വെന്റിലേറ്ററിലുണ്ട് പാര്‍ട്ടികള്‍; ഉയിര്‍പ്പെന്ന അത്ഭുതം കാത്ത്

April 4, 2016, 1:02 pm
വെന്റിലേറ്ററിലുണ്ട് പാര്‍ട്ടികള്‍; ഉയിര്‍പ്പെന്ന അത്ഭുതം കാത്ത്
Satire
Satire
വെന്റിലേറ്ററിലുണ്ട് പാര്‍ട്ടികള്‍; ഉയിര്‍പ്പെന്ന അത്ഭുതം കാത്ത്

വെന്റിലേറ്ററിലുണ്ട് പാര്‍ട്ടികള്‍; ഉയിര്‍പ്പെന്ന അത്ഭുതം കാത്ത്

ജനാധിപത്യത്തില്‍ ദയാവധമുണ്ടോ? നിശ്ചയമില്ല. സ്വാഭാവിക അന്ത്യത്തിന് വിധേയരാകുന്നവര്‍ ഏറെയുണ്ട്. വ്യക്തികള്‍ മാത്രമല്ല, രാഷ്ട്രീയ പാര്‍ട്ടികളും. അതിന് പോലും അര്‍ഹതയില്ലെന്ന് കാണുന്ന ചില പാര്‍ട്ടികളെ ജനങ്ങള്‍ നിര്‍ദാക്ഷിണ്യം കൈവിട്ടുകളയും. മോബ് ലിഞ്ചിങ് എന്ന് സമാധാനിക്കലേ അതിന് നിര്‍വാഹമുള്ളൂ. ഇത്തരം ആള്‍ക്കൂട്ട തീര്‍പ്പുകള്‍ക്ക് എതിരാണ് എല്ലാവരും എന്നാണ് വെപ്പ്. തെരഞ്ഞെടുപ്പ് ചിലര്‍ക്കെങ്കിലും ഒരുതരം മോബ് ലിഞ്ചിങ്ങാണ്. അതിനുള്ള അരങ്ങൊരുങ്ങലാണ് ഇപ്പോള്‍ നടക്കുന്നതും. ആരെല്ലാം എരിഞ്ഞടങ്ങുമെന്നും അതിജീവിക്കുമെന്നും കണ്ടറിയുകതന്നെ വേണം. രാഷ്ട്രീയഐക്യകേരളത്തിന്റെ ഉത്പത്തികാലം തൊട്ടുള്ളതാണ് ഈ പ്രവണത. എത്രതന്നെ കണ്ടാലും കേട്ടാലും പഠിക്കില്ല. 'തെരഞ്ഞെടുപ്പ് വരും, എല്ലാം ശരിയാകും'. ഇതാണ് വെന്റിലേറ്ററില്‍ കിടക്കുന്ന പാര്‍ട്ടികളുടെ വിശ്വാസം. ജനക്കൂട്ടത്തിന്റെ വിശ്വാസവും അതുതന്നെ. പക്ഷെ എല്ലാം ശരിയാക്കാന്‍ വീണ്ടും ഒരു തെരഞ്ഞെടുപ്പുവരെ കാത്തിരിക്കേണ്ടിവരുമെന്നതാണ് അവസ്ഥ. അതൊരു ചാക്രിക പ്രക്രിയയാണ്. 

