രണ്ടിലച്ചോട്ടിലെ ഏകാന്തപഥികനും ചുവന്ന കാര്‍ഡുള്ള തത്തയും 

August 27, 2016, 5:43 pm
രണ്ടിലച്ചോട്ടിലെ ഏകാന്തപഥികനും ചുവന്ന കാര്‍ഡുള്ള തത്തയും 
Satire
Satire
രണ്ടിലച്ചോട്ടിലെ ഏകാന്തപഥികനും ചുവന്ന കാര്‍ഡുള്ള തത്തയും 

രണ്ടിലച്ചോട്ടിലെ ഏകാന്തപഥികനും ചുവന്ന കാര്‍ഡുള്ള തത്തയും 

ഏകാന്തതയുടെ നൂറുവര്‍ഷമൊന്നും വേണ്ടിവന്നില്ല. ഇതാ ഒരുമാസത്തില്‍ താഴെ. റബര്‍മരക്കാടുകള്‍ക്കിടയിലെ രണ്ടിലച്ചോട്ടില്‍ ഏകാന്തപഥികനായി നടന്ന കുഞ്ഞുമാണിസാറിന് പിന്നാലെ കൂടുതുറന്നുവിട്ട തത്ത പറന്നു തുടങ്ങിയിട്ടുണ്ട്. ദൂതുമായി പറന്ന ഹംസത്തിന്റെ കഥകളായിരുന്നു പണ്ട് കേട്ടിരുന്നത്. വര്‍ത്തമാനകാലത്ത് ദൂതുമായി ഹംസമല്ല, പിസി ജോര്‍ജ് മുതല്‍ തോമസ് ഉണ്ണിയാടന്‍ വരെയാണ് ഇക്കാലത്ത് പാര്‍ട്ടി ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ദൂതുമായി പറക്കുന്നത്. ഇത്തരം ദൂതുകള്‍ക്ക് മേലെ ഇതാ കൂടുതുറന്നുവിട്ട ജേക്കബ് തോമസിന്റെ തത്ത പറക്കാനൊരുങ്ങുന്നു. വെറും പറക്കലല്ല. ചുണ്ടില്‍ ചുവപ്പ് കാര്‍ഡുമായാണ് യാത്ര. ഇനി എന്താവും എന്തോ!

ഏതാണ്ട് ഒരുകൊല്ലത്തിലേറെ കാലം, നിശ്ചയമായി പറഞ്ഞാല്‍ ബാര്‍ കോഴ കേസ് വന്നത് മുതല്‍ ഉണ്ടായ പിരിമുറുക്കത്തില്‍നിന്ന് മാണിസാര്‍ മോചനം നേടിയത് യുഡിഎഫിന് പുറത്തുവന്ന് രമേശ് ചെന്നിത്തലയെയും കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് നേതാക്കളെയും പച്ചയ്ക്ക് രണ്ട് പറഞ്ഞപ്പോഴായിരുന്നു. പിന്നെ സ്വയം ആസ്വദിച്ചതാണ് ഏകാന്തപഥികന്റെ യാത്ര. സാധാരണ ഏകാന്തപഥികന്മാരെ വികാരലോലരായും വിഷാദരോഗികളുമായാണ് നിരീക്ഷിക്കാറ്. മാണിസാര്‍ പക്ഷെ അങ്ങനെയായിരുന്നില്ല. ഏകാന്ത യാത്രയില്‍ തന്നെ തേടി പലരും വരുമെന്ന് മാണിസാര്‍ പ്രതീക്ഷിച്ചു, പറഞ്ഞു. ഞാനൊരു സുന്ദരിയാണേ’ എന്നുപറഞ്ഞത് ഓര്‍ക്കുന്നില്ലേ. കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജേശഖരനുമെല്ലാം പിന്നാലെ കൂടിയപ്പോള്‍ മാണിസാര്‍ ദൃതംഗപുളകിതനായി. ഉമ്മന്‍ചാണ്ടി ഒളികണ്ണിട്ട് നോക്കി പ്രോത്സാഹിപ്പിച്ചപ്പോള്‍ അന്നനടയ്ക്ക് ചന്തമേറി. കാനം രാജേന്ദ്രനും സിപിഐക്കാരും ചൊരുക്കുമായിവന്നപ്പോള്‍ വിരിമാറുകാട്ടിക്കൊടുത്ത് അവരെ നോവിച്ച് രസിച്ചു. ഇന്നല്ലെങ്കില്‍ നാളെ ഇവരിലാര്‍ക്കൊപ്പവും പോകാമല്ലോ എന്നനിലയില്‍ എല്ലാവരെയും പിന്നാലെ കൂട്ടി. തോമസ് ഉണ്ണിയാടനെ ഏകെജി സെന്ററിലേക്ക് അയച്ച് കോടിയേരിയുമായി കിഞ്ചനവര്‍ത്തനം നടത്തിച്ചു. അങ്ങനെ സാധ്യതകളുടെ എല്ലാ ജാലകങ്ങളും തുറന്നുവച്ച് കുഞ്ഞുമാണിസാറും കുഞ്ഞുപ്രാരബ്ദങ്ങളും പുതിയ സ്വപ്‌നങ്ങളിലേക്ക് ഊളിയിട്ടു. ഇനി എന്താവും എന്തോ!

