ചോര പുരണ്ട കൈകള്‍: അതിര്‍ത്തിയില്‍ നിന്നൊരു കുമ്പസാരം

November 12, 2015, 10:31 am
ചോര പുരണ്ട കൈകള്‍: അതിര്‍ത്തിയില്‍ നിന്നൊരു കുമ്പസാരം
Books
Books
ചോര പുരണ്ട കൈകള്‍: അതിര്‍ത്തിയില്‍ നിന്നൊരു കുമ്പസാരം

ചോര പുരണ്ട കൈകള്‍: അതിര്‍ത്തിയില്‍ നിന്നൊരു കുമ്പസാരം


ജനാധിപത്യപരം എന്നും പരിഷ്‌കൃതം എന്നും കരുതപ്പെടുന്ന ഒരു സമൂഹത്തില്‍/രാഷ്ട്രത്തില്‍ അങ്ങേയറ്റം കാല്പ്പനികതയോടെ മാത്രം പരാമര്‍ശിക്കപ്പെടാറുള്ള, വിമര്‍ശനത്തിനു അതീതമാംവിധം വിശുദ്ധ പശുവായി മാറിയ ചില എസ്റ്റാബ്ലിഷ്‌മെന്റുകള്‍ എന്തൊക്കെ എന്ന് ചിന്തിക്കുന്നത് കൗതുകകരം ആയിരിക്കും. അതെസമയം തന്നെ അത്തരം ഒരു 'വിശുദ്ധ പശു'വല്ക്കരണത്തിന്റെ ന്യായങ്ങള്‍ യുക്തിക്കും നീതിക്കും മനുഷ്യത്വത്തിനും നിരക്കുന്നത് തന്നെയാണോ എന്ന് ചിന്തിക്കുമ്പോള്‍ കിട്ടുന്ന ഉത്തരം ലജ്ജാകരമോ അല്ലെങ്കില്‍ ഭയപ്പെടുത്തുന്നതോ കൂടി ആയിരിക്കും. പ്രത്യേകിച്ചും സെന്‍സര്‍ഷിപ്പുകള്‍ ഒന്നുമില്ലെന്ന് നടിക്കുന്ന മുഖ്യധാര ദേശീയ മാധ്യമങ്ങള്‍ ഉള്ള ഒരിടത്ത്, എന്തിനെയും ഏതിനെയും വിമര്‍ശിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യും എന്ന് തോന്നിപ്പിക്കുന്ന ഇന്റര്‍നെറ്റ് വേദികള്‍ ഉള്ളതുമായ ഒരു രാജ്യത്ത്.

ചില ചര്‍ച്ചകള്‍ (അത് അല്‍പ്പം ഉയര്‍ന്ന ധൈഷണികതയില്‍ നടക്കുന്നതായാല്‍പ്പോലും) പിന്തുടരുമ്പോള്‍ കാണാന്‍ കഴിയുന്നത് ചില പ്രത്യേക പദങ്ങളുടെ കടന്നു വരവോടെ അതിന്റെ യുക്തികള്‍ അതില്‍ ചെന്ന് ഇടിച്ചു നിക്കുന്നതാണ്. അതുവരെയുള്ള വാദമുഖങ്ങളുടെ മാനദണ്ഡം യുക്തിയും നീതിയും ആയിരുന്നു എങ്കില്‍ പിന്നെ അങ്ങോട്ട് അങ്ങനെ അല്ല, ദേശീയത, ദേശ സ്‌നേഹം,അഖണ്ഡത, ധീര ജവാന്‍ അങ്ങനെ പോകും ഉദാഹരണങ്ങള്‍. മതം, ജാതി, ആണധികാരം. ലൈംഗിക വൈവിധ്യം എന്നിവയുമായി ബന്ധപ്പെട്ട വളരെ ദൃശ്യം ആയ അയുക്തികളെ ദിവസവും നാല് നേരം വിമര്‍ശിക്കുന്നവര്‍ പോലും മുന്‍ചൊന്ന വിശുദ്ധപശുക്കളെ വിലയിരുത്താന്‍ യുക്തിയോ യാഥാര്‍ത്ഥ്യമോ മാനദണ്ഡം ആക്കാറില്ല, കാരണം മതജാതിജെന്റര്‍ എസ്റ്റാബ്ലിഷ്‌മെന്റുകളെ പോലെ ബൗദ്ധികം ആയ ഒരു സോഫ്റ്റ് ടാര്‍ജറ്റ് അല്ല ഇന്ത്യന്‍ ബുദ്ധിജീവികളെ സംബന്ധിച്ചിടത്തോളം ഭരണകൂട യുക്തിയും ഭരണകൂട ഭാഷ്യങ്ങളും. അതായത് കടലാസ് ലെവലില്‍ നിന്നാല്‍ പോര ഗ്രൗണ്ട് റിയാലിറ്റിയുടെ ഏഴയലത്ത് കൂടെ എങ്കിലും ചെന്നാല്‍ മാത്രമേ ഭരണകൂടം നമ്മെ പതിറ്റാണ്ടുകള്‍ ആയി ചൊല്ലി പഠിപ്പിച്ച കള്ള കഥകള്‍ എന്ത് മാത്രം ഹിംസയുടെയും അയുക്തിയുടെയും മേല്‍ കെട്ടി പൊക്കിയതാണ് എന്ന്  മനസ്സിലാക്കാന്‍ പറ്റൂ, ഇന്ത്യയുടെ ഏറ്റവും വലിയ അഖണ്ഡത പ്രശ്‌നം ആയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധപെട്ടു പ്രത്യേകിച്ചും.

