വിരല്‍ തുമ്പാല്‍ വിരിയുന്നതല്ല, ഇത് വിരലുകളാല്‍ എഴുതുന്ന വാര്‍ത്ത.... 

March 24, 2017, 5:56 pm
വിരല്‍ തുമ്പാല്‍ വിരിയുന്നതല്ല, ഇത് വിരലുകളാല്‍ എഴുതുന്ന വാര്‍ത്ത.... 
Media
Media
വിരല്‍ തുമ്പാല്‍ വിരിയുന്നതല്ല, ഇത് വിരലുകളാല്‍ എഴുതുന്ന വാര്‍ത്ത.... 

വിരല്‍ തുമ്പാല്‍ വിരിയുന്നതല്ല, ഇത് വിരലുകളാല്‍ എഴുതുന്ന വാര്‍ത്ത.... 

സീനിയര്‍ സബ് എഡിറ്റര്‍, സൗത്ത് ലൈവ്

വാര്‍ത്തകള്‍ അടക്കം എന്തും വിരല്‍ത്തുമ്പില്‍ എത്തുന്ന ഈ ഡിജിറ്റല്‍ യുഗത്തില്‍ കൈകൊണ്ട് എഴുതി പ്രസിദ്ധീകരിക്കുന്ന ഒരു പത്രം ഉണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ? പലവര്‍ണ്ണങ്ങളില്‍ മിഴിവേറിയ ചിത്രങ്ങളും പരസ്യങ്ങളും വാര്‍ത്തകളുമായി പുറത്തിറങ്ങുന്ന പത്രങ്ങള്‍ക്കിടയില്‍ അങ്ങനെയൊരു പത്രം പ്രസിദ്ധീകരിക്കുന്നുണ്ട്. ചെന്നൈ നഗരത്തില്‍ നിന്നാണ് 'ദി മുസല്‍മാന്‍' എന്ന ഉറുദു പത്രം പുറത്തിറങ്ങുന്നത്. ഒരുപക്ഷേ, ലോകത്തിലെ അവസാനത്തെ കൈയെഴുത്ത് പത്രമായിരിക്കാമിത്.

ചെന്നൈ ട്രിപ്ലിക്കേനിലെ പത്രം ഓഫീസില്‍ നിന്ന് വെറും കയ്യക്ഷരങ്ങളിലൂടെ കഴിഞ്ഞ 90വര്‍ഷമായി 'ദി മുസല്‍മാന്‍' എന്ന പത്രം വായനക്കാരന് മുന്നിലെത്തുന്നു. ഇവിടെ പഴയ രീതിയിലുള്ള ഹാന്‍ഡ് കമ്പോസിംഗോ മെഷീന്‍ ഉപയോഗിച്ചുള്ള ടൈപ്പിംഗോ ഡി.ടി.പിയോ ഒന്നുമില്ല. ഈ ഡിജിറ്റല്‍ യുഗത്തിലും കൈയെഴുത്ത് പ്രതിയായി തയാറാക്കി അച്ചടിച്ചാണ് പത്രം പ്രസിദ്ധീകരിക്കുന്നത്. ഇന്നുവരെ ഒരു ദിവസം പോലും പത്രം മുടങ്ങിയിട്ടില്ല.

പത്രം ഓഫീസിലെ ഒരു മുറിയില്‍ ഒരു കൂട്ടം ജീവനക്കാര്‍ വാര്‍ത്തകള്‍ മികവോടെ എഴുതി കൈയ്യെഴുത്ത് പ്രതി ഒരുക്കുന്നു. എഡിറ്റര്‍ വെട്ടിത്തിരുത്തി ചെത്തിമിനുക്കി നന്നാക്കിയെടുത്ത കൈയേഴുത്ത് പ്രതികള്‍ പോയിന്റ് മാര്‍ക്ക് ചെയ്ത് ഇവരുടെ കൈയിലേക്ക് എത്തിയാല്‍ ഇവര്‍ പണി തുടങ്ങുകയായി. മനോഹരമായ കൈപ്പടയില്‍ വടിവാര്‍ന്ന ഉറുദു അക്ഷരങ്ങള്‍ ഇരുണ്ട തലക്കട്ടുകളായും നേര്‍ത്ത വാര്‍ത്തകളായും പുനര്‍ ജനിക്കുന്നു. എഡിറ്ററുടെ മുറിയിലെ ഏറ്റവും മുന്തിയ യന്ത്ര സംവിധാനം പഴയൊരു ഫാക്‌സ് മെഷീനാണ്. സയ്യിദ് ആരിഫുള്ള ആണ് ദി മുസല്‍മാന്റെ എഡിറ്റര്‍. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ സയ്യിദ് അസമത്തുള്ള ആണ് 1927 ല്‍ ഈ പത്രം ആരംഭിച്ചത്.



സയ്യിദ് അസമത്തുള്ള, ദി മുസല്‍മാന്റെ സ്ഥാപകന്‍
സയ്യിദ് അസമത്തുള്ള, ദി മുസല്‍മാന്റെ സ്ഥാപകന്‍
സ്വാതന്ത്ര്യത്തിനു മുമ്പ് ആരംഭിച്ച പത്രത്തില്‍ മുത്തച്ഛനായിരുന്നു സ്ഥാപക എഡിറ്റര്‍. മൂന്നാം തലമുറ ആയിട്ടും ഇത് നന്നായി കൊണ്ടു പോകാന്‍ കഴിയുന്നു. ഈ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ ഏറെ അഭിമാനമുണ്ട്.
സയ്യിദ് ആരിഫുള്ള, എഡിറ്റര്‍, ദി മുസല്‍മാന്‍

മറ്റ് പത്രങ്ങളിലെ പോലെ രാജ്യത്തിന്റെ എല്ലാ ഭാഗത്തും മുസല്‍മാന് റിപ്പോര്‍ട്ടര്‍മാരുണ്ട്. ഒന്നാം പേജില്‍ ദേശീയ അന്തര്‍ദേശീയ വാര്‍ത്തകളാണ് കൊടുക്കുന്നത്. രണ്ട് മൂന്ന് പേജുകള്‍ പ്രാദേശിക വാര്‍ത്തകളും നാലാം പേജില്‍ സ്പോര്‍ട്സും എഴുതുന്നു.

