മരണത്തിന്റെ മൊത്ത വ്യാപാരികള്‍ 

October 30, 2017, 11:52 pm
മരണത്തിന്റെ മൊത്ത വ്യാപാരികള്‍ 
Environment
Environment
മരണത്തിന്റെ മൊത്ത വ്യാപാരികള്‍ 

മരണത്തിന്റെ മൊത്ത വ്യാപാരികള്‍ 

തലമുറകളെ ദുരിതത്തിലാഴ്ത്തുന്ന കീടനാശിനി ദുരന്തങ്ങളില്‍ ഏറ്റവും അവസാനത്തേതാണ് മഹാരാഷ്ട്രയിലെ യവത്മാളില്‍ നൂറോളം കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും മരണത്തിന് ഇടയാക്കിയ സംഭവം. പരുത്തി കൃഷിയില്‍ കീടനിയന്ത്രണത്തിനും പ്രയോഗിച്ച മാരക കീടനാശിനികളില്‍ നിന്നാണ് ഇവര്‍ക്ക് വിഷബാധയേറ്റത്. ഉദര ശ്വാസകോശ രോഗങ്ങളെ തുടര്‍ന്നും പൊള്ളലേറ്റും ആയിരത്തിലധികം പേരാണ് ആശുപത്രയിലായത്. 25ല്‍ പരം പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. കീടനാശിനി പ്രയോഗം കുറയ്ക്കാനെന്ന് അവകാശപ്പെട്ട് വിപണിയില്‍ ഇറക്കിയ ബിടി പരുത്തി ഒരു കൂട്ടം മാരക കീടങ്ങളുടെ ആക്രമണത്തിന് വിധേയമായതോടെ പരിഭ്രാന്തരായ കര്‍ഷകര്‍ ലഭ്യമായ കീടനാശിനികള്‍ ഒറ്റക്കും കൂട്ടിക്കലര്‍ത്തിയും തളിക്കുകയായിരുന്നു. പരുത്തി കൃഷിയില്‍ ഉപയോഗിക്കാന്‍ അനുമതി ഇല്ലാത്ത കീടനാശിനികളും വ്യാജകീടനാശിനികളും ഇതില്‍ ഉള്‍പ്പെടുന്നു. മുഖാവരണങ്ങളോ കയ്യുറകളോ സുരക്ഷയ്ക്കുള്ള മറ്റ് മുന്‍കരുതലുകളോ ഒന്നുമില്ലാതെയായിരുന്നു ഇവിടെ കീടനാശിനി പ്രയോഗം. പതിവുപോലെ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും അശ്രദ്ധയെയും അജ്ഞതയെയും പഴിചാരി രക്ഷപ്പെടാനാണ് കീടനാശിനി കമ്പനികളുടെയും കൃഷി ഉദ്യോഗസ്ഥരുടെയും ശ്രമം.

കര്‍ഷകത്തൊഴിലാളികളാണ് മഹാരാഷ്രയിലെ കീടനാശിനി ദുരന്തത്തിന്റെ ഏറ്റവും വലിയ ഇരകള്‍. കൃത്യമായ നിര്‍ദ്ദേശങ്ങള്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ കര്‍ഷകര്‍ക്കു നല്‍കിയിരുന്നില്ല. അതേസമയം, കീടനാശിനി കമ്പനികളുടെയും വില്‍പ്പനക്കാരുടെയും നിയമലംഘനങ്ങള്‍ക്കുനേരെ അവര്‍ കണ്ണടയ്ക്കുകയും ചെയ്തു. കമ്പനികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ദുര്‍ബ്ബലമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്.

വിദര്‍ഭ മേഖലയിലെ 500 ഓളം കുടുംബങ്ങളെ കീടനാശിനി ദുരന്തം ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ജനിതകമായി പരിവര്‍ത്തനം ചെയ്ത ബിടി പരുത്തിയാണ് ഇവിടെ 99 ശതമാനം സ്ഥലത്തും കൃഷി. ഈ വര്‍ഷം വളരെ രൂക്ഷമായിരുന്നു കീടങ്ങളുടെ ആക്രമണം. കീടങ്ങളെ പ്രതിരോധിക്കുമെന്ന് പറഞ്ഞ് ഇറക്കിയ ബിടി പരുത്തി പുതിയ കീടങ്ങളുടെ ആക്രമണത്തില്‍ തകര്‍ന്നു. കര്‍ഷകന് കിട്ടിയ കീടനാശിനികളെല്ലാം ഒറ്റക്കും,കൂട്ടായി കലര്‍ത്തിയും പലതവണ മാറി മാറി അടിച്ചു. കീടനാശിനി വിറ്റഴിക്കുന്ന കടക്കാരും കീടനാശിനി കമ്പനികളുമായിരുന്നു ഈ കാര്യത്തില്‍ ഇവരുടെ മാര്‍ഗ്ഗദര്‍ശ്ശികള്‍. മഹാരാഷ്ട്ര കൃഷി വകുപ്പ് വെറും കാഴ്ചക്കാരായി മാറി നിന്നു. കര്‍ഷര്‍ ചിലപ്പോള്‍ സ്വന്തം മനോധര്‍മ്മമനുസരിച്ചും മറ്റു ചിലപ്പോള്‍ സൂഹൃത്തുക്കളുടെയും അയല്‍ക്കാരുടെയും ഉപദേശങ്ങള്‍ സ്വീകരിച്ചും കീടനാശിനികള്‍ തളിച്ചു. നിരോധിച്ച കീടനാശിനികളും വ്യാജകീടനാശിനികളുമെല്ലാം കര്‍ഷകരുടെ വിഷക്കൂട്ടിലുണ്ടായിരുന്നു. ചില കര്‍ഷകര്‍ ഇപ്പോള്‍ കൃഷി ചെയ്തുകൊണ്ടിരിക്കുന്ന ബോള്‍ഡ്ഗാര്‍ഡ് 2 എന്ന ജിഎം പരുത്തിക്കുപകരം ഇന്ത്യയില്‍ ഇതുവരെ അംഗീകാരം നല്‍കാത്ത ബോള്‍ഗാര്‍ഡ് 3 ഇനം പരുത്തി കള്ളകടത്തിലൂടെ കൊണ്ടുവന്ന് കൃഷി ചെയ്തു. ഗുജറാത്തിലെ വിത്തുകമ്പനികളാണ് ഈ അനധികൃത പരുത്തിയുടെ ഉത്ഭവ കേന്ദ്രം. ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ഇന്‍ര്‍നാഷണല്‍ ഏജന്‍യി റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ എന്ന ഏജന്‍സി അര്‍ബുദത്തിനു കാരണമായേക്കാമെന്നു കണ്ടെത്തിയട്ടുള്ള ഗ്ലൈഫോസേറ്റ് എന്ന കളനാശിനിയോട് പ്രതിരോധശേഷിയുള്ള ജിഎം പരുത്തിയാണ് ബോള്‍ഗാര്‍ഡ് 3. ഇന്‍സ്‌പെക്ടര്‍, പോമീസ്, കരാട്ടെ, പോളോ, ഫോക്‌സിന്‍, മോണോസില്‍, തുടങ്ങിയ പേരുകളിലറിയപ്പെടുന്ന കീടനാശിനികളും അവയുടെ മിശ്രിതങ്ങളും റൗണ്ടപ്പ് കളനാശിനിയുമെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന അതിമാരകമായ ടൈം ബോംബിന്റെ മുകളിലാണ് വിദര്‍ഭ.

