അച്ചടക്കം പഠിപ്പിക്കാന്‍ എന്തുകൊണ്ട് കുട്ടികളെ തല്ലി വളര്‍ത്തരുത്? 

June 21, 2016, 3:15 pm
അച്ചടക്കം പഠിപ്പിക്കാന്‍ എന്തുകൊണ്ട് കുട്ടികളെ തല്ലി വളര്‍ത്തരുത്? 
YOUR HOME
YOUR HOME
അച്ചടക്കം പഠിപ്പിക്കാന്‍ എന്തുകൊണ്ട് കുട്ടികളെ തല്ലി വളര്‍ത്തരുത്? 

അച്ചടക്കം പഠിപ്പിക്കാന്‍ എന്തുകൊണ്ട് കുട്ടികളെ തല്ലി വളര്‍ത്തരുത്? 

ഒന്നേ ഉള്ളുവെങ്കിലും ഉലക്കയ്ക്ക് അടിച്ചു വളര്‍ത്തണമെന്ന് പഴമക്കാര്‍ പറയും. തെറ്റു കണ്ടാല്‍ കുട്ടികളെ ശിക്ഷിക്കുകയും തെറ്റു തിരുത്തുകയും വേണ്ടത് തന്നെയാണ്. പക്ഷേ അത് കൈക്കരുത്ത് കാട്ടിയാവരുത്. കുട്ടികളെ തല്ലിച്ചതച്ചല്ല നല്ലത് പഠിപ്പിക്കേണ്ടത്. തല്ലി വളര്‍ത്തുന്നത് എന്തു കൊണ്ട് പാടില്ല എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരം ഇതാണ്.

1.സാമൂഹ്യ മൂല്യങ്ങളെ കുറിച്ച് തെറ്റായ ധാരണ വളര്‍ത്തും

ഒന്നാമത്തെ കാര്യം തല്ല് ശീലമായാല്‍ ഇത് ഇത്രമാത്രമേ ഉള്ളു എന്ന ബോധ്യം കുട്ടികളില്‍ വേരുറപ്പിക്കും. നമ്മളൊരാളെ തല്ലുമ്പോള്‍ മാനുഷിക പരിഗണന കിട്ടുന്നില്ല, തന്നെ ഒരു വസ്തുവായി മാത്രം കാണുന്നുവെന്ന ചിന്ത ഇളം മനസ്സില്‍ വേരോടും. പിന്നെ എല്ലാം സ്‌നേഹത്തിന്റെ പുറത്താണന്നുള്ള വിശദീകരണം, എല്ലാ സ്‌നേഹബന്ധങ്ങളിലും ശാരീരിക പീഡനം ആവാമെന്ന ബോധ്യം നാം അറിയാതെ തന്നെ കുട്ടികളിലേക്ക് പകരുമെന്നും മറക്കേണ്ട

2.കൈക്കരുത്തുള്ളവരാണ് കാര്യക്കാര്‍ എന്ന ബോധ്യം ഉടലെടുക്കും

ശക്തിയുള്ളവരാണ് എല്ലാവര്‍ക്കും മുകളിലെന്ന വിചാരം കുട്ടികള്‍ക്ക് ഉണ്ടാവും. അതിനാല്‍ ശാരീരിക ശിക്ഷ കുട്ടികളെ ദുര്‍ബലരും ശക്തരും തമ്മിലുള്ള വ്യത്യാസം പഠിപ്പിക്കും പോലാകും.

3.പ്രായത്തില്‍ മൂത്തവര്‍ക്ക് താഴെയുള്ളവരെ ഉപദ്രവിക്കാമെന്ന ധാരണ വളരും

മക്കള്‍ പ്രായമായ അച്ഛനേയും അമ്മയേയും തല്ലിയെന്ന വാര്‍ത്ത നമ്മെ എല്ലാം അസ്വസ്ഥരാക്കും. കുട്ടികളെ തല്ലുമ്പോള്‍ അവരുടെ ഉള്ളില്‍ വലിയവര്‍ക്കും കാര്യപ്രാപ്തിയുള്ളവര്‍ക്കും തങ്ങള്‍ക്ക് കീഴിലുള്ളവരേയും ദുര്‍ബലരായവരേയും ശിക്ഷിക്കാന്‍ അധികാരമുണ്ടെന്ന ധാരണ വളര്‍ത്തും. ഈ ധാരണയോടെ മക്കള്‍ നമ്മേക്കാള്‍ വളര്‍ന്നാല്‍ പിന്നെ പറയണോ.

4.ആക്രമണം കൊണ്ട് എല്ലാ പ്രശ്‌നവും പരിഹരിക്കാം! ശരിക്കും അത് സാധ്യമാണോ?

തല്ലുകയും അക്രമ സ്വഭാവം കാണിക്കുകയും ചെയ്യുന്നത് വഴി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാകുമെന്ന മൗഢ്യ ബോധം ഓരോ പ്രഹരവും കുഞ്ഞുങ്ങളുടെ മനസ്സിലുണ്ടാക്കുമെന്ന് ഓര്‍ക്കണം. ഇത് ഭാവിയില്‍ പൊട്ടിത്തെറിക്കാന്‍ അവരെ പ്രേരിപ്പിക്കും

5.ആത്മവിശ്വാസം ഇല്ലാതാക്കും

എപ്പോഴും ശിക്ഷാ നടപടികള്‍ക്ക് വിധേയമാകുന്ന രു കുട്ടിക്ക് ആത്മവിശ്വാസം ഉണ്ടാവില്ലെന്ന് മാത്രമല്ല തന്നെ സംരക്ഷിക്കേണ്ടവര്‍ തന്നെ ശിക്ഷിക്കുമ്പോള്‍ അസ്ഥിത്വ പ്രതിസന്ധിയും ഉടലെടുക്കും

6.മാനസികാരോഗ്യം തകര്‍ക്കാന്‍ കാരണമാകും

ശിക്ഷാ നടപടികള്‍ എത്രത്തോളം ക്രൂരമാകുന്നോ അത്രത്തോളം കുട്ടികള്‍ മാനസികമായി തകരും. ഇത് ഭാവിയില്‍ മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

അച്ചടക്കത്തിന്റെ പേരു പറഞ്ഞ് കുട്ടികളെ ഇക്കാരണങ്ങളൊക്കെ കൊണ്ട് തന്നെ തല്ലിപഠിപ്പിക്കരുത്. പറഞ്ഞ് മനസ്സിലാക്കി നേര്‍ വഴിക്ക് നയിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.