സംഗീതവും രോഗവും: ഒലിവര്‍ സാക്‌സിന്റെ ഗ്രന്ഥം

September 2, 2015, 11:07 am
സംഗീതവും രോഗവും: ഒലിവര്‍ സാക്‌സിന്റെ ഗ്രന്ഥം
Books
Books
സംഗീതവും രോഗവും: ഒലിവര്‍ സാക്‌സിന്റെ ഗ്രന്ഥം

സംഗീതവും രോഗവും: ഒലിവര്‍ സാക്‌സിന്റെ ഗ്രന്ഥം

തനിക്കു മുന്‍പിലെത്തിയ രോഗികളുടെ മാനസികാവസ്ഥകളെ മാത്രമല്ല, ഒലിവര്‍ സാക്‌സ് പകര്‍ത്തിയെഴുതിയത്. തന്റെ സ്വവര്‍ഗാനുരാഗവും ലഹരിയില്‍ അബോധത്തിലലഞ്ഞ നാളുകളും ശാരീരികമായും മാനസികമായും തകര്‍ന്നുപോയ അവസ്ഥകളെല്ലാം തുറന്നെഴുതാന്‍ തയ്യാറായത് തന്നെ എഴുത്തുകാരനുള്ളില്‍ ഉണ്ടായിരുന്ന ന്യൂറോളജിസ്റ്റിന്റെ ആശങ്കകള്‍ തന്നെയാകാം. അതായിരുന്നു ആധുനിക വൈദ്യശാസ്ത്രത്തിലെ ആസ്ഥാന കവി എന്നറിയപ്പെട്ട അന്തരിച്ച ഒലിവര്‍ സാക്‌സിന്റെ പ്രകൃതം.

മൈഗ്രയിന്‍ എന്ന പുസ്തകത്തിലൂടെ എഴുത്തിലേക്ക് കടന്ന ഒലിവര്‍ സാക്‌സിനെ ലോകം അംഗീകരിച്ചത് 'എവേക്കനിങ്‌സ്' എഴുതിയതോടെയാണ്. എ ലെഗ് ടു സ്റ്റാന്‍ഡ് ഓണ്‍, ദ മാന്‍ഹു മിസ്റ്റുക്ക് ഹിസ് വൈഫ് ഫോര്‍ എ ഹാറ്റ്, സീയിങ് വോയ്‌സസ്, ദ ഐലന്‍ഡ് ഓഫ് ദ കളര്‍ ബ്ലൈന്‍ഡ്, അങ്കിള്‍ ടങ്സ്റ്റണ്‍, ദ മെന്റല്‍ ഐ, ഒക്‌സാസാ ജേണല്‍, മ്യൂസിക്കോഫീലിയ, ഹാലൂസിനേഷന്‍സ് എന്നിവ സാക്‌സിന്റെ പ്രശസ്ത കൃതികളാണ്. ഇതില്‍ പലതും പോപ്പുലര്‍ ക്ലാസിക്കുകളുമാണ്. ഓണ്‍ ദ മൂവ് ആത്മകഥയുമാണ്. 

ലണ്ടനില്‍ ജനിച്ച ഒലിവര്‍ സാക്‌സ് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ കോളെജ് ഓഫ് മെഡിസിനില്‍ നിന്ന് ന്യൂറോ പത്തോളജിയിലും, ന്യുറോ കെമസ്ട്രിയിലും ബിരുദം നേടുകയും തുടര്‍ന്ന് ന്യൂറോളജിയെ ജനകീയമാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുകയും ചെയ്തു. ക്യാന്‍സര്‍ രോഗം ബാധിച്ച് വിശ്രമത്തിലായിരുന്ന എണ്‍പത്തിരണ്ടു വയസുളള ഡോ. ഒലിവര്‍ സാക്‌സ് മരണത്തിനു തൊട്ടുമുന്‍പുളള നാളുകളിലൊന്നില്‍ ചെവിയില്‍ നിന്നും കരളിലേക്ക് ക്യാന്‍സര്‍ കോശങ്ങളെത്തിക്കഴിഞ്ഞെന്ന് വ്യക്തമാക്കി ന്യൂയോര്‍ക്ക് ടൈംസില്‍ ഒരു കുറിപ്പെഴുതിയിരുന്നു.
ഒലിവര്‍ സാക്‌സിന്റെ 'മ്യൂസികോഫീലിയ, ടെയ്ല്‍സ് ഓഫ് മ്യൂസിക് ആന്‍ഡ് ദി ബ്രെയിന്‍' എന്ന ഗ്രന്ഥത്തെക്കുറിച്ച് എസ്. ജയചന്ദ്രന്‍നായര്‍ എഴുതിയ ആസ്വാദനക്കുറിപ്പ്.