പത്രം സ്ഥാപിക്കുന്ന സമയത്ത് പ്രധാനമായും മുസ്ലീം സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പുറത്തുകൊണ്ടുവരുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇപ്പോള്‍ മറ്റ് പത്രങ്ങളിലെ പോലെ എല്ലാ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് സയ്യിദ് ആരിഫുള്ള സൗത്ത്‌ലൈവിനോട് പറഞ്ഞു.

ചെന്നൈയിലെ ഓഫീസില്‍ മൂന്ന് കാലിഗ്രാഫി കലാകാരന്മാര്‍ ശരാശരി മൂന്ന് മണിക്കൂര്‍ എടുത്താണ് നാല് പേജുള്ള സയാഹ്ന പത്രത്തിന്റെ ഒരു പേജ് എഴുതി പൂര്‍ത്തിയാക്കുന്നത്. എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ പലപ്പോഴും പേജ് മുഴുവന്‍ തിരുത്തിയെഴുതേണ്ടിവരും. ഓഫീസിലെ ആറ് ജീവനക്കാരില്‍ നാല് പേര് കാത്തിബുകള്‍ അഥവാ പ്രാചീന ഉറുദു ലിപി രചനാ വിദഗ്ദ്ധറാണ്. വഴിമാറി നടക്കാന്‍ തീരുമാനിച്ച ഏതാനും പേരുടെ ജീവിതമാണ് ഈ പത്രത്തിന്റെ പിന്നിലുള്ളത്. 22000 അധികം പേരാണ് എന്നും ഈ സായാഹ്ന പത്രത്തിനായി കാത്തിരിക്കുന്നത്.

1927ല്‍ പത്രം ആരംഭിച്ചപ്പോള്‍ മുതല്‍ ഇതുവരെ ചെന്നൈയിലെ ട്രിപ്ലികെയ്ന്‍ റോഡിലുള്ള ഇടുങ്ങിയ മുറിയിലാണ് പത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ മുറിയ്ക്ക് അന്നും ഇന്നും വലിയ മാറ്റങ്ങളില്ല. കമ്പ്യൂട്ടറോ, ടൈപ്പ് റൈറ്ററോ ഇല്ല. എങ്കിലും നാലുപേജുകളുള്ള എഴുപത്തിയഞ്ചു പൈസ വിലയുള്ള ഈ കയ്യെഴുത്തുപത്രം എന്നും മുടങ്ങാതെ പുറത്തിറങ്ങുന്നു.



ദി മുസല്‍മാന്റെ ചെന്നൈയിലെ ഒാഫീസ്
ദി മുസല്‍മാന്റെ ചെന്നൈയിലെ ഒാഫീസ്
‘’ഒരൊറ്റ എഡിഷന്‍ ഉള്ള പത്രത്തിന് ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വരിക്കാറുണ്ട്. ദി മുസല്‍മാന്‍ മുസ്ലിമുകളില്‍ മാത്രമായി പരിമിതപ്പെട്ടിട്ടുമില്ല. ഭാഷ അറിയുന്ന ധാരാളം ഹിന്ദുക്കളും മുസല്‍മാന്റെ വരിക്കാരായുണ്ട്.’’ എഡിറ്റര്‍ പറയുന്നു.

ഇത് ഒരു തൊഴില്‍ എന്നതിലുപരി ഒരു വികാരമാണ്. 90 വര്‍ഷമായി പാരമ്പര്യം നിലനിര്‍ത്തി കൊണ്ടു പോവുകയാണെന്ന് സയ്യദ് പറയുന്നു.

2008 ല്‍ സയ്യദ് ഫസലുള്ള സാഹിബ് മരിച്ചപ്പോളാണ് സയ്യദ് ആരിഫുള്ള പത്രം ഏറ്റെടുക്കുന്നത്. പിതാവും പത്രത്തിന്റെ സ്ഥാപകനുമായ സയ്യത് അസമത്തുള്ളയുടെ പക്കല്‍ നിന്നാണ് ഫസലുള്ള ഈ പത്രം ഏറ്റെടുത്തത്.

പ്രിന്റിംഗ് ടെക്‌നോളജി നിലവില്‍ വന്നപ്പോള്‍ ഏതാണ്ട് എല്ലാ പത്രങ്ങളും അത് സ്വീകരിച്ചു, പക്ഷേ, മുസല്‍മാന്‍ പാരമ്പര്യം തുടര്‍ന്നു. മുസല്‍മാനിലെ കാലിഗ്രാഫിയില്‍ എല്ലാവരും ആകൃഷ്ടകരാവും. അത് തന്നെയാണ് മറ്റ് പത്രങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് ഉള്ള വ്യത്യാസം. കാലിഗ്രഫിയാണ് മുസല്‍മാന്റെ ഹൃദയം. ഹൃദയം ഇല്ലെങ്കിലും ഒന്നും നിലനില്‍ക്കില്ല.
സയ്യിദ് ആരിഫുള്ള