പൊക്കമില്ലായ്മയാണ് ഇവരുടെ പൊക്കം!; അറിയാം ഈ ദമ്പതിമാരെ; പഠിക്കാം പരിശുദ്ധ പ്രണയമെന്തെന്നും

June 13, 2016, 3:18 pm


പൊക്കമില്ലായ്മയാണ് ഇവരുടെ പൊക്കം!; അറിയാം ഈ ദമ്പതിമാരെ; പഠിക്കാം പരിശുദ്ധ പ്രണയമെന്തെന്നും
LOVE
LOVE


പൊക്കമില്ലായ്മയാണ് ഇവരുടെ പൊക്കം!; അറിയാം ഈ ദമ്പതിമാരെ; പഠിക്കാം പരിശുദ്ധ പ്രണയമെന്തെന്നും

പൊക്കമില്ലായ്മയാണ് ഇവരുടെ പൊക്കം!; അറിയാം ഈ ദമ്പതിമാരെ; പഠിക്കാം പരിശുദ്ധ പ്രണയമെന്തെന്നും

പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് പറഞ്ഞത് കുഞ്ഞുണിമാഷാണ്. ഈ വരികള്‍ പോലെ ജീവിതം അന്വര്‍ത്ഥമാക്കുകയാണ് ബ്രസീലിയന്‍ ദമ്പതിമാരായ പൗലോയും ഹോഷിനോയും. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ(സന്തുഷ്ടരായ) ദമ്പതിമാരാണ് ഇവര്‍. പൗലോ ഗബ്രിയേല്‍ ഡാ സില്‍വ ബാരോസ്, കത്യൂസിയ ഹോഷിനോ എന്നാണ് ഇരുവരുടേയും പൂര്‍ണനാമങ്ങള്‍. ഇവരെക്കുറിച്ച് വാര്‍ത്തയാക്കാന്‍ എന്തുണ്ട് എന്നായിരിക്കും വായനക്കാര്‍ ചിന്തിക്കുന്നത്. ഇവരില്‍ നിന്നും പഠിക്കാനും മാതൃകയാക്കാനും ഒരുപാട് ഉണ്ടെന്നാണ് അവര്‍ക്കുള്ള ഉത്തരം.

പ്രണയത്തിന് ഉയരം ഒരു തടസ്സേമയല്ല എന്നതാണ് ഇവര്‍ എല്ലാവരിലേക്കും പകരുന്ന ആദ്യപാഠം. മൂന്നടിയില്‍ താഴെ മാത്രമാണ് ഇവരുടെ ഉയരമെന്ന് കൂടി അറിയുക. പ്രണയം മൊട്ടിട്ടത് ഇന്റര്‍നെറ്റില്‍. ആദ്യമായി പരിചയപ്പെട്ടത് പത്ത് വര്‍ഷം മുമ്പ്. എംഎസ്എന്‍ മെസഞ്ചറില്‍ ചാറ്റിങ്ങിലൂടെയുള്ള സൗഹൃര്‍ദം പിന്നീടെന്നോ പ്രണയമായി പരിണമിച്ചു.

‘ആദ്യം കണ്ട നിമിഷത്തില്‍ എനിക്ക് അവളെ ഇഷ്ടപ്പെട്ടു’- പ്രിയസഖി മനസ്സില്‍ ഇരിപ്പുറപ്പിച്ചതിനെക്കുറിച്ച് പൗലോയുടെ ആദ്യപ്രതികരണം. ഇന്‍സ്റ്റന്റ് മേസേജിങ്ങ് സൈറ്റില്‍ പൗലോയെ ആദ്യം ബ്ലോക്ക് ചെയ്ത വിശേഷമാണ് ഹോഷിനോക്ക് പറയാനുള്ളത്. ചാറ്റിങ്ങ് ആരംഭിച്ചപ്പോള്‍ പൗലോയെ ശല്യക്കാരനെ പോലെയാണത്രെ കണ്ടത്.

അസാധാരണമായ ജനിതക രോഗാവസ്ഥയാണ് 30കാരനായ പൗലോയുടെ വളര്‍ച്ച തടഞ്ഞത്. അസ്ഥി വളര്‍ച്ച മുരടിപ്പിക്കുന്ന രോഗമാണ് 26കാരിയായ ഹോഷിനോയുടെ ജീവിതത്തിലെ വില്ലന്‍. വൈകല്യം ജീവിതയാത്രയില്‍ പലകുറി പ്രതിബന്ധമായെങ്കിലും പൊരുതാനായിരുന്നു ഇരുവരുടേയും തീരുമാനം. പൗലോ ഇപ്പോള്‍ ലീഗല്‍ സെക്രട്ടറിയാണ്. ഹോഷിനോ ബ്യൂട്ടി സലൂണ്‍ നടത്തുന്നു.

