മരുന്നിന്റെ മണമുള്ള എന്റെ യാത്രകള്‍

April 24, 2016, 11:19 am
മരുന്നിന്റെ മണമുള്ള എന്റെ യാത്രകള്‍
Books
Books
മരുന്നിന്റെ മണമുള്ള എന്റെ യാത്രകള്‍

മരുന്നിന്റെ മണമുള്ള എന്റെ യാത്രകള്‍


കുഞ്ഞുന്നാളില്‍ അച്ഛന്റെ കയ്യില്‍ തൂങ്ങി പറശ്ശിനിക്കടവ് മുത്തപ്പക്ഷേത്രത്തിലേക്കായിരുന്നു എന്റെ ആദ്യ യാത്ര. അന്നു മുതല്‍ എപ്പോഴും എവിടേക്കും കൂടെയുണ്ടാകും അച്ഛന്‍. അഞ്ചു വയസിലുണ്ടായ അപകടത്തെ തുടര്‍ന്ന് ആ കൂട്ട് ഒഴിച്ചുകൂടാന്‍ പറ്റാത്തതായി. ഞാന്‍ ഒന്നാംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. അനിയനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് രാഷ്ട്രീയ കുടിപ്പക തീര്‍ക്കാന്‍ അക്രമികള്‍ ബോംബ് എറിഞ്ഞ് എന്റെ വലതുകാല്‍ തകര്‍ത്തത്. അന്നുമുതല്‍ വേദനകളുടെയും മരുന്നുകളുടെയും ലോകമായി മാറി എന്റെ ജീവിതം. വലതു കാല്‍ മുട്ടിനു മുകളില്‍ വെച്ച് മുറിച്ചുമാറ്റി. പൊയ്ക്കാലുമായാണ് പിന്നീട് ഈ കാലംമുഴുവന്‍ താണ്ടിയത്. കൂട്ടുകാര്‍ക്കൊപ്പം ഓടിക്കളിക്കാനും നടന്ന് സ്‌കൂളില്‍ പോവാനും കഴിഞ്ഞില്ലെങ്കിലും പഠിച്ച് ഉയര്‍ന്ന നിലയിലെത്തണമെന്ന ആഗ്രഹം എന്നെ മുന്നോട്ടു നടത്തി. വിധിക്കു മുന്നില്‍ തോല്‍ക്കാതെ വേദന മറക്കാന്‍ പുസ്തകങ്ങളാണ് സഹായിച്ചത്. ബാല്യത്തിന്റെ ഓര്‍മകളില്‍ ഡോക്ടര്‍മാരും ആശുപത്രി വരാന്തകളും നിറഞ്ഞതിനാലാവണം ഡോക്ടറാവണമെന്നതു തന്നെയായിരുന്നു ആഗ്രഹം. കുട്ടിക്കാലം മുതല്‍ക്കേ അത് ഉള്ളിലുറച്ചു. ഇപ്പോള്‍ മെഡിക്കല്‍ പഠനം നടത്തുമ്പോള്‍ ആ ആഗഹത്തിന്റെ പാതി പിന്നിട്ട സന്തോഷമുണ്ട്. വികലാംഗ ക്വാട്ടയില്‍ 18ാം റാങ്കോടുകൂടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ്സിന് പ്രവേശനം നേടിയത്.

