അപൂര്‍വ ജനുസ്സില്‍പ്പെട്ട പുസ്തകം

March 14, 2016, 1:12 pm
അപൂര്‍വ ജനുസ്സില്‍പ്പെട്ട പുസ്തകം
Books
Books
അപൂര്‍വ ജനുസ്സില്‍പ്പെട്ട പുസ്തകം

അപൂര്‍വ ജനുസ്സില്‍പ്പെട്ട പുസ്തകം

ബഷീര്‍  'ഒരു ഭഗവത് ഗീതയും കുറേ മുലകളും എന്ന കൃതി' ഇപ്പോഴാണ് എഴുതുന്നതെങ്കില്‍ എന്തു സംഭവിക്കും...? അല്ലെങ്കില്‍ അത്തരമൊരു തലക്കെട്ടില്‍ എഴുതാന്‍ അദ്ദേഹം ധൈര്യപ്പെടുമോ..?  'ഈശ്വരന്‍ അറസ്റ്റില്‍' എന്നപേരില്‍ നാടകമെഴുതാന്‍ വര്‍ത്തമാനകാലത്ത് എന്‍.എന്‍. പിള്ളക്കാവുമായിരുന്നോ എന്നൊക്കെയുള്ള ആശങ്കകള്‍ അടുത്തകാലത്ത് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. അത്രമേല്‍ വഴിതെറ്റിപ്പോയ മതബോധവും വറ്റിപ്പോയ സഹിഷ്ണുതയും ഇന്ന് വാളും കുന്തവുമായി കണ്ണിലെണ്ണയൊഴിച്ചിരിക്കുന്ന കാലത്തേക്കാണ് മുഹമ്മദ് നബിയും കൃഷ്ണനുമെല്ലാം കഥാപാത്രങ്ങളായി ഒരു നോവല്‍ നമ്മുടെ മുന്നിലെത്തുന്നത്.

പരസ്പരം മനസ്സിലാക്കാന്‍ മടിച്ചുനില്‍ക്കുന്ന രണ്ട് സമൂഹങ്ങളുടെ വിശ്വാസങ്ങള്‍ വിരുദ്ധധ്രുവങ്ങളിലാണെന്ന തോന്നലുകള്‍ വളരെ ശക്തമായ ഒരു കാലത്താണ് മനുഷ്യകുലത്തിന്റെ നന്മയും സമാധാനവും ലക്ഷ്യമിടുന്ന മതങ്ങള്‍ ഒരുമിച്ച് നില്‍ക്കേണതാണെന്നും സാഹോദര്യത്തിലൂടെ കാലുഷ്യങ്ങളെ കൈവെടിയാമെന്നും നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കെ.പി. രാമനുണ്ണിയുടെ 'ദൈവത്തിന്റെ പുസ്തകം' എന്ന നോവല്‍ വിശ്വാസികളുടെയും അവിശ്വാസികളുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഇത്രയും പറഞ്ഞതില്‍നിന്നും മതപ്രബോധനനങ്ങളും നന്മയിലേക്ക് നയിക്കുന്ന ഉപദേശങ്ങളും കുത്തിനിറച്ച അരസിക നോവലാണിതെന്ന് വായനക്കാര്‍ തെറ്റിദ്ധരിച്ചുപോവാനിടയുണ്ട്. എന്നാല്‍ തുടക്കംമുതല്‍ ഒടുക്കംവരെ ഇഷ്ടത്തോടെവായിച്ചുപോകാവുന്ന ഒരു അപൂര്‍വ ജനുസ്സില്‍പ്പെട്ട പുസ്തകമാണിത്. വിശ്വാസങ്ങളും ചരിത്രവും ശാസ്ത്രവും ഭാവനയും വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തരീതിയില്‍ ശില്‍പഭദ്രതയോടെ രചിച്ച ഇതിലെ ഓരോവരിയും ഒട്ടും മുഷിയാതെ വായിക്കാനാവും.

നോവലിലെ ഒരു രംഗം നോക്കുക. സ്വാതന്ത്ര്യാനന്തരം കല്‍ക്കത്തയിലുണ്ടായ വര്‍ഗിയ കലാപത്തെ നേരിടാന്‍ മഹാത്മാഗാന്ധി നിരാഹാരം ആരംഭിക്കുന്നു. ലഹള ശമിക്കുന്നു. തുടര്‍ന്നൊരു സായാഹ്‌നത്തില്‍ ഒരു ഹിന്ദു യുവതി ഗാന്ധിയെ കാണാന്‍ വരുന്നു. കദനഭാരത്താല്‍ ഹൃദയം തകര്‍ന്ന അവര്‍ ആവശ്യപ്പെടുന്നത് മുസ്‌ലിംകളാല്‍ കൊല്ലപ്പെട്ട തന്റെ നാലുവയസ്സുകാരന്‍ പുത്രനെ തിരിച്ചുനല്‍കാനാണ്. ഒട്ടും താമസിയാതെ ഗാന്ധി അവരുടെ മകനെ തിരച്ചുനല്‍കാമെന്ന് വാക്കുനല്‍കുന്നു. അടുത്തദിവസം വരാനും പറയുന്നു. പിറ്റേന്ന് യുവതിയെത്തുമ്പോള്‍, ലഹകളുടെ ഫലമായി അനാഥനായ അതേപ്രായമുള്ള ഒരു കുഞ്ഞിനെ ഗാന്ധി അവള്‍ക്ക് നല്‍കുന്നു. സ്വന്തം അമ്മയെന്ന് കരുതി അവളെ കെട്ടിപ്പിടിച്ച കുഞ്ഞുമായി യുവതി സന്തോഷത്തോടെ യാത്രയാവുന്നു. ഹിന്ദുക്കളാല്‍ കൊലചെയ്യപ്പെട്ട ഒരു മുസ്‌ലിം കുടുംബത്തിലെ കുട്ടിയായിരുന്നു അത്. കുട്ടികളെല്ലാം ഈശ്വരന്‍േറതാണെന്ന വിശ്വാസമായിരുന്നു അവിടെ ജയിച്ചത്. ഇത്തരം വൈകാരിക മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ് ഈ നോവല്‍.


