സര്‍പ്പക്കൂട്ടിലെ ‘വേലായുധനും’ പത്തി ഉയര്‍ത്തിയാടുന്ന കരിമൂര്‍ഖന്മാരും 

October 30, 2016, 5:25 pm
സര്‍പ്പക്കൂട്ടിലെ ‘വേലായുധനും’ പത്തി ഉയര്‍ത്തിയാടുന്ന കരിമൂര്‍ഖന്മാരും 
Satire
Satire
സര്‍പ്പക്കൂട്ടിലെ ‘വേലായുധനും’ പത്തി ഉയര്‍ത്തിയാടുന്ന കരിമൂര്‍ഖന്മാരും 

സര്‍പ്പക്കൂട്ടിലെ ‘വേലായുധനും’ പത്തി ഉയര്‍ത്തിയാടുന്ന കരിമൂര്‍ഖന്മാരും 

നീര്‍ക്കോലി മുതല്‍ കരിമൂര്‍ഖന്‍ വരെയുണ്ട്. ജനുസ്സ് ഏതാണെന്ന് തിരിച്ചറിയുക ക്ലേശം. ചിലപ്പോള്‍ എല്ലാം പത്തിയുയര്‍ത്തും, കൂട്ടത്തോടെ. അതിനെയെല്ലാം മെരുക്കണം, പത്തി താഴ്ത്തിക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്. ഒരു സര്‍പ്പയജ്ഞക്കാരന്റേത്. യജ്ഞം പൊടിപൊടിക്കുന്നുണ്ട്. ജനത്തിനൊന്നാകെ അത് ഇഷ്ടപ്പെടുന്നുമുണ്ട്. നീര്‍ക്കോലിയെ കൊണ്ട് കരിമൂര്‍ഖനെ മെരുക്കുന്ന അത്ഭുതവിദ്യ വിജയന്‍ ഒടുവില്‍ പുറത്തെടുക്കുമെന്ന് വിശ്വസിക്കുന്നവരാണ് ആരാധകര്‍. പാര്‍ട്ടിയില്‍ അച്ചടക്കത്തിന്റെ ഗഡ്ഗം പുറത്തെടുത്ത് എത്രപേരെ ഇതിനകം മെരുക്കിയെടുത്തതാണ്. യജ്ഞത്തിന്റെ ആദ്യദിനങ്ങളാണ് ഇപ്പോള്‍ പിന്നിട്ടത്. യജ്ഞക്കാരന് നല്ല കയ്യടിയും കിട്ടി. ഇനിയും ഇതുപോലെ മുന്നോട്ടുപോകുമായിരിക്കും. പക്ഷെ യജ്ഞക്കാരന്റെ സ്വകാര്യ വേദനകള്‍ ആരറിയും. ധര്‍മ്മടത്തുകാരോട് പോലും പറയാനാകില്ല വിജയന്റെ ധര്‍മ്മസങ്കടങ്ങള്‍.

ഭരണ ചക്രം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ വേണം. ഇല്ലെങ്കില്‍ ചക്രം നിന്നിടത്തുനിന്ന് കറങ്ങും. അതാണ് യജ്ഞക്കാരന്റെ പ്രശ്നം. ഏതായാലും കൂട്ടില്‍ കയറി. ഇതുവരെയുള്ള പ്രകടനത്തില്‍ ചില്ലറ അപശബ്ദങ്ങളേയുണ്ടായുള്ളൂ. ടിപി സെന്‍കുമാറിനെ മാറ്റി ലോക്നാഥ് ബെഹ്റയെ ഡിജിപിയും ശങ്കര്‍ റെഡ്ഡിയെ മാറ്റി ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറും ആക്കിയപ്പോഴായിരുന്നു അത്. ഐപിഎസിലെ ചിലര്‍ക്ക് അത് രസിച്ചില്ല. ചട്ടം പാലിച്ചില്ലെന്ന ആക്ഷേപം വന്നു. ഒന്നും കൂസാതെ മുഖ്യമന്ത്രി മുന്നോട്ടുപോയി. കാണികള്‍ അതിന് മുട്ടില്ലാതെ കയ്യടിച്ചു. ഇപ്പോഴതാ, കൂട്ടിലൊന്നാകെ കലാപമാണ്. രണ്ടിനങ്ങളും ഒരുമിച്ച് പുറപ്പെട്ടിട്ടുണ്ട്. ഐഎഎസ്സും ഐപിഎസ്സും. ജനം അതും ആസ്വദിക്കുന്നുണ്ട്. കൂട്ടത്തില്‍ ഒന്നിനെ ഫണം വിടര്‍ത്താന്‍ വിട്ടപ്പോള്‍ ഉണ്ടായതാണ് ഈ പുകില്‍. മറ്റുള്ളവയ്ക്ക് അത് രസിച്ചില്ല. പൊട്ടലും ചീറ്റലും അതിഗംഭീരമായി ഉയരുന്നു.

