ലോകം ‘മലബാറി’നെ പ്രണയിച്ചതെങ്ങനെ? 50 ലക്ഷത്തില്‍ നിന്ന് 25,000 കോടിയിലേക്ക് വളര്‍ന്ന ഒരു വിശ്വാസഗോപുരത്തിന്റെ കഥ

May 7, 2016, 11:41 am
ലോകം ‘മലബാറി’നെ പ്രണയിച്ചതെങ്ങനെ? 50 ലക്ഷത്തില്‍ നിന്ന് 25,000 കോടിയിലേക്ക് വളര്‍ന്ന ഒരു വിശ്വാസഗോപുരത്തിന്റെ കഥ
BUSINESS FEATURE
BUSINESS FEATURE
ലോകം ‘മലബാറി’നെ പ്രണയിച്ചതെങ്ങനെ? 50 ലക്ഷത്തില്‍ നിന്ന് 25,000 കോടിയിലേക്ക് വളര്‍ന്ന ഒരു വിശ്വാസഗോപുരത്തിന്റെ കഥ

ലോകം ‘മലബാറി’നെ പ്രണയിച്ചതെങ്ങനെ? 50 ലക്ഷത്തില്‍ നിന്ന് 25,000 കോടിയിലേക്ക് വളര്‍ന്ന ഒരു വിശ്വാസഗോപുരത്തിന്റെ കഥ


ഇക്കഴിഞ്ഞ മെയ്ദിനം വടക്കന്‍ കര്‍ണാടകത്തിലെ ബെല്‍ഗാമിന് ഒരു ചെറിയ ഉത്സവദിനമായിരുന്നു. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ 150ാം ഷോറൂം ബെല്‍ഗാമിലെ തിരക്കേറിയ കോളേജ് റോഡില്‍ പ്രവര്‍ത്തനം തുടങ്ങിയത് അന്നാണ്. ഉദ്ഘാടനത്തിന് വന്നിറങ്ങിയത് മറ്റാരുമല്ല, ബോളിവുഡിലെ താരനായിക കരീന കപൂര്‍.

ആഭരണശാലകള്‍ക്ക് പഞ്ഞമുള്ള നാടല്ല ഇപ്പോള്‍ ബെല്‍ഗാവിയായി മാറിയ ബെല്‍ഗാം. തനതുജ്വല്ലറി പാരമ്പര്യത്താല്‍ സമ്പന്നമായ സംസ്‌കാരം ബെല്‍ഗാമിനുണ്ട്. പിന്നെയെന്തിന് നഗരത്തിനു പുറത്തുനിന്ന്, കര്‍ണാടകത്തിനും പുറത്തുനിന്ന്, ഒരു ജ്വല്ലറി ഗ്രൂപ്പ് ബെല്‍ഗാമിലെത്തണം? തദ്ദേശീയമല്ലെന്ന് പ്രഖ്യാപിക്കുന്ന ഒരു ബ്രാന്റ്‌നെയിമോടുകൂടി വരുന്ന ഒരു പുതിയ സ്ഥാപനത്തിന് അവിടെ എന്തുചെയ്യാന്‍ കഴിയും? ഈ ചോദ്യത്തിനു മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ അമരക്കാരന്‍  എം പി അഹമ്മദ് നല്‍കുന്ന ഉത്തരമാണ് പുതിയ ‘മലബാര്‍ സാമ്രാജ്യ’ത്തിന്റെ വിജയരഹസ്യം. അത് ലളിതവും വിശ്വസനീയവുമാണ്. ‘ഞങ്ങള്‍ ഏതെങ്കിലും വാണിജ്യ മുന്‍വിധികളുമായല്ല ഒരു പുതിയ നഗരത്തിലേക്ക് ചെല്ലുന്നത്. ആ നാടിന്റെ സാംസ്‌കാരിക ധാരകളെക്കുറിച്ച് ആവുന്നത്ര മനസിലാക്കിയ ശേഷമാണ്. ഒരു ബിസിനസ് സ്ഥാപനം എന്ന നിലയില്‍ ഞങ്ങള്‍ ഏറ്റവും കൂടുതല്‍ പണം ചെലവിടുന്നത് കള്‍ച്ചറല്‍ റിസര്‍ച്ചിനു വേണ്ടിയാണ്. പുതുതായി അഭിമുഖീകരിക്കുന്ന ജനവിഭാഗങ്ങളുടെ ആഭരണ സങ്കല്‍പങ്ങള്‍ ഞങ്ങള്‍ ആദ്യമറിയുന്നു.’’


