പോയിന്റ് ബ്ലാങ്കില്‍ വിനായകന്‍: ‘മനസിലുള്ളത് അയ്യങ്കാളി; ഫെറാരി കാറില്‍ വരണമെന്നാണ് ചിന്ത, പറ്റുമെങ്കില്‍ സ്വര്‍ണകിരീടവും ചൂടി’ 

March 13, 2017, 8:14 pm
പോയിന്റ് ബ്ലാങ്കില്‍ വിനായകന്‍: ‘മനസിലുള്ളത് അയ്യങ്കാളി; ഫെറാരി കാറില്‍ വരണമെന്നാണ് ചിന്ത, പറ്റുമെങ്കില്‍ സ്വര്‍ണകിരീടവും ചൂടി’ 
Media
Media
പോയിന്റ് ബ്ലാങ്കില്‍ വിനായകന്‍: ‘മനസിലുള്ളത് അയ്യങ്കാളി; ഫെറാരി കാറില്‍ വരണമെന്നാണ് ചിന്ത, പറ്റുമെങ്കില്‍ സ്വര്‍ണകിരീടവും ചൂടി’ 

പോയിന്റ് ബ്ലാങ്കില്‍ വിനായകന്‍: ‘മനസിലുള്ളത് അയ്യങ്കാളി; ഫെറാരി കാറില്‍ വരണമെന്നാണ് ചിന്ത, പറ്റുമെങ്കില്‍ സ്വര്‍ണകിരീടവും ചൂടി’ 

താന്‍ അയ്യങ്കാളി ചിന്താഗതിക്കാരനാണെന്നും പുലയനാണെന്ന് കരുതി ഇതുവരെ മാറിനിന്നിട്ടില്ലെന്നും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിനായകന്‍. 'റിയല്‍ ആവാനാണ് എനിക്കിഷ്ടം. എന്നെത്തന്നെ കോമഡിയാക്കി വില്‍ക്കാന്‍ എനിക്ക് കഴിയില്ല. ഒന്നുമില്ലായ്മയില്‍ നിന്ന് ഫൈറ്റ് ചെയ്താണ് മുമ്പോട്ട് വന്നത്.', ഏഷ്യാനെറ്റ് ന്യൂസില്‍ ജിമ്മി ജെയിംസ് അവതാരകനായ 'പോയിന്റ് ബ്ലാങ്കി'ലാണ് വിനായകന്റെ തുറന്നുപറച്ചില്‍.

എന്തുകൊണ്ടായിരിക്കും വിനായകന് അവാര്‍ഡ് വേണമെന്ന് ഇക്കുറി പ്രേക്ഷകര്‍ അത്രയധികം ആഗ്രഹിച്ചതെന്നായിരുന്നു അഭിമുഖകാരന്റെ ആദ്യ ചോദ്യം. അതിനുള്ള വിനായകന്റെ മറുപടി ഇങ്ങനെ..

“ഗംഗ ഒരു വേദന ഉണ്ടാക്കിയിട്ടുണ്ട് പ്രേക്ഷകരില്‍. അതാണ് അതിന്റെ ഒരു പ്രധാന കാരണം. പിന്നെ, ഒരു പ്രതിഷേധം കൂടി അതിലുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എന്തിനുവേണ്ടിയാണ് ജീവിക്കുന്നതെന്ന് ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്കറിയാം. രാജ്യത്ത് ഇന്ന് നടക്കുന്ന പല പ്രതിഷേധങ്ങളിലും പൊതുവായി എന്തോ ഒന്നുണ്ട്. അതിലെവിടെയോ ‘കമ്മട്ടിപ്പാടം’ എന്ന സിനിമ വന്ന് നിന്നിട്ടുണ്ട്. ഡല്‍ഹിയില്‍ പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോള്‍ ഒരു വലിയ പ്രതിഷേധം കണ്ടു. അണ്ണാ ഹസാരെയ്‌ക്കൊപ്പം മുതിര്‍ന്നവരല്ല സമരത്തിനെത്തിയത്. ഭരിക്കുന്നത് ആറോ എട്ടോ പേരായിരിക്കാം, പക്ഷേ ഭരിക്കപ്പെടുന്നത് വളരെ വലിയ സമൂഹമാണ്. പല രീതിയില്‍ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെ വേദനയാണ് ഈ പ്രതിഷേധങ്ങളില്‍..” 

