പ്ലീനാനന്തര ഭരണത്തിലെ കുടുംബശ്രീ അവതാരങ്ങള്‍ 

October 8, 2016, 12:28 pm
പ്ലീനാനന്തര ഭരണത്തിലെ കുടുംബശ്രീ അവതാരങ്ങള്‍ 
Satire
Satire
പ്ലീനാനന്തര ഭരണത്തിലെ കുടുംബശ്രീ അവതാരങ്ങള്‍ 

പ്ലീനാനന്തര ഭരണത്തിലെ കുടുംബശ്രീ അവതാരങ്ങള്‍ 

'കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം' എന്ന എംഗല്‍സിന്റെ പുസ്തകത്തിന്റ മലയാള പരിഭാഷയാണ് മുഖ്യമന്ത്രി സ. പി വിയും ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളും വായിച്ചിട്ടുള്ളത്. ആ മലയാളം പരിഭാഷ ചിന്ത പ്രസിദ്ധീകരിച്ചതല്ല. മധുരമനോജ്ഞ സോവിയറ്റ് കാലത്ത് മോസ്‌കോയില്‍നിന്നുള്ള പ്രോഗ്രസ് പബ്ലിഷേഴ്സ് അച്ചടിച്ച് വിതരണം ചെയ്ത അസ്സല്‍ പതിപ്പാണ്. ചുവന്ന ചട്ടയില്‍ എംഗല്‍സിന്റെ ചിത്രമുള്ള പുസ്തകം. ലെനിനിസ്റ്റ് സംഘടനാ തത്വത്തില്‍ അണുവിട വിട്ടുവീഴ്ചയില്ലാത്തതിനാല്‍ ഈ അസ്സല്‍ പതിപ്പല്ലാതെ മറ്റൊന്നും വായിക്കരുതെന്ന് പാര്‍ട്ടി കത്തുകളിലൂടെ പലവട്ടം ഫാന്‍സുകാരെ ഓര്‍മിപ്പിച്ചതാണ്. മറ്റുള്ളവ ഏതായാലും കലര്‍പ്പുകാണും. സാമൂഹിക വികാസത്തില്‍ കുടുംബം എങ്ങനെയുണ്ടായി, സ്വകാര്യസ്വത്ത് എങ്ങനെ വന്നു, ഭരണകൂടത്തിന്റെ ഇടപെടല്‍ എങ്ങനെ എന്നിവയെല്ലാം സവിസ്തരം പ്രതിപാദിക്കുന്നതാണ് പുസ്തകം. ഭരണം കൊണ്ട് നാട്ടുകാര്‍ക്ക് പ്രയോജനമില്ലെങ്കിലും കുടുംബം രക്ഷപ്പെടണം. കുടുംബത്തിന് പോലും കൊള്ളാത്തവന്‍ എന്ന ചീത്തപ്പേര് വിപ്ലവകാരികളായ സഖാക്കള്‍ ഒഴിവാക്കണം. ഇതാണ് എംഗല്‍സ് ഉദ്ദേശിച്ചതെന്ന് ഒന്നാം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ മുതല്‍ കൊല്‍ക്കത്ത പ്ലീനം വരെ അത്രയധികം പേരൊന്നും മനസ്സിലാക്കിയിട്ടില്ല. അത് യഥാവിധി തിരിച്ചറിഞ്ഞു എന്നതിലാണ് മുഖ്യമന്ത്രി സ. പി വിയുടെയും ഇ പിയുടെയും മിടുക്ക്.

എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ സിപിഐഎം അത് വാര്‍ത്താകുറിപ്പിലൂടെ അറിയിക്കുമ്പോള്‍ അക്കാര്യം പറയുക ഏറ്റവും ഒടുവിലായിരിക്കും. അതായത് പിന്നില്‍നിന്ന് മുന്നോട്ടു വായിക്കുന്നതാണ് കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള എളുപ്പവഴി. സാര്‍വദേശീയ സാഹചര്യത്തില്‍ തുടങ്ങി പ്രാദേശിക കാര്യങ്ങളില്‍ അവസാനിപ്പിക്കുന്ന രീതി. അത് പാര്‍ട്ടി ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല. 2006 നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യം ഒഴിവാക്കിയ വിഎസ് അച്യുതാനന്ദനെ മത്സരിപ്പിക്കാന്‍ ഏകെജി സെന്ററിലേക്ക് നാലാളുകള്‍ പ്രകടനം നടത്തിയപ്പോള്‍ തീരുമാനിച്ച കാര്യം മാത്രമായിരുന്നു പാര്‍ട്ടി ചരിത്രത്തില്‍ ഈ ഘടനയില്‍നിന്ന് വ്യതിചലിച്ച് ഇറക്കിയ കമ്യൂണിക്ക. എംഗല്‍സിന്റെ പുസ്തകത്തെയും പിന്നില്‍ നിന്ന് മുന്നോട്ടു വായിക്കണം. ആദ്യം ഭരണകൂടം. അത് സാധ്യമായി. രണ്ടാമത് സ്വകാര്യസ്വത്ത്. അത് ആവശ്യത്തിലേറെയുണ്ടാക്കി. മൂന്നാമത് കുടുംബം. അതാണ് ഇപ്പോള്‍ പരിപാലിക്കുന്നത്.