ഇന്ത്യയില്‍ കഴിഞ്ഞ 15 വര്‍ഷമായി കൃഷി ചെയ്യുന്ന ഏക ജിഎം വിളയാണ് ബിടി പരുത്തി. ജനിതകമായി പരിവര്‍ത്തനം ചെയ്ത ബിടി പരുത്തി സ്വാഭാവികമായി തന്നെ ചെടിയില്‍ ജൈവവിഷം ഉത്പാദിപ്പിക്കുന്നതിനാല്‍ പരുത്തിയുടെ പ്രധാന കീടമായ പരുത്തിമൊട്ടുപുഴു രാസകീടനാശിനി തളിക്കാതെ തന്നെ കൊല്ലപ്പെടും.ബോള്‍ഗാര്‍ഡ് രണ്ട് എന്ന പേരില്‍ വിപണിയിലുള്ള ബിടി പരുത്തിയുടെ കൃഷിയോടെ പരുത്തികൃഷി മേഖലയിലെ കീടനാശിനി ഉപയോഗം പകുതിയായി കുറഞ്ഞുവെന്നാണ് കുറെ കൃഷി വിദഗധരുടെയും മൊണ്‍സാന്റോ ഉള്‍പ്പടെയുള്ള വിത്തു കമ്പിനികളുടെയും അവകാശവാദം.പരുത്തിമൊട്ടുപുഴുവിന്റെ ആക്രമണം പതിന്മടങ്ങായി കൂടി.ഫലത്തില്‍ പരുത്തി കൃഷി മേഖലയില്‍ രാസകീടനാശിനികളുടെ ഉപയോഗം മൊത്തത്തില്‍ കൂടുകയാണുണ്ടായത്. രാജ്യത്തെ കര്‍ഷക ആത്മഹത്യകളുടെ 70 ശതമാനം പരുത്തികൃഷിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്നാണെന്നാന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ കീടനാശിനി ദുരുപയോഗത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണ് വിദര്‍ഭ. രാജ്യത്തെ കീടനാശിനി നിയമങ്ങളും ജിഎം വിളകളുടെ നിയന്ത്രണ സംവിധാനങ്ങളുമെല്ലാം എത്രമാത്രം കുത്തഴിഞ്ഞതാണെന്ന് അതു കാണിച്ചു തരുന്നു. കീടനാശിനി കമ്പനികളും നിയന്ത്രണ ഏജന്‍സികളും ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു ലോബി വര്‍ഷങ്ങളായി കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യം തകര്‍ത്ത് കൊള്ളലാഭം കൊയ്തുകൊണ്ടിരിക്കുകയാണ്.

അത്യന്തം കുത്തഴിഞ്ഞതാണ് രാജ്യത്തെ കീടനാശിനി നിയമങ്ങളും നിയന്ത്രണ സംവിധാനവും. വ്യാജകീടനാശിനി കമ്പനികളും രാജ്യത്ത് സുലഭം. ഇന്ത്യയില്‍ എത്ര ടണ്‍ കീടനാശിനി ഉത്പാദിപ്പിക്കുന്നുവെന്നതിനോ ഇറക്കുമതി ചെയ്യുന്നുവെന്നതിനോ കൃത്യമായ കണക്കുകള്‍ പോലും ഇല്ല. ഇവിടെ എത്ര ടണ്‍ കീടനാശിനി വിറ്റഴിക്കുന്നുവെന്നും ആര്‍ക്കും നിശ്ചയമില്ല. കീടനാശിനി ഉപയോഗത്തെ സംബന്ധിച്ച കണക്കുകളെല്ലാം ആരുടെയോ ഭാവനയില്‍ വിരിയുന്നതാണ്. കൃഷിയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്ഥിരം കമ്മിറ്റിയുടെ ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം ചൂണ്ടിക്കാട്ടിയിരുന്നു. 201415 ല്‍ രാജ്യത്ത് ഔദ്യോഗിക കണക്കുകള്‍ പ്രകാരം ആകെ ഉപയോഗിച്ചത് 57353 ടണ്‍ കീടനാശിനിയായിരുന്നു. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിച്ചതും, വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തതുമായ കീടനാശിനികള്‍ ഉള്‍പ്പടെയുള്ള കണക്കാണിത്. എന്നാല്‍ ഇതേ വര്‍ഷം തന്നെ വിദേശത്തുനിന്നും 73376 ടണ്‍ കീടനാശിനി ഇറക്കുമതി ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ ആദ്യത്തെ കീടനാശിനി ഉല്പാദനത്തിലും ഇറക്കുമതിയിലും കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ഒരു നിയന്ത്രണവുമില്ല. വില്‍പ്പനയുടെ കാര്യം പറയുകയും വേണ്ട. അംഗീകൃത കീടനാശിനിയേത് ,വ്യാജ കീടനാശിനിയേത് എന്ന് തിരിച്ചറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ല. വില്‍പ്പനക്കാരനാണ് ഇക്കാര്യത്തില്‍ അവസാനവാക്ക്. ബഹുരാഷ്ട്രക്കുത്തക കമ്പിനികള്‍ രാസവസ്തുവിനു പകരം കീടനാശിനി ഫോര്‍മുലേഷന്‍ തന്നെ അതേപടി വന്‍തോതില്‍ ഇറക്കുമതി ചെയ്ത് പ്രാദേശിക വിപണികളില്‍ തള്ളിയിടുന്നു. നിരോധനം കാരണം വിദേശത്ത് വിറ്റഴിക്കാന്‍ കഴിയാത്ത കീടനാശിനികളും ഇതില്‍ ഉള്‍പ്പെടുന്നു. കീടനാശിനി ദുരന്തമുണ്ടായ മഹാരാഷ്ട്രയിലെ പരുത്തികൃഷി മേഖലയാണ് വ്യാജ കീടനാശിനികളുടെ ഏറ്റവും വലിയ വിപണി. ഉത്തര്‍പ്രദേശ് ,പഞ്ചാബ്, ഹരിയാന, പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, തെലുങ്കാന, എന്നീ സംസ്ഥാനങ്ങളും വ്യാജകീടനാശിനികളുടെ വലിയ വിപണികളാണ്. കീടനാശിനികളുടെ സുരക്ഷിതത്വം ഒരു കേവല സങ്കല്‍പ്പം മാത്രമാണ്. കമ്പനികള്‍ പറഞ്ഞു തരുന്ന സുരക്ഷിതത്വത്തിനപ്പുറം വിശ്വസനീമായ മറ്റൊരു സുരക്ഷിതത്വവും ഇവക്കില്ല. സുരക്ഷിതത്വം സംബന്ധിച്ച് കമ്പനികള്‍ നല്‍കുന്ന പരീക്ഷണ വിവരങ്ങള്‍ അപ്പാടെ വിഴുങ്ങുകയണ് സര്‍ക്കാര്‍ ഏജന്‍സികള്‍.

കേരളത്തിലാണ് സ്വതന്ത്ര ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ കീടനാശിനി ദുരന്തം സംഭവിച്ചത്്. 1958 ല്‍ 102 പേരുടെ ജീവന്‍ അപഹരിച്ച ഈ കീടനാശിനി ദുരന്തത്തിന് കാരണം അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളില്‍ ഈഥൈല്‍ പാരത്തയോണ്‍ എന്ന കീടനാശിനി കലര്‍ന്നതായിരുന്നു. രാജ്യത്ത്് സമഗ്രമായ ഒരു കീടനാശിനി നിയമത്തിന് രൂപം നല്‍കാന്‍ വീണ്ടും 10 വര്‍ഷം കൂടി വേണ്ടി വന്നു. 1968 ല്‍ നിലവില്‍ വന്ന രാജ്യത്തെ കീടനാശിനിനിയമം നടപ്പാക്കുന്നത് ഫരീദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രകീടനാശിനി ബോര്‍ഡാണ്. അരനൂറ്റാണ്ട് മുമ്പ് നിലവില്‍ വന്ന കാലഹരണപ്പെട്ട ഈ നിയമത്തില്‍ കാലാനുസൃതമായ മാറ്റം വരുത്താന്‍ മാറി മാറി വന്ന കേന്ദ്ര സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. അത്രമേല്‍ വലുതാണ് കീടനാശിനി കമ്പനികളുടെ സ്വാധീനം.