ഒന്നാമത്തെ ഷോറൂമിന്റെ ഉദ്ഘാടനം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍

ഇങ്ങനെ, സൗന്ദര്യശീലങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് മനസ് കീഴടക്കിയ ജനപഥങ്ങളുടെ എണ്ണം ഇപ്പോള്‍ 150 പിന്നിടുന്നു. 1993 മുതലുള്ള ഒരു യാത്രയുടെ വിജയവഴികള്‍. ഒമ്പതുരാജ്യങ്ങളിലെ 100നടുത്ത് പ്രവിശ്യകളിലായി 150 ശാഖകള്‍. സ്വര്‍ണാഭരണത്തില്‍ തുടങ്ങി വജ്രാഭരണ മേഖലയിലേക്കും വാച്ച് വിപണിയിലേക്കും പിന്നെ നിര്‍മാണമേഖലയിലേക്കും തെളിച്ച വിജയരഥം. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം, 25000 കോടി രൂപയുടെ വാര്‍ഷിക ടേണോവര്‍. കേരളത്തില്‍ നിന്ന് വളര്‍ന്ന് പന്തലിച്ച അപൂര്‍വ്വം ബിസിനസ് സംരംഭങ്ങളില്‍ അത്യപൂര്‍വ്വമാണ് മലബാര്‍ ഗോള്‍ഡിന്റെ നേട്ടം. ഈ വളര്‍ച്ചയുടെ കാരണം ഒറ്റവാക്കില്‍ ചോദിച്ചാല്‍ അഹമ്മദ് മൂന്ന് വാക്കുകള്‍ ചേര്‍ത്ത് മറുപടി പറയും:  ക്രെഡിബിലിറ്റി, ട്രാന്‍സ്പരന്‍സി, വാല്യൂസ്. ഈ മൂന്ന് വാക്കുകളുടെ സൂക്ഷ്മാംശങ്ങള്‍ ചേര്‍ത്താല്‍ മലബാറിന്റെ വിജയത്തിന് അഹമ്മദ് പറയുന്ന കാരണം കണ്ടെത്താം.

ബിസിനസ് രംഗത്ത് ഇതൊരു അത്ഭുതമാണ്. വലിയ വലിയ മാനേജ്‌മെന്റ് പാരമ്പര്യമോ, ബിസിനസ് വിദ്യാഭ്യാസമോ ഉള്ള ആളല്ല മലബാര്‍ ഗോള്‍ഡ് തുടങ്ങിയത്. സാധാരണ കുടുംബത്തില്‍ ജനിച്ച് ഹൈസ്‌കൂള്‍ തലം വരെ മാത്രം വിദ്യാഭ്യാസമുള്ള ഒരാള്‍ തുടങ്ങിയ ഒരു സംരംഭത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയായിരുന്നു അത്. 50 ലക്ഷം രൂപ കൊണ്ട് തുടങ്ങിയ സ്ഥാപനത്തിന്റെ നിക്ഷേപം ഇപ്പോള്‍ 25000 കോടി രൂപയാണ്. അതായത് ആദ്യ മുടക്കുമുതലിന്റെ 50 ലക്ഷം മടങ്ങ്.

പുതിയ മൂലധന നിക്ഷേപത്തിന് സാധാരണ കമ്പനികള്‍ ചെയ്യാറുളളതുപോലെ എളുപ്പത്തില്‍ കടം വാങ്ങുന്നതിനുപകരം പുതിയ നിക്ഷേപകരെ കണ്ടെത്തുക എന്ന രീതിയാണ് അഹമ്മദ് നടപ്പാക്കിയത്. അതാവാം ഈ വലിയ വിജയത്തിന്റെ പ്രധാന കാരണമെന്ന് മലബാര്‍ ഗോള്‍ഡിന്റെ ഉപദേശകനും റിസള്‍ട്ട്‌സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ മേധാവിയുമായ ടിനി ഫിലിപ്പ് പറയുന്നു.


