‘ഇത് സാധാരണ ജീവനക്കാരോടുള്ള അനീതി’; സിഒഒയുടെ ശമ്പളം വര്‍ധിപ്പിക്കാനുളള ഇന്‍ഫോസിസ് തീരുമാനത്തെ വിമര്‍ശിച്ച് നാരായണ മൂര്‍ത്തി

April 3, 2017, 11:15 am
‘ഇത് സാധാരണ ജീവനക്കാരോടുള്ള  അനീതി’; സിഒഒയുടെ ശമ്പളം വര്‍ധിപ്പിക്കാനുളള ഇന്‍ഫോസിസ് തീരുമാനത്തെ വിമര്‍ശിച്ച് നാരായണ മൂര്‍ത്തി
Business News

ബംഗളുരു: ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ ശമ്പളം വര്‍ധിപ്പിച്ച നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്ഥാപകന്‍ നാരായണമൂര്‍ത്തി. സിഇഒ പ്രവീണ്‍ റാവുവിന്റെ വാര്‍ഷിക ശമ്പളം 4.62 കോടിരൂപയായാണ് വര്‍ധിപ്പിച്ചത്. നവംബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന.

ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളായ നാരായണ മൂര്‍ത്തി രംഗത്തെത്തി. നേരത്തെ സിഇഒ വിശാല്‍ സിക്കയുടെ പ്രതിഫലം വര്‍ധിപ്പിക്കുന്നതിനെതിരെയും അദ്ധേഹം രംഗത്തെത്തിയിരുന്നു. ഇന്‍ഫോസിസില്‍ സ്ഥാപകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൂടി 12.75 ശതമാനം ഓഹരിയാണുളളത്.

കമ്പനിയിലെ ഭൂരിഭാഗം ജീവനക്കാരുടെയും ശമ്പളം ആറു മുതല്‍ എട്ട് ശതമാനം വരെ മാത്രം വര്‍ധിപ്പിക്കുമ്പോള്‍ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന ഒരാളുടെ പ്രതിഫലത്തില്‍ 60 മുതല്‍ 70 ശതമാനം വരെ വര്‍ധന നല്‍കുന്നത് ന്യായമല്ലെന്നാണ് നാരായണ മൂര്‍ത്തി വിമര്‍ശിച്ചത്. മറ്റു ജീവനക്കാരോട് ചെയ്യുന്ന നീതികേടാണിതെന്ന് അദ്ദേഹം തുറന്നടിച്ചു. കമ്പനിയെ ഉയര്‍ച്ചയിലേക്ക നയിക്കാന്‍ ദിവസവും കഠിനാധ്വാനം ചെയ്യുന്ന സാധാരണജീവനക്കാര്‍ക്ക് കമ്പനിക്കുമേലുള്ള വിശ്വാസം നഷ്ടപെടാന്‍ കാരണമാകുന്നതാണ് ഡയറക്ടര്‍ബോര്‍ഡിന്റെ തീരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബോര്‍ഡിന് നല്‍കിയ കത്തിലാണ് നാരായണമൂര്‍ത്തിയുടെ വിമര്‍ശനം.

2015-16ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം പ്രവീണ്‍ റാവുവിന്റെ പ്രതിഫലം 9.28 കോടിരൂപയാണ്. 3.6 കോടി രൂപ അദ്ദേഹത്തിന്റെ ശമ്പളവും 5.68 കോടി ബോണസും വേരിയബിള്‍ പേയുമാണ്. സിഒഒയുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള കമ്പനി തീരുമാനത്തിന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി.

നേരത്തെ ഇന്‍ഫോസിസില്‍ നിന്നും വിരമിച്ച രണ്ട് ഉദ്യോഗസ്ഥരുടെ പെന്‍ഷനും ആനുകൂല്യവും വര്‍ദ്ധിപ്പിച്ചതിനെതിരെ ഇന്‍ഫോസിസ് സ്ഥാപകരായ നാരായണ മൂര്‍ത്തി, ക്രിസ് ഗോപാലകൃഷണന്‍, നന്ദന്‍ നിലേകാനി എന്നിവര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍(സിഇഒ) വിശാല്‍ സിക്കയ്‌ക്കെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. സ്ഥാപകരും മാനേജ്‌മെന്റുമായുളള തര്‍ക്കം ഏഷ്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിനെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം മാനേജ്‌മെന്റുമായുളള തര്‍ക്കം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചിരുന്നു.