നായശല്യത്തില്‍ എഡിറ്റോറിയലും എസ്എഫ്‌ഐ അക്രമം ഒന്നാംപേജിലും, വൈദികന്റെ പീഡനം മനോരമ ഒറ്റക്കോളത്തിലൊതുക്കിയ വിധം

March 1, 2017, 1:19 pm
നായശല്യത്തില്‍ എഡിറ്റോറിയലും എസ്എഫ്‌ഐ അക്രമം ഒന്നാംപേജിലും, വൈദികന്റെ പീഡനം മനോരമ
ഒറ്റക്കോളത്തിലൊതുക്കിയ വിധം
Media
Media
നായശല്യത്തില്‍ എഡിറ്റോറിയലും എസ്എഫ്‌ഐ അക്രമം ഒന്നാംപേജിലും, വൈദികന്റെ പീഡനം മനോരമ
ഒറ്റക്കോളത്തിലൊതുക്കിയ വിധം

നായശല്യത്തില്‍ എഡിറ്റോറിയലും എസ്എഫ്‌ഐ അക്രമം ഒന്നാംപേജിലും, വൈദികന്റെ പീഡനം മനോരമ ഒറ്റക്കോളത്തിലൊതുക്കിയ വിധം

കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ 16കാരിയെ വൈദികന്‍ പീഡിപ്പിച്ച സംഭവവും ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിക്കെതിരെ കേസെടുത്തതും ദൃശ്യമാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായപ്പോള്‍ വാര്‍ത്ത ഉള്‍പ്പേജിലൊതുക്കി മലയാള മനോരമ. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരിനടുത്തുള്ള നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന്‍സ് ദേവാലയത്തിലെ ഇടവക വികാരിയായ ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിയുടെ പീഡനത്തിന് ഇരയായി ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ത്ഥി പ്രസവിച്ചതും വൈദികനെതിരെ പോസ്‌കോ പ്രകാരം കേസെടുത്തതും ഫെബ്രുവരി 28നാണ് പുറത്തുവന്നത്. മാതൃഭൂമി ഉള്‍പ്പെടെയുള്ള ദിനപത്രങ്ങള്‍ ഒന്നാം പേജില്‍ പ്രാധാന്യത്തോടെ ഈ വാര്‍ത്ത വൈദികന്റെ ഫോട്ടോ ഉള്‍പ്പെടെ നല്‍കിയപ്പോള്‍ മലയാള മനോരമ കണ്ണൂര്‍ എഡിഷനില്‍ ഒമ്പതാം പേജില്‍ 'പീഡനത്തിന് കേസെടുത്തു' എന്ന തലക്കെട്ടില്‍ ഒട്ടും പ്രാധാന്യം നല്‍കാതെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നത്. മാതൃഭൂമി ദിനപത്രം 'പതിനാറുകാരി പ്രസവിച്ചു വൈദികനെതിരെ കേസ്' എന്ന തലക്കെട്ടില്‍ ചിത്ര സഹിതം ഒന്നാം പേജിലാണ് ഇതേ വാര്‍ത്ത നല്‍കിയിരുന്നത്. മനോരമയുടെ വാര്‍ത്ത മറ്റ് എഡിഷനുകളിലെ പത്രങ്ങളില്‍ കാണാനുമില്ല. പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട് എന്നാണ് വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. വാര്‍ത്ത വന്നതിന്റെ രണ്ടാം ദിവസമായ ബുധനാഴ്ച(മാര്‍ച്ച് 1) ആയപ്പോള്‍ മലയാള മനോരമയ്‌ക്കൊപ്പം മാതൃഭൂമിയും വാര്‍ത്ത ഉള്‍പ്പേജിലൊതുക്കി. ആരുടെ മകന്‍? എന്ന തലക്കെട്ടില്‍ ധനുഷിനെതിരെ വൃദ്ധദമ്പതികള്‍ നല്‍കിയ പരാതിയിലുള്ള കോടതി നടപടികള്‍ സെക്കന്‍ഡ് ലീഡായി ഒന്നാം പേജില്‍ ചിത്രസഹിതം നല്‍കിയ മാതൃഭൂമി ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിയെ പോലീസ് അറസ്റ്റ് ചെയ്തതും, പളളിമേടയിലെത്തി തെളിവ് നല്‍കിയതും ഉള്‍പ്പേജിലാണ് നല്‍കിയത്. മനോരമ പീഡനം നടന്ന കണ്ണൂര്‍ ജില്ലയില്‍ വിതരണം ചെയ്യുന്ന കണ്ണൂര്‍ എഡിഷന്‍ പ്ത്രത്തില്‍ ഒന്നാം പേജില്‍ ഒറ്റക്കോളത്തില്‍ വൈദികന്റെ ചിത്രമില്ലാതെ വൈദികന്‍ റിമാന്‍ഡില്‍ എന്ന തലക്കെട്ടില്‍ വാര്‍ത്ത നല്‍കി. കണ്ണൂര്‍, കാസര്‍ഗോഡ് എഡിഷനില്‍ വിശദമായ വാര്‍ത്ത ചിത്രസഹിതം പതിനാറാം പേജിലും. തൃശൂര്‍ ലോകോളേജില്‍ എസ് എഫ് ഐ അക്രമത്തില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റ വാര്‍ത്തയാകട്ടെ എല്ലാ എഡിഷനിലും ചിത്രസഹിതം ഒന്നാം പേജില്‍ നല്‍കിയിട്ടുണ്ട് മനോരമ. തെരുവു നായ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സാഹചര്യത്തില്‍ മറന്നുപോകരുത് നായ്ശല്യം തലക്കെട്ടിലാണ് മനോരമയുടെ എഡിറ്റോറിയല്‍.