കേന്ദ്ര കീടനാശിനി ബോര്‍ഡിന്റെ കീഴിലുള്ള രജിസ്‌ട്രേഷന്‍ കമ്മിറ്റിയാണ് പുതിയ കീടനാശിനികള്‍ക്ക് അനുമതി നല്‍കുന്ന കേന്ദ്ര ഏജന്‍സി. പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ , അവഷിപ്ത വിഷവീര്യം, പ്രത്യേക കീടത്തിനെതിരെയുള്ള ഒരു കീടനാശിനിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം തുടങ്ങിയവയെ സംബന്ധിച്ച് കമ്പനികള്‍ നല്‍കുന്ന പരീക്ഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ കീടനാശിനികളുടെ രജിസ്‌ട്രേഷന്‍. കമ്പനികള്‍ നടത്തുന്ന സുരക്ഷാപരീക്ഷണങ്ങള്‍ പലപ്പോഴും വെറും പ്രഹസനങ്ങളായി മാറുന്നു. പിഴവുകള്‍ ചൂണ്ടിക്കാട്ടിയാലും കേന്ദ്ര കീടനാശിനി ബോര്‍ഡ് യഥാസമയം നടപടി സ്വീകരിക്കില്ല. കമ്പനി നല്‍കുന്ന വിവരങ്ങള്‍ മുഖവിലക്കെടുക്കുകയും കാലാകാലങ്ങളില്‍ ഉയരുന്ന എതിര്‍വാദങ്ങള്‍ തള്ളിക്കളയുകയും ചെയ്യും. നിഷ്പക്ഷ വിശകലനം ഒരിക്കലും പതിവില്ല .കീടനാശിനി വിപണയില്‍ എത്തുന്നതോടെ എല്ലാ സുരക്ഷാ പഠനങ്ങളും അവസാനിക്കുന്നു. വിപണിയില്‍ എത്തിയതിനുശേഷം കീടനാശിനികള്‍ മനുഷ്യരുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ക്ക് കേന്ദ്ര കീടനാശിനി ബോര്‍ഡ് ഉത്തരവാദിയല്ല.

കീടനാശിനി കമ്പനികള്‍, ഏതെല്ലാം വിളകളിലെ കീടനിയന്ത്രണത്തിനു വേണ്ടിയാണോ ഒരു കീടനാശിനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ആ വിളകളില്‍ മാത്രം ഉപയോഗിക്കാനാണ് നിയമപരമായി അവകാശം. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാത്ത വിളകളിലെ കീടനിയന്ത്രണത്തിനും ഇതേ കീടനാശിനി തളിക്കാന്‍ കാര്‍ഷിക സര്‍വ്വകലാശാലകളും ഗവേഷണസ്ഥാപനങ്ങളും ബോര്‍ഡുകളും ശുപാര്‍ശ ചെയ്യുന്നു. പ്രാദേശികമായ വ്യത്യസ്തതകള്‍ കാരണമാണ് ഇങ്ങനെ ചെയ്യേണ്ടിവരുന്നതെന്നാണ് വ്യാഖ്യാനം. ഇത്തരം ശുപാര്‍ശകള്‍ കാര്‍ഷിക വിളകളിലെ ഒരു കീടനാശിനിയുടെ അവഷിപ്ത വിഷാംശം സംബന്ധിച്ച പഠനങ്ങള്‍ അസാധ്യമാക്കുന്നു. പരുത്തിയില്‍ തളിക്കാന്‍ അനുമതിയില്ലാത്ത