കഴിഞ്ഞ ഇരുപതു കൊല്ലമായി നോര്‍ത്ത്ഈസ്റ്റ് വിഷയങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകന്‍ ആയ കിഷലയ് ഭട്ടാചാര്‍ജിയും 'blood on my hands : confessions of staged encounters'  എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകവും അത് കൊണ്ട് തന്നെ പിന്തുടരപ്പെടേണ്ട, ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്ന് തന്നെയാണ്. രാം നാഥ് ഗൊയങ്കെ അവാര്‍ഡ് ഉള്‍പ്പെടെ നേടിയിട്ടുള്ള കിഷലയ് 17 വര്‍ഷം NDTV യുടെ റെസിഡന്റ് എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. Institute for Defence Studies and Analysis (IDSA) ലെ അധ്യാപകനും ആണ് ആദ്ദേഹം.

പ്രധാനമായും അസ്സം കേന്ദ്രീകരിച്ചു നടക്കുന്ന ബംഗ്ലാദേശ് കുടിയേറ്റം, കന്നുകാലി കടത്ത്, ഉള്‍ഫ തുടങ്ങീ വിഷയങ്ങളില്‍ ആര്‍മി കേന്ദ്രീകൃതം ആയ ഒരു കോക്കസ് രൂപപ്പെടുന്നതും ജനാധിപത്യത്തിന്റെയും മാധ്യമങ്ങളുടെയും കണ്ണില്‍ ദൃശ്യപ്പെടാത്ത ഒരു സമാന്തര ഭരണകൂടവും സമാന്തര സമ്പദ് വ്യവസ്ഥയും പതിറ്റാണ്ടുകള്‍ ആയി അല്ലലില്ലാതെ നിലനിന്ന് പോകുന്നതും ആണ് കിഷലയ് പുസ്തകത്തിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അത്തരം ഒരു വ്യവസ്ഥ എത്ര നിരപരാധികളുടെ ചോരയിലും സ്വപ്നങ്ങളിലും കെട്ടി പടുത്തത് ആണെന്ന്, എത്ര സ്ത്രീകളുടെയും  കുഞ്ഞുങ്ങളുടെയും ജീവിതം ചവിട്ടി അരച്ചിട്ടുണ്ടെന്നു 'മുഖ്യധാര ഇന്ത്യ 'അഥവാ മെയിന്‍ലാന്റ് (main land) അറിയുന്നില്ല എന്ന യാഥാര്‍ത്ഥ്യം ആണ് പുസ്തകം പങ്കു വെയ്ക്കുന്നത്. നാം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയി മാത്രം കാണുന്ന, ഭരണകൂടസൈനിക ഭാഷ്യം കണ്ണുമടച്ചു നംബിയിട്ടുള്ള വിഷയങ്ങളുടെ മറ്റൊരു മാനം അല്ലെങ്കില്‍ മറ്റൊരു കോണ്ടെക്സ്റ്റ് (context) കൃത്യമായ വിവരങ്ങളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ പുസ്തകം പറയുന്നു.

