പശുക്കള്‍ തന്‍ റിപ്പബ്ലിക്ക് 

January 10, 2017, 10:13 am
പശുക്കള്‍ തന്‍ റിപ്പബ്ലിക്ക് 
Satire
Satire
പശുക്കള്‍ തന്‍ റിപ്പബ്ലിക്ക് 

പശുക്കള്‍ തന്‍ റിപ്പബ്ലിക്ക് 

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍


ഈ പുതുവത്സരത്തില്‍ ഒരു വാര്‍ത്ത അര്‍ഹിച്ച ശ്രദ്ധ കിട്ടാതെ പോയി. എന്താണെന്നുവെച്ചാല്‍ രാജ്യത്തെ ഓരോ പശുവിനും പോത്തിനും 12 അക്ക തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനായി ഒരു ലക്ഷം സാങ്കേതികവിദഗ്ദര്‍ രണ്ടു തരം യന്ത്രങ്ങളുമായിട്ട് രാജ്യത്തിന്റെ മുക്കിലേക്കും മൂലയിലേക്കും ഇറങ്ങിയിരിക്കുകയാണ്. രാജ്യത്താകമാനമുള്ള 88 ലക്ഷം പശുക്കള്‍ക്ക് നമ്പര്‍ നല്‍കി വര്‍ഷാവസാനമാകുമ്പോഴേക്കും തിരിച്ചറിയില്‍ പരിപാടി പൂര്‍ത്തിയാക്കാനാണ് പദ്ധതി.

വാര്‍ത്ത വായിച്ചപ്പോള്‍ മനസ്സിലേക്കാദ്യം ഓടിയെത്തിയത് 'അനിമല്‍ ഫാം' ആണ്. തങ്ങളുടെ മൃഗാധിപത്യരാജ്യം സ്ഥാപിക്കാനായി മൃഗങ്ങള്‍ മനുഷ്യര്‍ക്കെതിരെ നടത്തുന്ന വിപ്ലവത്തിന്റെ കഥ പറയുന്ന ജോര്‍ജ് ഓര്‍വെല്ലിന്റെ നോവല്‍. സ്റ്റാലിനിസ്റ്റ് കമ്മ്യൂണിസത്തിനെതിരായുള്ള ഒരു വിമര്‍ശനമായിരുന്നു ആ കൃതി. പൗരന്റെ കിടപ്പറയില്‍ എന്തു നടക്കുന്നെന്നു വരെ നോക്കിക്കാണുന്ന 'ബിഗ് ബ്രദറെ'ക്കുറിച്ച് പറഞ്ഞ ഓര്‍വെല്ലിന്റെ തന്നെ '1984' കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചെങ്കിലും നിരൂപകര്‍ക്ക് ശ്രേഷ്ഠം അനിമല്‍ ഫാം തന്നെയാണ് .

നോവലിലേതുപോലെ മൃഗങ്ങള്‍ ഉടന്‍ രാജ്യം അട്ടിമറിക്കുമെന്ന ഭയം എനിക്കില്ല. എന്താണെന്നാല്‍ പല രീതിയിലും അത് സംഭവിച്ചു കഴിഞ്ഞു.    

നമുക്ക് വിഷയത്തിലേക്കു തിരിച്ചുവരാം. മൃഗസംരക്ഷണ വകുപ്പിന്റെ സാങ്കേതികവിദഗ്ദര്‍ ചെയ്യാന്‍ പോകുന്നെന്താണെന്നുവെച്ചാല്‍ അവര്‍ യുഐഡി (യുണീക് ഐഡന്റിറ്റിഫിക്കേഷന്‍ നമ്പര്‍) ഉള്ള എട്ട് ഗ്രാം തൂക്കം വരുന്ന ഒരു ടാഗ് പശുവിന്റെ ചെവിക്കുള്ളില്‍ ഘടിപ്പിക്കും. പിടിച്ചുവലിച്ചാലൊന്നും ഈ ടാഗ് പോരില്ലെന്നും ദീര്‍ഘനാള്‍ നിലനില്‍ക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. അതായത് പശു സ്വാഭാവികമായി മരണപ്പെട്ട് അതിന്റെ എല്ലാ ചടങ്ങുകളും കഴിയുന്നത് വരെ ടാഗ് ഉണ്ടാകും. വിദഗ്ദര്‍ പശുവിന്റെ വര്‍ഗ്ഗവും വാക്സിനേഷന്‍ തീയതിയും ആധാര്‍ കാര്‍ഡുള്‍പ്പെടെയുള്ള ഉടമസ്ഥന്റെ വിവരങ്ങളും ശേഖരിക്കും. പശുവിന്റെയും ഉടമസ്ഥന്റെയും യുഐഡികള്‍ തമ്മില്‍ ചേര്‍ക്കുമ്പോള്‍ അവര്‍ അക്കങ്ങളാല്‍ സയാമീസ് ഇരട്ടകളെപ്പോലെ ബന്ധിക്കപ്പെടും.

