ലഡു സ്ഥാനത്തിന് ഹാനികരം; അങ്ങനെയല്ലെങ്കില്‍ ഉഴവൂര്‍ കണ്ട വിജയന്റെ നട്ടെല്ല്  

August 19, 2016, 2:29 pm
ലഡു സ്ഥാനത്തിന് ഹാനികരം; അങ്ങനെയല്ലെങ്കില്‍ ഉഴവൂര്‍ കണ്ട വിജയന്റെ നട്ടെല്ല്  
Satire
Satire
ലഡു സ്ഥാനത്തിന് ഹാനികരം; അങ്ങനെയല്ലെങ്കില്‍ ഉഴവൂര്‍ കണ്ട വിജയന്റെ നട്ടെല്ല്  

ലഡു സ്ഥാനത്തിന് ഹാനികരം; അങ്ങനെയല്ലെങ്കില്‍ ഉഴവൂര്‍ കണ്ട വിജയന്റെ നട്ടെല്ല്  

കോഴിത്തലയിലാണ് കൂടോത്രം. അടുത്തകാലം വരെയുള്ള നാട്ടുനടപ്പ് അങ്ങനെയായിരുന്നു. അതുണ്ടാക്കിയ പുകിലുകളുടെ ഗാഥ എത്ര പാണന്മാര്‍ പാടി നടന്നാലും കേട്ടുതീരില്ല. ഇപ്പോള്‍ കോഴിയുടെ മാര്‍ക്കറ്റ് പോയിരിക്കുന്നു. ഇനി ലഡു കുഴിച്ചിട്ടാല്‍ അസ്സല്‍ കൂടോത്രഫലം ലഭിക്കും. രാഷ്ട്രീയ കേരളത്തില്‍ ലഡുവിന്റ കൂടോത്ര ശാസ്ത്രത്തില്‍ നിലംപൊത്തി വീണവര്‍ ഇപ്പോള്‍ രണ്ടായി. ആദ്യം കെഎം മാണി സാറായിരുന്നു. ഇപ്പോള്‍ അന്തപ്പുരകാര്യസ്ഥന്‍ ടോമിന്‍ തച്ചങ്കരിയും.

എന്തൊരുത്സാഹമായിരുന്നു കെഎം മാണിയെ നിയമസഭയില്‍ ലഡു തീറ്റിക്കാന്‍. അത്യുജ്വലങ്ങളായ ബജറ്റുകള്‍ 12 എണ്ണം മാണിസാര്‍ അവതരിപ്പിച്ചിരുന്നു. ഒരു കട്ടന്‍ ചായപോലും സഭയില്‍ കൊണ്ടുവന്നിട്ടില്ല. പത്രക്കാര്‍ക്ക് എണ്ണാനായി മാത്രം പച്ചവെള്ളം ആറേഴാവൃത്തി കുടിക്കും. അതാണ് ബജറ്റവതരണത്തിലെ ആഹാരശാസ്ത്രം. ഇത്തവണ മാണി സാറിനെ കൊണ്ട് ആരോ ലഡു തീറ്റിച്ചു. ഈ തന്ത്രം പിറന്നത് ഐ ഗ്രൂപ്പില്‍നിന്നാണെന്ന് ഗൂഢാലോചന രേഖയില്‍ തെളിഞ്ഞിട്ടുണ്ട്. ഏതായാലും ലഡു തിന്ന മാണി സാറിന് വൈകാതെ മന്ത്രിപ്പണി തെറിച്ചു. ഇപ്പോള്‍ പാര്‍ട്ടി തന്നെ മുന്നണിയില്‍നിന്ന് തെറിച്ചു. മാണിസാര്‍ക്കൊപ്പം ലഡു തിന്ന് കെ ബാബുവിന്റെ ഗതിയും ഇതുപോലെ തന്നെ. അതിന് ആരെയൊക്കെയാണ് കുറ്റം പറഞ്ഞിരുന്നത്. ഉമ്മന്‍ചാണ്ടി മുതല്‍ രമേശ് ചെന്നിത്തല വരെ. ബുജു രമേശ് മുതല്‍ ചാക്ക് രാധാകൃഷ്ണന്‍ വരെ. ജേക്കബ് തോമസ് മുതല്‍ സീസറിനെ ഭാര്യയെ എഴുന്നള്ളിച്ച ജഡ്ജിയെ വരെ. ഇങ്ങനെ സംശയിക്കാത്തവരായി ആരുമുണ്ടായില്ല ഈ നാട്ടില്‍. കൂടോത്ര ശാസ്ത്രം വൈകിയാണെങ്കിലും ഇപ്പോള്‍ പുറത്തുവരികയാണ്. അത് ലഡുവിന്റെ രൂപത്തിലായിരുന്നു.