പതിനാറുകാരി പീഢനത്തിന് ഇരയായ സംഭവത്തില്‍ കേസ് ഒതുക്കിതീര്‍ക്കാനും വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി പള്ളിവികാരിയെ സംരക്ഷിക്കാനും ശ്രമങ്ങള്‍ നടന്നതായും ഗൂഢാലോചന ഉണ്ടായിരുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഭയംമൂലവും പള്ളിവികാരിയെ സംഭവത്തില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടിയും പെണ്‍കുട്ടി വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ആദ്യം സ്വന്തം പിതാവിന്റെ പേരാണ് പറഞ്ഞിരുന്നത്. മൊഴികളില്‍ ആശയക്കുഴപ്പം തോന്നിയ പൊലീസ് വിശദമായി തിരക്കിയപ്പോഴാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 16കാരി കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അന്വേഷണം ആരംഭിച്ചതറിഞ്ഞ് ഒളിവില്‍ കഴിയുകയായിരുന്ന പള്ളിവികാരി റോബിന്‍ വടക്കുംചേരിയെ തൃശൂരില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പീഡനത്തില്‍ ഗര്‍ഭിണിയായ യുവതി രണ്ടാഴ്ച മുന്‍പാണ് പ്രസവിക്കുന്നത്.

പീഡനത്തിന് പിടിയിലാകുമെന്ന് മനസിലായപ്പോള്‍ കാനഡയിലേക്ക് ധ്യാനത്തിന് പോകുമെന്ന്് ഫാദര്‍ റോബിന്‍ വടക്കുഞ്ചേരി കഴിഞ്ഞ ഞായറാഴ്ച കുര്‍ബാനക്കിടെ അറിയിച്ചിരുന്നു. രാജ്യം വിടാനുള്ള തയ്യാറെടുപ്പിലുമായിരുന്നു പ്രതി. സഭയില്‍ വലിയ സ്വാധീനമുള്ള ആളായിരുന്നു റോബിന്‍ വടക്കാഞ്ചേരി. ഫാരിസ് അബുബക്കര്‍ സഭയില്‍ നിന്ന് ദീപിക എറ്റെടുത്ത കാലത്ത് ദീപിക ദിനപത്രത്തിന്റെ മാനെജിങ് ഡയറക്ടറായിരുന്നു റോബിന്‍. 2005 മുതല്‍ 2008 വരെയുളള കാലഘട്ടത്തിലാണ് ദീപിക ദിനപത്രം മാര്‍ മാത്യു അറയ്ക്കല്‍-ഫാരീസ് അബുബക്കര്‍ ടീമിന്റെ കൈകളില്‍ എത്തുന്നത്. ഈ കാലത്താണ് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കലിന്റെ വിശ്വസ്തനായ രാഷ്ട്രദീപിക മാനെജിങ് ഡയറക്ടറായി ഫാ.റോബിന്‍ വടക്കുംചേരിയെ നിയമിക്കുന്നത്. പീഡനത്തില്‍ പ്രതിയായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതോടെ വൈദികനെ തള്ളിപ്പറഞ്ഞ് മാനന്തവാടി രൂപത രംഗത്തെത്തിയിരുന്നു. വൈദികനെ വികാരി സ്ഥാനത്തുനിന്നും പുറത്താക്കിയതായി മാനന്തവാടി രൂപത അറിയിച്ചിരുന്നു. സഭാതലത്തില്‍ നടപടി എടുക്കാന്‍ അന്വേഷണവും തുടങ്ങി. കൂടാതെ സഭാപരമായ കര്‍മ്മങ്ങള്‍ ചെയ്യാനുളള മുഴുവന്‍ അവകാശങ്ങളും ഇദ്ദേഹത്തില്‍ നിന്നും വിലക്കിയതായും മാനന്തവാടി രൂപത അറിയിച്ചിരുന്നു.

കണ്ണൂര്‍ എഡിഷനിലെ ഒന്നാംപേജ് ഒറ്റക്കോളം വാര്‍ത്ത(മാര്‍ച്ച് 1 ) ഒമ്പതാം പേജില്‍ സംഭവത്തെക്കുറിച്ച് ആദ്യം വന്ന വാര്‍ത്ത (ഫെബ്രുവരി 28)
കണ്ണൂര്‍ എഡിഷനിലെ ഒന്നാംപേജ് ഒറ്റക്കോളം വാര്‍ത്ത(മാര്‍ച്ച് 1 ) ഒമ്പതാം പേജില്‍ സംഭവത്തെക്കുറിച്ച് ആദ്യം വന്ന വാര്‍ത്ത (ഫെബ്രുവരി 28)

കഴിഞ്ഞ ഡിസംബറില്‍ ഭാഷാപോഷിണിയില്‍ വന്ന അന്ത്യഅത്താഴചിത്രവുമായി ബന്ധപ്പെട്ട് മനോരമയ്‌ക്കെതിരെ വിവിധ ക്രൈസ്തവ സഭകള്‍ പ്രതിഷേധവുമായി പരസ്യമായി രംഗത്തുവന്നിരുന്നു. ഡിസംബര്‍ ലക്കം ഭാഷാപോഷിണിയില്‍ അര്‍ദ്ധനഗ്‌നയായ കന്യാസ്ത്രീയെ ഉള്‍പ്പെടുത്തി യേശുക്രിസ്തുവിന്റെ അന്ത്യ അന്താഴത്തെ അനുസ്മരിപ്പിച്ച ചിത്രം ഉള്‍പ്പെടുത്തിയതും പിന്നീട് പിന്‍വലിച്ചതുമാണ് ഇവരെ പ്രകോപിപ്പിച്ചിരുന്നത്. ഇതേ ലക്കത്തില്‍ ശ്രീനാരായണ ഗുരുവിന്റെ കവര്‍ ചിത്രം നല്‍കിയതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ പത്രാധിപര്‍ വെള്ളാപ്പള്ളി നടേശനോട് നേരിട്ട് ഖേദപ്രകടനം നടത്തിയതും കത്തോലിക്കാ സഭാ നേതൃത്വത്തോട് ഇക്കാര്യത്തില്‍ ക്ഷമാപണം നടത്താത്തതുമാണ് തുടക്കത്തില്‍ വിശ്വാസികളെ ചൊടിപ്പിച്ചത്. കെസിബിസി മനോരമ മാനേജ്‌മെന്റിന് ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചതും യുവജനസംഘടനകള്‍ മനോരമ പത്രം കത്തിച്ചതും മനോരമ മാനേജ്‌മെന്റിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഇതാവാം കൊട്ടിയൂര്‍ പീഡനത്തില്‍ വാര്‍ത്ത ഒതുക്കാന്‍ മനോരമ ശ്രമിച്ചതിന് പിന്നിലെന്നും ആക്ഷേപമുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും മനോരമയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിശ്വാസികളില്‍ നിന്ന് ഭാഷാപോഷിണി വിവാദത്തില്‍ ഉയര്‍ന്നത്. സഭാ നേതൃത്വം മനോരമയ്ക്കെതിരെ പരസ്യമായ പ്രതിഷേധനടപടികള്‍ക്കോ നിലപാടിനോ തയ്യാറായില്ലെങ്കിലും സംഘടനയ്ക്കുള്ളിലും പ്രാദേശിക നേതൃത്വവും ബഹിഷ്‌കരണ ആഹ്വാനവുമായി സജീവമായിരുന്നു. ഭാഷാപോഷിണി മാസികയില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അവഹേളിക്കുന്ന രീതിയില്‍ വന്ന ചിത്രം ക്രിസ്തീയ വിശ്വാസികള്‍ എല്ലാവരെയും വേദനിപ്പിച്ചതായി സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതികരിക്കുകയും ചെയ്തു. ക്രൈസ്തവ സന്യാസിനിമാരെ ചിത്രീകരിച്ചതിലൂടെ ലക്ഷക്കണക്കായ സമര്‍പ്പിതരെയും അപമാനിച്ചതായും ആലഞ്ചേരി പ്രതികരിച്ചിരുന്നു.