നിവൃത്തികേടുകൊണ്ടാ; ബജാജ് റോയല്‍ എന്‍ഫീല്‍ഡിനെ കൊട്ടി പരസ്യമിറക്കാനുള്ള കാരണമിതാണ്  

August 17, 2017, 5:27 pm
നിവൃത്തികേടുകൊണ്ടാ; ബജാജ് റോയല്‍ എന്‍ഫീല്‍ഡിനെ  കൊട്ടി പരസ്യമിറക്കാനുള്ള കാരണമിതാണ്  
Automobile
Automobile
നിവൃത്തികേടുകൊണ്ടാ; ബജാജ് റോയല്‍ എന്‍ഫീല്‍ഡിനെ  കൊട്ടി പരസ്യമിറക്കാനുള്ള കാരണമിതാണ്  

നിവൃത്തികേടുകൊണ്ടാ; ബജാജ് റോയല്‍ എന്‍ഫീല്‍ഡിനെ കൊട്ടി പരസ്യമിറക്കാനുള്ള കാരണമിതാണ്  

പ്രമുഖ ബൈക്ക് നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീന്‍ഡിന് നേരെ ഒളിയമ്പെയ്ത് മറ്റൊരു ബ്രാന്‍ഡായ ബജാജ് പരസ്യമിറക്കിയത് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ്. 'ആനയെ പോറ്റുന്നത് നിര്‍ത്തൂ' എന്ന വാചകത്തോടെയാണ് പരസ്യമെത്തിയത്.

കുറച്ച് സഞ്ചാരികള്‍ ആനപ്പുറത്ത് കയറി യാത്രപോകുന്നതും ആനയെ മേയ്ക്കാന്‍ കഷ്ടപ്പെടുന്നതുമാണ് കൊമേഴ്‌സ്യലില്‍ ഉള്ളത്. ഒപ്പം എന്‍ഫീല്‍ഡിന്റെ തംപ് തംപ് ശബ്ദവും ടിബറ്റന്‍ മന്ത്രക്കൊടികള്‍ വരെയുണ്ട്. ഇവരെ നിസ്സാരന്മാരാക്കി ബജാജിന്റെ ഡൊമിനോര്‍ 400 കടന്നുപോകുന്നതാണ് ദൃശ്യം. ബുള്ളറ്റിനെ മാരകമായി ട്രോളുന്ന പരസ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. എന്‍ഫീല്‍ഡ് സ്‌നേഹികളും ട്രോളന്‍മാരും പ്രതികരണങ്ങളുമായെത്തി.

പരസ്യമേഖലയില്‍ അടിയും തിരിച്ചടിയുമൊക്കെയായി മത്സരങ്ങള്‍ പതിവാണ്. ആഡംബര കാറുകളും ശീതള പാനീയങ്ങളും വരെ ഇങ്ങനെ കൊമേഴ്‌സ്യലുകളിലൂടെ പോരടിക്കാറുണ്ട്. പക്ഷെ ആദ്യമായാണ് റോയല്‍ എന്‍ഫീല്‍ഡിനെ വെല്ലുവിളിച്ച് ബജാജ് രംഗത്ത് വരുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 11ന് സാഹോദര്യദിനത്തില്‍ എന്‍ഫീല്‍ഡിന് ആശംസയര്‍പ്പിച്ച് ബജാജ് ഒരു പരസ്യം പുറത്തുവിട്ടിരുന്നു. ബജാജ് അെവഞ്ചറും റോയല്‍ എന്‍ഫീല്‍ഡ് 350യും ഒപ്പം റൈഡ് ചെയ്തുപോകുന്നതാണ് പരസ്യത്തിലുള്ളത്. 'ഇന്ന് നമ്മള്‍ ഒന്നായി യാത്ര ചെയ്യും' എന്ന വാചകത്തോടെയായിരുന്നു സാഹോദര്യ പരസ്യം.

ബജാജ് അവെഞ്ചര്‍ ഹാപ്പി ബ്രദര്‍ഹുഡ് ഡെയ് കൊമേഴ്‌സ്യല്‍

എങ്ങനെയാണ് 10 മാസം കൊണ്ട് ബജാജിന്റെ 'സഹോദര സ്‌നേഹം' ഇല്ലാതായത്? തങ്ങളുടെ ബൈക്കിന്റെ വില്‍പന ഇടിയുകയും എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളുകളുടെ വില്‍പന കുത്തനെ ഉയരുകയും ചെയ്തതാണ് കാരണം.

2016 ഡിസംബറിലാണ് ബജാജ് ഡൊമിനോര്‍ നിരത്തിലിറക്കുന്നത്. മാസം 3000 മുതല്‍ 3500 യൂണിറ്റുകള്‍ വരെയായിരുന്നു വില്‍പന. ഏപ്രില്‍ ആയപ്പോഴേക്കും മാസം 2000 യൂണിറ്റായി കുറഞ്ഞു. മെയ്-ജൂണ്‍ മാസങ്ങളിലായി 1000 വീതമായി ഡൊമിനോര്‍ ബൈക്കുകളുടെ വില്‍പന ഇടിഞ്ഞു. എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡ് 350 സിസി ബൈക്കുകളുടെ വില്‍പനയാകട്ടെ സാമ്പത്തികവര്‍ഷത്തെ ആദ്യപാദത്തില്‍ 29 ശതമാനമായി ഉയരുകയാണുണ്ടായത്. മിഡ് സൈസ് മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ റെക്കോഡ് വില്‍പനയുമായി ഓരോ മാസവും റോയല്‍ എന്‍ഫീല്‍ഡ് ആധിപത്യമുറപ്പിക്കുകയാണ്. ഹോണ്ട, കെറ്റിഎം, ബെനെല്ലി, മഹിന്ദ്ര എന്നീ കമ്പനികളും എന്‍ഫീല്‍ഡിന്റെ ആധിപത്യം തകര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും വലിയ വിജയം കണ്ടില്ല. അടുത്ത വര്‍ഷം മാര്‍ച്ച് മാസമാകുമ്പോഴേക്കും ഡൊമിനോര്‍ 400ന്റെ മാസവില്‍പന 10,000 യൂണിറ്റുകളാക്കാനാണ് ബജാജ് ലക്ഷ്യമിടുന്നത്.

ബജാജ് ഡൊമിനോര്‍ 400 - 'ആനയെ പോറ്റുന്നത് നിര്‍ത്തൂ'