മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി; ‘അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം അംഗീകരിക്കാന്‍ കഴിയില്ല’

April 9, 2017, 3:24 pm
മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി; ‘അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം അംഗീകരിക്കാന്‍ കഴിയില്ല’
Media
Media
മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി; ‘അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം അംഗീകരിക്കാന്‍ കഴിയില്ല’

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി; ‘അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം അംഗീകരിക്കാന്‍ കഴിയില്ല’

പത്തനംതിട്ട: മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

ഹണി ട്രാപ്പ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത കെ ജയചന്ദ്രനില്‍ നിന്നും വിശദീകരണം തേടാനും യൂണിയന്‍ തീരുമാനിച്ചു. മംഗളത്തിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച കൊച്ചിയിലെ മംഗളം മാധ്യമ പ്രവര്‍ത്തകന്‍ മിഥുന്‍ പുല്ലുവഴിയോടും വിശദീകരണം ആരായും. മിഥുനെതിരെ എറണാകുളം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയ്ക്ക് പരാതി നല്‍കിയിരുന്നു. മംഗളത്തിനെതിരേയും ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും നടക്കുന്ന പൊലീസ് അതിക്രമങ്ങളെ യൂണിയന്‍ അപലപിച്ചു.

യൂണിയന്‍ അംഗത്വം ഒഴിയാന്‍ സന്നദ്ധനാണെന്ന് മംഗളം പത്രപ്രവര്‍ത്തകര്‍ വഴി അജിത്ത്കുമാര്‍ യൂണിയനെ അറിയിച്ചിരുന്നു. ചാനല്‍ സിഇഒ ആയതോടെ സാങ്കേതികമായി അജിത്ത്കുമാറിന്റെ യൂണിയന്‍ അംഗത്വം ഇല്ലാതാകുമായിരുന്നു. എന്നാല്‍ ഇതുവരെ യൂണിയന്‍ അദ്ദേഹത്തെ ഒഴിവാക്കിയിരുന്നില്ല.

അജിത്ത്കുമാറും ജയചന്ദ്രനും അടക്കം അഞ്ച് പേരെയാണ് ഹണി ട്രാപ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. എകെ ശശീന്ദ്രനെ ഫോണ്‍ സംഭാഷണത്തില്‍ കുടുക്കാന്‍ മംഗളം ചാനല്‍ കുറ്റകരമായ ഗൂഢാലോചനം നടത്തിയെന്ന പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ലൈംഗികച്ചുവയുള്ള സംഭാഷണം ചാനലില്‍ സംപ്രേഷണം ചെയ്തു, മന്ത്രിയെ അപമാനിക്കാനായി ഫോണ്‍ സംഭാഷണം പരസ്യപ്പെടുത്തി, ലൈംഗികച്ചുവയുള്ള ഫോണ്‍ റെക്കോഡിങ്ങ് ഫെയ്സ്ബുക്ക് വഴി പരസ്യപ്പെടുത്തി, എന്നീ കുറ്റങ്ങള്‍ക്കും മംഗളം ചാനലിനെതിരെ കേസുണ്ട്.

മംഗളം ചാനല്‍ ലോഞ്ചിനോട് അനുബന്ധിച്ച് പുറത്തുവിട്ട വാര്‍ത്തയെത്തുടര്‍ന്ന് ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ രാജി വെയ്ക്കേണ്ടി വന്നിരുന്നു. മന്ത്രിയുടെ അടുക്കല്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിന്റെ റെക്കോഡിങ്ങ് എന്ന് അവകാശപ്പെട്ടായിരുന്നു ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ത്ത ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചെടുത്തതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ചനലിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഫോണ്‍ സംഭാഷണം ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചതല്ലെന്നാണ് ചാനല്‍ സിഇഒ അജിത്ത് കുമാര്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നത്. പരാതിക്കാരി സമയമാകുമ്പോള്‍ പുറത്തുവരും. ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും സിഇഒ പറഞ്ഞിരുന്നു. എന്നാല്‍ മാര്‍ച്ച് 30-ാം തീയതി രാത്രിയോടെ മംഗളത്തിലെ മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ചാണ് ഫോണ്‍ സംഭാഷണം ശേഖരിച്ചതെന്ന് അജിത്ത് കുമാര്‍ കുറ്റസമ്മതം നടത്തി.