ഭരണം നന്നാവണമെങ്കില്‍ കുടുംബത്തില്‍ നിന്നുള്ള സര്‍വ്വ യോഗ്യന്മാര്‍ക്കും അര്‍ഹിക്കുന്ന സ്ഥാനം കൊടുക്കണം. പാര്‍ട്ടി ഭരിക്കുമ്പോഴല്ലാതെ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഭരണത്തില്‍ അത് സാധ്യമാകില്ലെന്ന് സാധാരണക്കാര്‍ക്കുപോലും അറിയാം. ആയതിനാല്‍ കുടുംബശ്രീ ഭരണത്തില്‍ ഒരു തെറ്റും കാണാനാകില്ല. നേതാക്കളുടെ മക്കളായതുകൊണ്ട് അവരുടെ യോഗ്യത അയോഗ്യതയാകരുതല്ലോ. ഉത്തരകൊറിയയില്‍ വിജയകരമായി നടത്തുന്നതാണ് ഈ കമ്യൂണിസിറ്റ് കുടുംബശ്രീഭരണം. അത്രത്തോളമൊന്നും എത്താന്‍ കഴിഞ്ഞില്ലെങ്കിലും ആവുംപടി ചെയ്യുക എന്നതേ ഇവിടെ മുഖ്യമന്ത്രി സ. പി വിയും ഇ പിയും സെക്രട്ടേറയറ്റ് ഒന്നാകെയും തീരുമാനിച്ചിട്ടുള്ളൂ. കുടുംബത്തില്‍ പിറന്നവരെ ഭരണമേല്‍പ്പിക്കണം എന്ന് പറയുന്ന രീതി.

കീഴ്വഴക്കവും ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും മാനിച്ചുകൊണ്ടുതന്നെയാണ് തീരുമാനം. ആദ്യം പിബി അംഗങ്ങളുടെ കുടുംബം, പിന്നെ സിസി അംഗങ്ങളുടെ കുടുംബം. അതുകഴിഞ്ഞാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി എന്നിങ്ങനെ താഴേക്ക്. മുഖ്യമന്ത്രി സ. പി വിയുടെ ഊഴമായിരുന്നു ആദ്യം. അടുത്ത കുടുംബക്കാര്‍ക്ക് പറ്റിയ സ്ഥാനമൊന്നും ഈ കൊച്ചു കേരളത്തിലില്ലാത്തതിനാല്‍ ഏറ്റവും അടുപ്പക്കാര്‍ക്കായി അത് നീക്കിവെച്ചു. അക്വാഫാം ദാമോദരന്‍, ഫാരിസ് അബൂബക്കര്‍ഫെയിം ജോണ്‍ ബ്രിട്ടാസ്, ഇപ്പോള്‍ യുഎസില്‍ എവിടെയോ ആണെങ്കിലും പഴയ പരിചയക്കാരന്റെ മകള്‍ ഗീതാ ഗോപിനാഥ്. പിന്നെ ആദ്യകാല സഹപ്രവര്‍ത്തകരുടെ മക്കളും സന്തുബന്ധുക്കളും മറ്റ് മന്ത്രിമാരുടെ ഓഫീസുകളില്‍ വേറെയും.

പൊതുവെ നിറം മങ്ങി നില്‍ക്കുന്നതിനാല്‍ കോടിയേരി ബാലകൃഷ്ണന്റെ കുടുംബവിഹിതം പുറംകരാര്‍ പിടിക്കുന്നതില്‍ ഒതുങ്ങി. അത് മുന്‍കാലങ്ങളിലേത് പോലെ തുടരും. കേന്ദ്രകമ്മിറ്റി അംഗങ്ങളിലേക്ക് വന്നപ്പോഴാണ് ഇപി, പികെ ശ്രീമതി എന്നിവരുടെ ഊഴമായത്. ഇപിയുടെയും ശ്രീമതിയുടെയും ബന്ധുബലം കൂടിയതിനാല്‍ അവരുടെ നിമയനത്തിന് മാത്രമായി ഒരു സബ്കമ്മിറ്റി തന്നെ രൂപീകരിച്ചു. അങ്ങനെയാണ് വ്യവസായ വകുപ്പിന് കീഴിലെ നൂറോളം വരുന്ന വിവിധ സ്ഥാപനങ്ങളിലെ യോഗ്യതയുള്ള കസേരകള്‍ വെറുതേ ഒഴിഞ്ഞുകിടക്കുന്നത് കണ്ടത്. ആദ്യകാല നേതാക്കളെ വിസ്മരിക്കരുത് എന്നതുകൊണ്ട് നായനാരുടെ കുടുംബത്തെയും ഓര്‍ത്തു. സ. പി വി മുഖ്യമന്ത്രിയായിട്ടുവേണം ഇനി ക്ലിഫ് ഹൗസിലേക്ക് കാലെടുത്തുവെക്കാന്‍ എന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പോകുമ്പോള്‍ ടീച്ചര്‍ ശപഥം ചെയ്തിരുന്നു. ഇക്കാര്യം ആദ്യമായി പരസ്യമായി പറയാന്‍ ധൈര്യം കാണിച്ച ശാരദ ടീച്ചറുടെ ഗദ്ഗദം എങ്ങനെ കണ്ടില്ലെന്ന് നടിക്കും. തെരഞ്ഞെടുപ്പ് കാലത്ത വിഎസ് അച്യുതാനന്ദന്‍ കത്തിജ്വലിച്ചു നില്‍ക്കുമ്പോള്‍ ടീച്ചറില്‍ നിന്ന് വന്ന ആ മൊഴിമുത്തുകളില്‍ കോരിത്തരിക്കാത്തവരില്ല കേരളത്തില്‍. സര്‍വമാന വികാരങ്ങളെയും ഒരു ബക്കറ്റ് വെള്ളത്തില്‍ കോരിയെടുക്കുന്ന സ.പി വി പോലും അന്ന് വാത്സല്യാതിരേകത്താല്‍ കണ്ണീര്‍പൊഴിച്ചു.

അവതാരങ്ങളുണ്ടാകില്ല എന്നതായിരുന്നു സത്യപ്രതിജ്ഞ ചെയ്തയുടന്‍ ലോകത്തോടുള്ള മുഖ്യമന്ത്രി സ. പി വിയുടെ ആദ്യം പ്രഖ്യാപനം. ദൈവം തമ്പുരാന്‍ നേരിട്ട് നാട്ടിലിറങ്ങിയതിനാല്‍ പിന്നെ എന്തിനാണ് വേറെ അവതാരം എന്ന് ആത്മഗതം കൊണ്ടവരുണ്ട്. ദൈവം ആസനസ്ഥനാകും. അവതാരങ്ങള്‍ കാര്യം നടത്തും. ഇതായിരുന്നു പരമ്പരാഗതി രീതി. ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോള്‍ ഉണ്ടായിരുന്ന പാവം പയ്യന്മാര്‍ക്ക് അവതാരപട്ടം ആരും കൊടുത്തിട്ടില്ല. കാര്യസ്ഥഭരണമായിരുന്നു അന്ന്. വിഎസിന്റെ കാലത്ത് കിച്ചണ്‍ കാബിനെറ്റ് ഉണ്ടെന്നാണ് എകെജി സെന്ററില്‍നിന്ന് കേട്ട മര്‍മ്മരം. ഇപ്പോഴിതാ കുടുംബത്തില്‍ പിറന്ന അവതാരങ്ങളാണ് സത്ഭരണത്തിനായി തലയുയര്‍ത്തിയിട്ടുള്ളത്.