സാങ്കേതികവിദഗ്ദരുടെ ടാബ്ലെറ്റ് കംപ്യൂട്ടറില്‍ ശേഖരിക്കപ്പെടുന്ന ഓരോപശുവിന്റെയും വിവരങ്ങള്‍ ദേശീയ രജിസ്ട്രിയില്‍ ഉള്‍പ്പെടുത്തും. പശുവിന്റെ ബയോഡാറ്റ അതാത് ഉടമസ്ഥര്‍ക്ക് അയച്ചുകൊടുക്കും. യുഐഡി 12 അക്കത്തിലായതിനാല്‍ വരും വര്‍ഷങ്ങളില്‍ പശുവിന്റെ എണ്ണം കൂടിയാലും കുഴപ്പമില്ല. എന്തൊരു സാങ്കേതികത്തികവ്? ഇതേ സംരംഭത്തിന്റെ പ്രാരംഭപരിപാടി ബിസി 1500ല്‍ നടന്ന കാര്യം അധികമാര്‍ക്കും അറിയില്ല. ഹരിയാനയില്‍ ആര്യന്‍മാര്‍ ആദ്യമായെത്തി ഹര്യാന്‍വി ഭാഷ സംസ്‌കൃതത്തിന് ജന്മം നല്‍കിയ അതേ കാലഘട്ടത്തില്‍ തന്നെ.

ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ പശുക്കളുടെ സ്ഥിതി മെച്ചപ്പെടുത്താനായി പറ്റാവുന്നതെല്ലാം ചെയ്യുന്നുണ്ട്. ഞാനൊരു ഭരണഘടനാ വിദ്യാര്‍ത്ഥിയാണ്. നമ്മള്‍ ഈ മൃഗത്തെ വിശുദ്ധ പശുവായി പറയുന്നുണ്ടെങ്കിലും ഭരണഘടനയില്‍ ഒരിടത്തും പശുവിന് ദൈവികതയോ വിശുദ്ധപദവിയോ നല്‍കിയിട്ടില്ല. ഭരണഘടനയില്‍ പശുവിനെക്കുറിച്ച് 48ാം വകുപ്പിലുള്ള പരാമര്‍ശം ഇങ്ങനെയാണ്. 'കൃഷിയും മൃഗസംരക്ഷണവും ആധുനികരീതിയിലും ശാസ്ത്രീയമായും പരിരക്ഷിക്കാനും മെച്ചപ്പെടുത്താനും ഭരണകൂടം പരിശ്രമിക്കേണ്ടതാണ്. പ്രത്യേകിച്ച് പശുക്കള്‍, കന്നുകുട്ടികള്‍, മറ്റ് കറവയുള്ളതും ഭാരം ചുമക്കുന്നവയുമായ കന്നുകാലികള്‍ ഇവയെ കശാപ്പ് ചെയ്യാതിരിക്കാനും പരിരക്ഷിക്കാനും വര്‍ഗ്ഗപരിപാലനത്തിനായും വേണ്ട നടപടികള്‍ കൈക്കൊള്ളണം.' പശു വിശുദ്ധയാണെന്ന പരാമര്‍ശം ഭരണഘടനയില്‍ ഒരിടത്തും ഇല്ല.

പക്ഷേ ഹരിയാനയില്‍ കശാപ്പ് നിരോധിച്ചുകൊണ്ട് നിലവിലുണ്ടായിരു നിയമത്തിനു പുറമെ പുതിയൊരു നിയമം കൂടി പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. പശു 'പരിപാവനമാണെന്ന്' നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. പശുവിന്റെ വിശുദ്ധി ഒരുവിഭാഗത്തിന്റെ മാത്രം വിശ്വാസമാണെന്നിരിക്കെ നിയമം നടപ്പിലാക്കുന്നത് യുക്തിയേയല്ല. നിയമം ആരും ചോദ്യം ചെയ്തില്ലെന്നത് വേറെ കാര്യം.