കീടനാശിനികളും വിദര്‍ഭയില്‍ ഉപയോഗിച്ചിരുന്നു. ഒരു വിളയില്‍ കീടനാശിനി തളിച്ചാല്‍ അത് വിഘടിച്ച് നിര്‍വ്വീര്യമായതിനു ശേഷമേ ഭക്ഷിക്കാന്‍ പാടുള്ളു. വിഷപ്രയോഗത്തിനും വിളവെടുപ്പിനും ഇടയിലുള്ള ഈ ഇടവേള കാത്തിരപ്പു കാലം എന്നറിയപ്പെടുന്നു. വിളവെടുത്താല്‍ ഉടനെ നേരിട്ടു ഭക്ഷിക്കുന്ന പഴംപച്ചക്കറി വിളകളില്‍ കാത്തിരിപ്പുകാലം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. പുതിയ കീടനാശിനിക്ക് രജിസ്‌ട്രേഷന്‍ നല്‍കുന്നതിനു മുമ്പ് കാത്തിരപ്പു കാലത്തിന്റെ വിശദ വിവരങ്ങള്‍ കേന്ദ്രകീടനാശിനി ബോര്‍ഡിനും രജിസ്‌ട്രേഷന്‍ കമ്മിറ്റിക്കും നല്‍കിയിരിക്കണം. എന്നാല്‍ പല കീടനാശിനികള്‍ക്കും കാത്തിരിപ്പുകാലം ശുപാര്‍ശ ചെയ്തിട്ടേയില്ല.

വിളകളില്‍ തളിക്കുന്ന കീടനാശിനി വിഘടിച്ചുപോകാതെ വളരെ ചെറിയ ഒരംശം മണ്ണിലും ചെടികളിലും കുറെക്കാലത്തേക്കെങ്കിലും അവശേഷിക്കുന്നു. മനുഷ്യര്‍ക്കും ജീവികള്‍ക്കും അപകടകരമാകാത്ത ഇവയുടെ പരമാവധി അളവില്‍ അനുവദനീയമായ അവഷിപ്ത വിഷാംശത്തിന്റെ പരമാവധി പരിധി( എം ആര്‍ എല്‍ ) എന്നു വിളിക്കുന്നു. നല്ല കൃഷിരീതികള്‍ പിന്തുടരുന്നതിനു ശേഷവും വിളകളില്‍ കാണപ്പെടുന്ന അവഷിപ്ത വിഷാംശത്തിന്റെ അനുവദനീയമായ പരിധിയാണ് എം ആര്‍ എല്‍. ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കാതെ തന്നെ കീടനാശിനികള്‍ ഇപ്പോഴും രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത കീടനാശിനികളുടെ എം ആര്‍ എല്‍ നിശ്ചയിക്കാനുള്ള ഉത്തരവാദിത്വം ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാര്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ് . പല കീടനാശിനികളുടെ കാര്യത്തിലും എം.ആര്‍.എല്‍ ഇനിയും നിശ്ചയിച്ചിട്ടില്ല. നിശ്ചയിച്ചവയുടെ കാര്യത്തിലാകട്ടെ കോഡ്ക്‌സ് പോലുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ സ്വീകരിച്ചിട്ടുമില്ല. ഇങ്ങനെ എല്ലാത്തരത്തിലും കുത്തഴിഞ്ഞതാണ് രാജ്യത്തെ കീടനാശിനി നിയന്ത്രണ സംവിധാനം.