ഇടിത്തീപോലെയാണ് സംഗതി തകിടം മറിയുന്നത്. ജേക്കബ് ജോര്‍ജിന് വകതരിവില്ലാന്ന് നേരത്തെ പലവട്ടം പറഞ്ഞതാണ്. അതുകൊണ്ടാണ് മാണിസാറും ഉമ്മന്‍ചാണ്ടിസാറും ഭരിച്ചപ്പോള്‍ അദ്ദേഹത്തെ കാര്യമായ പണിയൊന്നും ഏല്‍പ്പിക്കാതെ മൂലയ്ക്കിരുത്തിയത്. പുത്തനച്ചി പുരപ്പുറം തൂക്കും എന്നചൊല്ലിനെ അന്വര്‍ത്ഥമാക്കി പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന്റെ നാലാംനാള്‍ വിദ്വാനെ പിടിച്ച് വിജിലന്‍സ് ഡയറക്ടറുടെ കസേരയിലിരുത്തി. ഇത്രയൊക്കെ വിജയന്‍ ഉദ്ദേശിച്ചുകാണുമോ? വിഎസിനെ പോലെ നിരന്തരം വേട്ടയാടി ദ്രോഹിക്കണമെന്ന ദുരാഗ്രഹമൊന്നും വിജയനില്ല. എല്ലാവരും തനിക്ക് ചുറ്റും വെഞ്ചാമരം വീശി മഹദ്വചനങ്ങളാലപിക്കണമെന്നേയുള്ളൂ. പക്ഷെ കിട്ടിയ നേരം നോക്കി ജേക്കബ് തോമസ് കടുംകൈ ചെയ്തുകളഞ്ഞു. ഇനി എന്താവും എന്തോ!

