കാലം മറക്കാത്ത 2016ലെ 10 കഥകള്‍

December 31, 2016, 6:12 pm
കാലം മറക്കാത്ത 2016ലെ 10 കഥകള്‍
Books
Books
കാലം മറക്കാത്ത 2016ലെ 10 കഥകള്‍

കാലം മറക്കാത്ത 2016ലെ 10 കഥകള്‍

ശ്രദ്ധേയമായ നിരവധി കഥകളാലും വിവാദങ്ങളാലും വളരെയേറെ സമ്പന്നമായിരുന്നു 2016ലെ കഥാലോകം. അസഹിഷ്ണുതയുടെ രാഷ്ട്രീയ കാലത്ത് കഥകളുടെ ഭിന്നവായനകള്‍ സവിശേഷ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ആഴ്ചപ്പതിപ്പുകളിലും മാസികകളിലുമായി മാസത്തില്‍ ഏറ്റവും കുറഞ്ഞത് മുപ്പത് കഥകളെങ്കിലും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ഇതില്‍ നിന്ന് മലയാളി ഭാവുകത്വത്തെ പുതുക്കിപ്പണിഞ്ഞ പത്തുകഥകളാണ് ഇവിടെ തെരഞ്ഞെടുത്തിട്ടുളളത്.

1. വിശുദ്ധ മഗ്ദലന മറിയത്തിന്റെ പള്ളി-വിനോയ് തോമസ്

കരിക്കോട്ടക്കരി എന്ന നോവലിലൂടെ വരവറിയിച്ച എഴുത്തുകാരനാണ് വിനോയ്. വിശുദ്ധ മഗ്ദലന മറിയത്തിന്റെ പള്ളി വായിച്ചുതീരുമ്പോഴേക്കും സമകാലികരായ എഴുത്തുകാര്‍ക്ക് കടുത്ത വെല്ലുവിളി വിനോയ് തോമസ് ഉയര്‍ത്തിയേക്കും എന്നുതോന്നിയാല്‍ അത്ഭുതപ്പെടേണ്ട. ഇറച്ചിവെട്ടുകാരനായ സാംസന്റെ ജീവിത പരിസരങ്ങളിലൂടെ ധൈര്യത്തിനുളള മരുന്ന് തേടുകയാണ് കഥാകാരന്‍ ഇതില്‍. പോത്തിലൂടെ, ചെറിയാന്‍ ചേട്ടനിലൂടെ തയ്യാറാക്കപ്പെടുന്ന രുചി വൈവിധ്യങ്ങള്‍ക്കും വിവരണങ്ങള്‍ക്കും കഥയെന്നതില്‍ കവിഞ്ഞുളള വസ്തുതകളാണോ എന്നുളളത് വായനക്കാരുടെ യുക്തിക്ക് വിടുന്നു. വായനയിലെ രസച്ചരട് പൊട്ടാതെ ആവിഷ്‌കരിക്കുന്നതിലും അവസാനിപ്പിക്കുന്നതിലുമുളള കൈയടക്കം ഇതിനുശേഷം പുറത്തിറങ്ങിയ വിനോയിയുടെ ഉടമസ്ഥനും പ്രകടിപ്പിക്കുന്നുവെന്നതാണ് സവിശേഷത. സമകാലിക മലയാളത്തിന്റെ ഓണപ്പതിപ്പിലാണ് വിശുദ്ധ മഗ്ദലന മറിയത്തിന്റെ പള്ളി പ്രസിദ്ധീകരിച്ചത്. ഉടമസ്ഥനാകട്ടെ നവംബര്‍ മാസത്തില്‍ പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപതിപ്പിലും.