ഊര്‍ധ്വന്‍ വലിക്കുന്ന പാര്‍ട്ടീസ് എന്നാണ് ഇത്തരക്കാരെ പൊതുവെ പറയാറ്. ഒരു തെരഞ്ഞെടുപ്പ് കടന്നുകിട്ടിയാല്‍ മതി, അഞ്ചുവര്‍ഷത്തേക്ക് ഏതാണ്ട് ജീവന്‍ നിലനിര്‍ത്താം. ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് മാത്രമായിരുന്നു ഇതില്‍നിന്ന് വ്യത്യസ്തം. 1957ല്‍ കാര്യപ്പെട്ട പാര്‍ട്ടികള്‍ നാലേ ഉണ്ടായിരുന്നുള്ളൂ. സിപിഐയും കോണ്‍ഗ്രസും പിഎസ്പിയും ആര്‍എസ്പിയും. തനിച്ച് നിന്ന് തന്റേടം കാട്ടി അന്ന് ആര്‍എസ്പി. 28 സീറ്റില്‍ മത്സരിച്ച് വീരോചിതമായി തോറ്റു. പക്ഷെ മൂന്ന് ശതമാനമാളുകള്‍ പകര്‍ന്നുകൊടുത്ത ശ്വാസം അവര്‍ക്ക് അതിജീവനത്തിന്റേതായിരുന്നു. ജയിക്കാന്‍ എന്തിനാണ് സ്വന്തം വേര്, ഇത്തിള്‍ക്കണ്ണിയായാല്‍ പോരേ എന്ന തിരിച്ചറിവ് ആര്‍എസ്പിക്കുണ്ടായതാണ് ആ തെരഞ്ഞെടുപ്പിലെ ഗുണപാഠം. പിഎസ്പി 62 സീറ്റില്‍ മത്സരിച്ച് ഒമ്പതില്‍ ജയിച്ചു. പിന്നീടങ്ങോട്ട് അത്യുജ്വലം ക്ഷയോന്മുഖമായി. 70ലെ തെരഞ്ഞെടുപ്പുവരെ തട്ടിമുട്ടി കൊണ്ടുപോയി, നിത്യവിസ്മൃതിയിലേക്ക് മറഞ്ഞു. ഇങ്ങനെ ഒരു പിഎസ്പി മാത്രമല്ല, ഉണ്ടായി ഇല്ലാതായത്. ബിജെഎസ്, എസ്എസ്പി, സ്വതന്ത്രപാര്‍ട്ടി, കെടിപി, കെഎസ്പി, ഐഎസ്പി, എന്‍ഡിപി, ജനതാപാര്‍ട്ടി, കോണ്‍ഗ്രസ് റാഡിക്കല്‍സ്, നാഷണല്‍ ആര്‍എസ്പി, അഖിലേന്ത്യാ മുസ്ലീം ലീഗ്, ബിഎല്‍ഡി, എഡികെ, എസ്ആര്‍പി, കോണ്‍ഗ്രസ് യു, എസ് യു സി, ഐഎല്‍പി, ജനത ജി, ആര്‍എസ്പി (എസ്),  കേരള കോണ്‍ഗ്രസ് സോഷ്യലിസ്റ്റ്, ഐസിഎസ്, ഡിഎല്‍പി, എന്‍ആര്‍എസ്പി, ലോക്ദള്‍, എഐഐസി(ടി), സമതാപാര്‍ട്ടി എന്നിങ്ങനെ അത്യാവശ്യം വേറെയുമുണ്ട്. (വിട്ടുപോയ കക്ഷികളുടെ ആത്മാക്കള്‍ ക്ഷമിക്കുക, ഓര്‍മ്മക്കുറവുണ്ട്).  ചിലത് ചാരംപോലുമില്ലാതെ അടങ്ങി. മറ്റുചിലതുക്കള്‍ ദേഹി ദേഹം വിട്ട് മറ്റൊന്നിലെന്നപോലെ  വിലയം പ്രാപിച്ചു.

ഭൂതകാല കക്ഷികളെ ഇങ്ങനെ ഒറ്റവാചകത്തില്‍ മാലകോര്‍ക്കാം. നടപ്പുദിനങ്ങളെ അങ്ങനെ പറ്റുമോ? അത്യാസന്നകിടക്കയിലാണെങ്കിലും ചിലത് അവര്‍ പോലും പ്രതീക്ഷിക്കാത്ത തിരിച്ചുവരവിനുള്ള പുറപ്പാടിലാണ്. രാഹുല്‍ഗാന്ധിയുടെ രഹസ്യ ധ്യാനം പോലെ. ഇത്തവണ അതിജീവനം തേടുന്നവരും അതിനുപോലും അവസരമില്ലാത്തവരുമുണ്ട്. ജെഎസ്എസ്, സിഎംപി-രണ്ട് (സിപിജോ, അര.കെആര്‍), കേകോകള്‍- ഏഴ് (പിസിജോ, ടിഎസ്‌ജോ,  പിസിതോ, പിള്ളൈ, അനൂപ് ജേ, നെല്ലൂര്‍ ജേ, വിസു), പതിവുപോലെ ഐഎന്‍എല്‍, ആര്‍എസ്പി (കോവൂരുള്ളതും കോവൂരില്ലാത്തതും), കടന്നപ്പള്ളി കോണ്‍ഗ്രസ്, നടേശസംഘം...ഇങ്ങനെ പോകുന്നു. കൃത്രിമശ്വാസം പോലും വേണ്ടെന്ന് വച്ച് ജമാഅത്ത് വെല്‍ഫെയറും ആശുപത്രിയിലേക്ക് പോലും വരാതെ ആപ്പുകാരും സൈഡ് ബഞ്ചിലുണ്ട്.

