എസ്എഫ്ഐക്ക് കിട്ടി; ഉമ്മന്‍ചാണ്ടിയെ രാജിവെപ്പിച്ച് പാര്‍ട്ടി നേടിയ ട്രോഫി  

February 10, 2017, 8:43 pm
എസ്എഫ്ഐക്ക് കിട്ടി; ഉമ്മന്‍ചാണ്ടിയെ രാജിവെപ്പിച്ച് പാര്‍ട്ടി നേടിയ ട്രോഫി  
Satire
Satire
എസ്എഫ്ഐക്ക് കിട്ടി; ഉമ്മന്‍ചാണ്ടിയെ രാജിവെപ്പിച്ച് പാര്‍ട്ടി നേടിയ ട്രോഫി  

എസ്എഫ്ഐക്ക് കിട്ടി; ഉമ്മന്‍ചാണ്ടിയെ രാജിവെപ്പിച്ച് പാര്‍ട്ടി നേടിയ ട്രോഫി  

ലക്ഷ്മി ഭാഗ്യദേവതയാണ്. സിപിഐഎം സമരകേരളത്തിന്റെ മഹാഭാഗ്യവും എസ്എഫ്ഐ കുഞ്ഞുഭാഗ്യവും. 1964ന് ശേഷം പ്രത്യേകിച്ചും 1970ന് ശേഷം അതിസവിശേഷമായും കേരളം ഒരുമാതിരിപ്പെട്ട ദോഷങ്ങളൊന്നുമില്ലാതെ സസ്യശ്യാമളമായി നിലനിന്നുപോകുന്നതുതന്നെ അക്കൊല്ലങ്ങളില്‍ യഥാവിധി സിപിഐഎമ്മും എസ്എഫ്ഐയും രൂപീകരിച്ചതുകൊണ്ടാണ്.

ഭാഗ്യദോഷമായ ജേഷ്ഠ (ചേട്ട) അടുത്തുള്ളപ്പോഴാണ് ഭാഗ്യത്തിന് തിളക്കമേറുക. കേരളത്തില്‍ ഇമ്മാതിരി 'ചേട്ട'കള്‍ ഒരുപാടുണ്ട്. അതുകൊണ്ട് ഈ പാര്‍ട്ടിയുടെയും കുട്ടികളുടെയും വിജയങ്ങള്‍ ഒരിക്കലും വെറും വിജയമല്ല, പ്രോജ്വലങ്ങളാണ്. ഭാഗ്യദേവത കനിഞ്ഞനുഗ്രഹിച്ചാല്‍ എത്ര ചേട്ടകള്‍ ദോഷൈകദൃക്കായി പ്രതിസമരം നടത്തിയാലും വേറിട്ട് തിളങ്ങിനില്‍ക്കും. സൗരപ്രകാശംപോലെ പ്രസരിക്കും. ആ ഊര്‍ജ്ജത്തിന്റെ ലെവല്‍ വേറേയാണ്. അത് ഉമ്മന്‍ചാണ്ടിയുടെ സൗരോര്‍ജം പോലെയല്ല. സര്‍വതല വ്യാപിയാണ്.