ഉദാഹരണമായി അതിര്‍ത്തി വഴിയുള്ള കന്നുകാലി കടത്ത്, മാഫിയകള്‍ക്കും മിലിട്ടന്റുകള്‍ക്കും മാത്രമല്ല സുരക്ഷാ ഗാര്‍ടുകള്‍ക്കും മറ്റു ചില ഭരണകൂട സ്ഥാപനങ്ങള്‍ക്കും കൂടി സമ്പാദ്യം ഒരുക്കുന്ന വ്യവസ്ഥ ആയി നിലനില്‍ക്കുമ്പോള്‍ തന്നെ മറ്റൊരു ദരിദ്ര രാജ്യത്തെ ജനതയ്ക്ക് ഭക്ഷണത്തിനുള്ള വകയുമാകുന്നതും എങ്ങനെ എന്നത്  വിശദീകരിക്കുന്നു. പരാമര്‍ശിക്കപ്പെടെണ്ട മറ്റൊന്ന് അതിര്‍ത്തി, കുടിയേറ്റം എന്നിവയുമായി ബന്ധപ്പെട്ട ബൈനറി യുക്തികള്‍ എത്രമാത്രം ഗ്രൗണ്ട് റിയാലിറ്റിയുമായി യോജിച്ചു പോകുന്നുണ്ട് എന്ന് നമ്മെ ചിന്തിപ്പിക്കും വിധം കിഷലയ് തരുന്ന ചില വിവരങ്ങള്‍ ആണ്. പ്രത്യേകിച്ചും Felani Khatun സംഭവം. പുസ്തകം വായിച്ച ശേഷം ഗൂഗിള്‍ ചെയ്തു നോക്കിയപ്പോള്‍ ആണ് നമ്മുടെ മുഖ്യധാര ചര്‍ച്ച ചെയ്യാത്ത എന്തെല്ലാം ചിത്രങ്ങള്‍ ഉണ്ട് എന്ന് തോന്നിപ്പോകുന്നത്.

ഇന്ത്യയിലെ സായുധ സേന നിയമങ്ങളുടെ ചരിത്രവും, എന്ന് മുതലാണ് 'രഹസ്യ കൊലകള്‍ (secret killing)' ഭരണകൂടം ഒരു ശീലം ആക്കിയതെന്നു അന്വേഷിച്ചു കൊണ്ടും അതുമായി ബന്ധപ്പെട്ട പഠനങ്ങളും ഉദ്ധരണികളും പങ്കുവെച്ച് കൊണ്ടും ആണ് കിഷലയ് പുസ്തകം തുടങ്ങുന്നത്. ബംഗാളിലെ നക്‌സല്‍ പ്രസ്ഥാനവുമായി ബന്ധപെട്ട സംഭവങ്ങളും ആതിനെ അടിച്ചമര്‍ത്തിയ രീതികളും വയലന്‍സ് ഒരു ചാക്രിക പ്രവര്‍ത്തനം ആയി നിലനില്‍ക്കുന്നത് എങ്ങനെ എന്നും ഇതിനെ ഒക്കെ ഭരണകൂടവും മാധ്യമങ്ങളും എങ്ങനെ 'മുഖ്യധാര'യില്‍ അവതരിപ്പിക്കുന്നു എന്നും ഡാറ്റ നിരത്തുന്നുണ്ട് അവിടെ. പുസ്തകത്തിന്റെ ഒരു തീം അഥവാ മൂഡ് സെറ്റ് ചെയ്യുകയാണ് കിഷലയ് അവിടെ എന്ന് തോന്നും.

തുടര്‍ന്ന് തന്നോട് 'കുമ്പസരിക്കുന്ന(confession )'  ഉദ്യോഗസ്ഥന്റെ ഭാഗത്തിലോട്ടു കടക്കുമ്പോള്‍ ആണ് വായിച്ചു തീരാതെ താഴെ വെക്കാന്‍ പറ്റാത്ത ഒരു പുസ്തകം ആയി ഇത് മാറുന്നത്. മിലിട്ടന്‍സിയും സൈന്യവും ഭരണകൂടവും കൊലപാതകങ്ങളും ഫാള്‍സ് ഫ്‌ലാഗ് ഓപ്പറേഷന്‍സും ഒക്കെ ചേര്‍ന്നു ഒരിക്കലും മുഖ്യധാര മാധ്യമങ്ങളോ സിനിമകളോ കാണിച്ചു തരാത്ത ഒരു സിസ്റ്റം നിലനില്‍ക്കുന്നത് എങ്ങനെ എന്ന് വ്യക്തമായി കാണിക്കുന്നുണ്ട്. കൊലകള്‍ ഒരു സിസ്റ്റമായി, ശീലമായി നിലനിന്ന് പോകുന്നത് എങ്ങനെ എന്നും, എന്ത് കൊണ്ട് അത് ഒരിക്കലും മാറില്ല എന്നും വ്യക്തമാക്കുന്നു.