ബില്ല് നിയസഭയില്‍ പാസാക്കിയപ്പോള്‍ കോണ്‍ഗ്രസ് മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ പിന്‍ഗാമിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഖട്ടറെ ഒന്നാശ്ലേഷിച്ചേക്കാം എന്നാണ് വിചാരിച്ചത്. മനോഹര്‍ ലാല്‍ ഖട്ടറാകട്ടെ ഗോമാതാവിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി പ്രത്യേക ഇടപെടലാണ് നടത്തിയത്.

ഒരു പശു മാംസത്തിനായി കൊല ചെയ്യപ്പെട്ടാല്‍ കുറ്റവാളിക്ക് 10 വര്‍ഷം വരെ കഠിനതടവ് ലഭിച്ചേക്കും. സംരക്ഷിത പട്ടികയില്‍ പെട്ട ദേശീയ മൃഗമാണെങ്കിലും കടുവയെ കൊല്ലുന്നത് ഇത്ര അപകടകരമല്ല. കൂടിപ്പോയാല്‍ 7 വര്‍ഷം വരെ തടവ് മാത്രമേ കടുവയെ കൊന്നാലുള്ളൂ എന്നതാണ് ആകര്‍ഷകമായ കാര്യം. അതാകട്ടെ കഠിന തടവുമല്ല.

മനുഷ്യഹത്യക്ക് പോലും കിട്ടാവുന്നതിനേക്കാള്‍ കഠിനമാണ് പശുവിനെക്കൊന്നാലുള്ള ശിക്ഷ. ഹരിയാനയിലെ ഈ നിയമപ്രകാരം ഓരോ ജില്ലകളിലും എല്ലാ സജ്ജീകരണങ്ങളോടും കൂടി പരിശോധനാശാലകള്‍ സ്ഥാപിക്കും. ഓരോ കഷ്ണം ഇറച്ചിയും പശുവിന്റേതാണൊ പോത്തിന്റേതാണൊ പട്ടിയുടേതാണോയെന്ന് പ്രത്യേക പരിശീലനം ലഭിച്ചവര്‍ പരിശോധിച്ച് കണ്ടെത്തും.  

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ബീഫ് കഴിച്ച ഒരാള്‍ക്ക് താന്‍ കഴിച്ചത് പോത്തിറച്ചിയാണെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ കഴിയില്ല. എന്തിനേറെ, ടിന്നിലടച്ച ബീഫ് റെഫ്രിജറേറ്ററില്‍ സൂക്ഷിച്ചാലും ആള്‍ പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകും ചെയ്യാം. ആലങ്കാരികമായി പറഞ്ഞാല്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഒരാള്‍ ഒരു ബീഫ് കട്‌ലെറ്റ് വാങ്ങിയെന്നു കരുതുക. കഴിക്കാന്‍ മറന്നു പോകുകയും ചെയ്തു. ട്രെയിന്‍ ഹരിയാനയിലെത്തി അയാള്‍ പിടിക്കപ്പെട്ടാല്‍ ശിക്ഷിക്കപ്പെടാം. ഒരിക്കല്‍ ഇന്നത്തെ അസന്ധ് പട്ടണം തലസ്ഥാനമാക്കി ഭരിച്ചിരുന്ന കുരുരാജ്യത്ത് ബീഫ് കൈവശം വെച്ച കുറ്റത്തിന്.

അസന്ധില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയാണ് ഇതേ സംസ്ഥാനത്ത് തന്നെയുള്ള ഝജ്ജാര്‍. അവിടെയാണ് ചത്ത പശുവിന്റെ തൊലിയുരിച്ചതിന് അഞ്ച് ദളിതര്‍ കൊല്ലപ്പെട്ടത്. പശു ചത്തതാണെന്ന് തെളിയിക്കാന്‍ അവരുടെ കൈവശം പശുവിന്റെ മരണസര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവര്‍ക്ക് ജീവന്‍ കൊടുക്കേണ്ടി വന്നു. ഝജ്ജാര്‍ സംഭവം നടക്കുമ്പോള്‍ കോണ്‍ഗ്രസായിരുന്നു അധികാരത്തിലെന്നത് വേറെ കാര്യം.