ആശയങ്ങളെ എങ്ങിനെ ഫിക്ഷനിലൂടെ കാല്‍പനികതയുടെ മനോഹാരിത ചോരാതെ സൃഷ്ടിച്ചെടുക്കാമെന്നും മതങ്ങള്‍ അവരുടേത് മാത്രമെന്ന് ഉദ്‌ഘോഷിക്കുന്ന നിലപാടുകള്‍ സൂക്ഷ്മതലത്തില്‍ ഒരേകാര്യങ്ങളാണെന്നും ഈ നോവല്‍ നേരിട്ടല്ലാതെ വായനക്കാരനോട് പറയുന്നുണ്ട്.

ശ്രീകൃഷ്ണന്റെയും മുഹമ്മദ് നബിയുടെയും കൂടെ ചരിത്രനായകന്മാരായ മഹാത്മാഗാന്ധി, ഹിറ്റ്‌ലര്‍, മാര്‍ക്‌സ് തുടങ്ങിയ ചരിത്രനായകന്മാരും കഥാപത്രങ്ങളായെത്തുമ്പോള്‍ കാലദേശങ്ങളും യുക്തിയും ശാസ്ത്രവുമെല്ലാം കീഴ്‌മേല്‍ മറയുന്നുണ്ടെങ്കിലും അതൊട്ടും വായനയുടെ ഒഴുക്കിനെയോ ആസ്വാദ്യതയെയോ തടസ്സപ്പെടുത്തുന്നില്ല എന്നതും എടുത്തുപറയേണ്ടതാണ്. ഭൂതവും വര്‍ത്തമാനവും ഒരേപോലെ മാറിമാറിവരുന്ന കഥാസന്ദര്‍ഭങ്ങളെ സ്വാഭാവികതയുടെ കളത്തില്‍ നിര്‍ത്താന്‍ ഭൗതികനിയമങ്ങള്‍ കീഴ്‌മേല്‍മറിയുന്ന തമോഗര്‍ത്തത്തിന്റെ ശാസ്ത്രതത്വങ്ങളെയാണ് നോവലിസ്റ്റ് കൂട്ടുപിടിക്കുന്നത്.

വര്‍ത്തമാനകാലത്ത് നഷ്ടപ്പെട്ടുപോയ നീതിയും ധര്‍മവും സമാധാനവും സന്തേഷവും തിരിച്ചുപിടിക്കാനുള്ള തിരുത്തല്‍പ്രക്രിയകള്‍ ഭൂതകാലത്തുനിന്നും തുടങ്ങണമെന്ന തിരിച്ചറിവേടെയാണ് മാര്‍ക്‌സും ഗാന്ധിയുമെല്ലാം രംഗത്തുവരുന്നത്. ഇവിടെ ഫാന്റസിയും ചരിത്രവും യാഥാര്‍ഥ്യവുമെല്ലാം ഒരുപോലെ അനുഭൂതിദായകമായി വാനക്കാരന്റെ മനസ്സിനെ വന്നുതൊടുന്നുണ്ട്.

അത്‌ലാന്റിക്7, തമോഗര്‍ത്തം, കൃഷ്ണഭാഗം, നബിഭാഗം, നീലയും ചന്ദ്രക്കലയും എന്നിങ്ങനെ അഞ്ച് ഭാഗങ്ങളാണ് നോവലിനുള്ളത്.

ഫാന്റസിയും ചരിത്രവും യാഥാര്‍ഥ്യവും ചേര്‍ന്ന ഒരുതരം മാജിക്കല്‍ റിയലിസമാണ് നോവലിലെ ശില്‍പത്തെ നിര്‍ണ്ണയിക്കുന്നത്. ഇതിലെ സംഭവങ്ങള്‍ സൃഷ്ടിക്കുന്ന ഒരുതരം മായികാലോകം വായനക്കാരില്‍ ശരിതെറ്റുകളെക്കുറിച്ചും ധാര്‍മികതയെക്കുറിച്ചും പുതിയൊരു ചിന്തയുയര്‍ത്തിവിടുമെന്ന കാര്യത്തില്‍ സംശയമില്ല.