ആ താക്കോല്‍ ചെന്നിത്തല കൈമാറി; ഇനി ചിയേഴ്‌സ് 

August 16, 2016, 2:47 pm
ആ താക്കോല്‍ ചെന്നിത്തല കൈമാറി; ഇനി ചിയേഴ്‌സ് 
Satire
Satire
ആ താക്കോല്‍ ചെന്നിത്തല കൈമാറി; ഇനി ചിയേഴ്‌സ് 

ആ താക്കോല്‍ ചെന്നിത്തല കൈമാറി; ഇനി ചിയേഴ്‌സ് 

പെരുന്നയിലെ തമ്പുരാനാണ് രാഷ്ട്രീയ കേരളത്തിന് താക്കോല്‍ സ്ഥാനത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തിയത്. സമദൂരത്തില്‍നിന്ന് ശരിദൂരത്തിലേക്കുള്ള സഞ്ചാരത്തിനിടയില്‍ അദ്ദേഹത്തിനുണ്ടായ വെളിപാടില്‍ നിന്നായിരുന്നു അത് രമേശ് ചെന്നിത്തലയ്ക്ക് കിട്ടിയത്. ചെന്നിത്തല പിന്നീട് വച്ചടി വച്ചടി കയറി. ഉമ്മന്‍ചാണ്ടിയുടെ കീഴില്‍ രണ്ടാമനായി ആഭ്യന്തര മന്ത്രിയായി. ഭരണം പോയപ്പോള്‍ ഒരടികൂടി മുന്നില്‍വന്ന് പ്രതിപക്ഷത്തെ ഒന്നാമനുമായി. ഉമ്മന്‍ചാണ്ടി കൈവശം വെച്ചിരിക്കുന്ന എല്ലാ താക്കോലുകളും ഇപ്പോള്‍ രമേശിന്റെ കയ്യിലാണ്. മാണിക്ക് പുറത്തുപോകാന്‍ രമേശ് യുഡിഎഫിന്റെ ഗേറ്റ് തുറന്നുകൊടുത്തത് ഇങ്ങനെ കിട്ടിയ താക്കോല്‍ കൂട്ടത്തില്‍ ഒന്നെടുത്തായിരുന്നു. അതിന്റെ ആലസ്യത്തില്‍നിന്ന് മുന്നണിയും പാര്‍ട്ടിയും ഇതുവരെ മോചിതരായിട്ടില്ല.

ദാ, തൊട്ടുപിന്നാലെ രമേശ് മറ്റൊരു താക്കോല്‍ കൂടി പുറത്തെടുത്തിരിക്കുന്നു. ഉമ്മന്‍ചാണ്ടി പൂട്ടിയ ബാറുകളുടെ താക്കോല്‍. പുറത്തെടുത്തു എന്ന് മാത്രമല്ല അത് ഭദ്രമായി മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണനെയും ഏല്‍പ്പിക്കുകയും ചെയ്തു. ഉത്തരവാദിത്തമുള്ള പ്രതിപക്ഷ നേതാക്കള്‍ ഇങ്ങനെയാണ് ചെയ്യേണ്ടത്. ഭരണം പോയാല്‍ പിന്നെ ആ താക്കോല്‍ അങ്ങനെ പിടിച്ചു നില്‍ക്കുന്നത് ശരിയല്ലല്ലോ. അത് എത്രയും വേഗം കൈമാറുക. അതേ രമേശ് ചെന്നിത്തല ചെയ്തിട്ടുള്ളൂ. സ്ഥാനം പോയാലും ഔദ്യോഗിക വസതി വിട്ടുകൊടുക്കാത്ത മഹാന്മാര്‍ ഏറെയുള്ള നാടാണിത്. ഇത്തവണ തെരഞ്ഞെടുപ്പ് ഫലം വന്ന് എത്ര ദിവസം കഴിഞ്ഞാണ് ഇനിയും സ്ഥാനമേല്‍ക്കാത്ത ഭ.പ.ക ചെയര്‍മാന്‍ പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മന്റ് ഹൗസ് ഒഴിഞ്ഞുകൊടുത്തത്. അതുപോലുള്ള അമാന്തമൊന്നും ഈ താക്കോല്‍ കൈമാറ്റത്തിന് രമേശ് ചെന്നിത്തല എടുത്തില്ല. പൂട്ടിയ എല്ലാ ബാറുകളും ഒട്ടും വൈകാതെ തുറക്കണം. സദുദ്ദേശ്യമായതിനാല്‍ ആരും കുറ്റം പറയില്ല. ഉമ്മന്‍ചാണ്ടിപോലും.

