ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഇന്ത്യയിലെത്തി; രക്ഷപ്പെടാനുള്ള ശ്രമം വിഫലമായപ്പോള്‍ മോചിപ്പിക്കാന്‍ വനിതാ കമ്മീഷന്‍; ലൈംഗിക തൊഴിലാളിയുടെ പ്രണയത്തിന് ഒടുവില്‍ സാക്ഷാത്കാരം

July 7, 2017, 12:15 pm
ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഇന്ത്യയിലെത്തി; രക്ഷപ്പെടാനുള്ള ശ്രമം വിഫലമായപ്പോള്‍ മോചിപ്പിക്കാന്‍  വനിതാ കമ്മീഷന്‍; ലൈംഗിക തൊഴിലാളിയുടെ പ്രണയത്തിന് ഒടുവില്‍ സാക്ഷാത്കാരം
Story Plus
Story Plus
ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഇന്ത്യയിലെത്തി; രക്ഷപ്പെടാനുള്ള ശ്രമം വിഫലമായപ്പോള്‍ മോചിപ്പിക്കാന്‍  വനിതാ കമ്മീഷന്‍; ലൈംഗിക തൊഴിലാളിയുടെ പ്രണയത്തിന് ഒടുവില്‍ സാക്ഷാത്കാരം

ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഇന്ത്യയിലെത്തി; രക്ഷപ്പെടാനുള്ള ശ്രമം വിഫലമായപ്പോള്‍ മോചിപ്പിക്കാന്‍ വനിതാ കമ്മീഷന്‍; ലൈംഗിക തൊഴിലാളിയുടെ പ്രണയത്തിന് ഒടുവില്‍ സാക്ഷാത്കാരം

നേപ്പാളിനെ നടുക്കിയ ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഇന്ത്യയില്‍ എത്തിയ സുഭി (സ്വകാര്യത മാനിച്ച് പേരുകള്‍ മാറ്റിയിട്ടുണ്ട്) അകപ്പെട്ടത് ഒരിക്കലും പ്രതീക്ഷിക്കാത്തിടത്താണ്. ഒടുവില്‍ എല്ലാ പ്രതീക്ഷകളും അവസാനിച്ചെന്ന് തോന്നിയപ്പോള്‍ രക്ഷയ്ക്കായെത്തിയത് ഡല്‍ഹി വനിതാ കമ്മീഷന്‍. പ്രണയ സാക്ഷാത്കാരത്തിന്റെ ആനന്ദത്തിലാണ് സുഭിയും സാഗറും ഇപ്പോള്‍. ഡല്‍ഹി വനിതാ കമ്മീഷന്റെ സമയോചിതമായ ഇടപെടല്‍ ഇവര്‍ക്ക് നേടികൊടുത്തത് ഒരു പുതിയ ജീവിതമാണ്.

27കാരിയായ നേപ്പാള്‍ സ്വദേശിയായ സുഭിയെ, സാഗറിന്റെ അപേക്ഷ ലഭിച്ചത് പ്രകാരം ഇന്നലെയാണ് ഡല്‍ഹി ജെബി റോഡിലെ കേന്ദ്രത്തില്‍ നിന്നും കമ്മീഷനും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.

വടക്കന്‍ ഡല്‍ഹിയിലെ ലോക്കല്‍ മാര്‍ക്കറ്റില്‍ വെച്ചാണ് സുഭിയും സാഗറും (സ്വകാര്യത മാനിച്ച് പേരുകള്‍ മാറ്റിയിട്ടുണ്ട്) ആദ്യമായി പരസ്പരം കാണുന്നത്. ആദ്യ കാഴ്ച്ചയിലേ പരസ്പരം ആകൃഷ്ടരായ ഇവര്‍ പതിയെ പ്രണയത്തിലായി. സുഭിയെ പാര്‍പ്പിച്ച സ്ഥലത്തിന്റെ ഉടമയെ കബളിപ്പിച്ച് സാഗര്‍ നിരന്തരം സുഭിയെ സന്ദര്‍ശിക്കാനെത്തി. ഒടുവില്‍ പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞ്, വിവാഹിതരായി പുതിയ ഒരു ജീവിതം തുടങ്ങാന്‍ ഇരുവരും തീരുമാനിച്ചു.

പക്ഷെ താമസസ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ സുഭി നിരന്തരം ശ്രമിച്ചെങ്കിലും എല്ലാ പ്രയത്നവും പരാജയപ്പെട്ടു. അവസാനം നിവൃത്തിയില്ലാതെ സാഗര്‍ ഡല്‍ഹി വനിതാ കമ്മീഷനെ ബന്ധപ്പെട്ടു. ഇന്നലെ വന്‍ പൊലീസ് സന്നാഹത്തോടെ ഇവിടെയെത്തിയ കൗണ്‍സിലര്‍മാര്‍ പാര്‍പ്പിടം റെയ്ഡ് ചെയ്ത് സുഭിയെ രക്ഷിക്കുകയായിരുന്നു.