എതിര്‍ക്കപ്പെടേണ്ടതിനെ എതിര്‍ത്തും പറയാനുള്ളത് പറഞ്ഞുമാണ് ഇത്രയും നാള്‍ ജീവിച്ചതെന്നും ഇനിയും അങ്ങനെ തന്നെയാണ് ജീവിക്കുകയെന്നും വിനായകന്‍. “ഞാന്‍ കമ്മട്ടിപ്പാടത്താണ് ജീവിക്കുന്നത്. അവിടുത്തെ ഭാഷയാണ് ഉപയോഗിക്കുന്നത്. എന്നും രാവിലെ വീടിന് മുന്നില്‍ ആളുകള്‍ വെളിക്കിരിക്കാന്‍ വരും. അവരോട് പറയുന്ന ഭാഷയുണ്ട്. അതേ അവിടെ പറയാന്‍ കഴിയൂ. എല്ലാവരും പറയുന്നതു പോലെ ഞാനും പറയണമെന്ന് നിര്‍ബന്ധിക്കരുത്. അവാര്‍ഡ് കിട്ടിയതുകൊണ്ട് കമ്മട്ടിപ്പാടത്ത് നിന്ന് മാറാന്‍ ഉദ്ദേശമില്ല. എന്റെ കൂട്ടുകാരെ വിട്ട് പോകണമെന്ന് ഇതുവരെ തോന്നിയിട്ടില്ല”, വിനായകന്‍ പറയുന്നു.

ജാതി, മതം, കറുപ്പ് തുടങ്ങിയ പ്രശ്‌നങ്ങളെ മുഴുവന്‍ ഞാന്‍ മറികടന്ന് പോയിട്ടുണ്ട്. അവ ഉപയോഗിച്ച് എതിര്‍ക്കാന്‍ നോക്കുമ്പോഴൊക്കെ താനത് തുടച്ചുകളഞ്ഞ് മുന്നോട്ട് വന്നിട്ടുണ്ടെന്നും വിനായകന്‍ പറഞ്ഞു.

ഞങ്ങളെപ്പോലുള്ളവര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ക്ക് മീതെ ആദ്യമൊരു പാലമാണ് വരിക.അതിനു മേലെ മാത്രം ലൈറ്റുകള്‍ തെളിയും,താഴെ ഇരുട്ടായി തുടങ്ങും. അവര്‍ ഞങ്ങളെ മുകളില്‍ നിന്ന് നോക്കിത്തുടങ്ങും. പതിയെ പതിയെ ഞങ്ങള്‍ക്ക് നിറം കെടും. നുമ്മ ജീവിച്ചിരുന്ന വലിയ ടൗണ്‍ അവര്‍ക്ക് വെറും ‘ഡാര്‍ക്ക് സീനാ’യി മാറും. ഞാനൊരു അയ്യങ്കാളി ചിന്തയുള്ളവനാണ്. പറ്റുമെങ്കില്‍ ഒരു ഫെറാരി കാറില്‍ തന്നെ വരണം എന്ന് കരുതുന്നു. ഒരു സ്വര്‍ണ്ണ കിരീടം വെക്കാന്‍ പറ്റുമെങ്കില്‍ അതും ചെയ്യും. 
വിനായകന്‍ 

സംഗീതത്തെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് വിനായകന്റെ മറുപടി ഇങ്ങനെ. “ഞാന്‍ ഒരു പുലയന്‍ ആയതു കൊണ്ട് ആ ചവിട്ടിന്റെ താളം നൃത്തത്തിലും സംഗീതത്തിലും ഉണ്ടാവും. ചെളിപൂണ്ട ഇടത്ത് ഓണത്തിന് പത്തുനാള്‍ അമ്മയ്‌ക്കൊപ്പം ഓണം കളിച്ചിട്ടുണ്ട്. അവാര്‍ഡ് വാര്‍ത്തയറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ജിലേബി കഴിപ്പിക്കാന്‍ ശ്രമിച്ചതിനെയും വിനായകന്‍ വിമര്‍ശിച്ചു. 'മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ ചില ആംഗ്യങ്ങള്‍ കാണിക്കാന്‍ പറഞ്ഞു. അമ്മയെ കെട്ടിപ്പിടിക്കാന്‍ പറഞ്ഞു. എന്തിനാണ് എന്നോട് അമ്മയെ കെട്ടിപ്പിടിക്കാന്‍ പറയുന്നത്? ഹൈപ്പ് ക്രിയേറ്റ് ചെയ്യാനാണ് അവര്‍ ശ്രമിക്കുന്നത്. പക്ഷേ എനിക്ക് റിയല്‍ ആവാനാണ് ഇഷ്ടം. ഞാനൊരു മൂന്നാം പേജ് അല്ല. കോമഡി കാണിച്ച് എന്നെത്തന്നെ വില്‍ക്കാന്‍ കഴിയില്ല. കാരണം അത്തരമൊരു ജീവിതമല്ല ജീവിച്ചത്”, വിനായകന്‍ കൂട്ടിച്ചേര്‍ത്തു.