'ഓപ്പറേഷന്‍ ബ്ലൂ ബേഡ്' എന്ന് ആര്‍മി  ഭരണകൂട രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് നാഗാലാന്റ്കാര്‍ക്ക് ഒയിനം കൂട്ടക്കൊല (oinam massacre) ആകുന്നതു എങ്ങനെ, കീഴടങ്ങപ്പെട്ട മിലിട്ടന്റ്‌സിനെ സംഘടിപ്പിച്ചു രൂപീകരിക്കപ്പെട്ട അസ്സമിലെ  SULFA, കശ്മീരിലെ  ഇഖ്വാന്‍ (Ikhwan ) എന്നിവ എന്തുതരം 'സഹായം ' ആണ് തദ്ദേശീയ ജനതയ്ക്ക് നല്‍കിയത് എന്നിങ്ങനെ ഒട്ടനവധി വിഷയങ്ങള്‍ ചരിത്ര രേഖകള്‍ മുന്‍ നിര്‍ത്തിയും, വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടും പലയിടങ്ങളില്‍ ആയി കിഷലയ് വിവരിക്കുന്നത് കാണാം.  ഇറോം ശര്‍മ്മിളയ്ക്കും അവര്‍ നടത്തുന്ന സമരത്തിനും ഒരു കാല്‍പ്പനിക മാനം നല്‍കി ആഘോഷിച്ച നമ്മുടെ മുഖ്യധാര ശരിക്കും ഒരു പാതി വെന്ത ഐക്യദാര്‍ഡ്യം അവര്‍ക്ക് അര്‍പ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വിഷയങ്ങളെ ചര്‍ച്ച ചെയ്യാന്‍ നിര്‍ബന്ധിതം ആക്കുന്നു ലേഖകന്‍. ശര്‍മ്മിള എന്ന വ്യക്തി  കാല്‍പ്പനികവല്‍ക്കരിക്കപ്പെടുമ്പോള്‍ സമര്‍ത്ഥമായി ഒഴിവാക്കപ്പെടുന്നത് ശര്‍മ്മിളയുടെ സമരത്തിന്റെ കോണ്ടെക്സ്റ്റ് (contetx) ആണ്, അതിന്റെ കോസ് (cause) ആണ്. അതെപ്പറ്റി  മിണ്ടാതെയുള്ള ഏതു ശര്‍മ്മിള വാഴ്ത്തലുകളും ആ സമരത്തിനോടുള്ള ഐക്യപ്പെടല്‍ ആയി കാണാനാകില്ല. വ്യക്തമായി പറഞ്ഞാല്‍ കേവലം AFSPA യുടെ സാങ്കേതികത പ്രശ്‌നങ്ങളോ ,'ഒറ്റപ്പെട്ടത് ' എന്ന് മുഖ്യധാര വിശ്വസിക്കുന്ന മനോരമ ദേവി സംഭവങ്ങളോ മാത്രമല്ല ശര്‍മ്മിളയുടെ സമരത്തിന് പ്രേരകം, അതൊരു സിസ്റ്റത്തിനോടുള്ള പ്രത്യാക്രമണം കൂടിയാണ്.

ആത്യന്തികം ആയി സൈനിക നിയമങ്ങളും സൈനിക വ്യവഹാരങ്ങളും ഒരിക്കലും ഓഡിറ്റ്(audit) ചെയ്യപ്പെടേണ്ടാത്ത, ജുഡീഷ്യറിയോടും ജനാധിപത്യ വ്യവസ്ഥയോടും ഒന്നും ബോധിപ്പിക്കപ്പെടേണ്ടതില്ലാത്ത വിധം സ്വതന്ത്രമായി വിഹരിക്കുന്ന ഒരു സ്ഥാപനം ആയി വിട്ടു കൊടുത്തതിന്റെ പരിണിത ഫലമാണ് ഇത് എന്നും പുസ്തകം സ്ഥാപിക്കുന്നു. രാഷ്ട്രീയമായ പരാജയം ആണ്, അമിതമായ സൈനിക വ്യവഹാരങ്ങള്‍ നടത്തുന്നതിന് ഭരണകൂടത്തെ പ്രേരിപ്പിക്കുന്നത് എന്നും സൈനികമായി സമ്മര്‍ദ്ദം ചെലുത്തി മാത്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന സമാധാനം സമാധനമേ അല്ലെന്നും കിഷലയ് തുടക്കത്തില്‍ പറയുന്നത് പുസ്തകം സാധൂകരിക്കുന്നു. തന്റെ റഫറന്‍സ്, സോഴ്‌സുകള്‍ എന്നിവ ഏറ്റവും ഒടുവില്‍ അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.

ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യ ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ഓണ്‍ലൈനിലും ലഭ്യമാണ്.

(വാല്‍: ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ ഈ പുസ്തകവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍, രണ്ടു പേര് തന്നോട് മോശമായി പെരുമാറിയ ശേഷം ഇറങ്ങി പോയി എന്ന് കിഷലയ് ട്വീറ്റ്‌ചെയ്തിരിക്കുന്നു ! 'മുഖ്യധാര ' ഒന്നുകില്‍ ഈ പുസ്തകം ചര്‍ച്ച ചെയ്യാതിരിക്കുകയോ അഥവാ ചര്‍ച്ച ചെയ്താല്‍ അലസോരപ്പെടുകയോ ചെയ്യാം എന്ന് തന്നെ കരുതാം)