‘വിഷാദരോഗം: ഇനിയെങ്കിലും സംസാരിച്ച് തുടങ്ങാം’; ഡിപ്രഷനെ കുറിച്ച് അറിയേണ്ടതെല്ലാം

April 6, 2017, 2:27 pm
‘വിഷാദരോഗം: ഇനിയെങ്കിലും സംസാരിച്ച് തുടങ്ങാം’; ഡിപ്രഷനെ കുറിച്ച് അറിയേണ്ടതെല്ലാം
Your Health
Your Health
‘വിഷാദരോഗം: ഇനിയെങ്കിലും സംസാരിച്ച് തുടങ്ങാം’; ഡിപ്രഷനെ കുറിച്ച് അറിയേണ്ടതെല്ലാം

‘വിഷാദരോഗം: ഇനിയെങ്കിലും സംസാരിച്ച് തുടങ്ങാം’; ഡിപ്രഷനെ കുറിച്ച് അറിയേണ്ടതെല്ലാം

വിഷാദരോഗം ഇന്ന് ലോകത്തിലെ ഏറ്റവും സാധാരണ രോഗമായി മാറിയിരിക്കുകയാണ്. 2020 ആകുന്നതോടെ ലോകം നേരിടുന്ന രണ്ടാമത്തെ ഏറ്റവും വലിയ ബലഹീനതയും വൈകല്യവും ഡിപ്രഷന്‍ ആയി തീരുമെനന്നും ലോകാരോഗ്യ സംഘടന (ഡബ്ലൂഎച്ച്ഒ) പറയുന്നത്. എന്നിരുന്നാലും മറ്റ് രോഗങ്ങള്‍ പോലെ വിഷാദ രോഗത്തിന്റെ കാര്യത്തില്‍ ശ്രദ്ധയോ പരിഗണനയോ ആവശ്യമായ പ്രാധാന്യമോ ഉണ്ടാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അവഗണിക്കേണ്ടതോ തിരിച്ചറിയപ്പെടാതെ പോകേണ്ടതോ അല്ല ഡിപ്രഷന്‍ എന്ന് ഉയരുന്ന മരണനിരക്ക് സൂചിപ്പിക്കുന്നു. അതു കൊണ്ടാവണം, ലോകാരോഗ്യ സംഘടന ഈ വര്‍ഷത്തെ ലോകാരോഗ്യത്തിന്റെ വിഷയമായി വിഷാദരോഗം തെരഞ്ഞെടുത്തത്.

വിഷാദത്തെക്കുറിച്ചു സംസാരിക്കാം

വിഷാദരോഗത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ഈ വര്‍ഷത്തെ ലോകാരോഗ്യദിന പ്രമേയമായി അംഗീകരിച്ചിരിക്കുന്ന വിഷയമാണ് ''വിഷാദരോഗം: ഇനിയെങ്കിലും സംസാരിച്ച് തുടങ്ങാം''. ഏപ്രില്‍ 7 ന് ഇതോടനുബന്ധിച്ച് ലോകാരോഗ്യ ദിനം ലോകമെങ്ങും ആഘോഷിക്കും. മറ്റേതു രോഗത്തേയും പോലെ വിഷാദരോഗവും ഒരു രോഗമാണെന്നും അതിനു ഫലപ്രദമായ ചികിത്സകളുണ്ടെന്നും അത് തുടക്കത്തിലെ തന്നെ കണ്ടുപിടിച്ചു ചികിത്സ തേടണമെന്നുമുള്ള ബോധവല്‍ക്കരണമാണ് ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം. മാനസ്സിക അസ്വാസ്ഥ്യം നേരിടുന്നവര്‍ക്കായി ഒരു ഹെല്‍പ് ലൈന്‍, കുട്ടികള്‍ക്കും യുവാക്കള്‍ക്കും വേണ്ടിയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ മുതലായവയും വിഭാവന ചെയ്തിട്ടുണ്ട്.

എന്താണ് വിഷാദരോഗം?

തലച്ചോറിലെ നാഡീപ്രേഷണ വ്യവസ്തയിലുണ്ടാകുന്ന ക്രമക്കേടുകള്‍ ശാരീരിക മാനസിക തലങ്ങളിലെ പലതരം അസ്വാസ്ത്യങ്ങളായി പരിണമിക്കും. അവയുടെ ആകെത്തുകയാണ് ഡിപ്രെഷന്‍. ഇത് മാനസികതലത്തിലാണ് നമുക്കനുഭവപ്പെടുന്നത്, എങ്കിലും ശരീരത്തില്‍ അതായത് തലച്ചോറില്‍ നിന്ന് തന്നെയാണ് തുടങ്ങുന്നത്. ദുഖവും പിരിമുറുക്കവും മാറാതെ നിന്ന് നാഡീ പ്രേഷണം വഴിയുള്ള ചില രാസസംപ്രേഷണത്തില്‍ ഉണ്ടാകുന്ന അസംതുലിതാവസ്ഥ ഡിപ്രെഷന്‍ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു.