മാരകമായ കീടനാശിനികള്‍ വിദേശ രാജ്യങ്ങളില്‍ നിരോധിച്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും നമ്മുടെ നാട്ടിലെ കൃഷി വകുപ്പും നിയന്ത്രണ ഏജന്‍സികളും അറിഞ്ഞ മട്ട് കാണിക്കുകയില്ല. അപകടകാരിയായ കീടനാശിനി ഏതെങ്കിലും വിദേശ രാജ്യത്ത്് നിരോധിച്ചതായി വിവരം കിട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞു മാത്രമേ കേന്ദ്ര കീടനാശിനി ബോര്‍ഡ് നടപടികള്‍ ആരംഭിക്കുകയുള്ള. വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന നടപടിക്രമങ്ങള്‍ക്കൊടുവില്‍ ഇവിടെ ആ കീടനാശിനി നിരോധിക്കുമ്പോഴേക്കും മനുഷ്യരുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും നശിപ്പിച്ച് പതിനായിരക്കണക്കിന് ടണ്‍ വിറ്റഴിച്ചിട്ടുണ്ടാവും. വിദേശരാജ്യങ്ങളില്‍ നിരോധിച്ചതോ നിയന്ത്രിത വില്പന ഉള്ളതോ ആയ 66 മാരക കീടനാശിനികളാണ് വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയിലുള്ളത്. ഇന്ത്യയിലും ഈ കീടനാശിനികള്‍ നിരോധിക്കുന്നത് പരിശോധിക്കാന്‍ 2013 ല്‍ രൂപികരിച്ച അനുപം വര്‍മ്മ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. തല്‍ക്കാലം ഇതില്‍ 18 എണ്ണം മാത്രം ഇന്ത്യയില്‍ നിരോധിക്കാനാണ് കമ്മിറ്റിയുടെ ശുപാര്‍ശ. 12 എണ്ണത്തിന്റെ നിരോധനം 2018 ജനുവരി ഒന്നു മുതലും ബാക്കി ആറെണ്ണത്തിന്റെ നിരോധനം 2021 ആദ്യവും നിലവില്‍ വരും. എന്നാല്‍ അവശേഷിക്കുന്ന 48 മാരക കീടനാശിനികളുടെ വില്പന 2018ല്‍ മാത്രം അവലേകനം ചെയ്താല്‍ മതിയെന്നാണ് കമ്മിറ്റിയുടെ ശുപാര്‍ശ. പതിറ്റാണ്ടുകള്‍ക്കു മുമ്പ് വിദേശ രാജ്യങ്ങളില്‍ നിരോധിച്ച കീടനാശിനികളുടെ വില്പന അടുത്ത അഞ്ച് പത്ത് വര്‍ഷത്തേക്കെങ്കിലും ഇവിടെ അവിരാമം തുടരുമെന്നര്‍ത്ഥം. വര്‍മ്മ കമ്മിറ്റിയില്‍ അംഗമായ കീടനാശിനി വ്യവസായ പ്രതിനിധിയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണത്രെ വിദേശത്തു നിരോധിച്ച കീടനാശിനികള്‍ തുടര്‍ന്നും ഇന്ത്യയില്‍ വിറ്റഴിക്കാന്‍ വര്‍മ്മ കമ്മിറ്റി സമ്മതം മൂൡയത്. കീടനാശിനി ലോബിയുടെ സമ്മര്‍ദമാണ് കുത്തഴിഞ്ഞ ഒരു സംവിധാനം രാജ്യത്തു തുടരുവാന്‍ കാരണം.