സംഗീതവും രോഗവും: ഒലിവര്‍ സാക്‌സിന്റെ ഗ്രന്ഥം

ഒലിവര്‍ സാക്‌സ് എഴുതിയ മ്യൂസികോഫിലിയ എന്ന ഗ്രന്ഥത്തില്‍ മരവിപ്പില്‍ നിന്ന് പാര്‍ക്കിന്‍സണ്‍ രോഗികളെ മ്യൂസിക് തെറാപ്പിയിലൂടെ മോചിപ്പിക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നുണ്ട്. 'ശരീരത്തിന്റെ നിശബ്ദസംഗീത'മെന്ന മൃഗങ്ങളുടെ ചലനങ്ങളെ വില്യം ഹാര്‍വി വിശേഷിപ്പിച്ചതുപോലെ സ്വാഭാവികമായ സുഗമതയും ഒഴുക്കും നിറഞ്ഞ സാധാരണ ചലനങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത് കൈനറ്റിക് മെലഡി എന്ന പ്രയോഗത്തിലൂടെയാണ് പാര്‍ക്കിന്‍സണ്‍ രോഗം അതിന് തടസം സൃഷ്ടിക്കുന്നതിനെ കൈനറ്റിക് സ്റ്റട്ടര്‍ എന്ന വാക്ക് ന്യൂറോളജിസ്റ്റുകള്‍ ഉപയോഗിക്കുന്നു. ചലനത്തിലുണ്ടാകുന്ന ഈ വിക്കലിനെ അതിജീവിക്കാന്‍ പലപ്പോഴും സംഗീതം പ്രയോജനപ്പെടുത്തുന്നതായി സ്വന്തം അനുഭവങ്ങളിലൂടെ ഗ്രന്ഥകര്‍ത്താവ് സംസാരിക്കുന്നു. അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന ബെത് എബ്രഹാം ഹോസ്പിറ്റലില്‍ പാര്‍ക്കിന്‍സന്റെ പിടിയില്‍ അമര്‍ന്ന് മരവിച്ചു ജീവിക്കുന്ന രോഗികള്‍ക്ക് സംഗീതം ചലനശേഷി നല്‍കിയ പല സന്ദര്‍ഭങ്ങളെപ്പറ്റിയും എഴുതുന്നു.

