പിണറായിയുടെ സൗരയൂഥത്തിലെ ശുക്രന്‍ ഇനി യശസ്സ് കൂട്ടിയ പ്ലൂട്ടോ  

October 14, 2016, 8:23 pm
പിണറായിയുടെ സൗരയൂഥത്തിലെ ശുക്രന്‍ ഇനി യശസ്സ് കൂട്ടിയ പ്ലൂട്ടോ  
Satire
Satire
പിണറായിയുടെ സൗരയൂഥത്തിലെ ശുക്രന്‍ ഇനി യശസ്സ് കൂട്ടിയ പ്ലൂട്ടോ  

പിണറായിയുടെ സൗരയൂഥത്തിലെ ശുക്രന്‍ ഇനി യശസ്സ് കൂട്ടിയ പ്ലൂട്ടോ  

ഇല പൊഴിഞ്ഞാല്‍ മരത്തിന് വളം. പൊഴിഞ്ഞ മരം കാണുമ്പോള്‍ ആദ്യം സഹതാപം തോന്നും. വളമായി പുഷ്ടിപ്പെടുമ്പോഴാണ് ആ സഹതാപം മാറുക. അത് തിരിച്ചറിയാന്‍ കാലങ്ങളെടുക്കുമെന്നതാണ് പതിവ് രീതി. ഇപി ജയരാജന്റെ കാര്യത്തില്‍ അതുണ്ടായില്ല. വടവൃക്ഷത്തിന് ചുറ്റും പാറിക്കളിക്കുന്ന ചെറുകീടങ്ങള്‍ക്കും തളിരിടുന്ന കുറ്റിക്കാടുകള്‍ക്കുമെല്ലാം പെരുപെരുത്ത് സന്തോഷം. എങ്ങും മുഴങ്ങുന്നത് വാഴ്ത്തുഗീതങ്ങളുടെ ഈരടികള്‍മാത്രം. അതൊരു അസാധാരണ സിദ്ധിയാണ്. യശസ്സ് കൂട്ടാനാണ് രാജിയെന്നാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പറഞ്ഞത്. മാതൃകാപരം, ധീരമായ തീരുമാനം. ഈ പാര്‍ട്ടിക്കല്ലാതെ മാറ്റാര്‍ക്ക് സാധിക്കും ഇത്? മന്ത്രിയെ പുറത്താക്കിയ മുഖ്യമന്ത്രി പിണാറായി വിജയനും തീരുമാനമെടുത്ത പാര്‍ട്ടിയും ഉജ്വലം. പാര്‍ട്ടിയെ രാജിക്കാര്യം ആദ്യമേ അറിയിച്ച ജയരാജന്‍ ഡബിള്‍ ജാജ്വലം. പാര്‍ട്ടിയുടെ ഖ്യാതിക്ക് ഇതിലേറെ എന്ത് തിളക്കം വേണം. ഖ്യാതികൂട്ടാന്‍ ചിലപ്പോള്‍ ഇങ്ങനെ ചില സൂത്രപ്പണികളൊക്കെ വേണ്ടിവരും. ഇപ്പോള്‍ പാര്‍ട്ടിയുടെയും മുഖ്യമന്ത്രി പിണറായിയുടെയും സര്‍ക്കാരിന്റെയും യശസ്സ് ഹിമാലയത്തോളം ഉയര്‍ന്നിരിക്കുന്നു. അതിന് പാവം ജയരാജന്‍ തന്നെ വേണ്ടിവന്നു. ഇതിനെയാണ് ത്യാഗം എന്നുപറയുന്നത്. അഴുകിവീണ ജയരാജനെ വളമാക്കി പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ഇനി വാനോളം വളരാം. യശസ്സുകൂട്ടാന്‍ സ്ഥാനത്യാഗം ചെയ്ത ധീരനെന്ന് പാര്‍ട്ടി സമ്മേളനത്തില്‍ ജയരാജന് ക്രഡന്‍ഷ്യല്‍ ചേര്‍ക്കുകയുമാകാം.

പിണറായിയുടെ സൗരയൂഥത്തിലെ ശുക്രനായിരുന്നു ജയരാജന്‍. ഇപ്പോള്‍ സൗരയൂഥത്തിന് പുറത്ത് പ്ലൂട്ടോ ആയി. ഭൗതിക പ്രാപഞ്ചിക സത്യം അങ്ങനെയാണ്. ഇന്ന് ശരിയെന്ന് വിചാരിച്ചതാകില്ല നാളെയിലെ യാഥാര്‍ഥ്യം. യാഥാര്‍ഥ്യം തിരിച്ചറിയുന്നതുവരെ ചിലപ്പോള്‍ മായ, മിഥ്യ തുടങ്ങിയ ലോകത്താകും. ജയരാജന്‍ തല്‍കാലം പ്ലൂട്ടോ ആയി. എപ്പോഴെങ്കിലും നവഗ്രഹപദവിയില്‍ തിരിച്ചെത്തിക്കൂടായ്കയില്ല. ശാസ്ത്രവികാസം അചിന്ത്യമാണ്.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി കാണാന്‍ ഒരുപാട് വെള്ളമൊഴിച്ചിട്ടുണ്ട് ജയരാജന്‍. പോടാ പുല്ലേ സിബിഐ എന്ന് തെരുവില്‍ വെല്ലുവിളിച്ചു. പാര്‍ട്ടിക്കുവേണ്ടി വ്യാപാരി വ്യവസായികളെ സംഘടിപ്പിച്ചിട്ടുണ്ട്. തലങ്ങും വിലങ്ങും നടത്തിയ ജാഥകള്‍ക്ക് ആളെ പാര്‍ട്ടി അണികളെത്തിച്ചപ്പോള്‍ അര്‍ത്ഥം ജയരാജനെത്തിച്ചു. പ്രമാണിമാരെയെല്ലാം പാര്‍ട്ടിയിലേക്ക് അടുപ്പിച്ചു. വിജയന്‍ സഖാവിന് കീഴില്‍ വ്യവസായി മന്ത്രിക്കുപ്പായം തയിപ്പിച്ച് വികസന തുടര്‍ച്ച സ്വപ്‌നം കണ്ട എളമരം കരീമിനെ മത്സരിക്കാന്‍ പോലും വിടാതെ മൂലക്കിരുത്തിയിട്ടുമുണ്ട്. ഇടപാടിനെന്തിന് ഇടനിലക്കാര്‍ എന്ന മട്ടിലായിരുന്നു അത്യധ്വാനം. ആ ഉത്സാഹത്തിനുള്ള പിണറായി വിജയന്റെ സമ്മാനമായിരുന്നു വ്യവസായ മന്ത്രിപദം. പക്ഷെ തരംകിട്ടിയപ്പോള്‍ പഴയ ത്യാഗങ്ങളെല്ലാം പാര്‍ട്ടി മറന്നുകളഞ്ഞു. യശസ്സ് കൂട്ടാനല്ലേ. നടക്കട്ടേയെന്ന് ജയരാജന്‍ തന്നെ കമ്മിറ്റിയില്‍ പറഞ്ഞു. ഇടയ്ക്കിടയ്ക്ക് നേതാക്കള്‍ ഇങ്ങനെ പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും യശസ്സ് കൂട്ടുന്നത് നല്ലതാണ്. വാക്കുകള്‍കൊണ്ട് നേരത്തെ യശസ്സുകൂട്ടിയത് പിണറായി മാത്രമല്ല. എംവി ജയാരജന്‍, എളരമം കരീം മുതല്‍ എംഎം മണിവരെ കുറേപ്പേരുണ്ട്. പ്രവൃത്തികൊണ്ട് യശസ്സ് കൂട്ടുന്നവര്‍ക്കാണ് ഗ്രേഡ് കൂടുതല്‍.

വ്യവസായവകുപ്പാണ് മുഖ്യമെങ്കിലും കായിക താരത്തിന്റെ ചടുലതയോടെയായിരുന്നു ജയരാജന്‍. കണ്ണൂരില്‍ കച്ചമുറുക്കിയതിന്റെ ശീലത്തുടര്‍ച്ച. അരയും തലയും മുറുക്കി കുംഫു കാട്ടിയാണ് അഞ്ജുബോബി ജോര്‍ജിനെ വിരട്ടിയോടിച്ചത്. അനിയനെ പിടിച്ച് സ്‌പോട്‌സ് കൗണ്‍സില്‍ പരിശീലകനാക്കിയത് സ്വജനപക്ഷപാതമല്ലേ എന്ന് മുഖത്തുനോക്കി തന്നെ ചോദിച്ചു. ഹാ ജയരാജന്‍ അഞ്ജുവിനെ ഫസ്റ്റ് റൗണ്ടില്‍ ഇടിച്ചുവീഴ്ത്തിയ കേരള മുഹമ്മദലി എന്ന് ആരാധകര്‍ വാഴ്ത്തി.

