ക്രിസ്തുവിന്റെ കരുണ, ക്രിസ്ത്യാനികളുടെ പ്രായോഗികത 

January 6, 2017, 3:27 pm
ക്രിസ്തുവിന്റെ കരുണ, ക്രിസ്ത്യാനികളുടെ പ്രായോഗികത 
Books
Books
ക്രിസ്തുവിന്റെ കരുണ, ക്രിസ്ത്യാനികളുടെ പ്രായോഗികത 

ക്രിസ്തുവിന്റെ കരുണ, ക്രിസ്ത്യാനികളുടെ പ്രായോഗികത 


മാധ്യമപ്രവര്‍ത്തകന്‍


പത്രപ്രവര്‍ത്തകനായ ബോബി തോമസ് രചിച്ച ‘ക്രിസ്ത്യാനികള്‍: ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം’ എന്ന ഗ്രന്ഥം ക്രിസ്തുമതത്തിന്‍െറ ഇന്നോളമുള്ള ചരിത്രത്തെ വിമര്‍ശനാത്മകായി രേഖപ്പെടുത്തുന്നു.

അനേകം ശാഖകളും ചുഴികളും കുത്തൊഴുക്കുകളുമുള്ള വലിയൊരു ആഖ്യായികയാണ് ക്രിസ്തുമത ചരിത്രം. ഒരു പക്ഷേ, ലോകചരിത്രത്തിന്റെ ഗതിവിഗതികള്‍ കൂടിയാണ് ക്രിസ്തുമത ചരിത്രം പറയുന്നതിലൂടെ പറയാതെ പറയേണ്ടിവരുക. ആ വലിയ ദൗത്യം പത്രപ്രവര്‍ത്തകനായ ബോബി തോമസ് കൈയടക്കത്തോടെയും വൈദഗ്ധ്യത്തോടെയും പൂര്‍ത്തീകരിച്ചിരിക്കുന്നു. ക്രിസ്തുമതത്തിന്റെ ഒരു കൈപ്പുസ്തകം എന്നു വിശേഷിപ്പിക്കാവുന്ന ‘ക്രിസ്ത്യാനികള്‍’ ഉല്‍പത്തി ചരിത്രം മുതല്‍ കേരളത്തിലെ സഭാതര്‍ക്കം വരെയുള്ള നിരവധി സംഭവങ്ങളും അറിയപ്പെടാത്ത വസ്തുതകളും നിരത്തുന്നു.

കേരളത്തിലെ മത ചരിത്ര രചനയില്‍ പുതിയ പാതയാണ് ബോബി തോമസ് തെളിച്ചിടുന്നത്. വസ്തുനിഷ്ഠമായും അതേസമയം, വിമര്‍ശനാത്മകവുമായാണ് ക്രിസ്തുമതത്തെ പുസ്തകത്തില്‍ സമീപിച്ചിരിക്കുന്നത്. 'മലയാളത്തിലെ ആദ്യത്തെ സ്വതന്ത്ര ക്രിസ്തുമത ചരിത്രം' എന്ന് എഴുത്തുകാരന്‍ സക്കറിയ ഈ പുസ്തകത്തെ വിശേഷിപ്പിക്കുന്നത് ഒട്ടും അതിശയോക്തിയല്ലെന്ന് ഒറ്റയിരിപ്പില്‍ മുഴുമിപ്പിക്കുന്ന വായന നമ്മെ ബോധ്യപ്പെടുത്തുന്നു.