എന്‍സെഫ ലൈറ്റിക്ക് രോഗികള്‍ക്കിടയില്‍ ഫ്രാന്‍സെസ് ഡി. എന്ന രോഗി സദാ അമര്‍ത്തിപ്പിടിച്ചാണ് നില്‍ക്കുന്നത്. കല്‍പ്രതിമപോലെ, ഒരു ഹ്യുമന്‍ ടൈംബോംബിനെ ഓര്‍മിപ്പിച്ചിരുന്ന അവര്‍ സംഗീതം ഒഴുകിത്തുടങ്ങുമ്പോള്‍ ചലിച്ചുതുട ങ്ങുന്നു. നിര്‍വാണാവസ്ഥ പിന്നിട്ട് സംഗീതത്തിന്റെ താളമനുസരിച്ച് അവര്‍ നൃത്തംവയ്ക്കുന്നു. ചിരിക്കുന്നു. മുഖം പ്രസന്നമാകുന്നു. സംഗീതം നിലയ്ക്കുന്നതോടെ അവര്‍ ഒരു യന്ത്രപ്പാവപോലെ വീണ്ടും നിശ്ചിന്തയാവുന്നു. സംഗീതാധ്യാപികയായിരുന്ന ഈഡിത് ടി. എന്ന രോഗി സംഗീതത്തിലൂടെ നിശ്ചേതനമായ ഭൂപ്രകൃതിയില്‍നിന്നും സ്വയം മോചനം നേടുന്നതിനെപ്പറ്റി പറയുന്നു. എഡ് എം. എന്ന രോഗിയുടെ ഇടതുവശത്തെ ചലനങ്ങള്‍ വലതുവശത്തെ ചലനവുമായി സമരസപ്പെടുന്നതായിരുന്നില്ല. ഔഷധങ്ങളിലൂടെ ഒരുവശത്തെ ചലനശേഷി മെച്ചപ്പെടുത്തുമ്പോള്‍ മറ്റേ വശം കൂടുതല്‍ മോശമായിരുന്നു. എന്നാല്‍, മുറിയില്‍ സൂക്ഷിച്ചിരുന്ന ഒരു വാദ്യോപകരണം വായിച്ചുതുടങ്ങുന്നതോടെ ശരീരത്തിലെ വലതും ഇടതും വശങ്ങള്‍ പരസ്പരം യോജിച്ചു പ്രവര്‍ത്തിച്ചിരുന്നു.

റോസലി ബി. എന്ന രോഗി നിരവധി മണിക്കൂറുകള്‍ ചലനം നഷ്ടപ്പെട്ടിരിക്കുമായിരുന്നു. പലപ്പോഴും അവര്‍ മരവിച്ചിരിക്കുന്നത്, ഒരു വിരല്‍ കൊണ്ട് കണ്ണടയില്‍ സ്പര്‍ശിക്കുംവിധമായിരുന്നു. പിയാനോവാദനത്തില്‍ അതികൗതുകമുണ്ടായിരുന്ന അവരുടെ വിരലുകള്‍ പിയാനോയുടെ കീബോര്‍ഡിലൂടെ ചലിച്ചുതുടങ്ങുമ്പോഴേക്ക് പാര്‍ക്കിന്‍സണില്‍ നിന്നും മോചിതയാവുന്നു. മറവി രോഗികള്‍ക്കും (അല്‍ഷിമേഴ്‌സ്) സംഗീതം ജീവദായിനിയായിത്തീരുന്നതായി സാക്‌സ് എഴുതുന്നു.സാവധാനം ഓര്‍മ നശിച്ചുതുടങ്ങുകയും ക്രമേണ പൂര്‍ണമായും ഓര്‍മ അപ്രത്യക്ഷമാവുകയും ചെയ്യുകയാണ് അല്‍ഷിമേഴ്‌സ് രോഗികളില്‍. നിരവധി കൊല്ലങ്ങള്‍കൊണ്ട് സംഭവിക്കുന്നതാണ് ഈ രോഗത്തിന്റെ ആക്രമണം. അതോടൊപ്പം ഭാഷ നഷ്ടപ്പെടുന്നു. ജീവിതത്തെ സ്പര്‍ശിക്കുന്ന പ്രധാനപ്പെട്ട പല കാര്യങ്ങളിലും വൈകല്യം സംഭവിക്കുന്നു. താന്‍ ആരാണെന്ന അറിവ് ഇങ്ങനെ നഷ്ടപ്പെടുന്നതിനെ ദ് ലോസ് ഓഫ് സെല്‍ഫ് എന്ന് ന്യൂറോളജിസ്റ്റായ ഡോണാ കോഹന്‍ വിശേഷിപ്പിച്ചിരിക്കുന്നു. ഈവിധം സ്വയം മറന്നുപോകുന്ന അല്‍ഷിമേഴ്‌സ് രോഗികളില്‍ സംഗീതം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. പ്രസിദ്ധനായ ഒരു പിയാനിസ്റ്റിന്റെ അനുഭവം, അതേപ്പറ്റിയുള്ള ഒരു കത്തില്‍ പറയുന്നതിങ്ങനെയാണ്,  എണ്‍പത്തിയേഴു വയസായ അദ്ദേഹത്തിന് ഭാഷ നഷ്ടപ്പെട്ടിരിക്കുന്നു, എങ്കിലും എല്ലാദിവസവും അദ്ദേഹം പിയാനോ വായിക്കുന്നു. മൊസാര്‍ട്ടിന്റെ സംഗീതം പിയാനോയിലൂടെ ആലപിക്കുമ്പോള്‍, അതിലെ ആവര്‍ത്തനങ്ങളെപ്പറ്റി അദ്ദേഹത്തിന് നിശ്ചയമുള്ളതായ സൂചനകള്‍ ലഭിക്കുന്നു.'