2. മോദസ്ഥിതനായങ്ങു വസിപ്പു മലമേലെ-എസ് ഹരീഷ്

എന്തുകൊണ്ടാണ് എസ് ഹരീഷ് എഴുതുന്നത് വായിക്കാനായി ഏവരും കാത്തിരിക്കുന്നുവെന്നതിന്റെ ഉത്തരം കൂടിയാണ് മോദസ്ഥിതനായങ്ങു വസിപ്പു മലമേലെ. ഒരു പ്രണയവിവാഹത്തിന്റെ മുന്നൊരുക്കങ്ങളില്‍ നായര്‍-ഈഴവ പരിസരത്തെ ജാതി ചിന്തകളെ തുറന്നിടുകയാണ് ഹരീഷ് ഇതിലൂടെ. ഭക്ഷണത്തിലൂടെ, വസ്ത്രത്തിലൂടെ, സംസാരത്തിലെ ശൈലി പ്രയോഗങ്ങളിലൂടെ രണ്ടു കുടുംബങ്ങള്‍ പുലര്‍ത്തുന്ന ബോധ്യങ്ങളെ സസൂക്ഷ്മം ആവിഷ്‌കരിക്കാനും ജാതിയെ അതെങ്ങനെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഒതുക്കത്തില്‍ ഹരീഷ് കാട്ടിത്തരുന്നു. മാവോയിസ്റ്റിലും ആദത്തിലും വായിച്ചറിഞ്ഞ കഥാകാരനായ ഹരീഷിനെ മോദസ്ഥിതനായങ്ങു വസിപ്പു മലമേലെ എന്ന പേര് മുതല്‍ തുടങ്ങുന്ന രാഷ്ട്രീയ സൂക്ഷ്മാര്‍ത്ഥങ്ങള്‍ വെച്ചളന്നാല്‍ കണ്ടുകിട്ടില്ല. അവിടെയാണ് ഹരീഷിലെ എഴുത്തുകാരന്‍ വിജയിക്കുന്നതും. മാതൃഭൂമി ആഴ്ചപതിപ്പിലാണ് ഹരീഷിന്റെ കഥയും അച്ചടിച്ചുവന്നത്.

3. കപ്പിത്താന്‍ കൈദ് ഹോംസ്‌റ്റേ-ബോണി തോമസ്

കൊച്ചിയുടെ ചരിത്രകഥകള്‍ ബോണി തോമസിനേറെ അറിയാവുന്നതാണ്. പശ്ചിമ കൊച്ചിയുടെ ഭൂപരിസരങ്ങളിലൂടെ തികഞ്ഞ ക്രാഫ്റ്റിലൂടെയാണ് കപ്പിത്താന്‍ കൈദ് ഹോംസ്‌റ്റേയുടെ സഞ്ചാരം. കഥയിലെ പ്രധാനിയായ ജോണപ്പനെ മായികമായി നയിച്ചുകൊണ്ട് ചേരുംപടിയെന്ന പോലെ ചിത്രകുറിപ്പുകള്‍ കാട്ടിയും വായനക്കാരനെ കൂടെ നടത്തുകയുമാണ്. മൈനയായി ഫുട്‌ബോള്‍ കൊത്തിപ്പറക്കുന്ന ജോണപ്പന്‍ പിന്നീട് സെബസ്ത്യാനോസാകുകയും കഥ മായികമായി തോന്നുകയും ചെയ്യുന്നു. ചിരപരിചിതമല്ലാത്ത രീതിയുണ്ടെങ്കിലും കെട്ടുകഥയേതെന്ന് പിടികിട്ടാതെ മികച്ച വായനാനുഭവം നല്‍കാന്‍ കപ്പിത്താന്‍ കൈദ് ഹോംസ്‌റ്റേയ്ക്ക് ആകുന്നുണ്ട്. 2016 ജനുവരി ആദ്യം പുറത്തിറങ്ങിയ മാതൃഭൂമിയിലാണ് കപ്പിത്താന്‍ കൈദുളളത്.