''ക്രിസ്തുമതത്തെ എതിര്‍ക്കുകയോ അനുകൂലിക്കുകയോ അല്ല, മാറിനിന്ന് നിരീക്ഷിക്കുക മാത്രമാണ് ലക്ഷ്യം. ദൈവത്തെ തേടുന്ന മനുഷ്യരും ചരിത്രത്തില്‍ ഇടപെടുന്ന സഭയും അന്വേഷണവിഷയങ്ങളാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള സംവാദത്തിന്റെ ക്രോഡീകരണം കൂടിയാണല്‌ളോ ഓരോ മതത്തിന്റെയും ചരിത്രം. ദൈവം തന്നെയാണ്, ഈ പുസ്തകത്തിന്റെയും പ്രധാന അന്വേഷണ വിഷയം'' -ആമുഖത്തില്‍ ഗ്രന്ഥകര്‍ത്താവ് പറയുന്നത് ഓരോ താളിലും നമ്മള്‍ വായിച്ചറിയുന്നു. ആമുഖത്തില്‍ രചയിതാവ് പറയുന്ന ചില സൂചനകള്‍കൂടി കാണാതെപോകരുത്: ''യേശു കേന്ദ്രീകൃതമായിരുന്നു കുടുംബാന്തരീക്ഷം. ഹൈസ്‌കൂള്‍ കാലത്തെ ബോര്‍ഡിങ് എന്ന കാരാഗൃഹ വാസത്തിനുശേഷം പുറംലോകത്തിന്റെ വെളിച്ചത്തിലേക്കിറങ്ങുമ്പോഴാണ് വിശ്വാസം ചിന്തയുമായി കലഹിക്കാനാരംഭിച്ചത്''. മറ്റൊരിടത്ത് പറയുന്നു: ''പുരോഹിതന്റെ മകന്‍ എന്നനിലയില്‍ പള്ളിയോട് ചേര്‍ന്നുള്ള വീടുകളിലാണ് ജീവിതത്തിന്റെ നല്‌ളൊരു ഭാഗം ചെലവഴിച്ചത്. അതുകൊണ്ട് ഞാന്‍ എപ്പോഴും ദൈവത്തിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു''. ചരിത്രത്തെ വസ്തുനിഷ്ഠമായും അതതുകാലത്തെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥിതിയുമായി ബന്ധിപ്പിച്ചും പരിശോധിക്കുന്ന ഇടതുപക്ഷ സമീപനം കേവലമായി പുസ്തകത്തില്‍ വന്നുപെട്ടതല്ല എന്നു വ്യംഗ്യം. അത് അവതാരികയില്‍ എസ്. ജയചന്ദ്രന്‍നായര്‍ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്: ''ഗ്രന്ഥകര്‍ത്താവിന്റെ വിശ്വാസ കലാപവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതാണ് രചന. അതുകൊണ്ടുതന്നെ വ്യക്തിതലത്തിലുള്ള പരിചരണത്തിന്റെ ഫലമായി ആഖ്യാനം ഊഷ്മളവും ഹൃദ്യവുമായിരിക്കുന്നു''. വാസ്തവംതന്നെ ഈ നിരീക്ഷണം.

