വിരുദ്ധന്റെ വോട്ടുപദേശം; വിഎസ് പഠിപ്പിച്ച വൈരുദ്ധ്യാധിഷ്ഠിതം

April 21, 2016, 7:55 pm
വിരുദ്ധന്റെ വോട്ടുപദേശം; വിഎസ് പഠിപ്പിച്ച വൈരുദ്ധ്യാധിഷ്ഠിതം
Satire
Satire
വിരുദ്ധന്റെ വോട്ടുപദേശം; വിഎസ് പഠിപ്പിച്ച വൈരുദ്ധ്യാധിഷ്ഠിതം

വിരുദ്ധന്റെ വോട്ടുപദേശം; വിഎസ് പഠിപ്പിച്ച വൈരുദ്ധ്യാധിഷ്ഠിതം

തൊഴിലാളി വര്‍ഗം മാത്രം വിചാരിച്ചാല്‍ വിപ്ലവം നടക്കില്ലെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ സ. മാര്‍ക്‌സും എംഗല്‍സും പറഞ്ഞിട്ടുണ്ട്. വിപ്ലവം ജയിക്കണമെങ്കില്‍ ചെറുബൂര്‍ഷ്വാസികളെയും ഒപ്പം കൂട്ടണം. അതായത് പെറ്റി ബൂര്‍ഷ്വാസിയെ. വിപ്ലവം പൂര്‍ത്തിയാകുന്നതുവരെ മാത്രമേ ഈ പെറ്റിബൂര്‍ഷ്വാസികളെ ഒപ്പം നിര്‍ത്താവൂ. ജയിച്ചാല്‍ ഉടന്‍ ചവിട്ടിപ്പുറത്താക്കണം. പിന്നെ തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യമായിരിക്കും. മാര്‍ക്‌സ് വിശേഷിപ്പിച്ച ഈ പെറ്റി ബൂര്‍ഷ്വാസിയുടെ പോസ്റ്റ് മോഡേണ്‍ കേരള പതിപ്പാണ് പാര്‍ട്ടിവിരുദ്ധ മനോഭാവത്തിലേക്ക് തരംതാഴുന്ന വിഭാഗം. അവര്‍ തരംതാഴുന്നേയുള്ളൂ. ബൂര്‍ഷ്വാസികളെപോലെ പൂര്‍ണമായി വിരുദ്ധരായിട്ടില്ല. പാതിവെന്ത ജനുസ്സുകള്‍. ജയിക്കാന്‍ ഇത്തരക്കാരെയും ഒപ്പം കൂട്ടാം. അവരാരും പാര്‍ട്ടിക്കാരല്ല. വിപ്ലവ മുന്നണിയിലെ മുന്നണിപ്പോരാളികളുമല്ല. വര്‍ഗശത്രുവിനെ ആള്‍പ്പെരുപ്പം കാണിച്ച് ഭയപ്പെടുത്താനുള്ള ഒരു വകമാത്രം.

തൊഴിലാളി വര്‍ഗ വിപ്ലവത്തില്‍നിന്ന് വഴിമാറി ജനകീയ ജനാധിപത്യ വിപ്ലവത്തിലേക്ക് കാലെടുത്തതോടെ വിപ്ലവം എന്നത് തെരഞ്ഞെടുപ്പില്‍ ജയിക്കുകയെന്നതാണ്. അതുകൊണ്ട് തെരഞ്ഞെടുപ്പ് കാലത്ത് പെറ്റിബൂര്‍ഷ്വാസികളെ ഒപ്പം കൂട്ടാം. തനിത്തങ്കം ഇടതല്ലാത്ത ജനാധിപത്യപാര്‍ട്ടികള്‍ എന്ന് വിശേഷിപ്പിക്കുന്ന മറ്റുപാര്‍ട്ടികള്‍ കൂടി വിപ്ലവ മുന്നണിയിലേക്ക് വരുന്നത് ഈ സൈദ്ധാന്തിക അടിത്തറയുടെ ബലത്തിലാണ്. ബംഗാളില്‍ കോണ്‍ഗ്രസ് ഒപ്പം ചേരുന്നത് പോലെ. ഈ ഗണത്തില്‍ പെടുത്താവുന്നതാണ് പാര്‍ട്ടി വിരുദ്ധമനോഭാവത്തിലേക്ക് തരംതാഴുന്നവരും. ആലപ്പുഴ സംസ്ഥാന സമ്മേളനത്തിന്റ തലേന്നാണ് പാര്‍ട്ടിയിലെ ട്രോജന്‍ കുതിരയെ സംസ്ഥാന സെക്രട്ടേറിയറ്റിലെ കെജിബി സംഘം കയ്യോടെ പിടികൂടിയത്. ഇക്കാര്യം നാട്ടൂകൂട്ടം വിളിച്ച് വിളംബരം ചെയ്തു.

