട എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പ്രത്യേക തടസ്സങ്ങളൊന്നും ഇല്ലാത്ത പാതയിലൂടെ കടത്തിവിട്ടാണ് ഈ റോബോട്ടുകളെ പരീക്ഷിച്ചത്. എന്തായാലും ആദ്യപരീക്ഷണം വന്‍വിജയമായിരുന്നു.

സാധാരണഗതിയില്‍ കര, വായു എന്നിങ്ങനെ രണ്ടുരീതിയിലും സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഉണ്ടാക്കിയെടുക്കുക എന്നകാര്യം അത്ര എളുപ്പമല്ല. വായുവില്‍ സഞ്ചരിക്കുന്ന ഡ്രോണുകള്‍ കൂടുതല്‍ വേഗതയാര്‍ന്നതായിരിക്കും. ബാറ്ററി ക്ഷമത കുറവായതിനാല്‍ ഇവയ്ക്ക് അധികദൂരം സഞ്ചരിക്കാനാവില്ല. ഇവയെ അപേക്ഷിച്ച് കരയിലൂടെ സഞ്ചരിക്കുന്നവയ്ക്ക് ഊര്‍ജ്ജക്ഷമത കൂടുതലായിരിക്കും.പക്ഷേ പരമാവധി വേഗതയ്ക്ക് പരിധിയുമുണ്ട്.

മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടിത്തത്തിനു പിന്നില്‍. ഒരുപാടു തടസ്സങ്ങളുള്ള വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ സിനിമകളില്‍ ഒക്കെ കാണുന്ന പോലെ വാഹനമെടുത്ത് പറപ്പിക്കുക എന്നത് അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സത്യമാകും. പറക്കും കുരങ്ങന്‍ ആയിരുന്നു ഈ ടീമിന്റെ ഇതിനു തൊട്ടുമുന്‍പേയുള്ള പരീക്ഷണം. എന്തെങ്കിലും സാധനം തട്ടിപ്പറിച്ചെടുത്ത് പറന്നുപോകുന്ന കുരങ്ങന്‍ റോബോട്ട് ആയിരുന്നു അത്. ഇതിനുവേണ്ടി പ്രത്യേക അല്‍ഗരിതങ്ങള്‍ ഉണ്ടാക്കിയെടുത്തിരുന്നു. വഴി തിരിച്ചറിയുന്നതിനുള്ളവയായിരുന്നു ഇതില്‍ പ്രധാനം.

ഇപ്പോള്‍ വികസിപ്പിച്ച ഡ്രോണുകളില്‍ ഓരോന്നിന്റെയും അടിയില്‍ രണ്ടുവീതം ചെറിയ മോട്ടോറുകള്‍ സ്ഥാപിച്ചിരുന്നു. ബാറ്ററി മുഴുവന്‍ ചാര്‍ജില്‍ ഇവയ്ക്ക് 90 മീറ്റര്‍ പറക്കുന്നതിനും 252 മീറ്റര്‍ കരയിലൂടെ സഞ്ചരിക്കുന്നതിനും സാധിക്കും. പറക്കുന്നതിനേക്കാള്‍ കൂടുതല്‍ ക്ഷമത കരയിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു എന്നു കണ്ടെത്തി.

ഇപ്പോള്‍ പരീക്ഷിച്ച എട്ടു റോബോട്ടുകളും വന്‍വിജയമായിരുന്നു. ഭാവിയില്‍ സുരക്ഷിതമായ പറക്കുംകാറുകള്‍ എത്തുന്നതിന്റെ നാന്ദി കുറിക്കുകയാണ് ഈ പരീക്ഷണത്തിലൂടെ എന്ന് വേണമെങ്കില്‍ പറയാം. വര്‍ഷങ്ങളുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമാണ് ഈ കണ്ടെത്തല്‍. മനുഷ്യനെയും വഹിച്ചുകൊണ്ട് അന്തരീക്ഷത്തിലൂടെ പറക്കുന്ന കാറുകള്‍ വരാന്‍ ഇനിയും ഒരുപാട് കാലം കഴിയും.