കഴുകന്മാരുടെ വിരുന്നും ജനാധിപത്യത്തിലെ ഇടനിലക്കാരും 

January 5, 2017, 10:46 am
 കഴുകന്മാരുടെ വിരുന്നും ജനാധിപത്യത്തിലെ ഇടനിലക്കാരും 
Books
Books
 കഴുകന്മാരുടെ വിരുന്നും ജനാധിപത്യത്തിലെ ഇടനിലക്കാരും 

കഴുകന്മാരുടെ വിരുന്നും ജനാധിപത്യത്തിലെ ഇടനിലക്കാരും 

ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം ആയിരിക്കുമ്പോഴും, ജനാധിപത്യ പ്രക്രിയക്ക് മേല്‍ അടിസ്ഥാന വര്‍ഗ്ഗത്തിനു ഉള്ള പ്രാപ്യത (Access) ഇല്ലായ്മയും പൊതുവെയുള്ള സുതാര്യത ഇല്ലായ്മയും ഇന്ത്യയെ പറ്റി എപ്പോഴും സജീവമായ ഒരു ചര്‍ച്ച തന്നെയാണ്. നോട്ടു പിന്‍വലിക്കല്‍ സമീപകാലത്തെ അതിന്റെ ഏറ്റവും പാരമ്യത്തിലുള്ള ഉദാഹരണമായി പരിഗണിക്കപ്പെടുമ്പോള്‍ എന്തുകൊണ്ടും കാലികവും വായിച്ചിരിക്കേണ്ടതും ആയ ഒരു പുസ്തകമാണ് ജോസി ജോസഫിന്റെ A Feast of Vultures: The Hidden Business of Democracy in India. 'തീരുമാനങ്ങള്‍', 'പ്രഖ്യാപനങ്ങള്‍' ഒക്കെ രൂപപ്പെടുന്നത് എങ്ങനെയാണ്, ആര്‍ക്കുവേണ്ടിയാണ് എന്ന് അന്ധാളിച്ചു നില്‍ക്കുന്ന ഒരു ജനതയ്ക്കു മുന്നിലേക്കാണ് ഈ പുസ്തകം വരുന്നത്. 'വലിയൊരു അടിസ്ഥാന വര്‍ഗ്ഗത്തിന് അവകാശപ്പെട്ട വിഭവങ്ങള്‍ ഒരു കൂട്ടം കഴുകന്മാര്‍ കൊത്തി വലിക്കുന്ന കാഴ്ചകള്‍ കണ്ടപ്പോള്‍ ഇതിലും നല്ലൊരു പേര് ഈ പുസ്തകത്തിന് കിട്ടില്ല എന്ന് തോന്നി' എന്നാണ് ജോസി ഒരു അഭിമുഖത്തില്‍ പറഞ്ഞത് .

'ആര്‍ക്കുവേണ്ടി', എന്നതൊരു പ്രാഥമിക ചോദ്യമായി പരിഗണിക്കപ്പെടുന്ന അന്വേഷണ പരമ്പരകളിലൂടെ ആണ് പുസ്തകത്തിന്റെ എല്ലാ അദ്ധ്യായങ്ങളും കടന്നു പോകുന്നത്. ദി മിഡില്‍മെന്‍ എന്ന് ഗ്രന്ഥകാരന്‍ വിശേഷിപ്പിക്കുന്ന അഥവാ ഇടനിലക്കാര്‍ / ദല്ലാളുമാര്‍ എന്ന അധികാരത്തിന്റെ ഇടനാഴികളിലെ ഏറ്റവും കരുത്തരും എന്നാല്‍ അദൃശ്യരുമായ മനുഷ്യരെ പറ്റിയുള്ള വിവരങ്ങള്‍ വിശദീകരിക്കാന്‍ ആണ് ശ്രമിച്ചിരിക്കുന്നത്. ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ റോഡ് പണിയുന്നതിന് മുതല്‍ വ്യോമ ഗതാഗത വകുപ്പിലും പ്രതിരോധത്തിലും ഖനനത്തിലും വരെ സര്‍ക്കാര്‍ തീരുമാനങ്ങള്‍ എല്ലാ വിധ കണ്ണുകള്‍ക്കും പുറത്തു നിക്കുന്ന ഈ മിഡില്‍ മെന്‍സിന്റെ താല്പര്യ പ്രകാരം ആയിരിക്കുമെന്നതിന്റെ തെളിവുകള്‍ / ഉദാഹരണങ്ങള്‍ വസ്തുതകള്‍ നിരത്തി നമ്മെ ബോധ്യപ്പെടുത്തുക ആണ് പുസ്തകം.