മന്ത്രിയാകുന്ന ജയരാജന്‍ വ്യാവസായിക കുതിപ്പിന്റെ വിസ്മയം തീര്‍ക്കുമെന്നായിരുന്നു ആരാധകര്‍ പ്രവചിച്ചത്. പറശ്ശിനിക്കടവില്‍ വിസ്മയ വാട്ടര്‍ തീം പാര്‍ക്ക് തുടങ്ങിയതിന്റെ ഓര്‍മയിലായിരുന്നു ഇത്. പിന്നെ വ്യാപാരി വ്യവസായികളെ സംഘടിപ്പിച്ചതിന്റെ കരുത്തും. ജയരാജന്റെ വിളിപ്പാടകലെയാണ് വ്യവായികളുടെ ലോകമെന്നാണ് എല്ലാവരും കരുതിയത്. വ്യവസായികളെ വിളിച്ചുവരുത്താനുള്ള യത്‌നവും തുടങ്ങിയിരുന്നു. പക്ഷെ അതിന് മുമ്പ് വിസ്മയ പാര്‍ക്കിലെ വാട്ടര്‍ റൈഡില്‍ മുകളില്‍നിന്ന് താഴേക്ക് വീണത് പോലെയായി. പുറത്തുനില്‍ക്കുന്നവര്‍ക്ക് ആ കാഴ്ച നല്ല ചേലാണ്. ശ്രൂ.... എന്ന് താഴേക്ക്. താഴേക്ക് വരുന്നവര്‍ക്കേ ആന്തലറിയൂ. പാര്‍ക്കില്‍ സ്വയം ചാടുന്നതുപോലെയല്ല ജയരാജന്റെ നില. മരിച്ചുപോയ ബോക്‌സിങ് ഇതിഹാം തലയ്ക്ക് മുകളില്‍ ഇട്ടുകൊടുത്ത കിഴുക്ക് പോലെയായിപ്പോയി എന്നുമാത്രം.

മുമ്പ് വിഎസ് മുഖ്യമന്ത്രിയായ കാലത്ത് ധനമന്ത്രി ഐസക്കിനെതിരെ ജയരാജന്റെ വ്യാപാരികള്‍ സമരം നടത്തിയിരുന്നു. ഒരു പ്രയോജനവുമുണ്ടായില്ല. പോറലേല്‍ക്കാതെ ഐസ്‌ക് തുടര്‍ന്നു. വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ധനമന്ത്രിയുമായുമായി. ഇനി ഇപ്പോള്‍ രണ്ടാമന്റെ കസേരയില്‍ കയറി ഇരിക്കുകയും ചെയ്യും. മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗത്തിന് വേണ്ടിയാണ് ഈ പേരുദോഷമെല്ലാം കേട്ടത്. അവര്‍ ബന്ധുവായിപ്പോയി എന്നുമാത്രം. ഏതായാലും എല്ലാം നന്നായി. തത്വാധിഷ്ഠിത നിലപാട് കാണിക്കാന്‍ അത്യപൂര്‍വ അവസരം കൈവന്നു. അത് കാണിക്കുകയും ചെയ്തു.

മന്ത്രിയായപ്പോള്‍ ഒഴിഞ്ഞുകൊടുത്തതാണ് ദേശാഭിമാനി ജനറല്‍ മാനേജര്‍ സ്ഥാനം. ആരോരുമറിയാത്ത കെജെ തോമസിനെ അവിടെ നിയമിക്കുകും ചെയ്തു. ഇനിയിപ്പോള്‍ ആ പദവിയെങ്കിലും തിരിച്ചുകിട്ടുമോ ആവോ. വരുവരായ്കയ്ക്ക് കേന്ദ്രകമ്മിറ്റി വരെ കാത്തിരിക്കണം.