തിരികെ ഇരുവരുടേയും പ്രണയകഥയിലേക്ക് വരാം. മെസഞ്ചറില്‍ ബ്ലോക്ക് ചെയ്‌തെങ്കിലും ഒന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ ഹൊഷിനോയ്ക്ക് മനംമാറ്റമുണ്ടായി. മെസഞ്ചറില്‍ പൗലോക്ക് ഒരു ഹായ്. പരിഭവമൊന്നുമില്ലാതെ പൗലോയും തിരിച്ചൊരു ഹായ് നല്‍കി. പിന്നെ സൗഹൃദമായി.അതുപിന്നെ പ്രണയമായി.

പ്രണയം അത്യുന്നതിയിലെത്തിയപ്പോള്‍ പ്രിയസഖിയെ കാണാന്‍ പൗലെ ലോന്‍ഡ്രിനയിലേക്ക് പറന്നു. നേരിട്ട് കണ്ടപ്പോള്‍ ഹോഷിനോയുടെ സൗന്ദര്യത്തില്‍ പൗലോയുടെ കണ്‍ചിമ്മിപോയി. ഹോഷിനോയുടെ വ്യക്തിത്വവും തന്നെ കീഴടക്കിയെന്ന് പൗലോ പറയുന്നു. ഹോംടൗണുകള്‍ തമ്മില്‍ ഏറെ ദൂരമുണ്ടെങ്കിലും ആദ്യമായി കണ്ടുമുട്ടി അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ ഇരുവരും ഡേറ്റിങ്ങ് ആരംഭിച്ചു.

‘ഞങ്ങളും സാധാരണ ദമ്പതിമാരെ പോലെയാണ്. ഉയരത്തില്‍ മാത്രമാണ് മറ്റുള്ളവരുമായുള്ള വ്യത്യാസം. പരസ്പരവിശ്വാസവും ബഹുമാനവുമാണ് ഞങ്ങളുടെ ദാമ്പത്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്.’ പൗലോ പറയുന്നു. ദാമ്പത്യജീവിതത്തെക്കുറിച്ച് ഹോഷിനോയുടെ വാക്കുകള്‍ ഇങ്ങനെ-’എല്ലാ ദമ്പതിമാരേ പോലെ ഞങ്ങളും വഴക്കിടാറുണ്ട്. വഴക്കിടാത്തവര്‍ ദമ്പതിമാരല്ലെന്നാണ് എന്റെ അഭിപ്രായം. ഞങ്ങളുടെ ചിന്തകള്‍, വികാരങ്ങള്‍ എല്ലാം ഒരുപോലെയാണ്’.

ലാളിത്യമാണ് പൗലോയുടെ പ്രധാന പ്രത്യേകത. ഞങ്ങള്‍ രണ്ട് വ്യക്തിത്വമാണ്. ദാമ്പത്യത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അത് ഒരുമിച്ചിരുന്ന് അതിനൊരു പരിഹാരം കാണാറുണ്ട്. മുന്‍കോപമാണ് തന്റെ പ്രധാന പ്രശ്‌നം. അതിനാല്‍ താനുമായുള്ള ഇടപെടല്‍ പ്രയാസകരമാണ്. എന്നാല്‍ പൗലൊ ക്ഷമയോടെ എന്നെ മനസ്സിലാക്കുന്നു. അതാണ് പൗലോയില്‍ എന്നെ ആകര്‍ഷിച്ച ഒരുകാര്യമെന്നും ഹൊഷിനോ പറയുന്നു.

പുറത്തിറങ്ങുമ്പോള്‍ മറ്റുള്ളവരില്‍ നിന്നും ഏറെ പരിഹാസം ഏറ്റുവാങ്ങാറുണ്ട് ഇരുവരും. പലയിടത്തും വിവേചനപരമായ പെരുമാറ്റം നേരിടേണ്ടി വരാറുമുണ്ട്. എന്നാല്‍ അതൊന്നും പ്രശ്‌നമായി കരുതുന്നില്ല ഈ ദമ്പതിമാര്‍. എട്ട് വര്‍ഷം ഒരുമിച്ച് കഴിഞ്ഞു. നിയമപരമായ വിവാഹത്തിനൊരുങ്ങുകയാണ് ഇരുവരും. കുട്ടികളെ കുറിച്ച് ചോദിച്ചാലും ഹൊഷിനോയ്ക്ക് മറുപടിയുണ്ട്.’കുട്ടികളെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. ഗര്‍ഭിണിയാകാനുള്ള ശാരീരികാവസ്ഥ എനിക്കില്ലെന്ന് അറിയാം. ശരിയായ സമയത്ത് മറ്റ് വഴികള്‍ തേടും.’