ജെഎസ്എസ് എന്ന പാര്‍ട്ടി ഇപ്പോഴുണ്ടോയെന്ന് കെആര്‍ ഗൗരിയമ്മയ്ക്കുപോലും ഉറപ്പില്ല. എകെജി സെന്ററിന്റെ പടി രണ്ടുവട്ടം കയറിയിറങ്ങിയപ്പോള്‍ ഉണ്ടായിരുന്ന ശ്വാസവും പോയി. എല്ലാം ശരിയാവും എന്ന സാന്ത്വന വചനം പോലും കിട്ടിയില്ല അവിടെനിന്ന്. ഇനിയെന്ത് വഴി. കിട്ടാവുന്ന എല്ലാവെരയും ചേര്‍ത്താണ് ഏതാനും മാസം മുമ്പ് ആഘോഷപൂര്‍വ്വം പാര്‍ട്ടിയുടെ ഏക പ്ലീനം വിളിച്ചുചേര്‍ത്ത് സിപിഐഎമ്മാകാന്‍ തീരുമാനിച്ചത്. അത്യാവശ്യം സ്വത്തുവകകൂടി കിട്ടുമെന്നതിനാല്‍ പിണറായിക്കും സന്തോഷമായിരുന്നു. വെള്ളാപ്പള്ളിക്ക് ഉപദേശംകൊടുത്ത രാജന്‍ബാബു ചില്ലറ ലോഹ്യക്കേട് കാണിച്ചപ്പോള്‍ സ്വത്തും കൈവിടുമെന്നായി. എന്നാല്‍ പിന്നെ പടിക്ക് പുറത്തുതന്നെ ആയിക്കോട്ടെയെന്ന് എകെജി സെന്റില്‍നിന്ന് കല്‍പ്പിച്ചു. ഇഎംഎസ് പോലും ഉള്ള സ്വത്തെല്ലാം പാര്‍ട്ടിക്ക് കൊടുത്താണ് വലിയ നേതാവും മുഖ്യമന്ത്രിയും വരെയായത്. ആളും അര്‍ത്ഥവുമില്ലാത്ത പാര്‍ട്ടിയെ തിരസ്‌കരിച്ചതിന് സിപിഐഎമ്മിനെ കുറ്റം പറയാനൊക്കുമോ. ജെഎസ്എസ് ഇനി യെന്തരോയെന്തോ.

