ഘര്‍വാപ്‌സി: മിസ്ഡ് കോള്‍ മുകുന്ദനോട് ഇത്രയും വേണ്ടായിരുന്നു

April 18, 2016, 9:27 pm
ഘര്‍വാപ്‌സി: മിസ്ഡ് കോള്‍ മുകുന്ദനോട് ഇത്രയും വേണ്ടായിരുന്നു
Satire
Satire
ഘര്‍വാപ്‌സി: മിസ്ഡ് കോള്‍ മുകുന്ദനോട് ഇത്രയും വേണ്ടായിരുന്നു

ഘര്‍വാപ്‌സി: മിസ്ഡ് കോള്‍ മുകുന്ദനോട് ഇത്രയും വേണ്ടായിരുന്നു

ഭൂമിദേവിയോളം ക്ഷമിക്കുക. ഇരുട്ടുമ്പോള്‍ മാത്രം നടക്കുന്ന ശാഖാബൈഠക്കുകളില്‍ ഗുരുഭൂതരും പ്രചാരകരും സംഘിക്കുഞ്ഞുങ്ങളെ നിരന്തരം ഉപദേശിക്കുന്നത് ഇതാണ്. ഒന്നിനോടും ആക്രാന്തം കാട്ടരുത്. സ്വയം സേവനം, അതും നിസ്വാര്‍ത്ഥ സേവനം അതാണ് സംഘിമുദ്ര, അതാവണം സംഘിമുദ്ര. ആര്‍ഷഭാരത ധര്‍മ്മം പഠിപ്പിക്കുക. അത് പാലിക്കാന്‍ എല്ലാവരെയും വെറുതെ നിര്‍ബന്ധിച്ചുകൊണ്ടേയിരിക്കുക. ക്ഷമയോടെ ധര്‍മ്മവൃത്തി ചെയ്യുമ്പോള്‍ വകതിരിവ് ഇല്ലായ്മ തികട്ടിവരും. അത് കടിച്ചിറക്കണം. ക്ഷമയും വിനയവുമാണല്ലോ മുഖമുദ്ര. ഇങ്ങനെ എല്ലാ സംഘിക്കുഞ്ഞുങ്ങളും ക്ഷമ പഠിച്ചു. ഭൂമീദേവിയോളം ക്ഷമിക്കാന്‍.

ഇനി മുതല്‍ ഇരുട്ടിലെ ശാഖാബൈഠക്കുകളില്‍ ക്ഷമയുടെ പര്യായം ഭൂമിദേവിയല്ല. അതെല്ലാം പഴഞ്ചന്‍. പകരം പിപി മുകുന്ദന്‍ എന്നാണ്. മുകുന്ദനെ അറിയില്ലേ. മിസ്ഡ് കോള്‍ അടിച്ച് ഭാ.ജ.പയിലെത്തിയ സ്വയം സേവകന്‍. സര്‍വ പ്രതാപിയായിരുന്നു മുകുന്ദന്‍ജി, പൂര്‍വ്വാശ്രമത്തില്‍. അത്യാവശത്തിലേറെ രാഷ്ട്രഭാഷ ഹിന്ദി പഠിച്ചു. അത്യാവശ്യത്തിന് ധര്‍മ്മഭാഷ സംസ്‌കൃതവും പഠിച്ചു. പ്രചാരകനായി സ്വന്തം വീടുവിട്ടിറങ്ങി. ഇങ്ങേത്തലയ്ക്കല്‍ മുകുന്ദന്‍ജിയും വടക്കുപടിഞ്ഞാറേ തലയ്ക്കല്‍ മോഡിജിയും സമകാലികരായി. നാഗ്പൂരിലെ വാര്‍ഷിക ബൈഠക്കുകളില്‍ ഇരുവരും സന്ധിച്ചു. സനാതനമൂല്യമുള്ള ഭാരതരാജ്യം കെട്ടിപ്പടുക്കുന്നതിനെ കുറിച്ച് ഗാഢചിന്തയിലാണ്ടു. പ്രചാരകന്റെ തോള്‍സഞ്ചിമാറ്റി മോഡിജി ഗുജറാത്തിന്റെ മുഖ്യകാര്‍മികനായി പോയകാലത്ത് മുകുന്ദന്‍ജിയും ഭാ.ജ.പ.യിലെത്തി. കേരളം മാത്രമല്ല ദക്ഷിണക്ഷേത്രീയ ഓര്‍ഗനൈസറായി. വ്യക്തിനവീകരണത്തിനുള്ള ധര്‍മ്മപാതയില്‍ വോട്ട് കച്ചവടവുമുണ്ടെന്ന് തിരിച്ചറിഞ്ഞത് അക്കാലത്തായിരുന്നു. പ്രചാരകന്റെ തോള്‍ സഞ്ചി വോട്ട് കച്ചവടത്താലും നിറയുമെന്ന് അന്ന് ബോധ്യമായി. താമരതണ്ടുകളില്‍ കോലീബി മൊട്ടിട്ടു. അത് വിരിയാനുള്ള ചെളിക്കുളമായില്ല കേരളത്തിലെ ജനാധിപത്യമണ്ണെന്ന് വോട്ടെണ്ണല്‍ ദിനത്തില്‍ മുകുന്ദന്‍ജിയും പരിവാരങ്ങളും നേരിട്ടറിഞ്ഞു. പിന്നെയും നടന്നു വോട്ട് വ്യാപരം മുതല്‍ പെട്രോള്‍ പമ്പ് വ്യാപാരം വരെ. രാമാനന്ദ് സാഗര്‍ രാമയണവും രവിചോപ്ര മഹാഭാരതവും സീരിയലാക്കിയതില്‍നിന്ന് ഉണര്‍വേകി ചലച്ചിത്ര-സീരിയില്‍ മേഖലയിലുള്ളവരെ സംഘിമാര്‍ഗത്തിലേക്ക് കൊണ്ടുവരാന്‍ കഠിനപ്രയ്തനം നടത്തി. ഒരുതരം പുത്തനുണര്‍വ്വ് സംഘിക്കുഞ്ഞുങ്ങള്‍ക്ക് അക്കാലത്തുണ്ടായി. അത് കണ്ട് സഹിക്കാനാകാതെ മുതിര്‍ന്ന മറ്റ് സംഘികള്‍ ഉപശാലയില്‍ ശകുനിമന്ത്രി ചൊല്ലി മുകുന്ദന്‍ജിയെ മൂലയ്ക്കിരുത്തി. പ്രചാരകനായ 50 കൊല്ലം അമ്മയെ നോക്കാന്‍ വര്‍ഷത്തില്‍ 10 ദിവസം മാത്രം വീട്ടിലെത്തിയ മുകുന്ദന്‍ജി ശിഷ്ടകാലം അമ്മയുടെ സുഖദുഃഖങ്ങള്‍ക്കൊപ്പം നിന്നു. അതുമൊരു സൗഭാഗ്യം, നിയോഗമെന്ന് ആത്മഗതംകൊണ്ടു. സമകാലികന്‍ മോഡിജി സാര്‍ക്ക് രാജ്യത്തലവന്മാരെ നേര്‍സാക്ഷികളാക്കി രാമരാജ്യസിംഹാസനത്തിലാരൂഢം ചെയ്യുന്നത് ഇങ്ങ് ദക്ഷിണകാശിയായ കൊട്ടിയൂരിന്റെ ഓരത്തെ മണത്തണയിലിരുന്ന ടിവിയിലൂടെ മുകുന്ദന്‍ജി കണ്ടു. വിദുരര്‍ സാറ്റ്‌ലൈറ്റ് സംവിധാനം കണ്ടുപിടിച്ചതിന്റെ മധുരസ്മരണ മനസ്സില്‍ പൂത്തുലഞ്ഞു. ജയ് രാമരാജ്യം, ജയ് മോഡിരാജ്യം എന്ന് വിങ്ങിപ്പൊട്ടി. താന്‍ വളര്‍ത്തിക്കൊണ്ടുവന്ന സംഘിക്കുഞ്ഞുങ്ങള്‍ റോഡിലൂടെ ആരവം മുഴക്കുന്നത് വീട്ടുവരാന്തയിലിരുന്നു കേട്ടപ്പോള്‍ ഉള്‍മനം ഒന്നുകൂടി ത്രസിച്ചു. അതിനപ്പുറം ഒന്നും ചെയ്യാന്‍ മുകുന്ദന്‍ജിക്ക് അനുമതിയില്ലായിരുന്നു. കാരണം, പുറത്താക്കപ്പെട്ട സംഘി നിക്കറിട്ടാല്‍ പാകിസ്താനിലെന്നാണ് കല്‍പന.

പൊതുമാപ്പ് കാലം പോലെ മോഹന്‍ ഭാഗവത്ജി ഘര്‍വാപ്‌സി കാലം പ്രഖ്യാപിച്ചു. വിട്ടുപോയവരെ തിരിച്ചുവിളിക്കാന്‍ സംഘിക്കുഞ്ഞുങ്ങള്‍ പ്രവേശനോത്സവ വന്ദേമാതരമാലപിച്ചു. അര്‍ദ്ധസംഘികള്‍ മുതല്‍ അരസംഘികള്‍വരെ ദ്വജപൂജയ്ക്കായി ക്യൂ പാലിച്ചു. ദേ ണ്ടേ പിന്നാലെ വരുന്നു മോഡിജിയുടെയും അമിത് ഷാജിയുടെയും വക മിസ്ഡ് കോള്‍ കാലം. മുകുന്ദന്‍ജിയുള്ള ഉള്ളം തിളച്ചു. ഇംഗിതമറിയിച്ചാല്‍ മതി സംഘിക്കുഞ്ഞുങ്ങളും ഭാ.ജ.പ പരിവാരങ്ങളും തിടമ്പേറ്റിക്കൊണ്ടുപോകുമെന്നായിരുന്നു വാഗ്ദാനം. മുകന്ദുന്‍ ജി ഇംഗിതമറിയിച്ചു. ഒന്നല്ല, നൂറുവട്ടം. സംഘിക്കുഞ്ഞുങ്ങള്‍ തിരിഞ്ഞുനോക്കിയില്ല. ഭാ.ജ.പ പരിവാരങ്ങള്‍ വഴിതെറ്റി നടന്നു. വി മുരളീധരന്‍ കോഴിക്കോടിന് വടക്കോട്ട് പോയതേയില്ല. മുകുന്ദന്‍ജി മലബാര്‍ എക്‌സ്പ്രസിന് കണ്ണൂരില്‍നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്ന വിവരമറിഞ്ഞാല്‍ മുരളീധരന്‍ മാവേലിക്ക് കോഴിക്കേടേക്ക് തല്‍ക്കാല്‍ ബുക്ക് ചെയ്തു. ഞാനിതാ വരുന്നു, ഞാനിതാ വരുന്നു എന്ന് പറഞ്ഞ് മുകുന്ദന്‍ ജി വീണ്ടും വീണ്ടും സ്വയംസേവകനാകാനൊരുങ്ങി. ആരും ചെവികൊടുത്തില്ല. പഴയ ഓര്‍ഗനൈസിങ് സെക്രട്ടറി മിസ്ഡ് കോള്‍ അടിച്ച് വാതില്‍ മുട്ടേണ്ടയാളല്ല. താലം വച്ച് സ്വീകരിക്കേണ്ടതാണ്. അതുണ്ടായില്ല. ക്ഷണിച്ചുകൊണ്ടുവരുമോ എന്ന് ഏതേ പത്രക്കാരന്‍ ചോദിച്ചപ്പോള്‍ മുരളീധര്‍ജി ഇങ്ങനെ ഉവാച: ഇല്ല, ഇനി മിസ്ഡ് കോള്‍ അടിച്ച് വന്നോ എന്നറിയില്ല.

ഇത്രയേറെ അപമാനിതനായിട്ടും മുകുന്ദന്‍ ജി ക്ഷമിച്ചു. കാത്തിരുന്നു. ഒടുവിലതാ ആ അവസരം വന്നു. രണ്ടാം രാജേട്ടനില്‍നിന്ന്. പണ്ടേ ഒരുമിച്ചായിരുന്നു സഞ്ചാരം. ന്യൂജന്‍ സംഘിക്കുഞ്ഞുങ്ങളായ മുരളീധര്‍ജിയും സുരേന്ദര്‍ജിയുമെല്ലാം മാരാര്‍ജിഭവനിലും കൊച്ചിയിലെ കാര്യാലയത്തിലും കയറിയിറങ്ങും മുമ്പ് അവിടത്തെ സ്ഥാനികരായിരുന്നു ഇരുവരും. രണ്ടാം രാജേട്ടന്‍ ഡല്‍ഹിയില്‍ കിരീടധാരണത്തിന് പുഷ്പകവിമാനം കയറിയപ്പോള്‍ മുകുന്ദന്‍ ജി കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് വണ്ടികയറി. രണ്ടാം രാജേട്ടനൊപ്പം മുരളീധര്‍ജി ഡല്‍ഹിക്ക് പോയ ഗ്യാപ്പിലായിരുന്നു ആ വണ്ടികയറ്റം. മാരാര്‍ജി ഭവനിലേക്ക് പുതിയ കിരീടവുമായി രാജേട്ടനെത്തുമ്പോള്‍ ഒപ്പം കൈപിടിക്കാന്‍ താനുണ്ടാകുമെന്ന് മുകുന്ദന്‍ജി സ്വപ്‌നം കണ്ടു. പഴയ കോലീബിക്കാരോടെല്ലാം ഇക്കാലം വിളിച്ചുപറഞ്ഞു. ഇതാ എന്റെ അച്ഛാദിന്‍ ആയേഗാ... ആ യേഗാ...

എന്നിട്ടും കാത്തിരിപ്പിന് തന്നെ നിയോഗം. മുകുന്ദന്‍ ജി ക്ഷമിച്ചു. ഇത്തവണ ഭൂമിദേവിയേക്കാളായിരുന്നു ക്ഷമ. അങ്ങനെയാണ് ഇനിയുള്ള ഇരുട്ടുകാലശാഖാ ബൈഠക്കിലെ മുകുന്ദന്റെ ക്ഷമയോളം എന്ന് ഉപദേശിക്കാന്‍ പ്രചാരകന്മാര്‍ നിശ്ചയിച്ചത്. ഒടുവില്‍ ആ വിളി വന്നു. മുകുന്ദാ... മുകുന്ദാ... കടന്നവരൂ എന്ന്. അസ്സല്‍ ഘര്‍വാപ്‌സി. രണ്ടാം രാജേട്ടന്‍ വിളിക്കുംമുമ്പേ മുകുന്ദന്‍ജി മിസ്ഡ് കോള്‍ അടിച്ച് ഭാ.ജ.പയിലെത്തിയിരുന്നു. ഇതൊരു ഔപചാരിക ഗുരുവന്ദനം മാത്രം. മുകുന്ദന്‍ ജി എല്ലാവരെയും വിളിച്ചുപറഞ്ഞു. ഇത്തവണ ശരിയായ വിളിയാണ്. ഞാന്‍ പോകും. എല്ലാവരും വരണം. എന്റെ ഘര്‍വാപ്‌സി നേരില്‍ കാണണം. കണ്ടമാനം മാധ്യമങ്ങളുള്ള നാട്ടില്‍ എല്ലാവരും കാമറയുമായി എത്തി. ഒരു വന്ദേമാതരം പ്രതീക്ഷിച്ച് ദൃശ്യമാധ്യമങ്ങള്‍ ക്യാമറയും മൈക്കും ഓണ്‍ചെയ്തുവെച്ചു. നല്ല ആമ്പിയന്‍സ് കളയരുതല്ലോ. വലതുകൈ രണ്ടാം രാജേട്ടനും ഇടതു കൈ മുരളീധര്‍ജീയും പിടിച്ച് മാരാജി ഭവനത്തില്‍ കയറ്റുന്നത് മുകുന്ദന്‍ജി സ്വപ്‌നം കണ്ടു. ധന്യമുഹൂര്‍ത്തും പകര്‍ത്താനായി എല്ലാവരുമെത്തിയതില്‍ കൃതാര്‍ത്ഥനായി. കിട്ടാവുന്നത്ര നാലഞ്ചു സഹചാരികളെ തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്ന് വിളിച്ച് മാരാര്‍ജി ഭവനിലെത്തി. വലതുകാല്‍ വച്ചുതന്നെ കയറി. ഹാ എത്ര പ്രൗഢം ആ സ്വീകരണം! ഗുജറാത്തില്‍നിന്ന് കേന്ദ്രത്തിലെത്തിയ മോഡിജി അദ്വാന്‍ജിയെ ബഹുമാനിച്ച അതേ മാതൃക!

കൂടെവന്ന നാലാളുകള്‍ കാതോട് കാതോരം ചോദിച്ചു. എന്തര്‌ടേ  ഇത്? മാധ്യമപ്രവര്‍ത്തകര്‍ മുകുന്ദന്‍ജിയോട് നേരിട്ട് ചോദിച്ചു. ആരെയും കാണാനില്ലല്ലോ. മുകുന്ദന്‍ ജി വീണ്ടും ക്ഷമിച്ചു. എന്നിട്ട് ഒരു ധര്‍മ്മചിന്താ ഉവാച: 'വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ എന്തിന് സ്വീകരിക്കണം.'. അതാണ് മുകുന്ദന്‍ജി. മുകുന്ദന്‍ജിയെക്കാള്‍ ക്ഷമിക്കാന്‍ മുകുന്ദന്‍ജിക്കേ കഴിയൂ.