ഇപ്പോള്‍ അങ്ങിനെയുള്ള സംഭവങ്ങളുണ്ടാവാന്‍ സാധ്യത കുറവാണ്. കഴിഞ്ഞവര്‍ഷം മുതല്‍ ഹരിയാന സര്‍ക്കാര്‍ പശുക്കള്‍ക്ക് തിരിച്ചറിയല്‍ രീതി ഏര്‍പ്പെടുത്തി . ഇതേ ഹരിയാന മാതൃകയാണ് മോഡി സര്‍ക്കാര്‍ പിന്തുടരുന്നത്. എല്ലാ പശുക്കളേയും കുറിച്ച് വിവരങ്ങളടങ്ങിയ ഡേറ്റാ ബാങ്ക് സര്‍ക്കാരിന്റെ പക്കലുണ്ടാവും . നമ്പര്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തുന്നതോടെ പശുവിനെത്ര വയസ്സായെന്നും ഉടമയാരെന്നും ഗവണ്‍മെന്റിനു മനസ്സിലാക്കാം.

നൂറുകണക്കിന് കോടി രൂപയാണ് കന്നുകാലികളുടെ നമ്പറിടീലിനായി സര്‍ക്കാരിനു ചിലവാകുക. സര്‍ക്കാരിന്റെ അഭിപ്രായത്തില്‍ നമ്പറിടല്‍ വര്‍ഗഗുണം മെച്ചപ്പെടുത്താനും വാക്‌സിനേഷന്‍ നിരീക്ഷിക്കാനും ആരോഗ്യസംബന്ധമായ പരിശോധനകള്‍ക്കും പാലുല്‍പാദനം വര്‍ധിപ്പിക്കാനും സഹായിക്കും.  

2022 ഓടെ പാലുല്‍പാദനം ഇരട്ടിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തീര്‍ച്ചയായും അഭിനന്ദനീയമായ ഉദ്ദേശം തന്നെ. എന്റെ ചോദ്യം എന്താണെന്നു വെച്ചാല്‍, നമ്പറിട്ടാല്‍ പാലുല്‍പാദനം കൂടുന്നതെങ്ങനെ? കുട്ടിയായിരുന്നപ്പോ എന്റെ 'ഹോം വര്‍ക്കു'കളിലൊന്നായിരുന്നു പശുവിന് പുല്ലു മുറിക്കല്‍. അത്ര എളുപ്പമുള്ള ജോലി ആയിരുന്നില്ലെങ്കിലും എനിക്കും അനുജനും അത് ചെയ്യണമായിരുന്നു. പഴത്തൊലി വലിച്ചെറിഞ്ഞുകളയരുതെന്നും പശുവിനുകൊടുക്കാനുള്ള കൊപ്രയും മറ്റും ചേര്‍ത്ത കാടിവെള്ളത്തില്‍ ഇടണമെന്നും പറയുമായിരുന്നു.

നമ്മള്‍ നല്ല ഭക്ഷണം കൊടുത്താല്‍ പശു കൂടുതല്‍ പാലു തരുമെന്നാണ് അമ്മ പഠിപ്പിച്ചത്. ഇന്ന് എന്റെ പേരമകനോട് പശുവിന് കൊടുക്കാന്‍ പുല്ലുകൊണ്ടുവരാന്‍ പറഞ്ഞെന്നിരിക്കട്ടെ; അവന്‍ ഉടന്‍ തന്നെ കൂടുതല്‍ പാലുണ്ടാവാന്‍ പശുവിന് ഒരു 12 അക്ക നമ്പര്‍ അങ്ങ് കൊടുക്കും. പാക്കിസ്ഥാന്‍ 500-1000 രൂപ നോട്ടുകള്‍ അച്ചടിച്ച് ഇന്ത്യയില്‍ വിതരണം ചെയ്യുകയാണെന്ന നുണ പറഞ്ഞ് മോഡി നോട്ട് നിരോധിച്ചതുപോലെ ഒരു തലതിരിഞ്ഞ പദ്ധതിയാണിത്. നവംബര്‍ എട്ടിനു ശേഷം ഇക്കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ഇത്തരത്തിലുള്ള ഒരു നോട്ടു പോലും കണ്ടെത്തിയില്ല എന്നുള്ളതാണ് വസ്തുത.

