മോഹന്‍ലാല്‍ 3 വര്‍ഷം കാത്തിരുന്നു, ക്യാമറയുമായി ജിതേഷ് ദാമോദറും; അതികാലത്ത് പകര്‍ത്തിയ സൈക്കിള്‍ സവാരിയുടെ അണിയറക്കഥ 

March 21, 2017, 6:43 pm
മോഹന്‍ലാല്‍ 3 വര്‍ഷം കാത്തിരുന്നു, ക്യാമറയുമായി ജിതേഷ് ദാമോദറും; അതികാലത്ത് പകര്‍ത്തിയ സൈക്കിള്‍ സവാരിയുടെ അണിയറക്കഥ 
Media
Media
മോഹന്‍ലാല്‍ 3 വര്‍ഷം കാത്തിരുന്നു, ക്യാമറയുമായി ജിതേഷ് ദാമോദറും; അതികാലത്ത് പകര്‍ത്തിയ സൈക്കിള്‍ സവാരിയുടെ അണിയറക്കഥ 

മോഹന്‍ലാല്‍ 3 വര്‍ഷം കാത്തിരുന്നു, ക്യാമറയുമായി ജിതേഷ് ദാമോദറും; അതികാലത്ത് പകര്‍ത്തിയ സൈക്കിള്‍ സവാരിയുടെ അണിയറക്കഥ 

മുടവന്‍മുകളിലെ കുന്നിന് മുകളിലേക്ക് ആഞ്ഞുചവിട്ടിയ സൈക്കിളുമായെത്തുന്ന ബുദ്ധിമാന്ദ്യമുള്ള കുട്ടപ്പന്‍, എതിരെയെത്തുന്ന സൈക്കിളുമായി കുട്ടപ്പന്റെ സൈക്കിള്‍ കൂട്ടിയിടിക്കുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് കുന്നിന്‍മുകളിലെത്താനായി ആഞ്ഞുചവിട്ടിയ സൈക്കിളിലുണ്ടായിരുന്നത് മോഹന്‍ലാല്‍ വിശ്വനാഥന്‍ എന്ന ചെറുപ്പക്കാരനാണ്. തിരനോട്ടം എന്ന സിനിമയിലായിരുന്നു മോഹന്‍ലാലിനെ ആദ്യമായി മുവീക്യാമറയില്‍ പകര്‍ത്തിയ ഈ രംഗം. തിരനോട്ടം പുറത്തുവന്നില്ലെങ്കിലും ലാലിന്റെ ആദ്യ ചിത്രമായി ചരിത്രത്തില്‍ ഇടംകിട്ടി. മൂന്ന് പതിറ്റാണ്ടിനിപ്പുറം ഇന്ത്യയിലെ പ്രമുഖ താരങ്ങളിലൊരാളായി മാറിയ മോഹന്‍ലാലിന് ജന്മനഗരത്തില്‍ ആള്‍ക്കൂട്ടത്തിന്റെ അകമ്പടിയും ആര്‍ത്തിരമ്പലുമില്ലാതെ സൈക്കിള്‍ സവാരിക്കൊരു മോഹം തോന്നി. ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി പുലര്‍കാലം മുതല്‍ ആളുകളെത്തുന്ന തലസ്ഥാന നഗരിയിലൂടെ മോഹന്‍ലാല്‍ സൈക്കിള്‍ സവാരി നടത്തിയപ്പോള്‍ കൂടെയുണ്ടായിരുന്നത് അടുത്ത കൂട്ടുകാരും സഹായികളും പിന്നെ ജിതേഷ് ദാമോദര്‍ എന്ന ഫോട്ടോഗ്രാഫറും. സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായ മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരി പകര്‍ത്തിയതിനെക്കുറിച്ച് ജിതേഷ് ദാമോദറിന് പറയാനുള്ളത്.

ലാല്‍ തിരുവന്തപുരം എംജി റോഡിലൂടെ സൈക്കിള്‍ ചവിട്ടുന്നതും കോഫി ഹൗസിന് മുന്നിലൂടെ സൈക്കിള്‍ തള്ളി നീങ്ങുന്നതും ക്യാമറയില്‍ പകര്‍ത്തിയത് മൂന്ന് കൊല്ലത്തെ കാത്തിരിപ്പിനൊടുവിലാണ്. ക്യാമറയുമായി ജിതേഷ് ലാലിനൊപ്പം നടന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം നഗരം അടുത്തു കണ്ട ലാലിന്റെ പ്രതികരണങ്ങള്‍ കേള്‍ക്കുകയും ചെയ്തു.