ചികിത്സിക്കപ്പെടാത്ത വിഷാദരോഗത്തിന്റെ ഫലങ്ങള്‍ ഭയാനകമായേക്കാം. തകരുന്ന ബന്ധങ്ങളും നശിച്ചുപോകുന്ന ജീവിതവുമാണ് ഒരു സാധാരണ പരിണാമം. വിഷാദരോഗികളില്‍ 15 ശതമാനം ആത്മഹത്യ ചെയ്യുന്നു എന്നാണ് കണക്ക്. വിഷാദ രോഗം ആത്മഹത്യയിലേക്ക് നയിക്കുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന ഉണ്ടാവുന്നു. ആത്മഹത്യക്ക് ശ്രമിക്കുന്നവരില്‍ അധികവും സ്ത്രീകളാണെന്നത് മറ്റൊരു വസ്തുത. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍, രാജ്യത്ത് ആത്മഹത്യക്ക് ശ്രമിക്കുന്ന പുരുഷന്‍മാരുടെ എണ്ണത്തേക്കാള്‍ മൂന്ന് മടങ്ങാണ് സ്ത്രീകളുടെ എണ്ണം. ആത്മഹത്യ പ്രവണത സത്രീകളില്‍ മുന്നിട്ട് നില്‍ക്കുന്നു. 15-30 വയസിന് ഇടയിലുള്ളവരിലാണ് ഈ ആത്മഹത്യ പ്രവണത കൂടുതലായി കാണുന്നത്.

മറ്റു രോഗങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യത കൂടുകയും അവ നീണ്ടുപോകുകയും ചെയ്യുന്നു. ഹൃദ്രോഗശേഷം വിഷാദ രോഗമുണ്ടായാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അടുത്ത ഹാര്‍ട്ട് അറ്റാക്കിന്റെ സാധ്യത കൂടുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. വിഷാദരോഗികളില്‍ കാന്‍സര്‍ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. കാന്‍സര്‍ രോഗികളില്‍ വിഷാദം രോഗമുക്തി കുറയ്ക്കുന്നു. പ്രമേഹരോഗികളെ വിഷാദം ബാധിച്ചാല്‍ ഷുഗര്‍ നിയന്ത്രണം അവതാളത്തിലാകും.

ഏത് തരം പ്രായക്കാരില്‍

വിഷാദരോഗം പ്രായഭേദമില്ലാതെ ആരെയും ബാധിക്കാം. 2016 ലെ സര്‍വ്വെ പ്രകാരം 9 ശതമാനം ജനങ്ങള്‍ വിഷാദരോഗികളാണ്. 20 വയസ്സിനു മുകളിലുള്ളവരിലാണ് വിഷാദരോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. കുട്ടികളിലും ഇത്തരം അവസ്ഥ ഉണ്ടാകാറുണ്ട്. കുട്ടികളില്‍ ഇത്തരം അവസ്ഥയുണ്ടായാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 40 ശതമാനം മുതിര്‍ന്നവര്‍ ചികിത്സ വേണ്ടത്ര ഗൗരവമുള്ള വിഷാദരോഗലക്ഷണങ്ങള്‍ കാണിക്കുന്നു. സ്‌കൂളില്‍ പോകാന്‍ മടി, അകാരണമായ ദേഷ്യം, വിശപ്പില്ലായ്മ, മറ്റുള്ളവരോട് സംസാരിക്കാന്‍ ഇഷ്ടമില്ലാത്തത് തുടങ്ങിയവയൊക്കെ കുട്ടികളില്‍ ഉണ്ടാകുന്നു. കുട്ടികളിലെ വിഷാദരോഗവും വര്‍ഷങ്ങള്‍ കഴിയുന്തോറും കൂടുതല്‍ സാധാരണമായി വരികയാണ്. പക്ഷേ, ഇവരില്‍ ഭൂരിഭാഗവും തിരിച്ചറിയപ്പെടാതെ, ചികിത്സ ലഭിക്കപ്പെടാതെ പോകുന്നു.