വികാരങ്ങളുടെ തിരമാലകള്‍ സ്യഷ്ടിക്കാന്‍ സംഗീതം ഉപകരണമാകാറുളളതായി ഹാരി എസ്. എന്ന മധ്യവയസ്‌കന്റെ അനുഭവം സാക്‌സ് എടുത്തു കാണിക്കുന്നു. സൈക്കിള്‍ സവാരിക്കിടയിലുണ്ടായ അപകടത്തില്‍  മെക്കാനിക്കല്‍ എഞ്ചിനീയറായ ഹാരിയുടെ മസ്തിഷ്‌കത്തിനു പരിക്കേറ്റ് (ബ്രെയ്ന്‍ ആന്യൂറിസം) നിരവധി ആഴ്ചകള്‍ അയാള്‍ കോമയിലായിരുന്നു. ഏത മാസങ്ങള്‍ക്കുശേഷം ഭാര്യ അയാളെ ഉപേക്ഷിച്ചു. ന്യൂറോസര്‍ജിക്കല്‍ യൂണിറ്റില്‍നിന്നും ബെത് എബ്രഹാമില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെട്ടിരുന്നു. കാലുകള്‍ ഉപയോഗശൂന്യമായിരുന്നു. മനസിന്റെയും പേഴ്‌സണാലിറ്റിയുടെയും വലിയൊരു ഭാഗത്തിന് കേടും സംഭവിച്ചിരുന്നു. പിന്നീട് പതുക്കെപ്പതുക്കെ ആ മുപ്പതുകാരന്‍ ബുദ്ധിപരമായ ശേഷി വീണ്ടെടുത്തുവെങ്കിലും അചേതമായിരുന്നു. അദ്ദേഹത്തിന്റെ വൈകാരികജീവിതം. പഴയ ശീലങ്ങള്‍ ഹാരി ആവര്‍ത്തിച്ചിരുന്നു. സയന്റിഫിക് അമേരിക്കന്‍ മുടങ്ങാതെ വായിച്ചു. ദിനപ്പത്രങ്ങളെല്ലാം വായിച്ചു. പക്ഷേ, ആശുപത്രിമുറികളില്‍ ഉയര്‍ന്നിരുന്ന ശബ്ദങ്ങളും ചലനങ്ങളും അദ്ദേഹത്തെ സ്പര്‍ശിച്ചതേയില്ല. നിശ്വേതനായി.ഇരുന്നു. നല്ലൊരു പാട്ടുകാരനായിരുന്നു ഹാരി. ഇമോഷണല്‍ മെക്കാനിസത്തെ പുനരുജ്ജീവിപ്പിക്കാന്‍ സംഗീതത്തെ സാധിക്കുമോയെന്ന് ഡോക്ടര്‍മാര്‍ പരീക്ഷിച്ചു. എന്നാല്‍, പാട്ടുപാടുമ്പോള്‍  സജീവമാകുന്ന ഹാരി പാടിക്കഴിയുമ്പോഴേക്കും വീണ്ടും അചേതനത്വത്തിലേക്കു മടങ്ങിയിരുന്നു. രോഗാവസ്ഥയിലുള്ള മാറ്റമായിരുന്നില്ല, അന്യരുടെ ചലനങ്ങളെ ആവര്‍ത്തിക്കുംവിധമുള്ള ഒരുതരം മിമിക്രി മാത്രമാണിതെന്ന് കരുതുന്നു.