നൂറാമത്തെ ഷോറൂമിന്റെ ഉദ്ഘാടനം: കപില്‍ ദേവ്

ചരിത്രത്തില്‍ മലബാര്‍ എന്ന ദേശം ലോകവുമായി പലവിധത്തില്‍ ബന്ധപ്പെടുകയും ഇടപെടുകയും ചെയ്തിട്ടുണ്ട്. ആ ഇടപാടുകളില്‍ പലതും പരസ്പര വിശ്വാസത്താല്‍ ബന്ധിതമായിരുന്നു. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ വിജയത്തിന്റെ രഹസ്യവും ഇതുതന്നെയെന്ന് അഹമ്മദും സുഹൃത്തുക്കളും കരുതുന്നു. കറുത്ത പൊന്നെന്ന് ചരിത്രം പറയുന്ന കുരുമുളക് മലബാറില്‍ നിന്ന് യൂറോപ്പിലെ രാജസദസ്സുകളില്‍ എത്തിയതിനു സമാനമായൊരു വാണിജ്യബന്ധമാണ് മലബാര്‍ ഗോള്‍ഡും ലോകവും തമ്മില്‍ ഇപ്പോഴുള്ളതെന്ന് അവര്‍ വിശ്വസിക്കുന്നു. ‘’മലബാറിന്റെ നന്മയും ജീവിതമൂല്യങ്ങളും തന്നെയാണ് മലബാര്‍ ഗോള്‍ഡിന്റെ ബിസിനസ് ഫിലോസഫി’’.

1977ലായിരുന്നു എം പി അഹമ്മദിന്റെ ബിസിനസ് പ്രവേശം. ആദ്യ ബിസിനസ് സംരംഭമായി കോഴിക്കോട്ട് തുടങ്ങിയ ഐസ് ഫാക്ടറി നഷ്ടത്തിലായി പൂട്ടി. പിന്നെ നഗരത്തിലെ മലഞ്ചരക്ക് വ്യാപാരത്തിലും കൊപ്രാ കച്ചവടത്തിലും ഒരു കൈ നോക്കി. വ്യാപാരത്തില്‍ നിന്നു കിട്ടിയതും ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പിരിച്ചെടുത്തതും ഉള്‍പ്പെടെ 50 ലക്ഷം രൂപയുമായി 1993ലാണ് മലബാര്‍ ഗോള്‍ഡ് തുടങ്ങിയത്. ‘’മലബാറിന്റെ വാണിജ്യ ചരിത്രത്തിലെ പ്രധാന കാച്ച്‌വേഡ് -വിശ്വാസം- അതുതന്നെയാണ് ഞങ്ങളും മുറുകെ പിടിച്ചത്. മറ്റുള്ളവരുടെ പണം അവര്‍ നമ്മളെ ഏല്‍പ്പിക്കുമ്പോള്‍ ഞങ്ങളുടെ വിശ്വാസപ്രകാരം അതൊരു അമാനത്താണ്. അമാനത്ത് എന്നാല്‍ ഒരാള്‍ ഏറ്റവും വിശ്വാസത്തോടെ സൂക്ഷിക്കാനേല്‍പിക്കുന്ന വിലപ്പെട്ട വസ്തു. വിശ്വാസത്താല്‍ മാത്രം നിലനില്‍ക്കുന്ന ഉടമ്പടികള്‍. ദൈവം മാത്രമാണ് ആ ഇടപാടുകളിലെ ഇടനിലക്കാരന്‍. ആ വിശ്വാസം നിലനിര്‍ത്താനും, പണം ലാഭമായി തിരിച്ചേല്‍പ്പിക്കാനുമുള്ള കഠിനാധ്വാനമാണ് നിലനില്‍പിന്റെ ആധാരം.’’