ഡിപ്രഷന്റെ ലക്ഷണങ്ങള്‍

ഡിപ്രഷന്‍ എന്നതിനെ കുറിച്ച് സംസാരിക്കാന്‍ തന്നെ നാം ഇഷ്ടപ്പെടുന്നില്ല. മാനസിക രോഗിയായി ചിത്രീകരിക്കുമെന്ന ഭയമാണ് ഇതിന് പിന്നില്‍. ഡിപ്രഷന്‍ ഒരു വലിയ പ്രതിസന്ധിയാകുന്നത് ചികില്‍സയെ കുറിച്ച് ആളുകള്‍ക്ക് ഇടയില്‍ വ്യക്തമായ ധാരണയില്ലാത്തത് കൊണ്ട് കൂടിയാണ്. രോഗം ഉടലെടുക്കുന്നത് പെട്ടെന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയും കൃത്യ സമയത്ത് പരിചരണവും ചികിത്സയും ലഭിക്കാത്തതും വിഷാദ രോഗം അപകടകരമായ അവസ്ഥയിലേക്ക് നയിക്കാനിടയാക്കും.

വിഷാദമെന്ന സര്‍വ്വവ്യാപിയായ വികാരപ്രതികരണത്തെയും വിഷാദരോഗത്തെയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതാണ് അതില്‍ ഒരു പ്രധാന കാരണം. നഷ്ടങ്ങള്‍ ഉണ്ടാക്കുന്ന വേദനയും ദുഃഖവും സമയം കഴിയുമ്പോള്‍ സാധാരണ തനിയെ കുറയും. എന്നാല്‍, അത് നീണ്ടുപോകുമ്പോള്‍ പ്രത്യേകിച്ചും നഷ്ടകാരണങ്ങള്‍ മാറിയ ശേഷവും ദുഃഖം ബാക്കി നില്ക്കുകയാണെങ്കില്‍ വിഷാദരോഗമാണോയെന്നു സംശയിക്കണം. 10 ശതമാനം രോഗികള്‍ക്കും പ്രകടമായ വിഷാദ രോഗ അടയാളങ്ങള്‍ ഉണ്ടാവുകയുമില്ല.

വികാര പ്രതികരണങ്ങള്‍ പരിധിവിട്ടു പോകുകയോ ദൈനംദിന ജീവിതത്തിനെ ബാധിക്കുകയോ ചെയ്യുകയാണെങ്കിലും അതു രോഗമാണെന്നു സംശയിക്കണം. സങ്കടത്തിന് ഒരു കാരണമുണ്ട് എന്നതു കൊണ്ട് മാത്രം വിഷാദരോഗമല്ലെന്ന് കരുതരുത്. ഊണും ഉറക്കവുമില്ലാതായി ചിന്തയില്‍ മുഴുകി മരണത്തെക്കുറിച്ച് ധ്യാനിച്ചു നടക്കുന്ന ഒരു അവസ്ഥയെ 'മൂഡൗട്ട്' ആയി നിസ്സാരവത്ക്കരിക്കരുത്. മാനസിക രോഗങ്ങളെക്കുറിച്ചുള്ള ഭയവും അപമാനഭീതിയും വെറുപ്പുമാണ് ചികിത്സ ലഭിക്കാത്തതിന്റെ മറ്റൊരു കാരണം. ശാസ്ത്രീയമാനസിക ചികിത്സാരീതികളെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും വിഷാദസംഹാരികളെക്കുറിച്ചുള്ള ആശങ്കകളും കൗണ്‍സലിംഗിലുള്ള അമിത വിശ്വാസവുമെല്ലാം ഫലവത്തായ ചികിത്സകള്‍ ലഭിക്കുന്നതിനു പ്രതിബന്ധമായിത്തീരുന്നു.

വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ ഇവയാണ്

ശാരീരികമായ തളര്‍ച്ച, ശരീര വേദന, ഉന്മേഷ കുറവ്

ഉറക്കമില്ലായ്മ

പെട്ടെന്ന് പ്രകോപിതനാവുക, ക്ഷോഭജനകമായി സംസാരിക്കുക

വിശപ്പില്ലായ്മ

ആത്മവിശ്വാസം നഷ്ടപ്പെടല്‍

തീരുമാനങ്ങളെടുക്കാന്‍ ബുദ്ധിമുട്ട്, താമസം

സാമൂഹിക ചുറ്റുപാടുകളില്‍ നിന്ന് ഉള്‍വലിയല്‍

ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റം

അഗാധമായ ദുംഖം, സന്തോഷമില്ലായ്മ

പെട്ടെന്ന് പൊട്ടിക്കരയുക, ഇടയ്ക്കിടയ്ക്ക് ഒറ്റയ്ക്കിരുന്ന് കരയുക

പ്രത്യാശ നഷ്ടമാവുക

കാരണങ്ങള്‍

മസ്തിഷ്‌ക്കത്തിലെ ചില ഭാഗങ്ങളില്‍ സിറട്ടോണിന്‍, നോര്‍എപിനെഫ്രിന്‍ തുടങ്ങിയ രാസപദാര്‍ത്ഥങ്ങളുടെ അളവില്‍ കുറവുണ്ടാകുന്നത് വിഷാദരോഗത്തിന് കാരണമാകാം. പാരമ്പര്യത്തിലൂടെയും വിഷാദരോഗം പകര്‍ന്നുകിട്ടാം. സാമ്പത്തിക പ്രതിസന്ധി, ബന്ധങ്ങളിലെ തകര്‍ച്ച, പീഡാനുഭവങ്ങള്‍, മരണം, വേര്‍പാട്, ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം,ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, ശാരീരിക രോഗങ്ങള്‍, വിവാഹം കഴിക്കാത്ത അവസ്ഥ എന്നിവയൊക്കെ കാരണങ്ങളാണ്.

വിഷാദരോഗം പലതരം

ബൈപോളര്‍ ഡിപ്രഷന്‍: ജീവിതത്തില്‍ അമിതമായ സന്തോഷം, അമിതമായ സംസാരം, അക്രമ സ്വഭാവം എന്നിവ ഉണ്ടായിട്ടുണ്ടെങ്കില്‍ പിന്നീട് അയാള്‍ക്ക് വിഷാദരോഗത്തിന്റെ ലക്ഷണങ്ങല്‍ വന്നാല്‍ ബൈപോളര്‍ ഡിപ്രഷന്‍ എന്ന് വിളിക്കുന്നു.

യൂണിപോളാര്‍ ഡിപ്രഷന്‍: ജീവിതത്തിലൊരിക്കലും ഇത്തരം അവസ്ഥകള്‍ വരാതെ പെട്ടെന്ന് വിഷാദരോഗം വന്നാല്‍ അതിനെ യൂണിപോളാര്‍ ഡിപ്രഷന്‍ എന്ന് വിളിക്കുന്നു.

സൈക്കോട്ടിക് ഡിപ്രഷന്‍: ആരെക്കെയോ തന്നെ കൊല്ലാന്‍ വരുന്നു, ചുറ്റും ശത്രുക്കള്‍ ആണെന്നുമുള്ള ചിന്തയും ഭയവും ഇതില്‍ കൂടുതലായി കാണുന്നു. വിഷാദത്തോടൊപ്പം ഭയം, സംശയങ്ങള്‍ എന്നിവ ഉണ്ടാകുന്ന അവസ്ഥയെ സൈക്കോട്ടിക് ഡിപ്രഷന്‍ എന്ന് പറയുന്നു.

മെലങ്കോളിക് ഡിപ്രെഷന്‍ : ഇതില്‍ ഉറക്കം, വിശപ്പ്, ലൈംഗികത ഇവയില്‍ വളരെ കുറവ് വരുക തീരെ മെലിയുക ഇവയുണ്ടാകുന്നു.

എഡിപ്പിക്കല്‍ ഡിപ്രെഷന്‍ : ഇതില്‍ മെലങ്കോളിക് ഡിപ്രഷന് വിപരീതമായി ആണ് സംഭവിക്കുന്നത്. അമിതമായ ഉറക്കം, കൂടുതല്‍ വിശപ്പ് അതനുസരിച്ച് ഭക്ഷണം കഴിക്കുക, ലൈംഗിക ആസക്തി കൂടുക, ശരീരം ചീര്‍ത്തു വരിക മുതലായവ പ്രകടമാകുന്നു.

പോസ്റ്റ് പാര്‍ട്ടം ഡിപ്രെഷന്‍ (പിപിഡി) : ഇത് പ്രസവത്തോടനുബന്ധിച്ചു സ്ത്രീകളില്‍ ഉണ്ടാകുന്നതാണ്. ചില രാജ്യങ്ങളില്‍ എട്ടില്‍ ഒന്ന് എന്ന കണക്കിന് സ്ത്രീകളില്‍ ഇത് കാണുന്നു. സാധാരണ ജജഉ 5% മുതല്‍ 25% വരെയാണ് കാണുന്നത്.

ഇവ കൂടാതെ പല വിഭാഗങ്ങളിലുള്ള വിഷാദരോഗങ്ങള്‍ വേറെയുമുണ്ട്. ഏതു തരം ഡിപ്രെഷന്‍ ആണെങ്കിലും അടിസ്ഥാന കാരണം മുകളില്‍ പറഞ്ഞവ തന്നെ.

വിഷാദത്തെ തിരിച്ചറിയൂ, പോരാടി തോല്‍പ്പിക്കൂ...