88 ലക്ഷം പശുക്കള്‍ ഉണ്ടെന്നു കരുതുക. നമ്പറിടീല്‍ കഴിയുമ്പോഴേക്കും പത്തുശതമാനത്തോളം പശുക്കള്‍ ചത്തു പോവുകയോ പാല്‍ വേണ്ടത്ര ചുരത്താവുകയോ ചെയ്യും. അത്രയും തന്നെയെണ്ണം പുതിയ പശുക്കള്‍ പാല്‍ നല്‍കി തുടങ്ങുകയും ചെയ്യും. കാരണം പശുക്കളുടെ ഉല്‍പാദനകാലയളവ് 10 വര്‍ഷത്തില്‍ കുറവാണ്. ഇതിനര്‍ത്ഥം ഡിസംബര്‍ അവസാനത്തോടെ ഓരോ പശുവിനും യുഐഡി നല്‍കി കഴിയുമ്പോഴേക്കും സ്ഥിതിവിവരക്കണക്ക് അപ്രസക്തമാകും.

അപ്പോള്‍ ഉടമ ഓരോ പശുവിന്റെയും ജനനവും മരണവും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ട സമ്പ്രദായം നടപ്പാക്കേണ്ടിവരും. മനുഷ്യരിലേതുപോലെ ജനന-മരണസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടതായും വരും. നിലവില്‍ പള്ളിയിലായാലും അമ്പലത്തിലായാലും കല്യാണം രജിസ്റ്റര്‍ ചെയ്യണമെന്നുള്ളത് നിര്‍ബന്ധമാണ്.

മഴദേവനെ പ്രീതിപ്പെടുത്താനല്ലാതെ പശുക്കളെ പൊതുവെ വിവാഹം കഴിപ്പിക്കുന്ന പതിവില്ല. ആ സ്ഥിതിക്ക് ഉടമ പശു ഇണ ചേരുന്നത് കൃത്യമായി സര്‍ക്കാരിനെ അറിയിക്കുകയും അത് നിര്‍ബന്ധമാക്കുകയും വേണം. പശുക്കളെ ഇണചേര്‍ത്ത തീയതിയും സമയവും, ഇണ ചേര്‍ക്കപ്പെട്ട ഗണങ്ങള്‍ ഏതൊക്കെ എന്നിവയെല്ലാം കൃത്യമായി രേഖപ്പെടുത്തണം. അത്യാവശ്യമെങ്കില്‍ കിടാവിന്റെ ജാതകം തയ്യാറാക്കണം. അത് പശു എത്ര പാല്‍ തരുമെന്ന് നിര്‍ണയിക്കാന്‍ മൃഗസംരക്ഷണവകുപ്പിനെ സഹായിക്കുമെന്ന് പ്രത്യേകം പറയേണ്ടല്ലോ. ആയിരക്കണക്കിന് ആളുകള്‍ക്കിതുവഴി തൊഴിലവസരങ്ങളുണ്ടാവും.

പശു നിയമം ശക്തമാക്കിയതോടെ ഹരിയാനയില്‍ പശുവധം ഇല്ലാതായെന്നു തന്നെ പറയാം. സുരക്ഷാ കാരണങ്ങളാല്‍ മേവാഠ് ജില്ലയിലെ മുസ്ലീങ്ങള്‍ പശു വളര്‍ത്തല്‍ നിര്‍ത്തി. അവരെല്ലാം തന്നെ പോത്തു വളര്‍ത്തലിലേക്ക് മാറിയിരിക്കുന്നു.