ജീവിതത്തെ സംഗീതം സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതില്‍ വിസ്മയകരമായ നിരവധി സംഭവങ്ങള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥകര്‍ത്താവ് ശാസ്ത്രത്തിന്റെ സംഭാവനകളിലേക്കു വായനക്കാരെ ക്ഷണിക്കുന്നു. മസ്തിഷ്‌കത്തിന്റെ സങ്കീര്‍ണ പ്രവര്‍ത്തനങ്ങളില്‍ സംഗീതം സ്വാധീനഘടകമാകുന്ന സംഭവങ്ങള്‍ ഗ്രന്ഥകര്‍ത്താവ് പ്രതിപാദിക്കുന്നത് കഥ പറയുന്നതു പോലെയാണ്. ഇനിയും കണ്ടെത്താന്‍ കഴിയാത്ത ന്യൂറോളജിയിലെ ഇരുണ്ട കോണുകളിലേക്ക് വെളിച്ചം വീശുക മാത്രമല്ല ഈ കഥകള്‍ ചെയ്യുന്നത്. മസ്തിഷ്‌കത്തിന്റെ അസാധാരണതകളെ വിശകലനം ചെയ്യുന്ന അദ്ദേഹം സൃഷ്ടിയുടെ അത്ഭുതങ്ങളുടെ മുന്‍പില്‍ നമ്മെ കൊണ്ടുനിര്‍ത്തുന്നു.

സാങ്കേതികതയുടെ പരിഭ്രമിപ്പിക്കുന്ന സങ്കീര്‍ണതകള്‍ ഒഴിവാക്കി സാധാരണ വായനക്കാരില്‍പ്പോലും ന്യൂറോസയന്‍സിന്റെ വിസ്മയങ്ങള്‍ ഒലിവര്‍ സാക്‌സ് നിറയ്ക്കുന്നു. എവേക്കനിങ്‌സ്, ദ മാന്‍ ഹു മിസ്റ്റുക് ഹിസ് വൈഫ് ഫോര്‍ എ ഹാറ്റ്, ദി ഐലന്റ് ഓഫ് കളര്‍ബൈന്‍ഡ് എന്നീ ഗ്രന്ഥങ്ങളിലൂടെ വിശ്രുതനായ ഒലിവര്‍ സാക്‌സ് കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ക്ലിനിക്കല്‍ ന്യൂറോളജി പ്രൊഫസറായിരുന്നു. വിഘടിതമായ മനസ്സുകളെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങളിലൂടെ ബോധപ്രക്രിയയുടെ വിസ്മയങ്ങളിലേക്ക് വെളിച്ചം വീശുന്ന ലോകത്തിലെ പ്രശസ്ത ന്യൂറോളജിസ്റ്റ് എന്ന് ഗാര്‍ഡിയന്‍ പ്രകീര്‍ത്തിക്കുന്ന ഗ്രന്ഥകര്‍ത്താവ് വിജ്ഞാനമേഖലയിലെ കൂടിച്ചേരാത്ത തുണ്ടുകളെ വിളക്കിച്ചേര്‍ക്കാനുള്ള അസാധാരണ പ്രയത്‌നമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