കേരളത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്തുമത വേരുകളെ ചികയുന്നിടത്താണ് കേരളചരിത്രത്തിന്റെ ഭാഗംകൂടിയായി പുസ്തകം മാറുന്നത്. നാലു ഭാഗങ്ങളായി തിരിച്ചാണ് പുസ്തകം ക്രിസ്തുമത ചരിത്രം അനാവരണം ചെയ്യുന്നത്. 'മരുഭൂമിയില്‍ വഴി കാട്ടിയവന്‍' എന്ന ആദ്യ ഭാഗത്ത് ഹവ്വ, നോഹ, അബ്രഹാം, മോശ, ദാവീദ്, യഹോവ മതം, യശയ്യയുടെ അടയാളങ്ങള്‍ എന്നിങ്ങനെ യേശുവിന്റെ ജനനത്തിനു മുമ്പുള്ള മിത്തുകള്‍ക്ക് പ്രാധാന്യം നല്‍കുന്നു. 'ദൈവത്തിന്റെ മകന്‍' എന്ന രണ്ടാം ഭാഗത്ത് യേശുവിന്റെ ജനനം മുതല്‍ കുരിശുശിക്ഷ വരെയുള്ള കാലവും അടയാളപ്പെടുത്തുന്നു. 'കുരിശും വാളും' എന്ന മൂന്നാം ഭാഗം യൂറോപ്പിനുമേല്‍ ക്രൈസ്തവ സഭ ആധിപത്യം നേടുന്നതിന്റെ ചരിത്രമാണ്. ഈ ഘട്ടത്തില്‍ നടക്കുന്ന മതദ്രോഹവിചാരണകളുടെയും ശാസ്ത്ര നിഷേധത്തിന്റെയും കഥകള്‍ പുസ്തകത്തിലുണ്ട്. നാലാം ഭാഗം 'നസ്രാണികളുടെ ലോകമാണ്'. സുവിശേഷത്തിനായി തോമാശ്‌ളീഹ ഇന്ത്യയില്‍ വരുന്നതു മുതല്‍ ഇന്നുവരെയുള്ള ചരിത്രമാണത്. ഇതില്‍ ക്‌നാനായി തൊമ്മനും കൂനന്‍ കുരിശും ഉദയംപേരൂര്‍ സുന്നഹദോസുമെല്ലാം കടന്നുവരുന്നു. നവോത്ഥാന മുന്നേറ്റങ്ങളോടുള്ള ക്രിസ്തുമതത്തിന്റെ സമീപനം വിമര്‍ശനാത്മകമായി തന്നെ ഗ്രന്ഥകര്‍ത്താവ് പരിശോധിക്കുന്നു. പുസ്തകം അവസാനിപ്പിക്കുന്നത് മനുഷ്യനെപ്പോലെ ദൈവം നേരിടുകയോ നേരിട്ടിട്ടുണ്ടാവാനോ ഇടയുള്ള ഏകാന്തതയെ പരാമര്‍ശിച്ചാണ്.

പത്രപ്രവര്‍ത്തനത്തിന്റെ ചില എഴുത്തുതന്ത്രങ്ങള്‍, വ്യവസ്ഥാപിത ഇടതിന് പുറത്തുള്ള ചിന്തയുടെ സ്ഫുലിംഗങ്ങള്‍, ഗവേഷകന്റെ അന്വേഷണത്വര, വ്യക്തിതലത്തില്‍ ദൈവവുമായി നടത്തുന്ന മല്‍പ്പിടിത്തങ്ങള്‍ എന്നിവയെല്ലാം 'ക്രിസ്ത്യാനികള്‍' എന്ന പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നു. വിശ്വാസികളുടെ മാത്രമല്ല, ചരിത്ര-വായനാകുതുകികളുടെയും പ്രിയപ്പെട്ട കൈപ്പുസ്തകമായി പുസ്തകം മാറുന്നു. അധികം പ്രചാരണങ്ങളില്ലാതെതന്നെ പുസ്തകം പല പതിപ്പുകളിലേക്ക് നീങ്ങുന്നുവെന്നത് മലയാളത്തിലെ പ്രസാധന ചരിത്രത്തിലെ തന്നെ മറ്റൊരു വഴിമാറ്റമാണ്. വരുംനാളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഈ പുസ്തകത്തെ ചുറ്റിപ്പറ്റി നടക്കുമെന്നതും ഉറപ്പ്.

പുസ്തകത്തിലെ ചില ശ്രദ്ധേയ നിരീക്ഷണങ്ങള്‍

* ''ബൈബിളിലെ പഴയ നിയമഭാഗത്തെ ദൈവം, യഹൂദരുടെ ദൈവമായ യഹോവയാണ്. ക്രിസ്തുമത ഭാവനയില്‍ മനുഷ്യസൃഷ്ടി മുതല്‍ യേശുവിന്റെ ജനനം വരെ ചരിത്രത്തെ നയിക്കുന്നത് യഹോവയാണ്''.