ആ വിളംബരം പാര്‍ട്ടി ഇതുവരെ പിന്‍വലിച്ചിട്ടില്ല. കാലാകാലങ്ങളായി പാര്‍ട്ടി തീരുമാനങ്ങള്‍ നാട്ടുകാര്‍ അറിയുന്നത് പാര്‍ട്ടിയുടെ ഔദ്യോഗിക ജിഹ്വയിലൂടെയാണ്. അതില്‍ വരുന്ന പാര്‍ട്ടിക്കാര്യം മാത്രമേ ജനങ്ങള്‍ വിശ്വസിക്കാനും പാടുള്ളൂ. മറ്റെല്ലാം പാര്‍ട്ടി വിരുദ്ധ കുപ്രചാരണമാണ്. മറ്റുള്ളവര്‍ പാര്‍ട്ടിയെ കുറിച്ച് എന്തെങ്കിലും നല്ലത് പറഞ്ഞിട്ടുണ്ടെങ്കില്‍ അതും സംശയത്തോടെ മാത്രമേ നോക്കാവൂ എന്ന് പണ്ടെങ്ങോ ഇഎംഎസ് പറഞ്ഞതായ വാക്യമാണ് ഇപ്പോഴും ബൈബിള്‍ വചനം പോലെ ഉരിയാടിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് പാര്‍ട്ടിയോ പാര്‍ട്ടി ജിഹ്വയോ മേല്‍ തീരുമാനം മാറ്റിയതായി ലോകത്തെ അറിയിച്ചിട്ടില്ല. ദോഷൈകദൃക്കായ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടാകരുതെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം. എല്ലാവരും പാര്‍ട്ടിക്കുവേണ്ടിയും പാര്‍ട്ടിയുടെ ശരിയായ നേതാവിന് വേണ്ടിയുമുള്ള ചോദ്യങ്ങള്‍ മാത്രം ചോദിച്ചുകൊണ്ടിരിക്കണം. അങ്ങ് ഉത്തരകൊറിയയിലെ നടപ്പ് രീതിപോലെ. എന്നാല്‍, ഇതൊന്നുമറിയാത്ത ഏതോ ഒരു വിദ്വാന്‍ പത്രക്കാരനെന്ന മാരീചവേഷമണിഞ്ഞ് നിയുക്തമുഖ്യമന്ത്രിയോട് ചില അനാവശ്യചോദ്യം ചോദിക്കുന്നു. നിഷ്‌കളങ്കനും സത്യംസത്യംപോലെ മാത്രം പറയുകയും ചെയ്യുന്ന നിയുക്തമുഖ്യമന്ത്രി പാര്‍ട്ടി തീരുമാനം പതിരൊട്ടുമില്ലാതെ പറയുന്നു. ആ തീരുമാനമെല്ലാം അതുപോലെ തന്നെയുണ്ട്. ഉത്തരത്തില്‍ തെല്ലുമേയില്ല തെറ്റ്. തികച്ചും വസ്തുത. അത് അങ്ങനെയല്ലാതെ എങ്ങനെ പറയും.

ഉടനെ അപസര്‍പ്പക കഥപോലെ മാധ്യമങ്ങള്‍ വ്യാഖ്യാനവുമായി അഴിഞ്ഞാടി. 'വിഎസ് അച്യുതാനന്ദനെ പിണറായി വിജയന്‍ പാര്‍ട്ടി വിരുദ്ധനെന്ന് വീണ്ടും വിളിച്ചിരിക്കുന്നു'. വിളിച്ചില്ലെന്നത് നേര്. ആ വിളി  ഇപ്പോ നിലനല്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് മറുപടി പറഞ്ഞതും നേര്. ചില വൈരുദ്ധ്യങ്ങള്‍ ഇങ്ങനെ ഒരേ സമയം നേരായി വരുന്ന അത്യപൂര്‍വ്വ സന്ദര്‍ഭങ്ങളേ ചരിത്രത്തിലുണ്ടാകൂ.

ജയിക്കാന്‍ പാര്‍ട്ടി വിരുദ്ധരുടെയും വോട്ട് വേണം. പാര്‍ട്ടി വിരുദ്ധരെക്കൊണ്ട് വോട്ട് ചോദിപ്പിക്കുകയും ആകാം. അതിനെല്ലാം മാനിഫെസ്റ്റോ സൈദ്ധാന്തിക അടിത്തറ നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് വിരുദ്ധനെക്കൊണ്ട് നിയുക്തമുഖ്യമന്ത്രിയുടെ മണ്ഡലത്തിലും വോട്ട് ചോദിപ്പിച്ചത്. വിരുദ്ധന്റെ കൂടി പിന്തുണയുള്ള നേതാവാണല്ലോ യഥാര്‍ത്ഥ ജനനായകന്‍. ചില നേതാക്കളെ നാടൊന്നാകെ ഏറ്റെടുക്കുന്നത് ഇങ്ങനെയൊക്കെയാണ്.