മ്യൂസിക്കോഫിലിയ ആ പരിശ്രമത്തിലെ തിളക്കമേറിയ ഒരു ഖണ്ഡമായിരിക്കുന്നു. ഭാഷയേക്കാള്‍ മസ്തിഷ്‌കപ്രവര്‍ത്തനത്തില്‍ സംഗീതത്തിന് വലിയ സ്വാധീനമുണ്ടെന്ന് അനുഭവങ്ങളിലൂടെ തെളിയിക്കുന്ന അദ്ദേഹം നാല്‍പ്പത്തിരണ്ടു വയസ്സുള്ള ടോണി സികോറിയ എന്ന ഓര്‍ത്തോപീഡിക് സര്‍ജന്‍ ആകസ്മികമായി മിന്നലേറ്റതിന്റെ ഫലമായി സംഗീതത്തിന്റെ ചക്രവാളങ്ങളില്ലാത്ത ലോകത്തേക്കു തെറിച്ചുവീഴുന്ന സംഭവം പ്രതിപാദിക്കുന്നു. മിന്നലിന്റെ ആഘാതത്തില്‍ ശാരീരികമായ ചെറിയ അവശതകള്‍ ഉണ്ടായെങ്കിലും, വളരെ വേഗം അദ്ദേഹം പഴയ നിലയിലേക്കു മടങ്ങിവന്നു. അപ്പോഴേക്ക് പിയാനോ സംഗീതത്തോട് ഒടുങ്ങാത്ത താല്പര്യവും അദ്ദേഹത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചുതുടങ്ങി. സര്‍ജനായി തുടര്‍ന്നുവെങ്കിലും സംഗീതഭ്രാന്തനായിത്തീരുകയായിരുന്നു അദ്ദേഹം.

സംഗീതം കേള്‍ക്കുക മാത്രമല്ല, സംഗീതശില്പങ്ങള്‍ സൃഷ്ടിക്കുന്നതിലും അദ്ദേഹം മുഴുകി. എന്റെ പുനര്‍ജന്മമാണിതെന്ന് തോന്നുന്നു. സ്വര്‍ഗത്തില്‍നിന്നും കിട്ടിയതാണ് എന്റെ സംഗീതം സിക്കോറിയ ഓര്‍മിക്കുന്നു. റിസര്‍ച്ച്‌കെമിസ്റ്റായ സലീമ എം. എന്ന നാല്‍പ്പതുകാരിയും ഒരു സര്‍ജറിക്കുശേഷം സംഗീതഭ്രാന്തിയായി മാറി. സര്‍ജറിക്കു ശേഷം ഞാന്‍ വീണ്ടും ജനിക്കുകയായിരുന്നു. എന്റെ ജീവിതവീക്ഷണത്തെ അത് അപ്പാടെ മാറ്റിമറിച്ചു. ഓരോ നിമിഷവും ആസ്വദിച്ചാണ് ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നത്, സലീമ പറയുന്നു. മിന്നലേറ്റശേഷം സംഗീതത്തെ ഉള്‍ക്കൊള്ളാന്‍വിധം സികോറിയയുടെ മസ്തിഷ്‌കം പുനഃസംവിധാനം ചെയ്യപ്പെടുകയായിരുന്നുവെന്നാണ് ദീര്‍ഘമായ നിരീക്ഷണത്തിനുശേഷം ഒലിവര്‍ സാക്‌സിന്റെ നിഗമനം. ഈവിധം മസ്തിഷ്‌കത്തിന്റെ പതിവു സ്വഭാവത്തെ അഗാധമായി സ്പര്‍ശിക്കുന്ന നിരവധി സംഗീതാനുഭവങ്ങള്‍ ഗ്രന്ഥകര്‍ത്താവ് വിവരിക്കുന്നു.