* ''അടിമത്തവും മൃഗബലിയും ന്യായീകരിക്കപ്പെട്ട ഒരു കാലത്തിന്റെയും സമൂഹത്തിന്റെയും ദേവനായിരുന്നു യഹോവ. കണ്ണിനു കണ്ണും പല്ലിന് പല്ലും എന്ന നീതി ശാസ്ത്രമുള്ള ഒരു സമൂഹത്തിന്റെ ദൈവം''

* ''മറ്റെല്ലാത്തിലും കേരളീയ രീതികളെ ഇല്ലാതാക്കി പാശ്ചാത്യ ആചാരങ്ങള്‍ സ്ഥാപിക്കപ്പെട്ടു. യേശുവിനെ ഒരു പാശ്ചാത്യനായേ വെള്ളക്കാര്‍ക്ക് വിഭാവന ചെയ്യാനാകൂ. പാലസ്തീനില്‍ ജനിച്ചു ജീവിച്ച ചരിത്രത്തിലെ യേശുവുമായ അവര്‍ക്ക് ഒരിക്കലും സംവദിക്കാനാകില്ല. സാംസ്‌കാരിക വൈജാത്യങ്ങള്‍ വെള്ളക്കാരന് സഹിക്കാനാവുമായിരുന്നില്ല''

* ''അങ്ങനെ എല്ലാംകൊണ്ടും ദൈവത്തിന്റെ ഇഷ്ടം സമ്പൂര്‍ണ്ണമായി നടപ്പായ നഗരമായിരുന്നു ഗോവ. മാര്‍പ്പാപ്പ നല്‍കിയ ധാര്‍മിക പിന്തുണ ആത്മീയമായും അവരെ ശക്തരാക്കി. കടല്‍ക്കൊള്ളക്കാരെപ്പോലെ ഇവിടെയത്തെി കുതന്ത്രങ്ങളിലൂടെ ആധിപത്യം നേടിയ പറങ്കികള്‍ യേശുവിന്റെ സുവിശേഷത്തിന്റെ മറ്റൊരു ആഖ്യാനമാണിവിടെ പൂര്‍ത്തീകരിച്ചത്''

* ''സഭാതര്‍ക്കവുമായി ബന്ധപ്പെട്ട ഒരു സംഭവം മാത്രമായിരുന്നില്ല കൂനന്‍ കുരിശ് സത്യം. മലയാളിയുടെ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയത്തിന്റെ ആദ്യ ജനകീയ പ്രഖ്യാപനമായിരുന്നു അത്. വിശ്വാസപരമായ പ്രതിസന്ധിയും സമുദായപരമായ അഭിമാനക്ഷതവുമൊക്കെയാകാം അതില്‍ പങ്കെടുത്തവരെ പ്രചോദിപ്പിച്ച ഘടകങ്ങള്‍''.

* ''നാട്ടുകാരനായ ഒരാളെ മെത്രാനാക്കിയതില്‍ നസ്രാണി കത്തോലിക്കര്‍ സന്തോഷിച്ചു. വെള്ളക്കാരായ മെത്രാന്മാരുടെ കാലം കഴിഞ്ഞെന്നും അവര്‍ കരുതി. എന്നാല്‍, അവര്‍ക്ക് തെറ്റുപറ്റിയിരുന്നു. ചാണ്ടി മെത്രാനെ നിയമിച്ചത്, ലന്തക്കാര്‍ വന്ന പെട്ടന്നുണ്ടായ സാഹചര്യശത്ത നേരിടാനുള്ള തന്ത്രം മാത്രമായിരുന്നുവെന്ന് വ്യക്തമാക്കപ്പെട്ടു''.

* ''വിഗ്രഹാരാധനയെ ഇല്ലാതാക്കുന്നത് സാമൂഹികമായ ഒരു നവോഥാനമോ വിശ്വാസപരമായ നവീകരണമോ അല്ല. വിശുദ്ധരുയെും മറിയത്തിന്റെയു രൂപങ്ങള്‍ക്ക് മുന്നില്‍ വണങ്ങുന്ന ഭൂരിപക്ഷം വരുന്ന ക്രിസ്തുമതക്കാരും വിഗ്രഹാരാധകരാണ്. അപ്പോ അബ്രഹാം മല്‍പ്പാന്റെ പ്രവൃത്തികള്‍ ഒരു പ്രോട്ടസ്റ്റന്റ് മാനദണ്ഡം വച്ചു നോക്കായാല്‍ മാത്രമേ മതശുദ്ധീകരണ പ്രസ്ഥാനമായി മാറുന്നുള്ളൂ''.