93 സെപ്തംബര്‍ 17ന് തുടങ്ങിയ വിജയ യാത്രയില്‍ അഹമ്മദിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ആദ്യത്തെ ഒരു വ്യാഴവട്ടക്കാലം കേരളത്തിനകത്തു മാത്രമായിരുന്നു ബിസിനസ്. 2005ല്‍ കേരളത്തിനു പുറത്തു ആദ്യശാഖ ബാംഗ്ലൂരില്‍ തുടങ്ങി. 2005ല്‍ തന്നെ നിര്‍മാണമേഖലയിലേക്കും ചുവടുവച്ചു. 2012ല്‍ മലബാര്‍ ഗോള്‍ഡിനെ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് എന്ന് റീബ്രാന്‍ഡിംഗ് നടത്തി പുനരവതരിപ്പിച്ചു. ഇതിനിടയില്‍ മലബാര്‍ വാച്ച് എന്ന പേരില്‍ ലോകോത്തര ബ്രാന്റഡ് വാച്ചുകളുടെ വിപണന ശൃംഖല തുടങ്ങി. 23 വര്‍ഷം കൊണ്ട് മലബാര്‍ ഗ്രൂപ്പ് എത്തി നില്‍ക്കുന്നത് വളര്‍ച്ചയുടെ കൊടുമുടിയിലാണ്. 2000ലധികം നിക്ഷേപകര്‍, 8000ത്തിന് മേല്‍ മാനേജ്‌മെന്റ് ജീവനക്കാര്‍, ഇന്ത്യയിലും പുറത്തുമായി 10ലധികം കമ്പനികള്‍, 25,000 കോടി രൂപയുടെ ആസ്തി.


150-ാമത്തെ ഷോറൂമിന്റെ ഉദ്ഘാടനം: കരീന കപൂര്‍

2005 മുതലാണ് കേരളത്തിന് പുറത്തേക്കും രാജ്യത്തിന് പുറത്ത് ഇതര ഇന്ത്യന്‍ സമൂഹങ്ങളിലേക്കും ബ്രാന്റ് വ്യാപിപ്പിക്കാന്‍ തുടങ്ങിയത്. തെന്നിന്ത്യയിലേയും ബോളിവുഡിലേയും താരങ്ങളും കലാകായിക രംഗങ്ങളിലെ പ്രമുഖരും മലബാറിന്റെ ബ്രാന്റ് അംബാസഡര്‍മാരായി എത്തിയത് അന്നുമുതലാണ്. ഹേമ മാലിനി, സൂര്യ, മോഹന്‍ലാല്‍, പുനീത് രാജ്കുമാര്‍ എന്നിവരിലൂടെ ഇപ്പോഴത്തെ ബ്രാന്റ് അംബാസഡര്‍ കരീന കപൂറിലെത്തി നില്‍ക്കുന്നു ആ താരനിര. സംഗീത സംവിധായകന്‍ ഇളയരാജ മുതല്‍ ടെന്നീസ് താരം സാനിയ മിര്‍സ വരെ ഇതര രംഗത്തുള്ളവരും.

ലോകത്തിന്റെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലെല്ലാം ഇപ്പോള്‍ മലബാര്‍ ഗോള്‍ഡിന് ശാഖകളുണ്ട്. ആ നഗരങ്ങളിലെത്തുന്ന മലയാളികള്‍ക്ക് അഭിമാനകരമായ ഒരു കാഴ്ചയാണത്.

ഈ സാമ്പത്തിക വര്‍ഷം പിന്നിടുന്നതോടെ, ആറ് ബില്യണ്‍ ഡോളറിന്റെ ബിസിനസ് നിക്ഷേപവുമായി ലോകത്തെ ജ്വല്ലറി റിട്ടെയ്‌ലര്‍ ഗ്രൂപ്പുകളില്‍ ഒന്നാമതെത്തുകയാണ് മലബാറിന്റെ ലക്ഷ്യം. ലോകത്താകെയുള്ള മലബാര്‍ ഔട്ട്‌ലെറ്റുകളുടെ എണ്ണം 220 ആയി ഈ കാലയളവില്‍ ഉയര്‍ത്തും. ഹോങ്കോംങ് ആസ്ഥാനമായ സി.ടിഎഫും ടിഫാനി ആന്റ് കമ്പനിയുമാണ് ഈ രംഗത്തെ ഇപ്പോഴത്തെ ഒന്നും രണ്ടും സ്ഥാനക്കാര്‍. മലബാര്‍ മൂന്നാം സ്ഥാനത്തും. ‘’ ഒരു വര്‍ഷത്തിനകം ഈ പട്ടികയില്‍ ലോകത്തെ ഒന്നാം സ്ഥാനക്കാരാവുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ ഇതുവരെ പുലര്‍ത്തിയ ബിസിനസ് മൂല്യങ്ങള്‍ കളഞ്ഞുകുളിക്കാതെ തന്നെ അത് സാധിക്കാനാകും’’ അഹമ്മദ് പറയുന്നു.