ഹരിയാനയിലെ ഏക മുസ്ലീം ഭൂരിപക്ഷ ജില്ല ആസ്ഥാനമായ 'നാ'യിലേക്ക് പോകുന്ന വഴിവക്കില്‍ മുസ്ലീം കുട്ടികള്‍ ബിരിയാണി വില്‍ക്കുന്നത് കാണാമായിരുന്നു. കുട്ടികളുടെ സൈക്കിള്‍ കാരിയറില്‍ ബിരിയാണി പാത്രങ്ങള്‍ ഉണ്ടാകുമായിരുന്നു. പുതിയ നിയമം വരികയും ഒരു വനിതാ ഐപിഎസ് ഓഫീസര്‍ പുതിയ നിയമം നടപ്പിലാക്കാന്‍ തുടങ്ങുകയും ചെയ്തതോടെ എല്ലാവരും ബിരിയാണിക്കച്ചവടം നിര്‍ത്തി. നൂറുകണക്കിന് ആളുകള്‍ക്ക് ജോലിയില്ലാതായി.

ഒരിക്കല്‍ കാര്‍ട്ടൂണിസ്റ്റ് അബു അബ്രഹാം മുന്‍ കേന്ദ്രമന്ത്രി ദേവിലാലിനെ 'ചൈനാ ഷോപ്പിലെ കാള' എന്നു വിളിച്ചു. നരേന്ദ്ര മോഡിക്ക് കശ്മീരി രോഗന്‍ ജോഷ് (ആട്ടിന്‍കുട്ടിയുടെ മാംസം കൊണ്ടുണ്ടാക്കുന്ന ഒരു വിഭവം) എന്ന പോലെ ദേവിലാലിന് ഈ ഇംഗ്ലീഷ് പ്രയോഗത്തിന്റെ അര്‍ത്ഥം അപരിചിതമായിരുന്നു. വായനക്കാര്‍ കൗതുകപ്പെടുന്നുണ്ടാവും എന്തായിരിക്കും കാരണമെന്ന്. ലൂറ്റെയ്ന്‍സ് ഡല്‍ഹിയില്‍ ഒരു ബംഗ്ലാവ് അനുവദിച്ചു കിട്ടിയപ്പോള്‍ കേന്ദ്രമന്ത്രി ദേവിലാല്‍ ഹരിയാനയില്‍ നിന്ന് ഒരു ഡസനോളം പശുക്കളേയും കൊണ്ടുവന്നു.

ഗോരക്ഷാ നിയമത്തെ പേടിച്ച് മുസ്ലീങ്ങള്‍ പശുക്കളെ വെച്ചുള്ള ഇടപാടുകള്‍ നിര്‍ത്തിയതോടെ ഗോരക്ഷകര്‍ക്ക് പെട്ടെന്നു ജോലി ഇല്ലാതായി. അതില്‍ കുറേപേര്‍ക്ക് കന്നുകാലി ജനന-പ്രജനന-മരണ രജിസ്റ്റര്‍ സൂക്ഷിക്കുന്ന ജോലി നല്‍കാം. എല്ലാ താലൂക്ക് ആസ്ഥാനത്തും അതിനായുള്ള ഓഫീസുകള്‍ വേണം.

ഹരിയാന ഗൗരവതരമായ ഗവേഷണങ്ങള്‍ നടക്കുന്ന ഇടം കൂടിയാണ്. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ഔഷധമൂല്യങ്ങളെക്കുറിച്ച് അവിടെ പഠനങ്ങള്‍ പുരോഗമിക്കുന്നു. എന്റെ തന്നെ പഠനത്തില്‍ ഞാന്‍ കണ്ടെത്തിയത് ഡല്‍ഹി നഗരത്തിലെ ചാണകം മനുഷ്യന്റെ മലം പോലെയാണെന്നാണ്. കാരണം ഇറച്ചിയും പച്ചക്കറിയും ചേര്‍ന്ന മാലിന്യമാണ് അവിടുത്തെ പശുക്കള്‍ കഴിക്കുന്നത്. പശുക്കളെ പാട്ടു കേള്‍പ്പിച്ച് കൂടുതല്‍ പാല്‍ ചുരത്തിക്കാനുള്ള പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നു്. പശുക്കള്‍ സംഗീതം ആസ്വദിക്കുമെന്നും സംഗീതത്തില്‍ മുഴുകിയ അവസ്ഥയില്‍ കൂടുതല്‍ പാലുല്‍പാദിപ്പിക്കുമെന്നും തെളിയിക്കപ്പെട്ടു കഴിഞ്ഞു.