4. കൊല്ലപ്പാട്ടി ദയ-ജി. ആര്‍ ഇന്ദുഗോപന്‍

രാഷ്ട്രീയ വായനകളേറെയുളള എലിവാണമെന്ന മികച്ച കഥ കഴിഞ്ഞവര്‍ഷമെഴുതിയ ഇന്ദുഗോപന്‍ ഇത്തവണയും നിരാശപ്പെടുത്തിയിട്ടില്ല. കൊല്ലപ്പാട്ടി ദയ കാലത്തെ മുന്‍നിര്‍ത്തി തന്നെ വായിക്കപ്പെടേണ്ടതാണ്. ബൗദ്ധികനാട്യമുളള പത്രപ്രവര്‍ത്തകനായ ശരാശരി മലയാളിയെ കഥ ചോദ്യം ചെയ്യുന്നതിനൊപ്പം വായനക്കാരനെ അസ്വസ്ഥതപ്പെടുത്തുകയും ചെയ്യുന്നു. കുടുംബപരിസരത്ത് തമിഴ്കുടുംബം വാടകയ്ക്ക് താമസിക്കുന്നതിനെ മുന്‍നിര്‍ത്തി മലയാളിയുടെ ശീലാനുശീലങ്ങളെയും ധാരണകളെയും വരച്ചുകാട്ടുന്ന കഥ തമിഴ്‌നാട്ടിലെ ദുരാചാരമായ തലൈക്കൂത്തലിലാണ് അവസാനിപ്പിക്കുന്നത്. എന്‍എസ് മാധവന്‍ കഴിഞ്ഞ വര്‍ഷമെഴുതിയ മഞ്ഞപ്പതിറ്റടി എന്ന ചെറുകഥയും നേരത്തെ തലൈക്കൂത്തലിനെ രേഖപ്പെടുത്തിയിരുന്നു. 2016 ജൂലൈയില്‍ ഇറങ്ങിയ മാതൃഭൂമിയിലാണ് കൊല്ലപ്പാട്ടി ദയ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

5. പാമരം, മൃതിനിര്‍വേദം-സോക്രട്ടീസ് കെ വാലത്ത്

സോക്രട്ടീസിന്റെ കഥകള്‍ക്ക് ചിലപ്പോള്‍ സ്വാഭാവിക പരിണതിയുണ്ടാകാറുണ്ട്. മറ്റ് ചിലപ്പോളാകട്ടെ ക്രാഫ്റ്റിനുമേല്‍ കൈയടക്കം പാലിച്ച് അമ്പരപ്പിക്കുകയും ചെയ്യുന്നു. വാഹനമെന്ന ചെറുകഥയാണ് എപ്പോഴും സോക്രട്ടീസിനെ വായിക്കുമ്പോള്‍ ഓര്‍മ്മ വരുന്നതും. മെയ്ദീനി, പാമരം ഇതില്‍ ഈ വര്‍ഷം അവസാനത്തേതാണ് മൃതിനിര്‍വേദം. സംവേദന തലത്തില്‍ വളച്ചുകെട്ടില്ലാതെ വായനക്കാരനിലേക്ക് ഇടിച്ചുകയറുകയും സ്പര്‍ശിക്കുകയും ചെയ്യുന്നതാണ് പാമരവും മൃതിനിര്‍വേദവും. പ്രായത്തിന്റെയും പക്വതയുടെയും കണിശതയാല്‍ ജീവിതത്തെ നേരിടേണ്ടത് എങ്ങനെയെന്ന് കൊച്ചുമകന് പാമരത്തില്‍ കാട്ടിക്കൊടുക്കുന്നു. അതേസമയം രതിനിര്‍വേദമെന്ന ചലച്ചിത്രം ഓര്‍മിപ്പിച്ച് ഒരു കാലഘട്ടത്തെ പ്രണയദാഹത്തെ ഉപകഥകളിലൂടെ സിനിമാഖ്യാനമെന്ന രീതിയില്‍ മൃതിനിര്‍വേദത്തില്‍ സോക്രട്ടീസ് ആവിഷ്‌കരിക്കുന്നു. കാലത്തെ, രാഷ്ട്രീയത്തെ കഥയ്ക്കുള്ളിലൂടെ കടത്തിക്കൊണ്ടുപോകാന്‍ കൃത്യമായി സോക്രട്ടീസിന് കഴിയുന്നുണ്ട്. പാമരവും മൃതിനിര്‍വേദവും മാതൃഭൂമി ആഴ്ചപതിപ്പിലാണ് വന്നതും.