* ''നസ്രാണികളും ഹിന്ദുക്കളും പൊതുവായ ഒരു വിശ്വാസ- ആചാര ലോകം പങ്കുവയ്ക്കുന്നതിനെ തകര്‍ക്കുന്നതിനെ 16,17 നൂറ്റാണ്ടുകളിലെ പറങ്കികളുടെ നടപടികള്‍ ബ്രിട്ടീഷ് മിഷണറിമാരുടെ 19ാം നൂറ്റാണ്ടിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു''.

* 'അങ്ങനെ സ്വയംഭരണവും സ്വയാധികാരവുമുള്ള രണ്ട് സുറിയാനി സഭകള്‍ കത്തോലിക്ക സാമ്രാജ്യത്വത്തിന്റെ ഭാഗമായി നിലകൊള്ളുന്നു. സ്വയം ഭരണസങ്കല്‍പ്പത്തിന് പക്ഷേ, തത്വത്തില്‍ മാത്രമേ നിലനില്‍പ്പുള്ളൂ''

* ''ധാരാളം വിദേശികളെ സ്വദേശിവല്‍ക്കരിച്ചുവെങ്കിലും കേരളത്തിലെ പുരാതന ക്രിസ്തുമതത്തിന് സ്വന്തം സഭയില്‍ പെട്ട ഒരു വിശുദ്ധനോ വിശുദ്ധയോ ഇല്ലാതെ നൂറ്റാണ്ടുകളോളം വിഷമിക്കേണ്ടിവന്നു. പതിനായിരത്തോളം വിശുദ്ധരില്‍ ഒരു മലയാളിയും അടുത്ത കാലം വരെയും ഇല്ലാതെ പോയത് എന്തുകൊണ്ടാണ്?''

* ''പറങ്കികളുടേതുമുതല്‍ ബ്രിട്ടീഷുകാരുടെ വരെ കാലങ്ങളില്‍, കൊളോണിയലിസം കേരളത്തിലെ പരമ്പരാഗത ക്രിസ്ത്യാനികളെ പലവിധത്തിലും ശിക്ഷിച്ചുകൊണ്ടിരുന്നു. പലപ്പോഴും അവരുടെ ആത്മാഭിമാനത്തിന്റെ കടയ്ക്കല്‍ അവര്‍ സകത്തിവച്ചു. എന്നാല്‍ ക്രിസ്ത്യാനികളുടെ സമുദായ അഭിവൃദ്ധിക്ക് കൊളോണിയലിസം കാരണമാവുകയും ചെയ്തു''

* ''വിമോചന സമരം മുതലേ പലപ്പോഴും ക്രിസ്തുമതം രാഷ്ട്രീയത്തിലും സക്രിയമാണ്. പ്രധാന സമ്മര്‍ദ്ദശക്തി എന്ന നിലയില്‍ ക്രിസ്തുമതത്തിന്റെ സ്വാധീനം ശക്തമാണ്. എന്നാലവര്‍ മിക്കവാറും ചരിത്രത്തിലെ യേശുവിന്റെ ദര്‍ശനങ്ങളല്ല, സമ്പത്തിന്റെ നിയമങ്ങളാണ് പാലിക്കാറുള്ളത്. കരുണയല്ല, പ്രായോഗികതായാണ് അവരെ വഴിക്കാട്ടാറുള്ളത് ''

ക്രിസ്ത്യാനികള്‍: ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം'

ബോബി തോമസ്

പേജ് 384 വില: 295.00

ഡി.സി ബുക്‌സ്