നടിയ്‌ക്കെതിരായ അതിക്രമം; ചാനലില്‍ പോകുന്നത് അറിയില്ലെങ്കില്‍ ജോണ്‍ ബ്രിട്ടാസ് രാജിവെക്കണമെന്ന് റിമ കല്ലിങ്കല്‍

February 18, 2017, 9:09 pm
നടിയ്‌ക്കെതിരായ അതിക്രമം; ചാനലില്‍ പോകുന്നത് അറിയില്ലെങ്കില്‍ ജോണ്‍ ബ്രിട്ടാസ് രാജിവെക്കണമെന്ന് റിമ കല്ലിങ്കല്‍
Media
Media
നടിയ്‌ക്കെതിരായ അതിക്രമം; ചാനലില്‍ പോകുന്നത് അറിയില്ലെങ്കില്‍ ജോണ്‍ ബ്രിട്ടാസ് രാജിവെക്കണമെന്ന് റിമ കല്ലിങ്കല്‍

നടിയ്‌ക്കെതിരായ അതിക്രമം; ചാനലില്‍ പോകുന്നത് അറിയില്ലെങ്കില്‍ ജോണ്‍ ബ്രിട്ടാസ് രാജിവെക്കണമെന്ന് റിമ കല്ലിങ്കല്‍

കൊച്ചിയില്‍ സിനിമാ നടിയെ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച് കൈരളി പീപ്പിള്‍ ചാനല്‍ നല്‍കിയ വാര്‍ത്തയ്‌ക്കെതിരെ നടി റിമാ കല്ലിങ്കല്‍. ഫെയ്‌സ്ബുക്കിലൂടെയാണ് വാര്‍ത്ത കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമര്‍ശിച്ച് റിമ പ്രതികരിച്ചത്.

ചാനലില്‍ എന്താണ് നടക്കുന്നതെന്ന് അറിയില്ലെങ്കില്‍ ജോണ്‍ ബ്രിട്ടാസ് നിങ്ങള്‍ രാജിവെക്കണം. ഒരു മനുഷ്യജീവി ജീവിതത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ പൈങ്കിളിത്വം കണ്ടെത്താന്‍ എങ്ങനെ കഴിയുന്നു?
റിമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

നടിയെ ആക്രമിച്ച വാര്‍ത്ത പ്രൈംടൈം ചര്‍ച്ചയാക്കി സെന്‍സേഷനലൈസ് ചെയ്‌തെന്നും ഇരയെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ കൈരളി പീപ്പിളിനെതിരെ പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കെയാണ് റിമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

വെള്ളിയാഴ്ച്ച വൈകീട്ട് തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ നെടുമ്പാശ്ശേരി അത്താണിയില്‍ വച്ചാണ് നടി അതിക്രമത്തിന് ഇരയായത്. നടിയുടെ കാറിലേക്ക് ഇരച്ചുകയറിയ ഒരു സംഘം വാഹനം തട്ടിയെടുക്കുകയായിരുന്നു. കാറിനകത്ത് കയറിയ സംഘം നടിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപരമായ ചിത്രമെടുക്കാന്‍ ശ്രമിച്ചു. അക്രമികള്‍ രക്ഷപ്പെട്ടയുടന്‍ നടി കാക്കനാട്ടെ സംവിധായകന്റെ വീട്ടിലെത്തി സംഭവം അറിയിക്കുകയായിരുന്നു. ഫിലിം യൂണിറ്റിന്റെ വാഹനത്തിലാണ് നടി കൊച്ചിയിലേക്ക് വന്നിരുന്നത്.

കേസില്‍ എഴ് പ്രതികളാണ് ഉള്ളതെന്ന് പൊലീസ് അറിയിച്ചു. ഇതില്‍ നാല് പേരെ തിരിച്ചറിഞ്ഞു. നടിയുടെ കാര്‍ ഓടിച്ചിരുന്ന കൊരട്ടി സ്വദേശിയായ ഡ്രൈവര്‍ മാര്‍ട്ടിന്‍ അറസ്റ്റിലായി. മൂന്ന് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പ്രതികള്‍ക്കെതിരെ 376, 366 വകുപ്പുകളാണ് ചുമത്തുക

സംഭവത്തിന്റെ മുഖ്യ ആസൂത്രകനായ നടിയുടെ മുന്‍ ഡ്രൈവവറായ പെരുമ്പാവൂര്‍ സ്വദേശി സുനിലിനെ പൊലീസ് തെരയുകയാണ്. പെരുമ്പാവൂര്‍ സ്വദേശിയായ സുനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇക്കാര്യമറിയാതെയാണ് സുനിലിനെ ജോലിക്ക് തെരഞ്ഞെടുത്തത്. പിന്നീട് സുനിലിന്റെ പശ്ചാത്തലം അറിഞ്ഞതോടെ ഇയാളെ ജോലിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇതാണ് ആക്രമണത്തിന് സുനിലിനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

തൃശ്ശൂരില്‍ നിന്നും കൊച്ചി വരെ നടിയുടെ വാഹനം ഓടിച്ചിരുന്ന മാര്‍ട്ടിന് സംഭവത്തില്‍ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവങ്ങള്‍ക്ക് ശേഷം മാര്‍ട്ടിന്‍ തന്നെയാണ് പാലാരിവട്ടത്തെ സംവിധായകന്റെ വീട്ടില്‍ അഭയം തേടിയ നടിയെ അവിടെയെത്തിച്ചത്. തനിക്ക് ഇക്കാര്യത്തില്‍ പങ്കൊന്നുമില്ല എന്ന് ബോധ്യപ്പെടുത്താനായിരുന്നു മാര്‍ട്ടിന്റെ ശ്രമമെന്നും പൊലീസ് പറഞ്ഞു.

സ്ത്രീ സുരക്ഷയുടെ പേരില്‍ വോട്ട് തേടി അധികാരത്തില്‍ വന്ന ഇടത് മുന്നണി സര്‍ക്കാരിന്റെ കീഴില്‍ സ്ത്രീ സുരക്ഷിതയല്ലെന്നും അതിന്റെ ഏറ്റവും ഒടുവിലത്തെ സൂചനയാണ് കൊച്ചിയില്‍ സിനിമാ നടിക്ക് നേരെ ഉണ്ടായ അതിക്രമമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

സംഭവത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നെന്ന് മഹിളാകോണ്‍ഗ്രസ് ദേശീയ അധ്യക്ഷ ശോഭ ഓജ പ്രതികരിച്ചു. കൊച്ചിയില്‍ ചലച്ചിത്ര നടിക്കെതിരായി ഉണ്ടായ അതിക്രമം ഇതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണെന്നും ശോഭ ഓജ പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിട്ടില്ലെന്നും ചെന്നിത്തലയുടെ ഉപവാസം വേറെ പല കാര്യങ്ങള്‍ക്കും വേണ്ടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചടിച്ചു. നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവം ഉല്‍കണ്ഠയുണ്ടാക്കുന്നതാണ്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ നടപടിയെടുക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.