‘എന്റെ ചോര തിളയ്ക്കുന്നു’; പുതിയ ലൈവ് ഷോയുമായി എംവി നികേഷ് കുമാര്‍ വീണ്ടും 

March 17, 2017, 7:06 pm
‘എന്റെ ചോര തിളയ്ക്കുന്നു’; പുതിയ ലൈവ് ഷോയുമായി എംവി നികേഷ് കുമാര്‍ വീണ്ടും 
Media
Media
‘എന്റെ ചോര തിളയ്ക്കുന്നു’; പുതിയ ലൈവ് ഷോയുമായി എംവി നികേഷ് കുമാര്‍ വീണ്ടും 

‘എന്റെ ചോര തിളയ്ക്കുന്നു’; പുതിയ ലൈവ് ഷോയുമായി എംവി നികേഷ് കുമാര്‍ വീണ്ടും 

രാഷ്ട്രീയ പരീക്ഷണത്തിന് അവധി നല്‍കി പ്രമുഖ മാധ്യമ പ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് ഡയറക്ടറുമായ എംവി നികേഷ് കുമാര്‍ വീണ്ടും ടെലിവിഷന്‍ സ്‌ക്രീനില്‍ എത്തുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടന്‍ തുടങ്ങാനിരിക്കുന്ന നാല് പ്രത്യേക പരിപാടികളില്‍ ഒന്നാണ് നികേഷ് കുമാര്‍ അവതരിപ്പിക്കുക. സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന പുതിയ ഷോയുടെ പേര് : 'എന്റെ ചോര തിളയ്ക്കുന്നു’.

തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി എട്ട് മുതല്‍ ഒമ്പത് വരെയാണ് നികേഷിന്റെ ഷോ. പുതിയ പ്രോഗ്രാം തുടങ്ങുന്നകാര്യം നികേഷ് കുമാര്‍ 'സൗത്ത് ലൈവി'നോട് സ്ഥിരീകരിച്ചു.

സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തിയുള്ള മറ്റ് ചില പ്രോഗ്രാമുകള്‍ തുടങ്ങാനും ചാനലിന് ആലോചനയുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം അഴീക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു നികേഷ് കുമാര്‍. ഇതേ തുടര്‍ന്ന് ടെലിവിഷന്‍ ഷോകളില്‍നിന്ന് ഒരു വര്‍ഷമായി മാറി നില്‍ക്കുകയായിരുന്നു.

ന്യൂസ് റൂമുകളിലെ പതിവ് ചര്‍ച്ചകളില്‍നിന്ന് വ്യത്യസ്തമായി വിവിധ സ്ഥലങ്ങളില്‍ ഒരുക്കുന്ന തത്സമയ സംവാദമാണ് പ്രോഗ്രാം. ചാനലിലെ മറ്റ് പരിപാടികള്‍ക്ക് തടസം കൂടാതെ തല്‍സമയ പരിപാടി നടത്തുന്നതിന് ആവശ്യമായ അധിക സാറ്റലൈറ്റ് ഫ്രീക്വന്‍സി ലഭിച്ചാല്‍ ഉടന്‍ ഷോ തുടങ്ങും. വരുന്ന തിങ്കളാഴ്ച ആദ്യ പ്രോഗ്രാം ടെലകാസ്റ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് റിപ്പോര്‍ട്ടര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ഓരോ ദിവസവും ഉണ്ടാകുന്ന സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളെ കുറിച്ചുള്ള സംവാദമാണ് പ്രോഗ്രാം. ന്യൂസ് റൂം ചര്‍ച്ചകള്‍ക്ക് പകരം സംഭവം നടക്കുന്ന സ്ഥലത്ത് എത്തിയുള്ള സംവാദമാണ് നടത്തുക. ന്യൂസ് റൂമുകളില്‍ നാലോ അഞ്ചോ അതിഥികളെ ഇരിത്തിയുള്ള ചര്‍ച്ചയില്‍നിന്ന് മാറി ജനങ്ങളുടെ ഇടപടെല്‍ കൂടി ഉള്‍പ്പെടുത്തും. വിവിധ സ്റ്റുഡിയോകളില്‍ അതിഥികളുമുണ്ടാകും. അതിഥികള്‍ ടെലിവിഷന്‍ അവതാരകരുടെ ചോദ്യങ്ങള്‍ മറുപടി നല്‍കുക എന്നതിന് പകരം ജനങ്ങളുടെ ചോദ്യത്തിനായിരിക്കും ഉത്തരം നല്‍കേണ്ടിവരിക.

യാത്ര കൂടുതല്‍ ആവശ്യമായതാണ് പരിപാടി. സംഭവങ്ങളും വാര്‍ത്തകളും മാറുന്നത് അനുസരിച്ച് ഷോ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് നികേഷ് കുമാര്‍ പറഞ്ഞു. ഇതിനായി 15 അംഗ സംഘം പ്രോഗ്രാം നടത്തിപ്പിനുണ്ടാകും. വിഎസ് ഹൈദരലിയാണ് പ്രോഗ്രാമിന്റെ പ്രൊഡ്യൂസര്‍.

ഒരു മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു എന്ന മുന്‍വിധി പ്രേക്ഷകര്‍ക്ക് ഉണ്ടാകുമെന്ന് കരുതുന്നില്ല. പ്രഫഷണലായി ഷോ മുന്നോട്ടുപോകുന്നതോടു കൂടി അത്തരം മുന്‍വിധികള്‍ ഇല്ലാതാവും. ഞാന്‍ രാഷ്ട്രീയത്തില്‍ ചെയ്യാന്‍ ശ്രമിച്ചത് ശത്രുതാ രാഷ്ട്രീയം എന്നതല്ല. എന്റെ രാഷ്ട്രീയം പ്രകടിപ്പിക്കുകയാണ് ചെയ്തത്. അതുകൊണ്ട് ഷോ അവതരിപ്പിക്കുന്നതിന് രാഷ്ട്രീയ പരീക്ഷണം തടസ്സമാകില്ല എന്നാണ് കരുതുന്നത്.
എംവി നികേഷ് കുമാര്‍

നിലവിലെ ടെലിവിഷന്‍ ചര്‍ച്ചകള്‍ ചോദ്യങ്ങളിലും ബഹളങ്ങളിലും ഒതുങ്ങുന്ന ഘട്ടത്തില്‍ വാര്‍ത്തയുടെ ഉറവിടങ്ങളില്‍നിന്ന് ഉത്തരം തേടുക എന്നതാണ് നികേഷിന്റെ പുതിയ പ്രോഗ്രാമിന്റെ ലക്ഷ്യം. കേരളത്തിലെ ടെലിവിഷന്‍ ചാനലുകളില്‍ ഒമ്പത് മണി ചര്‍ച്ചയ്ക്ക് തുടക്കമിട്ടത് നികേഷ് കുമാറാണ്. തെരഞ്ഞെടുപ്പ് കാലത്തെ പൊതുസംവാദമായ ഇന്ത്യാ വിഷനിലെ 'കുരുക്ഷേത്രം' പരിപാടി ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു.