മോഡിജി വരും; അവര്‍ വഴി തുറക്കുമ്പോള്‍!  

August 10, 2016, 5:59 pm
മോഡിജി വരും; അവര്‍ വഴി തുറക്കുമ്പോള്‍!  
Satire
Satire
മോഡിജി വരും; അവര്‍ വഴി തുറക്കുമ്പോള്‍!  

മോഡിജി വരും; അവര്‍ വഴി തുറക്കുമ്പോള്‍!  

കള്ളില്‍ പൂസായി നിലവിടുന്നവരെ താമര എന്ന് ആദ്യമായി വിശേഷിപ്പിച്ച ആ അജ്ഞാതക്രാന്തഭാവനയ്ക്ക് രണ്ടിലകുമ്പിള്‍ നിറയെ നമസ്‌കാരം. ലോക ക്ലാസിക്കായി ഇന്നും നിലനില്‍ക്കുന്ന നോവലായ ‘1984’ ജോര്‍ജ് ഓര്‍വല്‍ എഴുതിയത് 1949ല്‍. അതുക്കുംമേലെ വരും ഈ താരമ!. കെഎം മാണിസാറും കേരള കോണ്‍ഗ്രസും താമരയാകുന്നതിന്റെ രാഷ്ട്രീയദര്‍ശനം ഇത്രമേല്‍ ഉള്‍ക്കാഴ്ചയോടെ കാണാന്‍ പറ്റിയ മറ്റാരുണ്ടായി ഈ ഭൂമി മലയാളത്തില്‍. എകെ ആന്റണി ചാരായം നിര്‍ത്തിയപ്പോള്‍ തെരുവോരങ്ങളില്‍ താമരവിര വിരിയുന്നത് നിലച്ചു എന്നായിരുന്നു കേട്ടത്. പിന്നീട് അത് വിരിഞ്ഞത് ബാറുകളിലായി. ഇപ്പോഴാകട്ടെ പൂട്ടിയബാറുകളുടെ ഉമ്മറത്താണ്. ആ താമരയെ പുല്‍കാന്‍ കൂരിരുട്ടില്‍ കാണുന്ന ഒറ്റനക്ഷത്രത്തെ ഫൈവ്സ്റ്റായി മനസ്സില്‍ നിരൂപിച്ച് കാത്തിരിക്കുകയാണ് പലരും. കുമ്മനാട്ടം മുതല്‍ കോടിലീലവരെ കാണാം ആ പ്രതീക്ഷിത സമാഗമത്തില്‍.

കെഎം മാണി സാറിനെ ലഹരി മദിച്ചുതുടങ്ങിയത് 418 ബാറുകള്‍ പൂട്ടിയപ്പോഴാണ്. ദുരന്തങ്ങളെയും സാധ്യതകളാക്കാം എന്ന ചൊല്ല് അന്വര്‍ത്ഥമാക്കിയാണ് മാണി സാര്‍ അന്ന് കരുക്കള്‍ നീക്കിയത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി അതിലേറെ സാധ്യത കണ്ടപ്പോള്‍ മാണിസാറിന്റെ തന്ത്രം നോട്ടെണ്ണല്‍ യന്ത്രത്തില്‍ കുടുങ്ങി. അനന്തരം കേസ് ആയി, മാനം പോയി, രാജിവെച്ചു, ഭരണം പോയി. ഇതാ ഒടുവില്‍ വീടുവിട്ടിറങ്ങി ഏകാന്തപഥികനായി. സിദ്ധാര്‍ത്ഥ ഗൗതമന്‍ പണ്ട് കൊട്ടാരം വിട്ടിറങ്ങിയതിന്റെ ഓര്‍മപുതുക്കല്‍ പോലെയാണ് സ്വന്തംനിലയില്‍ കെട്ടിപ്പടുത്ത മുന്നണിയെ പരിത്യജിച്ച് മാണിസാര്‍ നിര്‍വാണമാര്‍ഗം സ്വീകരിച്ചതെന്നുവരെ ‘പ്രതിച്ഛായാ’ ഇടനാഴിയില്‍ യുത്ത് പാണന്മാരുടെ മര്‍മരമുണ്ട്. നിജസ്ഥിതിയറിയാന്‍ അടുത്തലക്കം പുറത്തിറങ്ങുന്നതുവരെ കാത്തിരിക്കണം.