സുധീരനെ വീഴ്ത്താന്‍ മാത്രമായിരുന്നല്ലോ ഉമ്മന്‍ചാണ്ടി എല്ലാം ഒറ്റയടിക്ക് പൂട്ടി താക്കോല്‍ അരഞ്ഞാണത്തില്‍ കെട്ടിത്തൂക്കിയത്. കാവിലെ പാട്ടുമത്സരം കഴിഞ്ഞിട്ടും അതില്‍ ലക്ഷ്യം കാണാന്‍ ഉമ്മന്‍ചാണ്ടിക്കായിട്ടില്ല. രാഹുല്‍ജിക്ക് ഇതുവരെ തിരിച്ചറിവുണ്ടായിട്ടില്ല. അതിലെ മനഃസ്ഥാപം കൂടിയുണ്ടെന്ന് കൂട്ടിക്കോ. പൂട്ടിയ ബാറുകള്‍ പിണറായിയെ കൊണ്ട് തുറപ്പിച്ചാണെങ്കിലും അതില്‍നിന്ന് ഒരു മോചനം വേണം എന്ന ചിന്ത ഉമ്മന്‍ചാണ്ടിക്കുമുണ്ട്. മുഖ്യമന്ത്രി ആയതിന് പിന്നാലെ പൂട്ടിയ താക്കോല്‍ എവിടെ എന്ന് പി വിജയന്‍ അന്വേഷിച്ചു തുടങ്ങിയിരുന്നു. നേരിട്ടും അല്ലാതെയും നോക്കി. തിരുവനന്തപുരത്തെ രാജധാനി അധിപന്‍ മുതല്‍ പാലക്കാട്ടെ ചാക്ക് രാജാവുവരെ ഇതിനായി പലശ്രമവും നടത്തി. ‘താക്കോലോ...അത്... അവിടെയുണ്ടല്ലോ’ എന്ന കാക്കക്കുയിലിലെ ജഗദീഷ്-കൊച്ചിന്‍ ഹനീഫ വാഗ്വാദം പോലെയാവില്ല ഇത്. ഒരു ശുഭപ്രതീക്ഷ ഇപ്പോഴുണ്ട്. ഒന്നും വ്യഥാവിലാവില്ല. നക്ഷത്രങ്ങള്‍ ആകാശത്ത് മാത്രമല്ല മട്ടുപ്പാവുകളിലും തെളിയും. തെരുവോരങ്ങളില്‍ കിടന്ന് ജനം മതിമറന്ന് എണ്ണും.

മെയ് 26ന് ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ബാര്‍ തുറക്കുമെന്ന പ്രഖ്യാപനത്തിന് കാതോര്‍ത്തിരുന്നതായിരുന്നു കേരളം. ഒരു സസ്‌പെന്‍സ് വേണ്ടേ എന്ന മട്ടില്‍ മുഖ്യമന്ത്രി പി വിജയന്‍ അത് ദീര്‍ഘിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ കുണ്ഠിതമുള്ളവര്‍ അനവധിയുണ്ട്. ഈയടുത്ത് മാണിസാറെ കോപിഷ്ഠനാക്കിയ, ശത്രുക്കളെ ബന്ധുക്കളാക്കിയ വിവാഹനിശ്ചയ ചടങ്ങില്‍ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയില്‍ ചിലര്‍ ചെവിയില്‍ അടക്കം പറഞ്ഞിരുന്നു ഈ ദണ്ഡം. ഇത് ദീര്‍ഘകാലം മൂടിപ്പിടിച്ചിരിക്കാനുള്ള കെല്‍പ്പൊന്നും അപ്പുറത്തുള്ളവര്‍ക്ക് ഇല്ലെന്ന് പി വിജയന് നല്ല ബോധ്യവുമുണ്ട്. അവിടുന്നതന്നെ ഇങ്ങോട്ട് നിര്‍ദേശം പോരട്ടെ എന്ന മട്ടിലായിരുന്നു പി വിജയന്റെ കാത്തിരിപ്പ്. ഇപ്പോള്‍ അതും സാധ്യമായിരിക്കുന്നു. ടച്ചിങ്‌സുമായി റെഡിയായി നില്‍ക്കുന്നവര്‍ വേറെയുമുണ്ട്.

കുടിക്കാനായി കേരളത്തിലെത്തിയ വിദേശികളെല്ലാം നിരാശയിലായി മടങ്ങിയെന്ന് ടൂറിസം മന്ത്രിയും താക്കോല്‍ തെരഞ്ഞ് നടന്നിരുന്ന ടൂറിസം വിദഗ്ദന്മാരും നേരത്തെ പറയുന്നുണ്ടായിരുന്നു. കുടി മുട്ടിയതോടെ സാത്താന്റെ സ്വന്തം നാടായി കേരളം അധഃപതിച്ചിരുന്നു. നിരാശരായ മടങ്ങിയ വിദേശികളെല്ലാം ഇക്കാര്യം ഒരു നോട്ടീസ് ആയി അച്ചടിച്ച്, ‘ഇത് കിട്ടുന്നയാല്‍ പതിനായിരം കോപ്പി വീതം അച്ചടിച്ച് നല്‍കിയില്ലെങ്കില്‍ കൈവിറയലും ഛര്‍ദ്ദിയും പിടിപെട്ട് മരിക്കും’ എന്ന അടിക്കുറിപ്പോടെ വിതരണം ചെയ്തിരുന്നു. കണ്ട് ഭയന്ന വിദേശികള്‍ പിന്നെ കേരളത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. അതിനാല്‍ എത്രയും വേഗം പൂട്ടിയ താക്കോല്‍ കണ്ടെത്തണമെന്നായിരുന്നു ടൂറിസം മന്ത്രിയുടെ നിര്‍ദേശം. ബാര്‍ അടഞ്ഞതിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചെയര്‍മാന്‍ ഒരു സത്യവാങ് മൂലമായി നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല താക്കോല്‍ ഔദ്യോഗികമായി കൈമാറിയതോടെ പി വിജയന് കാര്യങ്ങള്‍ ഇനി എളുപ്പമായി. ആ സുദിനത്തെ നാടൊന്നാകെ ഏറ്റെടുക്കുമെന്ന കാര്യത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ ഒരു പിബി കമ്മിഷന്റെ ആവശ്യമേയില്ല. എല്ലാം ശരിയാകും. ചിയേഴ്‌സ്.