മോഹന്‍ലാലിന്റെ വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു ഈ സവാരിയെന്ന് ജിതേഷ് പറയുന്നു. സിനിമയില്‍ വരുന്നതിന് മുമ്പ് സൃഹൃത്തുക്കള്‍ക്കൊപ്പം ചുറ്റിത്തിരിഞ്ഞ വഴികളിലൂടെ ഒരിക്കല്‍ കൂടി യാത്ര ചെയ്യണമെന്നായിരുന്നു ലാലിന്റെ ആഗ്രഹം. കോഫി ഹൗസിലും പങ്കജ് ഹോട്ടലും ആയിരുന്നു സിനിമാമോഹികളുടെ ആ കൂട്ടായ്മക്ക് വേദിയായിരുന്നത്. കോഫി ഹൗസിലേക്ക്‌ അന്ന് മിക്കപ്പോഴും ലാല്‍ യാത്ര ചെയ്തിരുന്നതും സൈക്കിളില്‍ ആണ്. അന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് എംബി സനല്‍കുമാര്‍ ആണ് ഇക്കുറി സൈക്കിള്‍ സവാരിക്കുള്ള സഹായം ചെയ്തു കൊടുത്തത്. സൈക്കിള്‍ സവാരിയെക്കുറിച്ച് ജിതേഷ് ദാമോദറിനെ അറിയിച്ചതും സനല്‍കുമാര്‍ ആണ്. മോഹന്‍ലാലിനോട് കാലങ്ങളായുള്ള സൗഹൃദമുണ്ട് ജിതേഷിന്

ഫോട്ടോ : ജിതേഷ് ദാമോദര്‍
ഫോട്ടോ : ജിതേഷ് ദാമോദര്‍

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലും പ്രിയദര്‍ശനും ഗീതാഞ്ജലി എന്ന ചിത്രത്തിനിടയില്‍ തിരുവന്തപുരത്ത്‌ ഒരുമിച്ചുണ്ടായിരുന്നു. സൈക്കിള്‍ സവാരി ആഗ്രഹത്തെക്കുറിച്ച് ഒരു സംസാരം ഉണ്ടായി. ആളാരവമൊഴിഞ്ഞ അനന്തപുരിയിലൂടെ മുടവന്‍മുകളുകാരന്‍ പയ്യന്റെ അതേ മനസ്സോടെ ചുറ്റിയടിക്കണമെന്നായിരുന്നു ലാലിന്റെ ആഗ്രഹം. ഒരു യാത്ര നടത്തിയാലോ എന്ന ചര്‍ച്ച അങ്ങനെ സൈക്കിള്‍ സവാരി മോഹം പുനര്‍ജനിച്ചു. ബി ഉണ്ണികൃഷ്ണന്റെ വില്ലന്‍ എന്ന സിനിമക്കുവേണ്ടി 20 ദിവത്തോളം ലാല്‍ നഗരത്തിലുണ്ടായിരുന്നു. പുലരുവോളം നീളുന്ന ഷൂട്ട് ആയത് കൊണ്ട് ആഗ്രഹം താല്കാലികമായി മാറ്റിവെച്ചു.