ആകസ്മികമായി സംഗീതത്തിന്റെ ചില വരികള്‍ മസ്തിഷ്‌കത്തില്‍ രൂപപ്പെടുകയും അത് സന്തതസഹചാരിയായിത്തീരുകയും ചെയ്യുന്ന അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടാകാറുണ്ട്. ചിലര്‍ അപസ്മാരബാധയോടെ സംഗീതോപാസകരാകുന്നു. മറ്റ് ചിലര്‍ക്ക് പെട്ടെന്ന് മസ്തിഷ്‌കത്തില്‍ സംഗീതം ഉടലെടുക്കുകയും അപ്പോഴത്തെ അവരുടെ മാനസികാവസ്ഥയുടെ പ്രതീകമായി അത് മാറുകയും ചെയ്യുന്നു. ഒരു ഡിസംബര്‍ മാസം തല നിറയെ ഇരുണ്ട മെലഡികള്‍ കൊണ്ട് നിറഞ്ഞ അനുഭവം ഗ്രന്ഥകര്‍ത്താവ് ഓര്‍മിക്കുന്നു.വേദനയും സങ്കടവും ഉണര്‍ത്തുന്ന ആ മെലഡികള്‍ ഉണര്‍ന്നുവരുന്നതെന്തിനെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. അപ്പോള്‍ എന്റെ സഹോദരന്‍ ഗുരുതരമായി രോഗബാധിതനായിരുന്നു. അബോധത്തിലുണ്ടായിരുന്ന പതിനായിരക്കണക്കിനുള്ള ട്യൂണുകള്‍ക്കിടയില്‍നിന്നും എന്റെ പ്രിയപ്പെട്ട സോദരന്റെ വിടവാങ്ങലിനെ ധ്വനിപ്പിക്കുന്ന ബാക്കിന്റെ സംഗീതം ഉയര്‍ന്നുവരാന്‍ എന്തായിരുന്നു കാരണം ?  അദ്ദേഹം ചോദിക്കുന്നു. അത്തരം സംഗീതം സംഭവിക്കുന്നതിനു ഫലശ്രുതിയുണ്ടെന്ന സൈക്യാട്രിസ്റ്റായ ആന്റണി സ്റ്റോറ്റിന്റെ നിരീക്ഷണത്തെ പിന്‍പറ്റിയാണ് ഈ ചോദ്യത്തിനുള്ള ഉത്തരം അദ്ദേഹം തേടുന്നത്.

അകാരണമായി സംഗീതം പൊട്ടിപ്പുറപ്പെടുകയും പൊടുന്നന്നേ അ ത്യക്ഷമാവുകയും ചെയ്യുന്ന അവസ്ഥയുടെ കാരണത്തെ ബ്രെയിന്‍വേംസ് എന്ന സങ്കല്പം കൊണ്ട് വിശദീകരിക്കാന്‍ ശ്രമങ്ങളുണ്ട്. മനസ്സില്‍ സംഗീതം കേള്‍ക്കുന്നതുപോലെ കാണുകയും ചെയ്യുന്ന പ്രതിഭാസങ്ങള്‍ നിരവധിയാണ്. ബാധിര്യത്തിലേക്കു വഴുതിവീഴുമ്പോഴും സംഗീതം കേള്‍ക്കുക, അതില്‍ ആസ്വദിച്ചിരിക്കുക- അപൂര്‍വമല്ലാത്ത അത്തരം അനുഭവങ്ങള്‍ക്ക് നിരവധിപേര്‍ വിധേയരാകാറുണ്ട്. ന്യൂറോളജിക്കലായി യാതൊരു കുഴപ്പവുമില്ലാത്ത എഴുപതുകാരിയായ മിസ്സിസ് സി. പതിനഞ്ചുകൊല്ലമായി ബധിരയായിരുന്നു. ഒരു ദിവസം പെട്ടെന്ന് അവര്‍ ശബ്ദഘോഷത്തില്‍ പൊറുതിമുട്ടി. ക്രമേണ അത് നിയന്ത്രണവിധേയമായി. ചിലപ്പോള്‍ ചില പാട്ടുകളുടെ തുണ്ടുകള്‍ കേള്‍ക്കാന്‍ തുടങ്ങി. മ്യൂസിക്കല്‍ ഹാല്യൂസിനേഷനില്‍പ്പെടുന്നവര്‍ പലരും സംഗീതത്തോടു വലിയ ആഭിമുഖ്യമുള്ളവരായിരിക്കില്ല. എങ്കിലും അവര്‍ നിരന്തരം സംഗീതം കേട്ടുകൊണ്ടേയിരിക്കുന്നു.

