രോഗികളെ മാത്രമല്ല, സമൂഹത്തേയും ചികിത്സിക്കുകയാണ് ഡോ. പി.എ. ലളിത 

July 1, 2017, 11:31 am
രോഗികളെ മാത്രമല്ല, സമൂഹത്തേയും ചികിത്സിക്കുകയാണ് ഡോ. പി.എ. ലളിത 
Your Health
Your Health
രോഗികളെ മാത്രമല്ല, സമൂഹത്തേയും ചികിത്സിക്കുകയാണ് ഡോ. പി.എ. ലളിത 

രോഗികളെ മാത്രമല്ല, സമൂഹത്തേയും ചികിത്സിക്കുകയാണ് ഡോ. പി.എ. ലളിത 

ദൈവത്തിന്റെ കൈകളാണ് ഒരു ഡോക്ടറുടേത്. ദൈവത്തിന് നേരിട്ട് ചെയ്യാന്‍ സാധിക്കാത്തത് ദൈവം ഡോക്ടര്‍മാരിലൂടെ ചെയ്യുന്നുവെന്നേയുള്ളൂ. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയും ആരോഗ്യമേഖലയില്‍ നിരവധി പുരസ്‌കാരങ്ങള്‍ക്കര്‍ഹയുമായ ഡോ. പി.എ. ലളിതയെത്തേടി മറ്റൊരു പുരസ്‌കാരംകൂടി. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഡോക്ടര്‍ പുരസ്‌കാരത്തിന് അര്‍ഹമായെന്ന് ഡോക്ടര്‍ അറിയുന്നത് കലശമായ രോഗപീഡകള്‍ക്കിടയിലാണ്. ഡോക്ടറെ സംബന്ധിച്ച് രോഗപീഡയെന്നൊന്നില്ല.

രോഗം വന്നാല്‍ തളര്‍ന്നു കിടന്നുപോകുന്നയാളല്ല കോഴിക്കോട്ടുകാരുടെ പ്രിയ ഡോക്ടറായ പി.എ. ലളിത. മൂന്നാം തവണയും കാന്‍സര്‍ ബാധിതയായി കീമോ തെറാപ്പിയെടുക്കുമ്പോഴും എന്നും ആശുപത്രിയില്‍ വരികയും രോഗികളെ ചികിത്സിക്കുകയും ചെയ്യുന്ന ഡോക്ടറെ മറ്റെവിടെയാണ് കാണാനാകുക? കാലത്ത് മുതല്‍ ഉച്ചവരെ കണ്‍സല്‍ട്ടിംഗ് റൂമിലായിരിക്കും. ഉച്ചയോടെ കീമോയെടുക്കാന്‍ ഐ.സി.യുവിലേക്ക് പോകും. അതു കഴിഞ്ഞ് വീട്ടിലേക്ക്. മരുന്നിനേക്കാള്‍ പ്രധാനം മനസ്സിന്റെ ശക്തിയാണെന്ന് ഡോക്ടര്‍ക്കറിയാം. മരുന്നിനൊപ്പം മനസ്സിലേക്കിത്തിരി ആത്മവിശ്വാസവും ധൈര്യവുംകൂടി പകര്‍ന്നുനല്‍കിയാണ് രോഗികളെ യാത്രയാക്കുക. പാതി രോഗം അപ്പോഴേ മാറിക്കഴിഞ്ഞിരിക്കും.

കാന്‍സറിനെ നേരിടാന്‍ മനക്കരുത്താണ് ആദ്യം വേണ്ട മരുന്നെന്നാണ് ഡോ. പി.എ. ലളിത പറയുന്നത്. ഓരോ തവണയും തന്നെ പിടികൂടുന്ന കാന്‍സറിനെ ആത്മവിശ്വാസംകൊണ്ട് കീഴടക്കിയ കഥയാണ് ഡോക്ടര്‍ക്ക് പറയാനുള്ളത്.

‘’എനിക്ക് കാന്‍സറിനെ എന്റെയൊരു കൂട്ടുകാരനെപ്പോലെയാണ് തോന്നുന്നത്. എന്നോട് അമിതമായ സ്‌നേഹമുള്ള എന്നെ വിട്ടുപിരിയാന്‍ സാധിക്കാത്ത ഒരു സ്‌നേഹിതനെപ്പോലെ...’’ രോഗത്തിന്റെ അവസ്ഥ പറയുമ്പോഴും സ്വതസിദ്ധമായ നര്‍മ്മം കൈവിടിയാതെ ഡോക്ടര്‍ തുടര്‍ന്നു.