ഇതല്ല എംവി രാഘവന്റെ പാര്‍ട്ടിയുടെ സ്ഥിതി. രാഘവന്‍ ജീവിച്ചിരുന്നപ്പോള്‍ സാധിക്കാത്തത് ഈ തെരഞ്ഞെടുപ്പോടെ സാധ്യമാകമെന്നതാണ് അവരുടെ വലിയ ആശ്വാസം. രാഘവന്റെ കാലത്ത് സിഎംപി മൂന്നുനാല് സീറ്റുകളില്‍ മത്സരിച്ചിരുന്നു. നല്ലനിലയില്‍ ജയിക്കാനുള്ള ഒന്നുപോലും കോണ്‍ഗ്രസ് കൊടുത്തില്ല. മാറിമാറി ഇടം കണ്ടെത്തിയാണ്  രാഘവന്‍ തന്നെ ജയിച്ചുമന്ത്രിയായത്. അവസാന കാലത്ത് അതും സാധ്യമാകാതായി. കൂടെയുണ്ടായിരുന്ന സിപി ജോണും കെആര്‍ അരവിന്ദാക്ഷനുമെല്ലാം ഒന്നുംകിട്ടാതെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതായിരുന്നു രാഘവന്റെ അവസാനകാല രാഷ്ട്രീയ ദുഃഖം. ജീവന്‍ വെടിഞ്ഞാല്‍ പാര്‍ട്ടിക്ക് ഉശിരേകുമെന്നത് ഒരു ചൊല്ലുമാത്രമല്ല. സിഎംപി ഇപ്പോള്‍ അങ്ങനെയാണ്. മറവിരോഗം പിടിപെട്ടപ്പോള്‍ സ്വന്തമായി ഉണ്ടാക്കിയ പാര്‍ട്ടി ഏതെന്ന് ഓര്‍മ്മയില്ലാതെ സിപിഐഎമ്മിന്റെ വഴിയിലേക്ക് നോക്കിയ എംവിആറിന്റെ പിന്മുറക്കാര്‍ക്ക് ഇപ്പോള്‍ വലുതാണ് പ്രതീക്ഷകള്‍, രാഘവനുണ്ടായ കാലത്തേക്കാള്‍. കോണ്‍ഗ്രസിനോടും സിപിഐഎമ്മിനോടും ചേര്‍ന്നുനിന്നതിനാല്‍ രണ്ടിടത്തുമുണ്ട് തണല്‍. ഒന്ന് ഉത്സാഹിച്ചാല്‍ സിപി ജോണിന് യുഡിഎഫ് പക്ഷത്തുനിന്ന് ഇത്തവണ സഭയിലേക്കെത്താം. ബംപര്‍ ലോട്ടറി അടിച്ചത് കെആര്‍ അരവിന്ദാക്ഷനാണ്. ചവറ വെറും ചവറല്ല അരവിന്ദാക്ഷന്. പാര്‍ട്ടിയുടെ പേര് മാത്രമേ അരവിന്ദാക്ഷന്‍ വിട്ടുകൊടുത്തിട്ടുള്ളൂ. സ്ഥാനാര്‍ത്ഥിയെ തന്നെ സിപിഐഎം കണ്ടുപിടിച്ചുകൊടുത്തു. ഇത്രയും ഉദാരത മറ്റാര് കാണിക്കും. തെരഞ്ഞെടുപ്പുകാല ചെലവും കഴിഞ്ഞ് എന്തെങ്കിലും മിച്ചം കാണും. 'എല്ലാം ശരിയായാല്‍' അതിലേറെ മെച്ചം. രാഘവന്റെ യഥാര്‍ത്ഥ ചിരി വിടരുന്നത് എംവി നികേഷ് കുമാറിന്റെ മുഖത്താണ്. അച്ഛന്റെ ശേഷപാര്‍ട്ടിയില്‍ രണ്ടിലും പെടാതെ തനിത്തങ്കം സ്വതന്ത്ര സിപിഐഎം. ഹൊ!  എംവിആറിന്റെ പിന്‍തലമുറയ്ക്ക് എംഎല്‍എമാര്‍ മൂന്ന്!