20ാം തീയതിയായിരുന്നു എറണാകുളത്തേക്ക് തിരിച്ചു പോവാന്‍ ലാല്‍ പദ്ധതിയിട്ടിരുന്നത്. തലേ ദിവസം രാത്രിയാണ് ഞാനറിഞ്ഞത് സൈക്കിള്‍ യാത്ര നടത്താന്‍ സാധ്യത ഉണ്ടെന്നറിഞ്ഞത്. രാവിലെ മൂന്നു മണിക്ക് പോയി കാത്തിരുന്നു. നാലരയോടെ ലാലേട്ടന്‍ സെക്രട്ടേറിയറ്റിന് മുന്നിലെ മാധവരായ പ്രതിമക്ക് പിന്നില്‍ കാറില്‍ വന്നിറങ്ങി. നഗരം വിജനമായതിനാല്‍ കൗതുകത്തോടെ കെട്ടിടങ്ങളും പ്രതിമയും ചുറ്റുപാടുമെല്ലാം ആസ്വദിച്ചിരിക്കുകയായിരുന്നു അദ്ദേഹം. ഇതേ മനുഷ്യന്‍ കുറച്ചു മണിക്കൂറുകള്‍ക്കിപ്പുറം ഇതേ സ്ഥലത്ത് വന്നിറങ്ങിയാല്‍ പൂരത്തിനുള്ള ആളുകളെത്തുമല്ലോ. സനല്‍കുമാറും ലാലേട്ടന്റയുമൊക്കെ ചെറുപ്പത്തില്‍ നഗരത്തിന്റെ രൂപവും ഭാവവുമൊക്കെ എങ്ങനെയായിരുന്നു എന്നൊക്കെ ഓര്‍ത്തെടുക്കുകയായിരുന്നു രണ്ടുപേരും. ഈ വലിയ ഇത്ര വലിയ ബില്‍ഡിങ്ങൊന്നും അന്നുണ്ടായിരുന്നില്ലെന്ന് പറഞ്ഞു. ഇപ്പോഴാണ് വലിയ കെട്ടിടങ്ങള്‍ വന്നതെന്ന് മാധവരായ പ്രതിമക്ക് അടുത്ത് നിന്ന് ലാലേട്ടന്‍ സനില്‍കുമാറിനോട് പറയുന്നുണ്ടായിരുന്നു. പ്രതിമയുടെ അടുത്ത് സജ്ജമാക്കി വച്ചിരിക്കുന്ന സൈക്കിളിന് അടുത്തേക്ക് നടന്നു. സൈക്കിളിന്റെ ബ്രേക്ക് ശരിയാണോ എന്ന് നോക്കി. മെല്ലെ സൈക്കിളില്‍ കയറി മാധവരായ പ്രതിമക്ക് വലം വച്ചു. എന്നിട്ട് നേരെ എംജി റോഡിലേക്ക് കയറി, കോഫി ഹൗസ് ലക്ഷ്യമാക്കി സൈക്കിള്‍ ചവിട്ടി. ഞാന്‍ സൈക്കിളിന്റെ മുന്നിലൂടെ നടന്ന് ഫോട്ടോ എടുത്തുകൊണ്ടിരുന്നു. നഗരത്തിന്റെ ഭംഗിയൊക്കെ നോക്കി വളരെ പതുക്കെയായിരുന്നു ലാല്‍ സൈക്കിള്‍ ചവിട്ടിക്കൊണ്ടിരുന്നത്. എജി ഓഫീസ് കഴിഞ്ഞ് വൈഡബ്ലിയുസിജെ കടന്ന് കോഫി ഹൗസിന്റെ അടുത്തെത്തിയപ്പോള്‍ കാല്‍കുത്തി നിന്നു. ഇവിടെയാണ് പണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം രാത്രികളെ പകലാക്കിയിരുന്നതെന്ന് ചിരിയോടെ പറഞ്ഞു. ആ കോഫി ഹൗസ് ഇപ്പോള്‍ ഇല്ലെന്ന് പറഞ്ഞ് സൈക്കിള്‍ തള്ളി നടക്കാന്‍ തുടങ്ങി. 50 മീറ്റര്‍ നടന്നപ്പോഴേക്കും കാര്‍ വന്നു. ഇത്രയും മതി, ഇത്രയുമേ വേണ്ടിയിരുന്നുള്ളൂ എന്ന് പറഞ്ഞു. എന്നിട്ട് കാറില്‍ കയറി പോയി. അതിരാവിലെ സവാരിക്കിറങ്ങിയവരൊക്കെ അന്തം വിട്ട് അവിശ്വസനീയതയോടെ ലാലേട്ടനെ നോക്കുന്നുണ്ടായിരുന്നു. അതികാലത്ത് നഗരത്തില്‍ സൂപ്പര്‍താരത്തെ കണ്ടവരുടെ കൗതുകത്തേക്കാള്‍ എന്റെ ക്യാമറ ആസ്വദിച്ച് പകര്‍ത്തിയത് തന്റെ പ്രിയനഗരത്തെ ആരവങ്ങളോ,അകമ്പടിയോ ഇല്ലാതെ കൗതുകത്തോടെ നോക്കി ചുറ്റിക്കാണുന്ന ലാലേട്ടനെയായിരുന്നു.  
ജിതേഷ് ദാമോദര്‍, ഫോട്ടോഗ്രാഫര്‍ 
ജിതേഷ് ദാമോദര്‍ മോഹന്‍ലാലിനൊപ്പം 
ജിതേഷ് ദാമോദര്‍ മോഹന്‍ലാലിനൊപ്പം 

കേരളകൗമുദിയില്‍ വന്ന ചിത്രവും വാര്‍ത്തയും കണ്ട് ലാല്‍ ജിതേഷ് ദാമോദറിനെ വിളിച്ച് ആഭിനന്ദിക്കുകയും ചെയ്തു. നന്നായിട്ടുണ്ട്. പലരും വിളിച്ചെന്നും വാട്‌സാപ്പ് സന്ദേശങ്ങള്‍ വന്നെന്നും പറഞ്ഞു.

കാസര്‍ഗോഡുകാരനായ ജിതേഷ് 2004ല്‍ ആണ് തിരുവന്തപുരത്ത് എത്തുന്നത്. കേരളകൗമുദിയില്‍ ഫോട്ടോഗ്രഫറായി ജോലി നേടി. കേരള കൗമുദിയില്‍ ചീഫ് സബ് എഡിറ്ററായ ആശാ മോഹനാണ് ഭാര്യ. നന്മ, നിരഞ്ജന്‍ എന്നിവരാണ് മക്കള്‍.