മാണിസാര്‍ ഗണിച്ചതുപോലെ തന്നെയാണ് കാര്യങ്ങള്‍. വഴിയാധാരമാകുമെന്ന വേവലാതിയൊന്നും തല്‍ക്കാലം വേണ്ട. സ്വയം പ്രഖ്യാപിത സുന്ദരി ഇറങ്ങി വന്നതായാലും ഇറക്കിവിട്ടതായാലും തുണയേകാന്‍ ആളുകളുണ്ട്. രണ്ടുമാസം മുമ്പുവരെ ദൃഷ്ടിദോഷം കൊണ്ടായിരുന്നു അവരില്‍ അഴിമതി കണ്ടത്. കുറ്റം പറയരുത്. അഴിമതിക്കൊട്ടാരത്തില്‍ ആര് രാപ്പാര്‍ത്താലും അവരില്‍ അഴിമതി മണക്കുമല്ലോ. മാണിസാറിലും അങ്ങനെ കണ്ടുപോയി. അത്രയേ ഉണ്ടായിട്ടുള്ളൂ. പുറത്തിറങ്ങിയപ്പോഴാണ് തൂവെള്ള തെളിമ പ്രസരിച്ചത്. ആ ഭ്രമത്തില്‍ കുമ്മനംസംഘം ആദ്യമോടി. അതുകൊണ്ട് കാര്യമുണ്ടാകണമെന്നില്ല. ശത്രുസംഹാരപൂജ ചെയ്ത് ശീലമുള്ളബാലന്മാര്‍ മിത്രാശ്ലേഷ നൊവേന നേര്‍ന്നിട്ടുണ്ട്. ആദ്യ ഓട്ടത്തെ മറികടക്കുന്ന ഫലം ഈ നൊവേന ചെയ്‌തേക്കും. കുറുവടി പ്രയോഗങ്ങള്‍ അഭ്യസിപ്പിക്കുന്ന സന്ധ്യാശാഖകളില്‍ ആമയും മുയലും പന്തയം വച്ച ഈസോപ്പ് കഥ കൂടി പാരായണം ചെയ്യണം എന്നതാണ് കുമ്മനംസംഘം ഇതില്‍നിന്ന് പഠിക്കേണ്ട ഗുണപാഠം.

ഇനി വേണ്ടത് വാഴ്ത്തുഗാഥകളാണ്. ‘നമോ’ഗാനങ്ങളും ‘നവകേരള’ ഗാനങ്ങളും ചിട്ടപ്പെടുത്തിയവര്‍ അണിയറയില്‍ ഈണമിട്ടുതുടങ്ങിയിട്ടുണ്ട്. കോറസ്സും റഡി. ലോഞ്ച് ഡേറ്റ് മാണിസാര്‍ പറഞ്ഞാല്‍ തിരുനക്കരയിലോ ശംഖുമുഖത്തോ മെഗാ ഇവന്റ് നടത്താം. ‘മോഡിജി വരും; അവര്‍ വഴി തുറക്കുമ്പോള്‍’ എന്നാക്കി മാറ്റിയിട്ടുണ്ട് മാരാര്‍ജി ഭവനിലെ ആപ്തവാക്യം. മോഡിജി നടുവിലും കുമ്മനം ഇടത്തും മാണിസാര്‍ വലത്തും നിന്നുള്ള ഫഌക്‌സ് ഡിസൈന്‍ ചെയ്തിട്ടുണ്ട്. ഒകെ പറഞ്ഞാല്‍, പ്രിന്റിങ്. വാരാണസി റാലിയെ വെല്ലുന്ന റാലി നടത്താം. നാഷണല്‍ കവേറേജ് ഉറപ്പ്. കേരള കോണ്‍ഗ്രസ് എന്ന് കേട്ടാല്‍ ഉത്തരേന്ത്യന്‍ നമോവാദികള്‍ കേരളത്തിലെ മൊത്തം കോണ്‍ഗ്രസുകാരെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യും. കോണ്‍ഗ്രസ് മുക്ത്ഭാരതത്തിന് പ്രാരംഭം കുറിച്ച് കോണ്‍ഗ്രസ് മുക്ത് കേരളം ആദ്യം ഉണ്ടായി എന്നും പറയാം. കശ്മീര്‍ പിടിച്ച മോഡിജി കേരളം കടന്ന് കന്യാകുമാരിയിലേക്ക് എന്നും പറയാം. മാണിക്ക് മാലയിട്ട ശേഷം അഴിമതിക്കെതിരെ സ്വതസിദ്ധശൈലിയില്‍ മോഡിജിയുടെ വക ഒരു ‘ടൗണ്‍ഹാള്‍’ സ്പീച്ചും നടത്താം. കെ സുരേന്ദ്രനെ കൊണ്ട് പരിഭാഷപ്പെടുത്തുകയുമാകാം. കുമ്മനംസംഘം ധ്യാനലോലരാണ്.