പശു പാല്‍ ചുരത്താന്‍ എന്റെ അമ്മ ചെയ്തിരുന്നത് എന്താണെന്നു ഞാന്‍ പറയാം. ആദ്യം അകിട് കഴുകും. ശേഷം കുറച്ച് സെക്കന്റു നേരത്തേക്ക് കിടാവിനെക്കൊണ്ട് കുടിപ്പിക്കും. പശു പാല്‍ ചുരത്തിത്തുടങ്ങുമ്പോള്‍ കിടാവിനെ മാറ്റി കറക്കാന്‍ തുടങ്ങും. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നു ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞു തന്നു. പക്ഷേ, 'ഇതു പശുവിനെ ചതിക്കുന്നതല്ലേ?' എന്നു ചോദിക്കാന്‍ എനിക്കായില്ല.

ഹരിയാനയില്‍ കണ്ടില്ലേ? സര്‍ക്കാര്‍ കിടാവിനെ ഉപയോഗിച്ച് മാത്രമല്ലാതെ സംഗീതം കൊണ്ട് പാലുല്‍പാദനം കൂട്ടാനായി ഗവേഷണം നടത്തുന്നു. പശുക്കള്‍ ഇപ്പോള്‍ കര്‍ണാടിക് മ്യൂസിക് ആണോ ക്ലാസിക്കലോ സെമി ക്ലാസിക്കലോ അതോ പോപ്പ്, ഫോക്, പുരുഷ-സ്ത്രീ ശബ്ദമാണോ കൂടുതല്‍ ആസ്വദിക്കുന്നതെന്ന് നമുക്കറിയില്ല.  

ഹരിയാനയില്‍ത്തന്നെയാണ് വാജ്‌പേയ് ഭരണകാലത്ത് നൂറുകണക്കിന് കോടികള്‍ മുടക്കി ഐതീഹ്യനദിയായ സരസ്വതിയുടെ നദീതടം കണ്ടെത്താന്‍ ഭൂമികുഴിച്ചത്. നോട്ട് നിരോധനം പോലെ ശ്വാസം മുട്ടിക്കാത്ത ഒന്നായതുകൊണ്ട് ഈ വട്ടന്‍ ആശയത്തെപ്പറ്റി അധികമാരും അറിഞ്ഞില്ല. മതേതര കാരണങ്ങളാല്‍ പോത്തിനെയും യുഐഡി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പാവം പശുക്കളെ തന്നെയാണ് ലക്ഷ്യം.

നാടന്‍ പശുക്കള്‍ക്ക് വംശനാശം സംഭവിക്കുകയാണ്. ഇറക്കുമതി ചെയ്യപ്പെട്ട പശുക്കള്‍ നാടന്‍ ഇനങ്ങള്‍ക്ക് പകരമായിക്കൊണ്ടിരിക്കുന്നു. ദശാബ്ദങ്ങള്‍ക്ക് മുമ്പ് ബ്രിട്ടനില്‍ ഭ്രാന്തിപ്പശു രോഗം പിടിപെട്ട് പതിനായിരക്കണക്കിന് പശുക്കളെ കൊന്നുകളയാന്‍ തീരുമാനിച്ചപ്പോള്‍ ആധിപൂണ്ട ഒരു വിഎച്ച്പി നേതാവ് രോഗം പിടിച്ച പശുക്കളെയെല്ലാം ഇന്ത്യയിലെത്തിച്ച് ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. വിദേശികളായ പശുക്കളെ ഗോമാതാക്കളായി കണക്കാക്കാന്‍ പറ്റില്ലെന്ന് അല്‍പം കൂടി വിവരമുള്ള ഒരു ബിജെപി നേതാവ് പറഞ്ഞു. ഫ്രെഞ്ച് പാല്‍ക്കട്ടി ഇന്ത്യനെന്നു പറയുന്നതുപോലെ ജേഴ്‌സിപ്പശുക്കള്‍ ഇന്ത്യയിലെ ഏറ്റവും സാധാരണ ഗണമായിക്കഴിഞ്ഞു.