 സംഗീതവും നിറവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നടന്നിട്ടുള്ള പഠനങ്ങള്‍ (സിനസ്‌തേഷ്യ) രസകരങ്ങളായ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. മൈക്കല്‍ ടോര്‍ക്ക് എന്ന പ്രശസ്തനായ കമ്പോസറുടെ അനുഭവം ഇതിന് ഒരു ഉദാഹരണമാണ്. അഞ്ചാമത്തെ വയസ്സില്‍ പിയാനോ വായിക്കാന്‍ അഭ്യസിക്കുന്നതിനിടയില്‍ 'നീലനിറത്തിലുള്ള ആ പീസ് ആണ് എനിക്ക് ഇഷ്ടമെന്ന്' ടോര്‍ക്ക് അധ്യാപകനോടു പറഞ്ഞു. 'എന്ത്, നീലനിറത്തിലുള്ളതോ എന്ന ചോദ്യത്തിനു മറുപടിയായി അതെ, ഡി മേജറിന്റെ നിറം നീലയല്ലേ എന്നായിരുന്നു ടോര്‍ക്ക് പറഞ്ഞത്. ഈ വിധം പിയാനോയിലെ ഓരോ കീക്കും ഓരോ നിറം സങ്കല്‍പ്പിക്കുന്നവര്‍ കുറവല്ല. അതുപോലെ രുചിയും സംഗീതത്തില്‍, ചിലര്‍ സങ്കല്‍പ്പിക്കുന്നു. ഹെര്‍പിസ് എന്‍സെഫലൈറ്റിസ് പിടിപെട്ട ക്ലൈവ് വിയറിങ് എന്ന പ്രമുഖ ഇംഗ്ലീഷ് സംഗീതജ്ഞന്റെ അനുഭവം (അംനീഷ്യയെപ്പറ്റിയുളള ഭാഗം) മനുഷ്യമനസ് എത്രമാത്രം വിചിത്രമാണെന്ന വിസ്മയം വായനക്കാരനില്‍ നിറയ്ക്കുന്നു. സ്വപ്‌നമോ, ഉണര്‍വോ, സ്പര്‍ശമോ, കേള്‍വിയോ, രുചിയോ ഇല്ലാത്ത ഒരു ജീവിതത്തിലേക്ക് വഴുതിവീണ ക്ലൈവിന്റെ കഥ സ്‌നേഹ പരിചരണത്തിന്റെ അവിശ്വസനീയമായ അനുഭവം കൂടിയാണ്. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തെ ഗാഢമായി ബാധിക്കുന്ന സംഗീതത്തിന്റെ രോഗപരിചരണ സിദ്ധികളെപ്പറ്റി നടക്കുന്ന ഗവേഷണങ്ങളെല്ലാം ചൂണ്ടിക്കാണിക്കുന്ന വസ്തുത മസ്തിഷ്‌കത്തിന്റെ സങ്കീര്‍ണതകളാണ്.

ആതുരാവസ്ഥയെ അടുത്തുനിന്ന് നിരീക്ഷിച്ച് മനസിലാകുന്നതില്‍ നിന്നും അകന്നുപോകാതെ യാഥാസ്ഥിതകമായ ആ രീതിയെ സാങ്കേതികമായ അറിവുമായി കൂട്ടിയോജിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറയുന്ന ഗ്രന്ഥകര്‍ത്താവ് മനുഷ്യസ്പര്‍ശം നഷ്ടപ്പെടുന്ന ഒരവസ്ഥയില്‍ അസ്വസ്ഥനാണ്. ദീര്‍ഘകാലത്തെ പരിചയത്തില്‍ നിന്നാണ് ഒലിവര്‍ സാക്‌സ് ഈ ഗ്രന്ഥം നിര്‍മിച്ചിരിക്കുന്നത്. അനുഭവസാന്ദ്രമായ ഒരു ഗ്രന്ഥമായി വിജ്ഞാനം തേടുന്നവരെ കാത്തിരിക്കുകയാണ് മ്യൂസിക്കോഫീലിയ.