സീന്‍ മറിച്ചിടൂ. നവകേരളമാണ് ഇഷ്ടമെങ്കില്‍ ഡല്‍ഹിയില്‍നിന്ന് വരാന്‍ ആരുമില്ലെന്ന് മാണിസാര്‍ ഓര്‍ക്കണം. ബംഗാളിലേക്കുള്ള ഫ്‌ളൈറ്റ് പണ്ടേ മുടങ്ങിയതാണ്. കേരളത്തിലുള്ളവരാണെങ്കില്‍ കാര്യങ്ങളെല്ലാം ഇവിടെ തന്നെ നടത്തിക്കോളാം എന്ന് നേരത്തേ അറിയിച്ചിട്ടുമുണ്ട്. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ അങ്ങോട്ടുവരാം എന്നാണ് അവസാനം പറഞ്ഞത്. അതുകൊണ്ട് ഇന്നെലെയും ഇന്നും കണ്ടവരെ മാത്രമേ നാളെയും കാണാനാകൂ. ആദ്യത്തേതിലും മികച്ച ഇവന്റ് നടത്തുമെങ്കിലും നാഷണല്‍ കവറേജ് ലഭിക്കില്ല. ‘കരയില്‍നിന്ന് കോരിയെടുത്ത ഒരുബക്കറ്റ് വെള്ളം മഹാസുദ്രത്തില്‍ ലയിച്ചു’ എന്ന ഒരു ഡബിള്‍ കോളം തലക്കെട്ട് മലയാള പത്രങ്ങളില്‍ വരും. അത്രയേ കാണൂ. വെണ്ടക്ക നിരത്തുക മറ്റൊരു കൊനിഷ്ട് തലക്കെട്ടാവും. ‘ബക്കറ്റ് വെള്ളം സമുദ്രത്തില്‍ ലയിച്ചപ്പോള്‍ ഭ.പ.ക. ചെയര്‍മാന്‍ ബഹിഷ്‌കരിച്ചു’ എന്ന്. അല്ലേലും പത്രങ്ങളിലെ തലക്കെട്ട് അങ്ങേര് കൊണ്ടുപോകുന്നത് ഏതാണ്ട് രണ്ട് പതിറ്റാണ്ടായി തുടരുന്ന രീതിയല്ലേ. മെഗാ ഇവന്റ് നടത്തിയവര്‍ മണ്ണുചാരി തന്നെ നില്‍ക്കേണ്ടവരും. അതുകൊണ്ട് എടുത്തുചാടരുത്. കരുതലോടെ ചാഞ്ഞും ചരിഞ്ഞും നോക്കി പോകുന്നതാണ് മാണിസാറിന് നല്ലത്. രണ്ടായാലും പൊതുഐക്യവേദിയില്‍ ‘അഴിമതിക്കെതിരെ ഒരു ലാര്‍ജ് ഫൈറ്റ്’ എന്ന വിഷയത്തില്‍ ഓക്‌സ്‌ഫോര്‍ഡില്‍ അവതരിപ്പിച്ച അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ പരിഷ്‌കരിച്ച പ്രബന്ധം അവതരിപ്പിക്കാം.