ഏറെ പ്രതിസന്ധികള്‍ക്ക് ശേഷം ഒന്നിച്ച സുഭിയും സാഗറും വിവാഹത്തിനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ . താന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്യാനാവുന്നതിന്റെ സന്തോഷത്തിലാണ് സാഗര്‍. വീട്ടുകാരും തങ്ങളുടെ വിവാഹത്തില്‍ സന്തുഷ്ടരാണെന്ന് സാഗര്‍ പറയുന്നു.

എന്തെങ്കിലും തരത്തില്‍ സുഭിയെ അപകീര്‍ത്തിപ്പെടുത്താനോ, അപകടപ്പെടുത്താനോയുള്ള സാധ്യത കണക്കിലെടുത്ത് വനിതാ കമ്മീഷന്റെ നിര്‍ദേശ പ്രകാരം പൊലീസ് സുഭിയുടെ സുരക്ഷാ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ്.

നേപ്പാളില്‍ 2015ലുണ്ടായ ഭൂകമ്പത്തിന് ശേഷം ഇന്ത്യയിലെത്തിയ സുഭി ലൈംഗിക തൊഴിലില്‍ അകപ്പെട്ടു പോവുകയായിരുന്നു. സാഗറിന്റെ അഭ്യര്‍ത്ഥന പ്രകാരം സുഭിയുമായി ബന്ധപ്പെട്ട വനിതാ കമ്മീഷന്‍ അംഗങ്ങളെ, രക്ഷപ്പെടാനുള്ള ആഗ്രഹം ഇവര്‍ അറിയിച്ചു. ദരിദ്ര കുടുംബത്തിലെ അംഗമായിരുന്ന സുഭിക്ക് ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ടു. ഒടുവില്‍ ഡല്‍ഹിയിലെത്തിയ സുഭിയെ ജെബി റോഡിലെ അജ്ഞാതര്‍ വില്‍ക്കുകയായിരുന്നു എന്ന് കമ്മീഷന്‍ അംഗങ്ങല്‍ മാധ്യമങ്ങളോട് പറഞ്ഞു.

3500ഓളം ലൈംഗിക തൊഴിലാളികളുള്ള ഇടമാണ് ജെബി റോഡ് എന്നറിയപ്പെടുന്ന ഗാര്‍സ്റ്റിന്‍ ബാസ്റ്റിയന്‍ റോഡ്. ഇവിടെ 800ന് അടുത്ത് കുട്ടികളെയും ലൈംഗിക തൊഴിലാളികായി ഉപയോഗിക്കുന്നുണ്ടെന്നാണ് വിവിധ എന്‍ജിഒകള്‍ നല്‍കുന്ന കണക്ക്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിന്നും ഏതാനും കിലോ മീറ്റര്‍ അകലെയുള്ള ഇവിടെ പ്രമുഖ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയര്പേഴ്സണ്‍ സ്വാതി മാലിവാള്‍ ആരോപിച്ചിരുന്നു. ലൈംഗിക തൊഴിലാളികളെ പാര്‍പ്പിക്കുന്ന 93 കേന്ദ്രങ്ങള്‍ ഇവിടെയുണ്ടെന്നാണ് കരുതുന്നത്.

ഈ കേന്ദ്രങ്ങള്‍ക്ക് പൊതു സേവനങ്ങള്‍ ലഭിക്കുന്ന രേഖകളില്‍ നിന്നുമായി ഇവയുടെ ഇടമസ്ഥരെ കണ്ടെത്താന്‍ കമ്മീഷന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ദുരിതമനുഭവിക്കുന്ന പെണ്‍കുട്ടികളെ കണ്ടെത്തി അവരുടെ വൈഷ്യമതകള്‍ മുതലെടുത്ത് ജെബി റോഡിലെ കേന്ദ്രങ്ങളിലെത്തിക്കുന്ന ഒരു വലിയ മനുഷ്യക്കടത്ത് ചങ്ങല തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കേന്ദ്രങ്ങള്‍ എത്രയും വേഗം അടച്ച് പൂട്ടണം.
സ്വാതി മാലിവാള്‍, ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ

കഴിഞ്ഞ മെയ് 15ന് ഇവിടെ നിന്ന് 15വയസ്സുകാരിയെ കമ്മീഷന്‍ രക്ഷിച്ചിരുന്നു. ഈ കേന്ദ്രങ്ങളില്‍ ഒന്നിലെത്തിയ ആള്‍ നല്‍കിയ വിവര പ്രകാരമായികരുന്നു കമ്മീഷന്റെ ഇടപെടല്‍. ജാര്‍ഖണ്ഡ്, സിക്കിം, ഒഡീഷ, പശ്ചിമ ബംഗാള്‍, അസം, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ് ഇവിടെ അധികവും.