6. എല്ലാ ആണുങ്ങളും അവരുടെ അന്‍പത്തിയൊന്നാം വയസില്‍ മരിക്കുന്നു-കരുണാകരന്‍

പേരുപോലെ തന്നെയാണ് കഥാപരിസരവും. അന്‍പത്തിയൊന്നാം പിറന്നാള്‍ ദിവസം അച്ഛനെയാണ് തനിക്ക് ഓര്‍മ്മ വന്നതെന്ന് പറഞ്ഞാണ് കഥയുടെ തുടക്കം. ജീവിതത്തിലേക്ക് തുറന്നുവെച്ച ഓര്‍മ്മകളിലൂടെ അച്ഛനിലേക്ക് നീങ്ങുകയും ആഖ്യാനത്തില്‍ സവിശേഷത പുലര്‍ത്തി ഭ്രമിപ്പിക്കുകയും ചെയ്യുന്നുണ്ട്. വളരെക്കുറച്ച് മാത്രം എഴുതുന്ന കരുണാകരന്റെ കഥകള്‍ അതിനപ്പുറത്തെ വായന അര്‍ഹിക്കുന്നതാണ്. മലയാള മനോരമയുടെ ഓണപതിപ്പിലാണ് കരുണാകരന്റെ കഥ അച്ചടിച്ചുവന്നത്.

7. പാദുകപൂജ-മനോജ് ജാതവേദര്

എന്റെയച്ഛന്‍ ഒരു ആത്മഹത്യക്കാരനായിരുന്നു അതുപക്ഷേ ഇംഗ്ലീഷില്‍ പറയാന്‍ എനിക്കറിയുമായിരുന്നില്ലെന്ന് രസകരമായി ആരംഭിച്ച് ഭ്രമിപ്പിക്കുന്ന ചിന്തകളാല്‍ അമ്പരിപ്പിക്കുന്നതാണ് മനോജ് ജാതവേദരുടെ പാദുകപൂജയെന്ന കഥ. നിലനില്‍ക്കുക എന്നാല്‍ കീഴടക്കുക, കീഴടക്കുക എന്നാല്‍ ഒറ്റപ്പെടുക. ഒറ്റപ്പെടുക എന്നാല്‍ അരക്ഷിതമായിരിക്കുക. അരക്ഷിതമായിരിക്കുക എന്നാല്‍ തോല്‍പ്പിക്കപ്പെടുക. വിജയിക്കുക എന്നാല്‍ തോല്‍പ്പിക്കപ്പെടുകയെന്നാണ് അര്‍ത്ഥമെന്ന് കഥയിലൂടെ ജാതവേദര് പറഞ്ഞുവെക്കുമ്പോള്‍ ആലോചിക്കാതിരിക്കാനാവില്ല. സ്വയം കിറുക്കുകളില്‍ കൃതാര്‍ത്ഥനായ വ്യക്തിയിലൂടെ മറ്റുളളവര്‍ക്ക് ഭ്രാന്തമെന്ന് തോന്നുന്ന ആലോചനകളിലൂടെ ലഹരി പടര്‍ത്തുന്നതാണ് പാദുകപൂജയെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ചിന്തകളുടെ വൈവിധ്യങ്ങളാല്‍ ആവിഷ്‌കാര സമൃദ്ധമാണ് കഥ.

8. കൂ-ലാസര്‍ഷൈന്‍

ഭാഷയും ഉള്‍ക്കാഴ്ചയുമാണ് എഴുത്തുകാര്‍ക്കേറ്റം വേണ്ടതെന്നും പുതിയ എഴുത്തുകാരില്‍ അത് ആവശ്യത്തിലേറെയുളളത് ലാസര്‍ ഷൈനാണെന്നുമാണ് കഥാകൃത്തായ എസ്.ഹരീഷ് ലാസറിന്റെ പുസ്തകത്തിനെഴുതിയ ആമുഖത്തില്‍ പറഞ്ഞത്. എഴുത്തിലും ഹരീഷില്‍ നിന്നാണ് ചിലപ്പോള്‍ ലാസര്‍ ഊര്‍ജം കൊള്ളുന്നതെന്ന് കൂ വായിക്കുമ്പോള്‍ തോന്നും. പുലി വളര്‍ത്തിയ മെമ്പര്‍ റാഹേലിനെച്ചാരി പറഞ്ഞുപോകുന്ന കൂവിന്റെ ആഖ്യാനം സവിശേഷമാണ്. അതോടൊപ്പം സ്വതസിദ്ധ ശൈലിയില്‍ കഥാപരിസരം ചിട്ടപ്പെടുത്താനും എഴുത്തുകാരനെ ഒളിച്ചുകടത്താനും സവിശേഷ പാടവമുണ്ട് ലാസറിന്. മാതൃഭൂമിയില്‍ തന്നെയാണ് കൂ അച്ചടിച്ച് വന്നതും. ഈ വര്‍ഷം മാതൃഭൂമിയില്‍ വന്ന ലാസറിന്റെ അണ്ഡമെന്ന മറ്റൊരു കഥയും വ്യത്യസ്ത്യ വായന ആവശ്യപ്പെടുന്നതാണ്.