പല ഗണത്തില്‍പെട്ട ചേട്ടകളുണ്ട്. വലതുകമ്യൂണിസ്റ്റുകളാണ് അതില്‍ മൂത്തയിനം. നിര്‍ണായക ഘട്ടത്തില്‍ സൗഭാഗ്യലക്ഷ്മിക്കൊപ്പം നിന്നതല്ല അവരുടെ ഇതപര്യന്തമുള്ള ചരിത്രം. കാല്‍ ഇടത്തുവച്ച് വലത്തോട്ടു നോക്കുന്ന സ്വഭാവം പണ്ടേക്കുപണ്ടേ അവര്‍ക്കുണ്ട്. സൗഭാഗ്യലക്ഷ്മി വിജയത്തിലേക്ക് നടക്കുമ്പോള്‍ ഇടങ്കോലിടുക, നേട്ടത്തിന്റെ ഉച്ഛിഷ്ടം ഭുജിക്കാന്‍ പിന്നാലെ കൂടുക ഇതെല്ലാമാണ് വലതുചേട്ടകളുടെ സ്ഥിരം പരിപാടി. അതിനെ പാടിപ്പുകഴ്ത്താനും സകലമാന വിജയത്തിന്റെയും തുല്യം ചാര്‍ത്താനും പിതൃശൂന്യ പേനയുന്തുകാരുമുണ്ടാകും. പതിവ് അതാണെങ്കിലും സിപിഐഎമ്മിനെയും എസ്എഫ്ഐയെയും അതൊന്നും ബാധിക്കാറേയില്ല. ചോരച്ചാലുകള്‍ എത്രയെത്ര നീന്തിക്കടന്നതാണ്.

തിരുവനന്തപുരം ലോ അക്കാദമി സമരത്തിലാണ് എസ്എഫ്ഐ മുന്നിലും സിപിഐഎം തൊട്ടുപിന്നിലുമായി വീണ്ടും ഭാഗ്യോദയുമുണ്ടായത്. സമരം തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോള്‍ വന്ന്, തീരുന്നതിനും ഒരാഴ്ച മുമ്പേ വിജയത്തിന്റെ രണഭേരി മുഴക്കി ട്രോഫിയുമായി എകെജി സെന്ററിലേക്ക് പോയത് അങ്ങനെയാണ്. ജയമാണ് എസ്എഫ്ഐയുടെ ഇപ്പോഴത്തെ ദൗര്‍ബല്യം. എന്തും ജയിച്ചുകളയും. റോഡിലുള്ള സമരമായാലും പിന്നില്‍നിന്നുള്ള കുത്തായാലും സൈബറിടത്തിലെ യുദ്ധമായാലും ചാനല്‍ ചര്‍ച്ചയിലെ ഗ്വാഗ്വാ വിളികളായാലും എസ്എഫ്ഐ ആണോ ജയിക്കും. 'ജയ്ക്കൂ, ജയ്ക്കൂ...' എന്നാണ് നാവിന്‍തുമ്പിലെ വിളി. ജെയ്ക്കിനെ സംസ്ഥാന പ്രസിഡന്റാക്കിയത് തന്നെ ഇങ്ങനെയുള്ളവിളിക്ക് ഒരു സുഖലോലുപത കിട്ടാനാണെന്ന് അടക്കം പറയുന്നവരുണ്ട്.

എസ്എഫ്ഐ ഒരാഴ്ച മുമ്പേ ജയിച്ച സമരം വീണ്ടും ജയിച്ചെന്ന് പൊക്കിപ്പിടിക്കുന്ന ചിലരുണ്ട്. ഒരു യുദ്ധത്തില്‍ രണ്ട് ജയമുണ്ടാകില്ലല്ലോ. അതുകൊണ്ട് രണ്ടാം ജയം ഒരുമാതിരി എരണംകെട്ട തരമായി ചരിത്രത്തില്‍ ഇടംപിടിക്കാനേ ഇടയുള്ളൂ. അസ്സല്‍ ജയം ആദ്യത്തേതു തന്നെ. രണ്ടാം ജയം പൊക്കിപ്പിടിച്ച് നടക്കുന്നവരോട് നല്ല മലയാളത്തില്‍ എസ്എഫ്ഐകുട്ടികളും സൈബര്‍ പോരാളികളും റാംജീറാവു ഡയലോഗ് തന്നെ കാച്ചിയിട്ടുണ്ട്. ഒരാഴ്ച മുമ്പേ ഞങ്ങള്‍ ഈ സമരം ജയിച്ചതാണ്. ഇനി വേണമെങ്കില്‍ അതിലും നേരത്തേയാക്കാം എന്ന്. വേണ്ടിവന്നാല്‍ സമരം തുടങ്ങും മുമ്പേ ജയിച്ചെന്നുവരും. പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നല്ല, ലക്ഷ്മി നായര്‍ അക്കാദമിയില്‍ അധ്യാപികയായി എത്തുന്നതിന് മുമ്പേ തന്നെ ഗേറ്റ്പടിക്കല്‍ ഉപരോധം തീര്‍ത്ത് അവരെ വീട്ടിലേക്ക് മടക്കി അയച്ചു എന്നും പറയാം. വിജയത്തിന്റെ താത്വികമായ വിശകലം കിട്ടണമെങ്കില്‍ അടുത്ത സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട് വരെ കാത്തിരിക്കണം എന്നതേ ഒരു മടുപ്പുള്ളൂ.

ഇത്രയും വിശദീകരണം നല്‍കിയിട്ടും ചേട്ടകള്‍ക്ക് തൃപ്തിയായിട്ടില്ല. അതിനുള്ളതാണ് ആ ബില്യണ്‍ ഡോളര്‍ ക്വസ്റ്റിയന്‍. 'എവിടെ രാജി?'. മറുപടി പറയാന്‍ ധൈര്യമുള്ള ഒരാളെയും ആ വഴിക്ക് പിന്നെ കണ്ടിട്ടില്ല. എങ്ങനെ മറുപടി പറയും. ലക്ഷ്മി നായര്‍ രാജിവെച്ചില്ലല്ലോ. രാജിയാവശ്യപ്പെട്ട സമരത്തില്‍ രാജിവെച്ചാലല്ലേ ജയമുള്ളൂ. അപ്പോള്‍ പിന്നെ രണ്ടാം ജയം പൂര്‍ണാര്‍ത്ഥത്തില്‍ തോല്‍വി തന്നെ. അതുകൊണ്ടാണ് പാര്‍ട്ടി പത്രം മുഖ്യവാര്‍ത്തയായും മുഖപ്രസംഗമായായും രണ്ടാം ജയം ഒരു പരാജയമായിരുന്നു എന്ന് സ്ഥാപിച്ചത്.

ഇനി ഒരു സമരത്തിലെ ജയവും തോല്‍വിയും എങ്ങനെയുണ്ടാകുമെന്ന് നോക്കാം. രണ്ട് സമരം മാത്രം ഉദാഹരണം. കൂടുതല്‍ എടുക്കാന്‍ ആരും നിര്‍ബന്ധിക്കരുത്.

ഒന്ന്: ലോ അക്കാദമി സമരം. വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങി ഏഴാം നാള്‍ പന്തലിനടുത്തുകൂടി നടന്നുപോകുന്ന എസ്ഐഫ്ഐ കുട്ടികള്‍ അറിയാതെ അതില്‍ എടുത്തുചാടുന്നു. നമ്പര്‍ വണ്‍ ഡിമാന്റ്: ലക്ഷ്മി നായര്‍ രാജിവെക്കുക. ഇതാണേ ഒരാഴ്ച മുമ്പേ മറ്റുള്ളവരാവശ്യപ്പെടുന്നത്. കുട്ടികള്‍ പരസ്യമായി ആവശ്യപ്പെട്ടതിന്റെ പ്രസരണോര്‍ജം തറവാട്ടിലെത്തി. കാരണവര്‍ കണ്ണുരുട്ടി. രാജിയാവശ്യം സ്വാഹ. പകരം മാറിയാല്‍ മതി. ഇതാ ആദ്യ ഡിമാന്റ് മണിക്കൂറുകള്‍ കൊണ്ട് നേടിയിരിക്കുന്നു. ഫസ്റ്റ് റൗണ്ട് ജയം. അടുത്ത ഘട്ടം ആ തീരുമാനം മാനേജുമെന്റിനെ കൊണ്ട് എടുപ്പിക്കുകയാണ്. കഠിന സമരം തന്നെ അതിന് മാര്‍ഗം. കാരണം പാര്‍ട്ടി ഭരണത്തിലായാല്‍ പിന്നെ സമരവഴി മറന്ന് കുട്ടികള്‍ ആലസ്യത്തിലാകും. അതുണ്ടാകരുത്. അതുകൊണ്ട് പാര്‍ട്ടി ഭരണത്തിലും സമരം ചെയ്ത് ത്യാഗം സഹിച്ച് ജയം നേടിയെടുക്കണം. വീണ്ടും ഒരാഴ്ച പിന്നിട്ടപ്പോള്‍ മാനേജുമെന്റുമായി നേരിട്ട് ധാരണ. മറ്റുള്ളവരെ പുറത്തിരുത്തി വെയില്‍ കൊള്ളിച്ച് ഒരു വണ്‍ ടു വണ്‍ ജന്റില്‍മാന്‍ എഗ്രിമെന്റ്. ലക്ഷ്മി നായരെ അഞ്ചുകൊല്ലത്തേക്ക മാറ്റി വൈസ് പ്രിസന്‍സിപ്പാളിനെ താല്‍ക്കാലിക ചുമതലയേല്‍പ്പിച്ചു. ഡണ്‍!. രാജിയാവശ്യപ്പെട്ട് തുടങ്ങിയ സമരത്തില്‍ ഇതില്‍ കൂടുതല്‍ എന്ത് ജയം വേണം. ഡിമാന്റ് നൂറ് ശതമാനം എഗ്രീഡ്. ഇന്‍ക്വിലാബ്, ഇന്‍ക്വലാബ്, ഇന്‍ക്വിലാബ് സിന്ദാബാദ്. ആ ജയിച്ച സമരത്തില്‍ ലക്ഷ്മി നായര്‍ രാജിവെച്ചോ...?

ഇനി സമരം രണ്ട്: ഒരു മൂന്ന് കൊല്ലം പിന്നോട്ട് നടക്കണംം. സോളാര്‍ സെക്രട്ടേറിയറ്റ് ഉപരോധം. നമ്പര്‍ വണ്‍ ഡിമാന്റ്: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം. വേറെ എന്തെങ്കിലും ഡിമാന്‍ഡ്. സോറി. ഇല്ല ഒന്നേയുള്ളൂ. ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന് ഉമ്മന്‍ചാണ്ടി മാസങ്ങള്‍ക്ക് മുമ്പ നിയമസഭയില്‍ പറഞ്ഞപ്പോള്‍ നമ്മള്‍ പുച്ഛിച്ചു തള്ളിയതാണ്. രാജിയില്ലാതെ മടക്കമില്ല. ഓകെ സ്റ്റാര്‍ട്ട്. സമരം തുടങ്ങി. ഘനഗംഭീരം. സെക്രട്ടേറിയറ്റ് സ്തംഭിച്ചു. രണ്ടാം ദിനം. സ്തംഭിച്ച സെക്രട്ടേറിയറ്റിന് മുന്നിലിരുന്ന സമര പോരാളികള്‍ക്കും സ്തംഭിച്ചു. ടിവിയില്‍ 'രാധികാ... വിമലാ...' എന്ന് വിളിക്കുന്ന ആ ചേച്ചിയെ ഓര്‍ത്തു. സ്വച്ഛ്ഭാരത്. മോഡി പറയും മുമ്പേ എകെജി സെന്ററില്‍ അശരീരി മുഴങ്ങി. സമരം തുടങ്ങിയവര്‍ തന്നെ സ്വന്തം നിലയില്‍ ജയം പ്രഖ്യാപിച്ചു. ഡീല്‍ ഡണ്‍!. അപ്പോള്‍ ഉമ്മന്‍ചാണ്ടി രാജിവെച്ചോ? രാജിവെക്കാമെന്ന കരാറുണ്ടാക്കിയോ? പോട്ടെ മാറ്റിനിര്‍ത്തിയോ? ഡോണ്‍ട് ആസ്‌ക് ഫര്‍ദര്‍ ക്വസ്റ്റന്‍സ്. പക്ഷെ സമരം ജയിച്ചു. എങ്ങനെ? ആറ് മാസം മുമ്പ് ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന് നിയമസഭയില്‍ നല്‍കിയ ഉറപ്പ് ഉമ്മന്‍ചാണ്ടി പുറത്ത് നല്‍കി. ഇന്‍ക്വിലാബ്, ഇന്‍ക്വിലാബ്, ഇന്‍ക്വിലാബ് സിന്ദാബാദ്. ഇരട്ടച്ചങ്കന്‍, ഡബിള്‍ച്ചങ്കന്‍, ദ്വൈതച്ചങ്കന്‍, ഇരുഡുചങ്കന്‍ എന്നിങ്ങനെ ഭാഷാവൈവിധ്യത്തില്‍ സൈബര്‍ പോരാളികള്‍ ആഘോഷിക്കുന്ന നടപ്പ് കേരളത്തിന്റെ രക്ഷകന്‍ ഹാപ്പി.