''ആദ്യമായി രോഗം സ്ഥിരീകരിച്ചപ്പോള്‍ ഞാന്‍ കരഞ്ഞിരുന്നില്ല. ആകെ ബ്ലാങ്കായിപ്പോയപോലെയായിരുന്നു. എന്ത് സംഭവിച്ചാലും വരുന്നിടത്തുവച്ച് കാണാം എന്നൊരു ആറ്റിറ്റിയൂഡ് പണ്ടുമുതലേ ഉണ്ടായിരുന്നു. ആ വരട്ടേ, അപ്പോള്‍ നോക്കാം എന്ന ചിന്ത... ആദ്യം ഓപ്പറേഷന്‍ ചെയ്തു. കംപ്ലീറ്റ് ചെയ്യാന്‍പറ്റിയില്ല. അതുകഴിഞ്ഞ് കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോഴത്തേക്ക് രണ്ടാമതും വന്നു. അടുത്ത വര്‍ഷമായപ്പോഴേയ്ക്കും വീണ്ടും വന്നു. പക്ഷേ, എന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ അത്രത്തോളമൊന്നും ഈ രോഗം ബാധിച്ചിരുന്നില്ല. രോഗം വന്നാല്‍ ചിലര്‍ക്ക് വിശ്രമത്തിലായിരിക്കും താല്പര്യം. എന്നെ സംബന്ധിച്ചിടത്തോളം ജോലിയാണ് സന്തോഷം പകരുന്നത്. ഒരുപക്ഷേ, ഞാന്‍ വീട്ടിലിരുന്നാല്‍ വളരെയധികം ഡിപ്രസ്ഡ് ആയിപ്പോകുമായിരുന്നു. പുതിയ ഓരോ കാര്യങ്ങള്‍ ചെയ്യണമെന്ന് ആലോചിക്കുമ്പോള്‍ തന്നെ നമ്മുടെ ശരീരത്തിലൊരു അഡ്രിനാലിന്‍ സെക്രീഷന്‍ ഉണ്ടാകും. വളരെ ഇന്റോക്‌സിക്കേറ്രിംഗാണത്. എന്തും ചെയ്യാനുള്ള ഒരു ശക്തി... ആദ്യം മുതല്‍ തന്നെ കീമോ ചെയ്യുമ്പോഴും ഹോസ്പിറ്റലില്‍ പോകുമായിരുന്നു. ലീവൊന്നും എടുക്കാറില്ല. ഉച്ചവരെ വര്‍ക്ക് ചെയ്യും. ഉച്ചക്ക് ശേഷം കീമോയെടുത്ത് വീട്ടില്‍ പോകും. അങ്ങനെ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. കാന്‍സര്‍ ബാധിച്ചാല്‍ സാധാരണക്കാര്‍ എങ്ങനെ ഇതിനെ അതിജീവിക്കണമെന്ന് മനസ്സിലാക്കാനാണ് ഞാനിതൊക്കെ തുറന്നു പറയുന്നത്. പഴയതുപോലെയല്ല, ഇപ്പോള്‍ കാര്യങ്ങള്‍. രോഗം നേരത്തെ കണ്ടുപിടിക്കാനുള്ള മാര്‍ഗ്ഗങ്ങളുണ്ട്. അതാണ് ഏറ്റവും പ്രധാനം. രണ്ടാമത് പ്രോപ്പറായ ചികിത്സ. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചികിത്സ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ. മറ്റേതു രോഗംപോലെത്തന്നേയുള്ളൂ ഇതും. മറ്റു രോഗങ്ങള്‍ വന്നാല്‍ നമ്മള്‍ പേടിക്കാറില്ലല്ലോ... പണ്ട് ടി.ബി. വന്നപ്പോള്‍ നമ്മള്‍ പേടിച്ചിരുന്നു. ടൈഫോയിഡ് വന്നപ്പോഴും പണ്ട് നമ്മള്‍ പേടിച്ചിരുന്നു. ഇപ്പോഴാരും പേടിക്കുന്നില്ലല്ലോ. അതുപോലെത്തന്നെയുള്ളൂ ഇതും. ഗവണ്മെന്റ് ഇപ്പോള്‍ പല തരത്തിലുള്ള സ്‌കീംസ് കൊണ്ടുവന്നിട്ടുണ്ട്. പലര്‍ക്കും ഇതേപറ്റി അറിഞ്ഞുകൂടാത്തതുകൊണ്ടാണ്. മിക്കവാറും എല്ലായിടത്തും ഓങ്കോളജി സെന്റേഴ്‌സ് ഉണ്ട്. ഇനിയും ഒരുപാട് ഓങ്കോളജി സെന്റേഴ്‌സ് ഉണ്ടാക്കാന്‍ പോകുന്നു എന്ന് കേള്‍ക്കുന്നു. സര്‍ക്കാര്‍ വിലകുറച്ച് മരുന്നുകള്‍ കൊടുക്കുന്നുണ്ട്. പണമില്ലാത്തവര്‍ക്ക് കാരുണ്യപോലുള്ള പല പദ്ധതികളുമുണ്ട്. പഴയതുപോലെയല്ല കാര്യങ്ങള്‍...