9. സമരന്‍ഗണപതി-വിവേക് ചന്ദ്രന്‍

പ്രഭാതത്തിന്റെ മണം അതായിരുന്നു വിവേക് ചന്ദ്രന്‍ വരവറിയിച്ച കഥ. ശേഷം സമരന്‍ ഗണപതി, ഭൂമി എന്നിങ്ങനെ രണ്ടുകഥകളാണ് ഈ വര്‍ഷം വിവേകിന്റെതായി വായിച്ചത്. ഒരു ബോക്‌സിങ് മത്സരത്തിന്റെ, താരത്തിന്റെ കഥയിലൂടെ ഉറക്കത്തിനും ഉണര്‍വിനുമിടയിലെന്ന പോലെയാണ് കഥയുടെ ഗതിയും. എഴുത്തില്‍ ഓര്‍മ്മകളെയും സ്വപ്‌നങ്ങളെയും കൂട്ടുപിടിച്ചുളള ആഖ്യാനമാണ് വിവേകിന്റേത്. പതിവുവിട്ടുളള കഥാപരിസരത്ത് നടത്തുന്ന ആത്മാന്വേഷണമാണ് വിവേകിന്റെ കഥകളെ വായിക്കാന്‍ പ്രേരിപ്പിക്കുന്നത്. സമകാലിക മലയാളം ആഴ്ചപതിപ്പിലെ ജനുവരി ലക്കത്തിലാണ് സമരന്‍ഗണപതി പ്രസിദ്ധീകരിച്ചിരുന്നത്.

10. കടവരാല്‍-ഫ്രാന്‍സിസ് നെറോണ

സമകാലിക മലയാളത്തിന്റെ ഓണപ്പതിപ്പില്‍ നിന്നാണ് ഫ്രാന്‍സിസ് നെറോണയെ വായിക്കാന്‍ കിട്ടുന്നത്. തീര്‍ച്ചയായും പുതിയ എഴുത്തുകാരുടേതില്‍ വായിക്കപ്പെടേണ്ട കഥയാണ് കടവരാല്‍. മധ്യവര്‍ഗ ജീവിതത്തിന്റെ സഞ്ചാരപഥത്തിന് ഇപ്പുറമുളള ഭൂരിപക്ഷത്തെ ജീവിതാവസ്ഥകള്‍ ചോരാതെ ആവിഷ്‌കരിക്കാന്‍ പറ്റിയെന്നതാണ് കടവരാലിനെ പ്രിയപ്പെട്ടതാക്കുന്നത്. റിസോര്‍ട്ടിലെ സെക്യൂരിറ്റി ജീവനക്കാരനായ ഭര്‍ത്താവും തുണിക്കടയിലെ സെയില്‍സ് ഗേളായ ഭാര്യയും അടങ്ങിയ കഥാചുറ്റുപാടിനെ തന്മയത്വത്തോടെ ഫ്രാന്‍സിസ് നെറോണ എഴുതി ഫലിപ്പിച്ചിട്ടുണ്ട്. സാധാരണക്കാരന്റെ ജീവിതവ്യഥകളെ ഭാവനസഹജമായും യുക്തിയോടെയുമാണ് കാണാന്‍ കഴിയുന്നതും.