ജേക്കബ് തോമസിനെ പിടിച്ചിരുത്തിയപ്പോള്‍ തന്നെ വകതിരിവില്ലായ്മ വളിച്ചുപറഞ്ഞതാണ്. ഫുട്‌ബോള്‍ കളിയിലെ റഫറിയെ പോലെ മഞ്ഞയും ചുവപ്പും കാര്‍ഡ് പോക്കറ്റിലിട്ടാണ് നടക്കുകയെന്നായിരുന്നു പ്രഖ്യാപനം. എപ്പോ വേണമെങ്കിലും കാര്‍ഡ് പുറത്തെടുക്കും വീശും. ഫുട്‌ബോളില്‍ കളി നടക്കുമ്പോള്‍ മാത്രമേ അതിന് സ്‌കോപ്പുള്ളൂ. രാഷ്ട്രീയത്തിലും ഭരണത്തിലുമായാല്‍ എപ്പോള്‍ വേണമെങ്കിലും കാര്‍ഡ് പുറത്തെടുക്കാം വീശാം. കളിക്കളം വിട്ട് മൂലക്കിരിക്കുന്നവര്‍ക്കുനേരെയും ഇത് പ്രയോഗിക്കാമെന്നതാണ് നേട്ടം. അത്തരത്തിലൊരു പ്രയോഗമാണ് ഇപ്പോള്‍ ജേക്കബ് തോമസ് നടത്തിയിട്ടുള്ളത്. പോക്കറ്റില്‍ കയ്യിട്ടിട്ടുണ്ട്. പുറത്തേക്ക് വരുന്ന കാര്‍ഡിന്റെ നിറത്തിലേക്കാണ് ഇനി നോട്ടം. പണ്ടത്തെപോലെയല്ല, തുറുന്നുവിട്ട തത്തയാണ് താന്‍ എന്നാണ് അദ്ദേഹം തന്നെ പറയുന്നത്. സാധാരണ തത്ത കാര്‍ഡ് കൊത്തിയാല്‍ അതാണ് ഭാഗ്യം. ഇന്നത്തെ കാലം അങ്ങനെയൊക്കെയാണോ. തത്ത കൊത്തിയെടുക്കുന്ന കാര്‍ഡ് ഭാഗ്യദോഷത്തിന്റേതായും മാറാം. എന്താവും എന്തോ!

സെപ്തംബര്‍ രണ്ടിന് യോജിപ്പിന്റെ വിശാലവേദിയില്‍ ഒരു ജനകീയ തള്ളിക്കയറ്റത്തിന് സാധ്യതയുണ്ടായിരുന്നു. അതൊരു മഹാസംഭവം ആകേണ്ടതായിരുന്നു. ഇന്നത്തെ നിലയില്‍ അതിനുള്ള സാധ്യതയും മങ്ങി. എകെജി സെന്ററിലേക്ക് ഉണ്ണിയാടന്‍ ദൂതുതുമായി പോയത് മണത്തറിഞ്ഞുള്ള മറ്റൊരു ഗൂഢരാഷ്ട്രീയ നീക്കമാണോ സുകേശന്റെ ഹര്‍ജി അംഗീകരിച്ചുള്ള കോടതിവിധിയെന്ന കാര്യത്തിലാണ് ഇനി പ്രതിച്ഛായ ഗവേഷകര്‍ പഠനം നടത്തേണ്ടത്. ചുവപ്പുകാര്‍ഡുമായി നടക്കുന്ന വിദ്വാന് രാഷ്ട്രീയകളത്തിലെ നീക്കുപോക്കുകളെ കുറിച്ച് അത്ര അറിവില്ലായ്മ കൊണ്ട് സംഭവിച്ചതുമാകാം. ഏതായാലും പലനീക്കങ്ങളുടെയും ചരട് മുറിഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ രസച്ചരടിന്റെ പരിമുറുകുന്നതേയുള്ളൂ.

ഭാഗ്യമുദിച്ചത് കോണ്‍ഗ്രസിനാണ്. അല്ലെങ്കില്‍ മാണിസാറിനായി പാര്‍ട്ടി വക്താക്കള്‍ തൊണ്ടയിലെവെള്ളം എത്രവറ്റിക്കണമായിരുന്നു. ഇപ്പോള്‍ ആ പൊല്ലാപ്പ് ഇല്ല. ഒറ്റയ്ക്ക് നിന്ന് അനുഭവിച്ചോ എന്നാണ് ഇന്ദിരാഭാവനില്‍നിന്നുള്ള സന്ദേശം. അതുകൊണ്ടുതന്നെ ഏകാന്തപഥികന്റെ യാത്രയുടെ ദിശയും ഗതിയും നിശ്ചയിക്കുക ചുവപ്പുകാര്‍ഡുള്ള തത്തയായിരിക്കും.