ഇങ്ങനെ മുന്നോട്ട് വെച്ച ഡിമാന്റ് പിന്നോട്ടെടുത്ത് ജയിപ്പിക്കുന്ന പാര്‍ട്ടിയുടെ കുഞ്ഞുമക്കളെയാണ് ഇപ്പോള്‍ ചിലര്‍ വന്ന് പരിഹസിക്കുന്നത്. കോടിയേരി സ്ഥിരം പറയുന്നതുപോലെ വെടിക്കെട്ടുകാരന്റെ മക്കളെ ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേ കുട്ടികളേ. ഇത് ശീലം. രാജി ആവശ്യപ്പെട്ട തുടങ്ങിയ സമരം രാജിയില്ലാതെ അവസാനിപ്പിച്ചാല്‍ എങ്ങനെ ജയമാകുമെന്ന ചോദിക്കാന്‍ അര്‍ഹതപ്പെട്ട യഥാര്‍ത്ഥ നേരവകാശികള്‍. അങ്ങനെ പാര്‍ട്ടിയും കുട്ടികളും ഒരിക്കല്‍ കൂടി ചരിത്രത്തില്‍ ഇടം നേടി. നട്ടുനനച്ച് വളര്‍ത്തിയ സ്വന്തം സര്‍ക്കാരിന്റെ കാലത്ത്, പാര്‍ട്ടി നേതാക്കള്‍ക്ക് നേരിട്ട് സ്വാധീനുള്ള ഒരു അക്കാദമിക്കെതിരെ സമരം നടത്തി ഐതിഹാസിക ജയം മുന്‍കൂറായി സ്വന്തമാക്കിയ ഖ്യാതി. ഇത്തരം മുന്‍കൂര്‍ ജയങ്ങള്‍ ഭാവിയിലും ഉണ്ടാകട്ടെ. യശസ്സ് നീണാള്‍ വാഴ്ക! ഇത്തവണ എസ്എഫ്ഐക്ക് പിണറായി നല്‍കിയത്, അന്ന് ഉമ്മന്‍ചാണ്ടിയെ രാജിവെപ്പിച്ചപ്പോള്‍ കിട്ടിയ ആ ട്രോഫിയുണ്ടല്ലോ അതാണ്. അന്ന് കിട്ടിയപ്പോള്‍ സ്ഥിരം ട്രോഫിയെന്നായിരുന്നു കേട്ടത്. തലമുറ കൈമാറിക്കൊടുക്കേണ്ട എവര്‍ റോളിങ് ആയിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്. അത് നന്നായി. ഇനിയുമുണ്ടാകുമല്ലോ ഇത്തരം നല്ലനല്ല ആചാരങ്ങള്‍. നല്ലതേ നടക്കൂ.