നിരവധി ദേശീയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച, നിലവില്‍ ദി ഹിന്ദുവില്‍ നാഷണല്‍ സെക്യൂരിറ്റി എഡിറ്റര്‍ ആയിട്ടുള്ള ലേഖകന്‍ ഓണ്‍ റെക്കോര്‍ഡും ഓഫ് റെക്കാര്‍ഡും സ്വന്തമാക്കിയ അനുഭവങ്ങളും യാത്രകളും സംഭാഷണങ്ങളും എല്ലാം തന്നെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. നിരവധി മിഡില്‍ മെന്‍സുമായിട്ടുള്ള സംഭാഷണങ്ങള്‍, അവര്‍ ലേഖകനു നല്‍കിയ ഭീഷണിയും ഓഫറുകളും ഉള്‍പ്പടെയുള്ളവ കാണാന്‍ കഴിയും. കോമണ്‍വെല്‍ത്ത് അഴിമതി, ആദര്‍ശ് ഹൗസിംഗ് അഴിമതി തുടങ്ങിയവ പുറത്തു കൊണ്ട് വരുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ആള്‍ കൂടിയായ ലേഖകന്‍. കോണ്‍ഗ്രസ്സ്, ബിജെപി തുടങ്ങിയ പാര്‍ട്ടികള്‍ കേന്ദ്രത്തില്‍ വരുമ്പോഴുള്ള അഴിമതിയുടെയും ദല്ലാള്‍ പണിയുടെയും സ്വഭാവ വ്യത്യാസങ്ങളും സംഭവങ്ങള്‍ നിരത്തി വിവരിക്കുന്നുണ്ട്. നെഹ്രുവിന്റെ സഹായി ആയിരുന്ന മലയാളി എം ഒ മത്തായിയേയും അദ്ദേഹത്തിന്റെ ഇടപെടലുകളെയും ഒടുവില്‍ അദ്ദേഹം എഴുതിയ നിരോധിക്കപ്പെട്ട പുസ്തകത്തെയും പറ്റി ചര്‍ച്ച ചെയ്യുന്നതിലൂടെ കോണ്‍ഗ്രസ്സിലെ കുടുംബാധിപത്യവും ദല്ലാളുമാര്‍ക്കു അതിനിടയില്‍ പ്രവര്‍ത്തിക്കാന്‍ ലഭിക്കുന്ന സ്‌പെയിസിനെ പറ്റിയുമൊക്കെ വ്യക്തമാകുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും വിശുദ്ധ പശുവും അഴിമതിയുടെ പറുദീസയും ആയ പ്രതിരോധ രംഗത്തെ അഴിമതിയെ വിശദീകരിക്കുന്ന The Arms and Middlemen എന്ന അദ്ധ്യായം ആ രംഗത്തെ പ്രബല ദല്ലാള്‍ ആയ സുധീര്‍ ചൗധ്രിയെയും അയാളുടെ ഇടപാടുകളെയും പറ്റി ആഴത്തില്‍ പഠിക്കുമ്പോള്‍ ഖനനം ,ക്രിക്കറ്റ് തുടങ്ങിയ മേഖലകളിലെ ഇടപാടുകളിലേക്കും ദല്ലാള്‍മാരിലേക്കും ശ്രദ്ധ തിരിക്കുന്ന മറ്റു അധ്യായങ്ങളും ഉണ്ട് .അനുരാഗ് താക്കൂര്‍ ബിസിസിഐ തലവന്‍ ആകുന്ന ചരിത്രമൊക്കെ വായിച്ചാല്‍ ഒരു പക്ഷെ ഇതൊക്കെ വെള്ളരിക്ക പട്ടണമാണോ എന്ന് തോന്നി പോകും!