കേരള കോണ്‍ഗ്രസിലാണ് പുഷ്‌കലകാലം. ഫ്രാന്‍സിസ് ജോര്‍ജിന് എകെജി സെന്ററില്‍നിന്ന് ശ്വാസവായുക്കുഴല്‍ നീട്ടിയിട്ടുണ്ട്. അതിലൊരുസൂക്ഷ്മാംശം സെക്യൂലര്‍ ജോണിന് കിട്ടും. പറഞ്ഞു ചീറ്റിക്കപ്പെട്ട ജോര്‍ജ്ജ് എന്ന പിസി ജോര്‍ജ് സ്വന്തം ചെലവില്‍ കണ്ടെത്തണം ജീവവായു. സ്പീക്കറുടെ കാസ്റ്റിങ് വോട്ടില്‍ ഒരു മന്ത്രിസഭ നിന്ന കാലമുണ്ടായിരുന്നു കേരളത്തില്‍. സ്വന്തം നിലയില്‍ വിജിഗീഷുവാകുന്ന ജോര്‍ജിന്റെ ഒറ്റ നമ്പറില്‍ ഭരണം നിശ്ചയിക്കുന്ന കാര്യം വന്നാലോ. ആലോചിക്കരുത്. ചിലപ്പോള്‍ ഉള്‍പ്പുളകം വന്നുപോകും. വി സു അഥവാ സുരേന്ദ്രന്‍പിള്ള ജെഡിയുവിലേക്കുള്ള വണ്ടിക്കാശ് കൊടുത്തു കഴിഞ്ഞു. ഇനി അവര്‍ നോക്കിക്കോളും. പിസി തോമസ് ഭാജാപയുടെ കൂടെയാണെങ്കിലും എതാണ്ട് ചായ്പ്പില്‍ തന്നെയാണ് ഇരിപ്പ്. ഘര്‍വാപ്‌സി വെറും വാക്കുമാത്രം. പിസിതോയുടെ കാര്യത്തില്‍ അത്ര ഗൗരവത്തിലില്ല. ജേക്കബിന്റെ ചങ്കും കരളും കൊണ്ടാണ് നെല്ലൂര്‍ പടിവിട്ടിറങ്ങിയത്. സ്വന്തമായി അതിജീവിച്ചില്ലെങ്കിലും അനൂപിനെ വീഴ്ത്താനുള്ള ഉശിരെങ്കിലും കാട്ടിയാലേ നിലനില്‍പ്പുള്ളൂ. രണ്ടുപേരും അതിജീവിച്ചില്ലെങ്കില്‍ ജേക്കബ് ഒരു ഓര്‍മ്മമാത്രമായി തീരും.

ഐഎന്‍എല്‍ ഉണ്ടായ കാലം മുതല്‍ ഇങ്ങനെ തന്നെയാണ്. പിഎംഎ സലാം ഉടലോടെ ലീഗിലേക്ക് പോയിട്ടും പിടിച്ചുനിന്നു. ഇത്തവണ എല്ലാം ശരിയായാല്‍ മുന്നണിയിലിരിപ്പിടം കിട്ടുമെന്നാണ് പ്രതീക്ഷ. കടന്നപ്പള്ളി കോണ്‍ഗ്രസിന് അതിമോഹമൊന്നും കാണില്ല. ഇത്രയും കാലമായില്ലേ, ശിഷ്ടകാലം കൂടി കഴിഞ്ഞുകൂടാം എന്നുമാത്രം. ചവറ മുതല്‍ ചവറ വരെ നീണ്ടുകിടന്ന കിസിഞ്ചര്‍ പാര്‍ട്ടി ഒത്തൊരുമയോടെ വലുതാവുകയാണ്. കുഞ്ഞുമോന് പകരം മറ്റൊരു കോവൂരിനെ തന്നെ കണ്ടെത്തിക്കഴിഞ്ഞു. യുഡിഎഫിലെത്തിയ എഎ അസീസിനോട് മസ്ലീം ലീഗുകാര്‍ക്ക് വല്ലാത്ത പ്രണയമാണ്. ജില്ലയില്‍ മറ്റൊരു സീറ്റ് തരാമെന്ന് ലീഗിനോട് പറഞ്ഞെങ്കിലും ലീഗിന് താല്‍പര്യമില്ല. പാര്‍ട്ടിക്ക് വേറെ സീറ്റ് കിട്ടിയാല്‍ ഇരവിപുരത്തെ പ്രവര്‍ത്തകരെല്ലാം പ്രചാരണത്തിന് ആ മണ്ഡലത്തിലേക്ക പോയേക്കും. അതുകൊണ്ടെങ്ങാന്‍ അസീസിന് ബുദ്ധിമുട്ട് വന്നാലോ. ലീഗ് ഒരിക്കലും ചിന്തിക്കുക പോലുമില്ല അത്. ചവറയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഓര്‍ക്കാതെ പ്രചാരണത്തിനിറങ്ങുന്നതിലാണ് ഷിബു ബേബി ജോണിന്റെ താല്‍പര്യം!