കവറാകണോ, മനോരമയ്ക്ക് ‘വെളുപ്പിക്കണം’; വിനായകനെയും വിഷ്ണുവിനെയും ഫോട്ടോഷോപ്പില്‍ ചായംതേച്ച് ‘വനിത’ 

February 28, 2017, 6:37 pm
കവറാകണോ, മനോരമയ്ക്ക് ‘വെളുപ്പിക്കണം’; വിനായകനെയും വിഷ്ണുവിനെയും ഫോട്ടോഷോപ്പില്‍ ചായംതേച്ച് ‘വനിത’ 
Media
Media
കവറാകണോ, മനോരമയ്ക്ക് ‘വെളുപ്പിക്കണം’; വിനായകനെയും വിഷ്ണുവിനെയും ഫോട്ടോഷോപ്പില്‍ ചായംതേച്ച് ‘വനിത’ 

കവറാകണോ, മനോരമയ്ക്ക് ‘വെളുപ്പിക്കണം’; വിനായകനെയും വിഷ്ണുവിനെയും ഫോട്ടോഷോപ്പില്‍ ചായംതേച്ച് ‘വനിത’ 

ഫിലിം അവാര്‍ഡ് ജേതാക്കളില്‍ കറുത്ത നിറമുള്ളവരെ 'വെളുത്തവരാ'ക്കി മലയാള മനോരമയുടെ വനിതാ മാസികയായ വനിതയുടെ കവര്‍. മാര്‍ച്ച് ആദ്യലക്കത്തിന്റെ കവര്‍പേജിലാണ് വിനായകനെയും വിഷ്ണു ഉണ്ണികൃഷ്ണനെയുമൊക്കെ ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവറില്‍ 'വനിത' അവതരിപ്പിക്കുന്നത്. പ്രയാഗ മാര്‍ട്ടിന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, നിവിന്‍ പോളി, അനുശ്രീ, ആശ ശരത്ത്, മഞ്ജു വാര്യര്‍ എന്നിവരും കവര്‍ ഫോട്ടോയിലുണ്ട്. വെളുത്ത നിറമുള്ളവരെ കൂടുതല്‍ വെളുത്തവരാക്കിയപ്പോള്‍ വിനായനെയും വിഷ്ണു ഉണ്ണികൃഷ്ണനെയും കണ്ടാല്‍ 'ഞെട്ടുന്ന' തരത്തില്‍ നിറം മാറ്റി അവതരിപ്പിച്ചിട്ടുണ്ട് വനിത.

വനിതയുടെ അവാര്‍ഡ് സ്‌പെഷല്‍ ലക്കത്തിന്റെ കവര്‍ 
വനിതയുടെ അവാര്‍ഡ് സ്‌പെഷല്‍ ലക്കത്തിന്റെ കവര്‍ 

കലാമൂല്യവും ജനപ്രീതിയും നേടുന്ന സിനിമകളില്‍ സൂപ്പര്‍താരങ്ങള്‍ ഇല്ലാത്തപക്ഷം അത്തരംചിത്രങ്ങളെ പുരസ്‌കാരങ്ങളില്‍ ഒഴിവാക്കിനിര്‍ത്തുന്നതായി കേരളത്തിലെ പ്രധാന സ്വകാര്യ ഫിലിം അവാര്‍ഡുകളില്‍ ആക്ഷേപമുയരാറുണ്ട്. സോഷ്യല്‍ മീഡിയ സജീവമായ കാലമായതിനാല്‍ മുന്‍പ് ചര്‍ച്ച ചെയ്യാത്ത പല കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ ഇന്ന് വേദിയുണ്ട്. 'മഹേഷിന്റെ പ്രതികാര'ത്തെയും 'ഗപ്പി'യെയും കമ്മട്ടിപ്പാടത്തിലെ വിനായകന്റെ പ്രകടനത്തെയുമൊക്കെ അവഗണിച്ച്, മോഹന്‍ലാലിന്റെ പുലിമുരുകന് സുപ്രധാന പുരസ്‌കാരങ്ങളില്‍ ഏറെയും നല്‍കിയ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സ് ട്രോള്‍ പേജുകളില്‍ ഏറെ പരിഹസിക്കപ്പെട്ടിരുന്നു. മഹേഷിന്റെ പ്രതികാരം, ഗപ്പി, കമ്മട്ടിപ്പാടം തുടങ്ങി ഉറപ്പായും അംഗീകാരം ലഭിക്കേണ്ടതെന്ന് തങ്ങള്‍ കരുതിയവയെ അകറ്റിനിര്‍ത്തിയതിനുള്ള പ്രേക്ഷകരുടെ പ്രതികരണമായിരുന്നു ആ ട്രോളുകളൊക്കെയും.