അവതാരങ്ങളുണ്ടാകില്ല എന്ന് പറഞ്ഞാല്‍, ദാ ഇതുപോലെ ചിലര് വരും. ഈ കളി വേറ ലവലാ. കൊച്ചുകുട്ടികളെ കണ്ടിട്ടില്ലേ. ചെയ്യില്ലാ എന്ന് പറഞ്ഞ് വികൃതികാട്ടുന്നത്. അമ്മട്ടിലുള്ള ഒന്ന്. എന്ത് ചെയ്യില്ലാ എന്ന് പറഞ്ഞുവോ അത് ചെയ്തിരിക്കും. ഭീതിയോ പ്രീതിയോ ഇല്ലാതെ ഭരിക്കുമെന്ന സത്യം ചെയ്തു. ഒരു ഭീതിയും കൂടാതെ പ്രീതി നടപ്പാക്കി. ശൊന്നാല്‍ ശൊന്നപോലെ എന്നല്ല. ശൊന്നാല്‍ അതിനെതിര് എന്നര്‍ത്ഥം. നോക്കൂ ജിഎസ്ടിക്കെതിരെ സിസി പ്രമേയം പാസാക്കി. എകെജി ഭവനില്‍നിന്ന നേരെ പോയി ജെയ്റ്റ്ലിയെ കണ്ട് ഞങ്ങളുണ്ടേ ഞങ്ങളുണ്ടേ എന്ന് സ. പി വിയും ഐസക്കും കോറസ് പാടി. വധശിക്ഷയ്ക്ക് എതിരെ പ്രമേയം പാസാക്കി പോക്കറ്റിലിട്ടു. വധശിക്ഷ കൊടുക്കാനായി സുപ്രിം കോടതിയില്‍ റിവ്യൂ ഹര്‍ജി കൊടുത്തു. സ്വാശ്രയക്കാരെ വരിഞ്ഞുമുറുക്കുമെന്ന് പറഞ്ഞു. ബേബി പറഞ്ഞ 'രൂപ...താ, രൂപ...താ' ക്കാര്‍ക്ക് പെരുത്ത് സന്തോഷമായി, ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചു. തറവാടിത്തമുള്ള കുടുംബത്തില്‍ പിറന്ന ആരെങ്കിലും ഡിസ്‌കൗണ്ട് വാങ്ങിക്കുമോ. ഇല്ല. മുഖ്യമന്ത്രി സി പി വി അതും വേണ്ടെന്ന് ധീരമായി പ്രഖ്യാപിച്ചു. ഒരുവാക്കേ സര്‍ക്കാരിന് ഉള്ളൂവെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കിന് ജയ്. ഡിസ്‌കൗണ്ട് നഷ്ടപ്പെട്ട് അധികഫീസ് കൊടുക്കേണ്ടിവരുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കും പെരുപെരുത്ത് ഹാപ്പി. മുന്തിയ ഫീസിന് പഠിക്കുന്നു എന്ന് അന്തസ്സോടെ പറയാം. പണം പോയാലെന്ത് പവര്‍ വരട്ടെ. ഇങ്ങനെയാണ് കാര്യങ്ങള്‍.

അക്വാഫാം ദാമോദരനും ജോണ്‍ ബ്രിട്ടാസുമാണ് യഥാര്‍ത്ഥ അവതാരങ്ങളെന്നാണ് കേട്ടുകള്‍വി. പുതുതായി നിയമിക്കപ്പെടുന്ന കുടുംബശ്രീ അവതാരങ്ങള്‍ക്ക് പരമാവധി ഏരിയാസെക്രട്ടറിയുടെ റാങ്കേ ലഭിക്കൂ. അവതാരകുടുംബശ്രീകമ്മിറ്റി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും. ഇനി വഴി ക്ലീയര്‍. എന്തെങ്കിലും ആവശ്യത്തിനായി പാര്‍ട്ടിയുടെ കത്ത് വാങ്ങിപോകേണ്ട ദുര്‍ഗതി ജനങ്ങള്‍ക്ക് ഇനിയുണ്ടാകില്ല. പകരം പ്രാദേശിക അവതാരങ്ങളുടെ ചീട്ട് മതി. പാര്‍ട്ടിക്ക് (എകെജി സെന്ററിന്) പുറത്തേക്ക് ഭരണം കൊണ്ടുവരിക എന്നതാണ് ഇത്. പാര്‍ട്ടിയെ ശുദ്ധീകരിക്കാനുള്ള പ്ലീനം ചിന്തകള്‍ക്ക് പൂര്‍ണഫലപ്രാപ്തി.

അഴിമതിയാണ്, സത്യപ്രതിജ്ഞാ ലംഘനമാണ് എന്നൊക്കെ രമേശ് ചെന്നിത്തലയ്ക്ക തോന്നിയിട്ടുണ്ട്. ചുമ്മാ. ഒരു തോന്നല്‍ മാത്രം. പല കാര്യങ്ങളിലും മുഖ്യമന്ത്രി സ. പി വിക്ക് ഉള്ളതുപോലെ ഒരു തോന്നല്‍. അത്രമാത്രം.