എന്നാല്‍ ഈ പുസ്തകത്തെ ഒരു മികച്ച വായനാനുഭവം ആക്കിയതും ജനപ്രിയം ആക്കിയതും ഇപ്പോള്‍ ജോസിയെ നിയമ യുദ്ധത്തിലേക്ക് നയിച്ചതുമായ അധ്യായങ്ങള്‍ വ്യോമയാന മേഖലയുടെ സ്വകാര്യവല്‍ക്കരണവും ആയി ബന്ധപ്പെട്ടവയാണ്. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയെ അനുസ്മരിപ്പിക്കും വിധമാണ് കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സ്വകാര്യ എയര്‍ലൈന്‍ ആയ ഈസ്‌റ് വെസ്റ്റിന്റെയും ഉടമ തഖിയുദ്ദീന്‍ വാഹിദിന്റെയും ഉദയവും അവസാനവും വളരെ ആഴത്തില്‍ ഡോക്യുമെന്റ് ചെയ്യുന്നു ജോസി. തഖിയുദ്ദീന്റെ കേരളത്തിലെ ജീവിതം മുതല്‍ അദ്ദേഹത്തിന്റെ മരണത്തിലെ ദുരൂഹതകള്‍ വരെ പിന്തുടരുന്ന അധ്യായങ്ങള്‍ അന്വേഷണ പത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജോസിയുടെ ആഖ്യാന മികവിനെ കൂടി സൂചിപ്പിക്കുന്നു. മണ്ഡല്‍ -ബാബ്റി-അധോലോക വാഴ്ച കാലഘട്ടത്തില്‍ വര്‍ഗ്ഗീയതയും മണ്ണിന്റെ മക്കള്‍ വാദവും കത്തി നിക്കുന്ന ബോംബെയില്‍ തഖിയുദ്ദീന്‍ കുടുംബം ബിസിനസ് കെട്ടി പടുത്തതും, എതിര്‍ പക്ഷത്തു നരേഷ് ഗോയലിന്റെ ജെറ്റ് എയര്‍വെയ്സ് ഉയര്‍ത്തിയ വെല്ലുവിളികള്‍, അധോലോക ഇടപെടലുകള്‍ ഒക്കെ മാധ്യമ റിപ്പോര്‍ട്ടുകള്‍ മുതല്‍ പോലീസ്-ഐബി ഉദ്യോഗസ്ഥരെ വരെ ഉദ്ധരിച്ചു ജോസി വിവരിക്കുന്നുണ്ട്. ആ കാലഘട്ടത്തെ വെച്ച് നോക്കുമ്പോള്‍, ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് തഖിയുദ്ദീനെ പോലൊരു മലയാളി ഇന്ത്യന്‍ കോര്‍പ്പറേറ്റു മേഖലയില്‍ പറന്നത് ഒരു അത്ഭുത വിജയം തന്നെയായിരുന്നു. ജീവിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ, സഹോദരന്‍ എന്നിവരുമായൊക്കെ ലേഖകന്‍ ദീര്‍ഘമായി തന്നെ സംസാരിക്കുന്നുണ്ട്.

തഖിയുദ്ദീന്റെ മുഖ്യ എതിരാളിയായിരുന്ന ജെറ്റ് എയര്‍വെയ്‌സിനെയും നരേഷ് ഗോയലിനെയും പറ്റി ഉന്നയിക്കുന്ന ചില സംശയങ്ങളുടെ പേരിലാണ് ഇപ്പോള്‍ ഗോയല്‍ ജോസിക്കെതിരെ 1000 കോടി രൂപയുടെ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തെയും ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെയും പറ്റി പുതിയൊരു നിലപാട് രൂപീകരണത്തിന് നമ്മെ പ്രേരിപ്പിക്കും വിധം ഒരു പുസ്തകം തന്നെയാണ് A Feast Of Vultures എന്ന് പറയാം. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം വായിക്കപ്പെട്ട നോണ്‍-ഫിക്്ഷന്‍ പുസ്തകങ്ങളില്‍ ഒന്നുമാണ് ഹാര്‍പ്പര്‍ കോളിന്‍സ് പുറത്തിറക്കിയ ഈ പുസ്തകം.