വിനായകന് അവാര്‍ഡ് നല്‍കിയത് വനിതയുടെ സൈറ്റില്‍ പ്രത്യേകം വാര്‍ത്തയായപ്പോള്‍ 
വിനായകന് അവാര്‍ഡ് നല്‍കിയത് വനിതയുടെ സൈറ്റില്‍ പ്രത്യേകം വാര്‍ത്തയായപ്പോള്‍ 

എന്നാല്‍ തുടര്‍ന്നുവന്ന വനിതയുടെ അവാര്‍ഡില്‍ വിനായകന് പുരസ്‌കാരം നല്‍കി. വനിതയുടെ സ്‌പെഷല്‍ പെര്‍ഫോമന്‍സ് അവാര്‍ഡായിരുന്നു വിനായകന്. ഏഷ്യാനെറ്റ് അവാര്‍ഡ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നതിനാല്‍ വിനായകന് പുരസ്‌കാരം നല്‍കിയത് മനോരമ തന്നെ വാര്‍ത്താപ്രാധാന്യത്തോടെ അവതരിപ്പിച്ചിരുന്നു. വനിതയുടെ സൈറ്റിലും മനോരമ ഓണ്‍ലൈനിലുമൊക്കെ വിനായകന് അവാര്‍ഡ് നല്‍കിയത് ഒരു പ്രത്യേകവാര്‍ത്തയായിത്തന്നെ ഇടംപിടിച്ചു.

കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിനൊപ്പം വിനായകന്‍ 
കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിനൊപ്പം വിനായകന്‍ 

വിനായകന്റെയും മണികണ്ഠന്റെയുമൊക്കെ പ്രകടങ്ങള്‍ തഴയപ്പെടുന്നതിലുള്ള പ്രതിഷേധം അവരഭിനയിച്ച 'കമ്മട്ടിപ്പാടം' എന്ന ചിത്രം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയംകൂടി ചേര്‍ത്താണ് സോഷ്യല്‍മീഡിയാ ചര്‍ച്ചകളില്‍ ഇടംപിടിച്ചത്. പ്രകടനം എത്ര മികച്ചതാണെങ്കിലും സവര്‍ണ ശരീരമില്ലാത്തവര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിക്കില്ലേ എന്നായിരുന്നു ട്രോള്‍പേജ് പരിഹാസങ്ങള്‍പോലും പറയാതെപറഞ്ഞത്.

കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ പ്രയാഗ മാര്‍ട്ടിനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍ 
കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ പ്രയാഗ മാര്‍ട്ടിനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍ 

എന്നാല്‍ വിനായകന്റെ പുരസ്‌കാരനേട്ടം എന്ത് കാരണത്താലാണോ ശ്രദ്ധിക്കപ്പെടുന്നത്, എന്ത് രാഷ്ട്രീയത്താലാണോ പ്രശംസിക്കപ്പെടേണ്ടത്, ആ കാരണത്തെ ഇല്ലാതാക്കിയാണ് വനിതയുടെ അവാര്‍ഡ് സ്‌പെഷല്‍ പതിപ്പിന്റെ കവര്‍.