ഒരു ചിത്രപ്രദര്‍ശനത്തിന്റെ ഭാഗമായാണ് ആദ്യമായി ഞാന്‍ കോഴിക്കോട്ട് വരുന്നത്. നഴ്‌സറി ക്ലാസിലായിരുന്നു അന്ന്. അച്ഛനൊപ്പമായിരുന്നു അന്നും ഇവിടേക്ക് വന്നത്. കോഴിക്കോട് പേരാമ്പ്രയിലായിരുന്നു പരിപാടി. കണ്ണൂരില്‍ നിന്ന് ട്രെയിനില്‍ വന്ന് കൊയിലാണ്ടിയില്‍ ഇറങ്ങി. അന്നത്തെ യാത്ര കൗതുകമായിരുന്നു എനിക്ക്. സ്വന്തം നാട് വിട്ട് ഏറെയൊന്നും സഞ്ചരിക്കാത്ത കുട്ടിയായതിനാല്‍ അകാരണമായൊരു പേടി ഉള്ളിലുണ്ടായിട്ടാവണം അച്ഛന്റെ വിരല്‍ത്തുമ്പില്‍ മുറുകെ പിടിച്ചിരുന്നു ഞാന്‍. ചിത്രം വരക്കുമ്പോഴും വിരല്‍ വിടില്ലേ നീയെന്റെ എന്നു പറഞ്ഞ ്അച്ഛനന്ന് ഏറെ കളിയാക്കി. എന്തായാലും എം.ബി.ബി.എസിനു ചേര്‍ന്നതോടെ കോഴിക്കോട് തന്നെയായി ഇപ്പോഴെന്റെ തട്ടകം. അങ്ങനെ മരുന്നു മണമുള്ള കോഴിക്കോട് മെഡിക്കല്‍ കോളജ് എന്റെ ജീവിതത്തിന്റെ ഭാഗമായി. പഠിക്കാന്‍ ഏറെയുള്ളതിനാല്‍ സ്വപ്‌നം കാണാന്‍ പോലും സമയമില്ലെനിക്ക്. ഇവിടെ വന്ന ശേഷം രണ്ടുതവണ കൂട്ടുകാര്‍ വിനോദയാത്രക്ക് പോയി. പോവാന്‍ ഏറെ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കേണ്ടി വരുമല്ലോ എന്നോര്‍ത്ത് അവരുടെ ഒപ്പം പോയില്ല. തിരക്കുകള്‍ മറന്ന് ഉല്ലസിക്കാനാണ് എല്ലാവരും യാത്ര തെരഞ്ഞെടുക്കുന്നത്. അതിനിടെ ഞാന്‍ കൂടിപ്പോയാല്‍ മറ്റുള്ളവര്‍ക്ക് കൂടി ബാധ്യതയാകും. അവരുടെ സന്തോഷം നഷ്ടപ്പെടും. അച്ഛനും അമ്മയും ഒപ്പമില്ലാതെ ഒരു യാത്രയെ കുറിച്ച് ആലോചിക്കാറു പോലുമില്ല ഞാന്‍. അവധിയായാല്‍ കണ്ണൂരിലേക്ക് പോകും. അപ്പോഴും എന്നെ കൂട്ടിക്കൊണ്ടു പോവാന്‍ അച്ഛനെത്തും. ഓരോ വര്‍ഷവും പൊയ്ക്കാല്‍ മാറ്റിവെക്കാന്‍ കൊച്ചിയില്‍ പോവണം. അച്ഛനൊപ്പം വേറെയാരെങ്കിലും കൂടെയുണ്ടാവും അപ്പോള്‍. അപകടം പറ്റിയ വര്‍ഷം കാലുമാറ്റി വെക്കുന്നതിനു വേണ്ടി ഞങ്ങള്‍ ചൈന്നെക്കു പോയിരുന്നു. അവിടത്തെ ചികില്‍സ വന്നപ്പോള്‍ കൊച്ചിയില്‍ തന്നെ വന്നു. അന്ന് വേദന തിന്നുകയായിരുന്നു ഞാന്‍. അതിനാല്‍ പുറംകാഴ്ചകളൊന്നും എന്നെ ആകര്‍ഷിച്ചില്ല. സിനിമയില്‍ കണ്ട മദ്രാസിപ്പട്ടണമൊന്നും ഞാനന്ന് കണ്ടില്ല. കാലില്ലാത്ത എന്നെ കുറിച്ചുതന്നെയായിരുന്നു ആലോചിച്ചതത്രയും. ഒറ്റക്കാലില്‍ സ്‌കൂളില്‍ പോവുന്നതും മറ്റും ആലോചിച്ചങ്ങനെ... എന്റെ യാത്രകള്‍ കൂടുതലും മരുന്നുമണമുള്ള ഇടങ്ങളിലേക്കായിരുന്നു. കാല്‍ വയ്യാത്തതു കൊണ്ട്് ഒരുപാടൊന്നും യാത്രചെയ്യാന്‍ കഴിഞ്ഞിട്ടില്ല ഇതുവരെ. എങ്കിലും എന്റെ കൊച്ചുകൊച്ചു യാത്രകള്‍ ഓര്‍മയില്‍ സൂക്ഷിക്കുന്നുണ്ട്.

ചികില്‍സയുടെ ഭാഗമായി 13 തവണയെങ്കിലും കൊച്ചിയില്‍ വന്നിട്ടുണ്ടെന്നാണ് ഓര്‍മ. എന്‍ട്രന്‍സ് റിസല്‍റ്റിനു ശേഷം ഡിസബിലിറ്റി തെളിയിക്കുന്നതിനായും ഏഷ്യാനെറ്റിലെ നമ്മള്‍ തമ്മില്‍ എന്ന പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനായും രണ്ടു തവണ തിരുവനന്തപുരത്ത് പോയിരുന്നു. അപ്പോഴൊക്കെ ഒറ്റക്കു യാത്ര ചെയ്യാന്‍ കഴിയാത്തതിന്റെ നൊമ്പരവും ഓരോ തവണയും അച്ഛനു സഹായിയായി കൂട്ടിനാളെ വിളിക്കുന്നതിന്റെയും അവരെ ബുദ്ധിമുട്ടിക്കേണ്ടി വരുന്നതിന്റെയും വേദനയും മനസിലുണ്ടാകും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മറ്റു കുട്ടികള്‍ ഓടിക്കളിക്കളിക്കുമ്പോള്‍ കൊതിയോടെ നോക്കിനില്‍ക്കുമായിരുന്നു. ഒരിക്കല്‍ അത് പോലെ എനിക്കും ഓടിക്കളിക്കണമെന്ന് പറഞ്ഞപ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയത് ഇന്നും ഓര്‍മയിലുണ്ട്. അവരെ കൂടി വിഷമിപ്പിക്കേണ്ടല്ലോ എന്നു കരുതി അത്തരം കുഞ്ഞു മോഹങ്ങളെല്ലാം ഞാന്‍ ഉപേക്ഷിക്കാന്‍ തുടങ്ങി. നാടുകാണാനും ആ നാടുകളിലെ തുടിപ്പറിയാനും മോഹമുണ്ടായിരുന്നത് സ്വപ്‌നങ്ങളിലൊതുക്കി. സമയം കിട്ടുമ്പോഴെല്ലാം മുത്തപ്പന്‍കാവില്‍ പോകും. ഉള്ളുരുകി പ്രാര്‍ഥിക്കും. പ്രാര്‍ഥനയേക്കാള്‍ വലിയ മരുന്നില്ലല്ലോ. ഏറെ ദൂരം നടക്കാന്‍ പറ്റില്ല എനിക്ക്. കാല്‍ വേദനിക്കും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഓട്ടോയിലായിരുന്നു യാത്ര. വീട്ടുപടിക്കലോളം ഓട്ടോ എത്തും. ഹൈസ്‌കൂള്‍ ക്ലാസിലായ ശേഷം സ്‌കൂള്‍ കുറച്ചകലെയായതു കൊണ്ട് സ്‌കൂളിനടുത്ത് വാടകവീടെടുത്ത് താമസിച്ചാണ് പഠിച്ചത്.