2011 മെയ്മാസം കേരളത്തില്‍ 14 കീടനാശിനികള്‍ നിരോധിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കടുംചുവപ്പും,കടും മഞ്ഞയും കളര്‍ കോഡുകളുള്ള കീടനാശിനികള്‍ നിരോധിച്ച് പകരം ഇളം മഞ്ഞയും നീലയും പച്ചയും കളര്‍കോഡുകളുള്ള കീടനാശിനികള്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍ കളര്‍ കോഡുമാറിയാല്‍ മനുഷ്യര്‍ക്കും പരിസ്ഥിതിക്കും അപകടം കുറയുമെന്നത് വെറും മിഥ്യാധാരണയാണ്. കേരളത്തിലെ ബദല്‍ കീടനാശിനികളില്‍ പലതും മനുഷ്യരുടെയും പരിസ്ഥിതിയുടെയും ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ട് വിദേശ രാജ്യങ്ങളില്‍ പണ്ടെ നിരോധിച്ചവയാണ്. നിരോധിക്കപ്പെട്ട ഫ്യൂറഡാനും ഫോറഡിനും മറ്റും പകരം ശുപാര്‍ശ ചെയ്തിരിക്കുന്ന മഞ്ഞ ലേബലില്‍ ഉള്ള പ്രിപ്പോണില്‍, ഇമിഡാക്ലോപ്രിസ്, തയോമെതോക്ലാം എന്നീ അന്തര്‍വ്യാപന ശേഷിയുള്ള കീടനാശിനികള്‍ വിഘടിക്കാതെ ദീര്‍ഘകാലം പരിസ്ഥിതിയില്‍ നിലനില്‍ക്കും തേനീച്ചക്കോളനികളെയും തേനീച്ചകളെയും നശിപ്പിക്കുന്നതിന്റെ പേരില്‍ നിയോനിക്കോട്ടിനോയിഡ് വിഭാഗത്തില്‍പെട്ട കീടനാശിനികള്‍ പ്രതിക്കൂട്ടിലാണ്. കേരളത്തിലെ വിപണികളില്‍ സുരക്ഷിതമെന്നു പറഞ്ഞു വില്‍ക്കുന്ന കാര്‍ടാപ്, അസിഫേറ്റ് , കാര്‍ബോസള്‍ഫാന്‍, ക്ലോര്‍പൈറിഫോസ് , തുടങ്ങിയ കീടനാശിനികളും വിദേശരാജ്യങ്ങളില്‍ നിരോധിച്ചതോ നിയന്ത്രിതമോ ആണ്. ഫലത്തില്‍ നിരോധിച്ച കീടനാശിനികളും നിരോധക്കാത്തവയും തമ്മില്‍ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ല. ഇന്ന് സുരക്ഷിതം എന്ന് വിശ്വസിപ്പിച്ച് വിപണിയില്‍ ഇറക്കുന്ന പുതിയ കീടനാശിനികള്‍ അടുത്ത വര്‍ഷങ്ങളില്‍തന്നെ അപരടകരമെന്ന്് കണ്ടെത്തുന്നു.

വിദര്‍ഭയിലെ കീടനാശിനി ദുരന്തം ഒറ്റപ്പെട്ട് സംഭവമല്ല. അറുപത്കളിലെ ഹരിത വിപ്ലവ കാലഘട്ടത്തില്‍ അത്ഭുതമരുന്നുകളായി അവതരിപ്പിച്ച കീടനാശിനികള്‍ മരണത്തിന്റെ ഒറ്റ മൂലിയായി മാറിയിട്ട്് കാലമേറയായി. മരണത്തിന്റെ മൊത്ത വ്യാപാരികളായ കീടനാശിനി കമ്പനികളുടെ പൂര്‍ണ്ണനിയന്ത്രണത്തിലാണ് ഇന്ത്യയിലെ കീടനാശിനി വിപണി. പാര്‍ലമെന്റെറി കമ്മിറ്റികള്‍ ആവര്‍ത്തിച്ച്് ആവശ്യപ്പെട്ടിട്ടും രാജ്യത്തെ കീടനാശിനി നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കീടനാശിനികള്‍ പെട്ടെന്ന് വിഘടിക്കുമെന്നും കഴുകിക്കളഞ്ഞാല്‍ പൊയ്‌ക്കൊള്ളുമെന്നും നിരുപദ്രവകാരികളാണെന്നും ഒരു പറ്റം കൃഷി വിദഗ്ധര്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതല്ല, പരിസ്ഥിതി ജലാശയങ്ങള്‍,ജീവജാലങ്ങള്‍, മണ്ണ്, എന്നിവ, പലയിടങ്ങളിലും പതിന്മടങ്ങ് വിഷമയമായിത്തീര്‍ന്നിട്ടും ഗവണ്‍മെന്റ് ഏജന്‍സികള്‍ പുലര്‍ത്തുന്നത് കുറ്റകരമായ അനാസ്ഥയാണ്.