മാണിസാറിന്റെ അതേ അവസ്ഥയാണ് ടോമിന്‍ തച്ചങ്കരി സാറിനും. മാണി സാര്‍ കോണ്‍ഗ്രസിന്റെയും ഉമ്മന്‍ചാണ്ടിയുടെയും ഏറ്റവും അടുപ്പക്കാരനായിരുന്നു. സാര്‍ എന്ന ബഹുമാന പദമില്ലാതെ വിളിക്കാനുള്ള നാവുപോലും പൊങ്ങില്ല ആരിലും. തച്ചങ്കരിസാറും അതുപോലെ തന്നെ. പിണറായി വിജയന്റെ ഉറ്റമിത്രം. എകെജി സെന്ററിലെ രഹസ്യ രേഖയില്‍ സോവിയറ്റ് കാലത്തെ ചാരസഘടനയായ കെജിബിയുടെ അധിപന്റെ പേരിനൊപ്പമാണ് ഇതിയാന്റെ സ്ഥാനം. പിണറായി പറഞ്ഞ അവതാരരൂപങ്ങളില്‍ ഒന്നായി തച്ചങ്കരിയെ കണ്ടവര്‍ എത്രവരും കേരളത്തില്‍. ‘ഒരു ജനതയുടെ ആത്മാവിഷ്‌കാരം’ സാധ്യമായ കൈരളി കാലം മുതല്‍ ഉള്ളതാണ് തച്ചങ്കരിക്ക് എകെജി സെന്ററിലെ പ്രത്യേക മൂലയെന്നാണ് ദോഷൈകദൃക്കുകളുടെ നോട്ടം. പക്ഷെ പലം എന്തായി. ലഡു തിന്ന മാണി സാറിനെ പോലെ തച്ചങ്കരി സാറിനും സ്ഥാനം തെറിച്ചു. ലഡു തിന്ന് സ്ഥാനം പോയ രണ്ടാമനെന്ന ബഹുമതിയും തൊപ്പിതെറിച്ച ആദ്യ സ്ഥാനികന്‍ പട്ടവും ഇനി തച്ചങ്കരിസാറിന് സ്വന്തം.

ഇതും കൂടോത്രമാകാതെ തരമില്ല. പിറന്നാളിന് ഒരു പായസമാണ് കേരളീയ രീതി. പാശ്ചാത്യാധിനിവേശം കൂടിയപ്പോള്‍ അത് കേക്കായി. പ്ലമ്മില്‍നിന്ന് ബ്ലാക്ക് ഫോറസ്റ്റും കടന്ന് അത്യുത്തര ഇനങ്ങള്‍ വരെ ആഢംബരത്തിന്റെ തോത് കൂട്ടാനായി വന്നു. അതില്‍ മുന്തിയ ഇനം തന്നെ നല്‍കാന്‍ കെല്‍പ്പില്ലാത്ത ആളല്ല തച്ചങ്കരി സാര്‍. എന്നിട്ടും ആരോ ഉപദേശിച്ചു, ‘സാര്‍, ലഡു’ എന്ന്. അതില്‍ അദ്ദേഹം വീണുപോയി. പൊലീസ് ആസ്ഥാനത്ത് തന്നെ ആരെങ്കിലുമായിരിക്കാം ഈ സൂത്രപ്പണി ഒപ്പിച്ചത്. ഹെല്‍മറ്റ് ഇട്ട് ഭദ്രമായി സൂക്ഷിച്ച തലയില്‍ ലഡുവിന്റെ കൂടോത്രം അടിച്ചിറക്കാനുള്ള അതിബുദ്ധി സ്‌കോട്‌ലാന്‍ഡ് യാഡ് പൊലീസില്‍ പോലും ഉണ്ടാകില്ല. അതുകൊണ്ടൊക്കെ തന്നെയാണ് കേരള പൊലീസ് മുന്തിയ ഇനമാണെന്ന് എല്ലാവരും പറയുന്നത്.

മന്ത്രി എകെ ശശീന്ദ്രനെ എന്തിനും ഏതിനും ശശിയാക്കുന്ന ഒരു ഏര്‍പ്പാടുണ്ട് നാട്ടില്‍. ഇത്തവണയും വരും ശശി റോക്‌സ് എന്ന മട്ടിലുള്ള പ്രയോഗങ്ങള്‍. പക്ഷെ മന്ത്രിയും എന്‍സിപിയും ഒരു ബാധയെ വളരെ നൈസായി സൈഡിലാക്കി. പിണറായിയുടെ രൂപഭാവം തച്ചങ്കരിയിലുണ്ടെന്ന് കണ്ട് ഭയന്നില്ല അവരാരും. പിണറായിക്ക് നട്ടെല്ലുണ്ടെന്ന് കണ്ടില്ലേയെന്ന് ഉഴവൂര്‍ വിജയന്‍ പറഞ്ഞത് അതുകൊണ്ടുകൂടിയാണ്. ഇനിയേതായാലും സൂക്ഷിക്കുക. ആഘോഷത്തിന് മദ്യം വിളമ്പിയാലും ലഡു തിന്നരുത്. മറ്റുദ്ദേശ്യമുണ്ടെങ്കില്‍ തീറ്റിക്കാം.