എസ്.കെയുടെ യാത്രാകുറിപ്പുകള്‍ വായിക്കാന്‍ ഇഷ്ടമാണ്. ഒരുദേശത്തിന്റെ കഥയൊക്കെ വായിക്കുമ്പോള്‍ ആ കുറിപ്പുകളുടെ കൂടെ മനസും സഞ്ചരിക്കും. പ്രകൃതിഭംഗി നിറഞ്ഞ സ്ഥലങ്ങളില്‍ പോവാനാണ് എനിക്കേറെയിഷ്ടം. സൈലന്റ്‌വാലി അങ്ങനെയാഗ്രഹിക്കുന്ന സ്ഥലങ്ങളിലൊന്നാണ്. അതേ പോലെ വയനാട്, മൂന്നാര്‍ എന്നീ സ്ഥലങ്ങളിലും പോവണമെന്നുണ്ട്. ഇന്ത്യ മുഴുവന്‍ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിലും നടക്കാന്‍ കഴിയാത്ത മനോഹരമായ സ്വപ്‌നം മാത്രമായി അവശേഷിക്കുമത്. യാത്രകളില്‍ ഒറ്റക്കാവാത്തതു കൊണ്ടാണോ എന്നറിയില്ല ഇതുവരെ അനിഷ്ടകരമായതൊന്നും സംഭവിച്ചിട്ടില്ല. സൗമ്യ കൊല്ലപ്പെട്ട സംഭവമറിഞ്ഞ് ഒരുപാട് സങ്കടം തോന്നി. അങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അത്തരം കേസുകളില്‍ പ്രതിയായവര്‍ക്ക് ശിക്ഷ കിട്ടുന്നില്ല എന്നതു തന്നെയാണ് അതിന് ഒരുകാരണം.

മനസ് ആഗ്രഹിക്കുന്നിടത്ത് ശരീരം എത്താത്തതില്‍ ഇപ്പോള്‍ എനിക്ക് വേദന തോന്നാറില്ല. അതിനായി പാകപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചേരാന്‍ വന്നപ്പോള്‍ എന്റെയൊരു സാറും ഒപ്പമുണ്ടായിരുന്നു. ആശങ്കകള്‍ അദ്ദേഹവുമായി പങ്കുവെച്ചു ഞാന്‍. അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു. ആദ്യമായി മെഡിക്കല്‍ കോളജിന്റെ പടികള്‍ കയറുമ്പോള്‍ ഹൃദയമിടിപ്പിന്റെ വേഗം കൂടി. കണ്ണുകളൊക്കെ നിറയും പോലെ. ഞാന്‍ എത്തുന്നതറിഞ്ഞ് വന്‍ മാധ്യമപ്പട തന്നെയുണ്ടായിരുന്നു. ആഘോഷത്തോടെയാണ് വരവേറ്റത്. ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു അത്. കോഴിക്കോട് ജില്ലാ കലക്ടറുടെ കൈയില്‍ നിന്ന് സ്‌റ്റെത്ത് മേടിച്ചു. ലതാ മാഡം എന്റെ അപകടത്തെ പറ്റിയെല്ലാം ചോദിച്ചറിഞ്ഞു. പെട്ടെന്ന് തന്നെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറി ഞാന്‍. പഠിത്തം കഴിഞ്ഞാല്‍ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള ഡോക്ടര്‍ ആയിത്തീരണം എന്നാണ് ആഗ്രഹം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യാനാണ് ഇഷ്ടം.

ആശങ്കകള്‍ ഏറെയുണ്ടെങ്കിലും ജീവിതത്തോട് ഇപ്പോള്‍ ഒരുപാട് കൊതിതോന്നുന്നു.