പിന്നെ, മറ്റൊരു പ്രധാന കാര്യം. രോഗികളോട് അമിതമായ സ്‌നേഹമോ സഹതാപമോ ഒന്നും കാണിക്കേണ്ടെന്നാണ് എന്റെയൊരു തോന്നല്‍. സാധാരണപോലെ പെരുമാറിയാല്‍ മതി. അയ്യോ നിങ്ങള്‍ക്കെന്തോ പറ്റിയല്ലോ എന്ന മട്ടില്‍ സംസാരിക്കാതിരിക്കുക. അവരുടെ മുന്നിലിരുന്ന് കരയാതിരിക്കുക. സഹതാപം പ്രകടിപ്പിക്കാതിരിക്കുക. അവരോട് കുറച്ച് കൂടി സ്‌നേഹത്തോടെ പെരുമാറുന്നത് നല്ലതായിരിക്കും. സ്‌നേഹത്തിന് എപ്പോഴും ഒരു ക്യുവറിംഗ് കപ്പാസിറ്റിയുണ്ട്.

രോഗത്തെപറ്റിയോര്‍ത്ത് ടെന്‍ഷനടിക്കുന്നവരോട് എനിക്ക് പറയാനുള്ളത് അരുതെന്നാണ്. എന്തിനാണ് വെറുതേ ടെന്‍ഷനടിക്കുന്നത്? ഏത് രോഗത്തേയും ചെറുത്തുനില്‍ക്കാന്‍ പ്രാപ്തമായിട്ടാണ് ദൈവം നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്. എന്ത് രോഗത്തെ വേണമെങ്കിലും നമുക്ക് പ്രതിരോധിച്ച് നിറുത്താന്‍ സാധിക്കും. വന്നാല്‍ ക്യുവര്‍ ചെയ്യാനും സാധിക്കും. നമ്മളതിന് മാനസികമായി ശക്തരായിരിക്കണം. അതാണ് പ്രധാനം. ''

രോഗികളെ സ്വന്തം കൂടപ്പിറപ്പുകളെപ്പോലെയാണ് ഡോക്ടര്‍ സ്‌നേഹിക്കുന്നത്. '' സ്‌നേഹമാണ് ഏറ്റവും വലുതെന്നും സ്‌നേഹംകൊണ്ട് എല്ലാവരേയും ജയിക്കാമെന്നും എന്നെ പഠിപ്പിച്ചത് എന്റെ അമ്മയാണ്. ആണ്‍കുട്ടികള്‍ക്ക് നല്‍കുന്ന പരിഗണന നല്‍കിയാണ് അച്ഛനെന്നെ വളര്‍ത്തിയത്. ഏത് പ്രതിസന്ധിയിലും തളരാതെ പിടിച്ചുനില്‍ക്കാന്‍ എനിക്കാകുന്നത് ഇവരുടെയൊക്കെ അനുഗ്രഹംകൊണ്ടാണ്. ഓരോ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും എന്നേക്കാള്‍ സന്തോഷിക്കുന്നത് എന്റെ സഹപ്രവര്‍ത്തകരാണെന്ന് എനിക്കറിയാം. എന്റെ ആശുപത്രിയിലുള്ളവരുടെ ചോരയും വിയര്‍പ്പുമാണ് എന്റെ സ്ഥാപനം. അവരുടെ സ്‌നേഹവും സന്തോഷവും ദു:ഖവും എന്റേതുകൂടിയാണ്.'' ഈ പുതിയ പുരസ്‌കാരവും ഇവര്‍ക്കൊക്കെയായി സമര്‍പ്പിക്കുകയാണ് ഡോക്ടര്‍ പി.എ. ലളിത.