വിരുദ്ധന്മാര്‍ക്ക് വോട്ട് ചോദിക്കാനേ ഇതുവരെ പാര്‍ട്ടി അനുമതി കൊടുത്തിട്ടുള്ളൂ. വോട്ട് കാല ഉപദേശം നല്‍കാന്‍ അനുമതി കൊടുത്തതായി അറിവില്ല. ലെനിനിസ്റ്റ് രീതിയില്‍ കേന്ദ്രീകൃത  ജനാധിപത്യമാണ് പാര്‍ട്ടിയില്‍. ജനറല്‍ സെക്രട്ടറി പറയും കേന്ദ്രകമ്മിറ്റി കേള്‍ക്കും. സംസ്ഥാന സെക്രട്ടറി പറയും സംസ്ഥാന കമ്മിറ്റിയും കേള്‍ക്കും. ഇങ്ങനെ താഴോട്ട്. സെക്രട്ടറിമാര്‍ക്കേ ഉപദേശിക്കാനും ശാസിക്കാനും അധികാരമുള്ളൂ. കേവലം ക്ഷണിതാവിന് പൊളിറ്റ് ബ്യൂറോ അംഗത്തെ ഉപദേശിക്കാന്‍ പാര്‍ട്ടി ഭരണഘടനയില്‍ ഒരു വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടില്ല. ക്ഷണിതാവ് എന്നാല്‍ ഒന്നും ഉരിയാടാതെ കമ്മിറ്റിയില്‍ ഇരിക്കുന്ന ആള്‍ എന്നാണ് അര്‍ത്ഥം. വിഎസ് അച്യുതാനന്ദന്‍ ചില പൊതുയോഗങ്ങളിലും പാര്‍ട്ടി കമ്മിറ്റികളിലും ഇരിക്കുന്നത് പോലെ. ഒരു പിബി അംഗം മറ്റൊരു പിബി അംഗത്തോട് കാണിക്കേണ്ട മര്യാദയെ കുറിച്ച് ഏതാനും കൊല്ലം മുമ്പ് സെക്രട്ടറിയായിരിക്കെ സ. പിണറായി ചില ഉപദേശം പരസ്യമായി നല്‍കിയിരുന്നു. പിബി അംഗം മറ്റൊരു പിബി അംഗത്തെ സംശയമുനയില്‍ നിര്‍ത്തരുതെന്നായിരുന്നു ആ ഉപദേശം. വിശാഖപട്ടണം കോണ്‍ഗ്രസിലോ കൊല്‍ക്കത്ത പ്ലീനത്തിലോ ഇക്കാര്യം രേഖയിലാക്കിയില്ലെങ്കിലും അത് പൊതുതത്വമായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ആലപ്പുഴ സമ്മേളനത്തലേന്ന് പുറത്തിറക്കിയ പ്രമേയം പോലെ.

ഈ തത്വങ്ങളെല്ലാം മറുന്നുകൊണ്ട് കേവലം ക്ഷണിതാവ്, പിബി അംഗമായ നിയുക്തമുഖ്യമന്ത്രിയെ പരസ്യമായി ഉപദേശിച്ചതാണ് ഇത്തവണത്തെ വോട്ടുകാല ഉപദേശം. ന്യൂജെന്‍ ഫെയ്‌സ്ബുക്ക് ഇടപെടലിന്റെ കുറവ് പ്രചാരണരംഗത്തെ വലിയ ന്യൂനതയെന്ന് പാര്‍ട്ടി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു 92 പിന്നിട്ട വിരുദ്ധ ക്ഷണിതാവിനെകൊണ്ട് ഫെയ്‌സ്ബുക്ക് പേജ് തുടങ്ങിച്ചത്.  അതും കുഴപ്പമായിരിക്കുകയാണ്. ഇത്രയും കാലം ടെലിവിഷന്‍ ചാനല്‍ മാത്രം തുറന്നുവെച്ച് നോക്കിയാല്‍ മതിയായിരുന്നു ടികെ ഹംസ പറഞ്ഞതോപോലുള്ള 'ഇടങ്കോലിടല്‍' വാക്യങ്ങള്‍ കേള്‍ക്കാന്‍. ഇതാ ഇപ്പോള്‍ ഫെയ്‌സ്ബുക്കും തുറന്ന് വെക്കണം. വിരുദ്ധോപദേശം ഏത് രൂപത്തിലാണ് വരികയെന്ന് ഒരു നിശ്ചയവുമില്ല. നേതാക്കള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നതാണ് ഏറ്റവും ഒടുവില്‍ വന്ന ഉപദേശം. ഇത്തരം ഉപദേശങ്ങളിലൂടെ നിയുക്ത മുഖ്യമന്ത്രി പുതിയ വൈരുദ്ധ്യാധിഷ്ഠിത പാഠങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതുകൂടാതെ ഒരു പുതിയ ആധി കൂടി ഉണ്ടായിട്ടുണ്ട്. മാധ്യമങ്ങളോട് എങ്ങനെ പറയണെന്ന കാര്യത്തിലാണ് ഒരു ശങ്ക. ഇത്രയും കാലം അതുണ്ടായിരുന്നില്ല. സിന്‍ഡിക്കേറ്റുകളെ കണ്ടാല്‍ തിരിച്ചറിയുമായിരുന്നു. ഇപ്പോള്‍ അതും പറ്റാതായി. എന്തു ചെയ്യാന്‍!.