യുഐഡി പദ്ധതികൊണ്ട് ഇന്ത്യക്കാരെ കൂടുതല്‍ ബുദ്ധിമാന്‍മാരും കാര്യക്ഷമതയുള്ളവരുമാക്കാന്‍ സാധിച്ചോ? ഇല്ലെങ്കില്‍ അതെങ്ങിനെയാണ് പശുക്കളില്‍ ഉല്‍പാദനശേഷി കൂട്ടുക? ഇന്ത്യയുടെ ക്ഷീരമനുഷ്യന്‍ വര്‍ഗീസ് കുര്യന്റെ ആത്മകഥ ഞാന്‍ വായിച്ചു. അമുല്‍ ആരംഭിക്കുന്നതിനു മുമ്പത്തെ ഇന്ത്യന്‍ ക്ഷീര മേഖലയെക്കുറിച്ച് വ്യക്തമായൊരു രൂപം ആ പുസ്തകത്തില്‍ നിന്നെനിക്ക് കിട്ടി. ഇന്ത്യ പാല്‍പൊടിക്കായി പടിഞ്ഞാറന്‍ രാജ്യങ്ങളെ ആശ്രയിച്ചിരുന്നു.

ഇന്ന് ലോകത്തേറ്റവും കൂടുതല്‍ പാലുല്‍പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. അത്യുല്‍പാദനശേഷിയുള്ള പശുക്കളെ പരിപാലിക്കാന്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കിയതു വഴിയാണ് ധവളവിപ്ലവം സാധ്യമായത്. 'ഖൈര' പോലുള്ള ക്ഷീരസഹകരണ സംഘങ്ങള്‍ കര്‍ഷകരില്‍ നിന്നും പാല്‍ സംഭരിക്കാന്‍ മുന്നോട്ടു വന്നു. പാല്‍ സംസ്‌കരിച്ചശേഷം തൈരായും വെണ്ണയായും മറ്റുല്‍പന്നങ്ങളായും ഉപഭോക്താക്കളിലെത്തിച്ചു.

അതിര്‍ത്തിയില്‍ ഇന്ത്യന്‍ കാലികളെ തിരിച്ചറിയാനായി ബിഎസ്എഫും ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടോ എന്നറിയാന്‍ ഇന്‍ഷുറന്‍സ് കമ്പനികളും ടാഗ് ഉപയോഗിക്കുന്നുണ്ട്. ആരും ഇതുവരേയും എല്ലാ പശുക്കള്‍ക്കും യുഐഡി നല്‍കി അവയെ മനുഷ്യര്‍ക്ക് തുല്യമായി ഗണിച്ചിട്ടില്ല. അതൊരു അനിമല്‍ ഫാമില്‍ മാത്രമേ നടപ്പിലാക്കാനാകൂ.  

ഉടമസ്ഥര്‍ പശുക്കളേയും അതിന്റെ സന്തതിപരമ്പരകളേയും അവ വയസ്സായി ചാകുന്നത് വരെ സംരക്ഷിച്ച് പരിപാലിക്കുന്നതിനായി പുതിയൊരു നിയമം ഉണ്ടാകട്ടെ. ഭക്ഷണം, വെള്ളം, ചികിത്സ ഇവയിലേതെങ്കിലും നല്‍കാതിരിക്കുകയോ മറ്റേതെങ്കിലും രീതിയില്‍ മോശമായി പെരുമാറുകയോ ചെയ്താല്‍ കടുത്ത ശിക്ഷ തന്നെ നല്‍കണം. പശുക്കളെ തെരുവില്‍ തള്ളുന്നവര്‍ യാതൊരു കരുണയും കൂടാതെ ശിക്ഷിക്കപ്പെടണം. മോഡിജിക്കും ഖട്ടര്‍ജിക്കും ഇതുറപ്പാക്കാനാകുമോ? ഇല്ലെങ്കില്‍ പശുക്കള്‍ക്ക് യുഐഡി നല്‍കുന്നത് പാഴ്‌ച്ചെലവാകും. അഴകുള്ള 500ന്റെയും 1000ന്റെയും കറന്‍സിനോട്ടുകള്‍ മാറ്റി പകരം യാതൊരു രസവുമില്ലാതെ മോശമായി ഡിസൈന്‍ ചെയ്ത് അച്ചടിച്ച പിങ്ക് നിറമുള്ള വൃത്തികെട്ട 2000 രൂപനോട്ടുകള്‍ ഇറക്കിയതു പോലെയുള്ള വെറും പാഴ്‌ച്ചെലവ്.

(മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ് ലേഖകന്‍)

പരിഭാഷ: റെയ്ക്കാഡ് അപ്പു ജോര്‍ജ്