യജ്ഞക്കാരന്റ ജോലിയാണ് ഇനി കഠിനം. എല്ലാവരും പത്തിയുയര്‍ത്തി നില്‍ക്കുകയാണ്. നീര്‍ക്കോലികള്‍ വരെ ഉണ്ടത്രെ. ഗ്രഹണകാലത്ത് ഞാഞ്ഞൂലുകള്‍ക്കും വിഷമുണ്ടാകുമെന്നാണ് വിശ്വാസം. സാധാരണ യജ്ഞക്കാര്‍ കൂടിന് പുറത്തുള്ളവരെ ഭയപ്പെടുത്താനാണ് പത്തിവിടര്‍ത്തിക്കുക. അപ്പോള്‍ പാമ്പും ഫണവും യജ്ഞക്കാരന്റെ കയ്യില്‍ ഭദ്രമായിരിക്കും. ഇതങ്ങനെയല്ല. കൂട്ടത്തിലുള്ള ഒന്നിനെ കയ്യിലെടുത്ത് പത്തിവിടര്‍ത്തിയത് ഒപ്പമുള്ള മറ്റുള്ളവരെ വിരട്ടാന്‍ കൂടിയാണ്. അതാണ് കലപിലയ്ക്കടിസ്ഥാനം. കയ്യിലെടുത്തതിനെ താഴെ വെച്ചാല്‍ മറ്റെല്ലാറ്റിനും സമാധാനമാകും. ചക്രം മുന്നോട്ടുപോവകയും ചെയ്യും. ജനത്തിന് അതൊന്നും പിടിക്കില്ല. അവരാഗ്രഹിക്കുന്നത് നീര്‍ക്കോലിയെ കൊണ്ട് കരിമൂര്‍ഖനെ വീത്തുന്ന അത്ഭുത വിദ്യയാണല്ലോ. അതുകൊണ്ട് ഇപ്പോള്‍ കയ്യിലേന്തിയതിനെ കൊണ്ടുതന്നെ മറ്റെല്ലാറ്റിനെയും മെരുക്കുമെന്നാണ് അവര്‍ കരുതുന്നത്. അതിന് വീര്യമേറും. അതുകൊണ്ട് കയ്യിലെടുത്തതിനെ ഇപ്പോള്‍ താഴെയിടാന്‍ പറ്റില്ല. ഇട്ടാല്‍ രണ്ടാണ് പ്രശ്നം. ഒന്ന്, ഇതുവരെയുണ്ടാക്കിയ എല്ലാ അഴിമതി വിരുദ്ധപ്രഭാവവും അതോടെ ഇല്ലാതാകും. വലംകയ്യായ ഇപി ജയരാജനെ വരെ കൈവിട്ട് ഉണ്ടാക്കിയതാണ് അഴിമതി വിരുദ്ധപ്രതിച്ഛായ. ഒറ്റയടിക്ക് അത് നിലംപൊത്തും. രണ്ട്, കയ്യില്‍നിന്ന് താഴെ വെച്ചാല്‍ വെട്ടിവിഴുങ്ങാന്‍ തയ്യാറായി നില്‍ക്കുകയാണ് ഫണമുയര്‍ത്തിയ മറ്റെല്ലാ സഹജീവികളും. അവയ്ക്ക് ഇരയായി ഇട്ടുകൊടുത്തുവെന്ന പഴിയും കേള്‍ക്കണം. രണ്ടും ദീര്‍ഘകാല ദോഷം ചെയ്യും. അതുകൊണ്ട് യജ്ഞം മുന്നോട്ടുപോവുകയല്ലാതെ നിവൃത്തിയില്ല.

കൂടിന് പുറത്താണ് പ്രതിപക്ഷം. അവര്‍ കാണികളെ പോലെയല്ല. ഉത്സവപറമ്പിലെ അവസരം നഷ്ടപ്പെട്ട മറ്റൊരു യജ്ഞക്കാരുടെ സംഘമാണ് അത്. വിജയന്റെ പ്രകടനം ഏതുവിധേനയും മോശമാക്കിയാലേ അടുത്ത ഊഴം ലഭിക്കൂ. വിജയന്‍ കയ്യിലെടുത്ത പത്തിവിടര്‍ത്തിയ ഇനത്തെ താഴെയിറപ്പിക്കണമെന്ന് അവര്‍ക്കുമുണ്ട് ആഗ്രഹം. ഇല്ലെങ്കില്‍ അടുത്ത ഊഴവും കിട്ടില്ല. അതിന് മുമ്പേതന്നെ കൂടിന് പുറത്തുവന്നത് അത് നേരിട്ട് കൊത്തുമെന്നതാണ് വലിയ ഭയം. കൂട്ടിലടച്ച തത്ത എന്നൊക്കെ പറയുന്നുണ്ടെങ്കിലും പ്രതിപക്ഷത്തിന് അത് ഇരട്ടച്ചങ്കുള്ള കരിമൂര്‍ഖനെ പോലെയാണ്. ഇപ്പോഴത്തെ യജ്ഞക്കാരനെ കൊണ്ടുതന്നെ അതിനെ കുപ്പിയിലടയ്ക്കാനായാല്‍ പ്രതിപക്ഷത്തിന് ഇരട്ട നേട്ടമാണ്. ഒന്ന്, തങ്ങള്‍ക്കുനേരെ ചീറ്റുന്ന പത്തി ഇല്ലാതാകും. രണ്ട്, വിജയന്റെ മേനിപറച്ചില്‍ തീരും. അതുകൊണ്ട് കൂട്ടിനകത്തെ സഹജീവി ജനുസ്സുകളേക്കാള്‍ യജ്ഞം മുടങ്ങണമെന്ന് ആശിക്കുന്നവര്‍ പ്രതിപക്ഷത്തുള്ളവരാണ്.

കൂടിനകത്തും പുറത്തും നോക്കിയേ യജ്ഞക്കാരന് മുന്നോട്ടുപോകാനാകൂ. കാണികളുടെ കയ്യടി നിലയ്ക്കാതെ മുന്നോട്ടോപോകണമെന്നാണ് ആഗ്രഹം. അകത്ത് ചീറ്റനില്‍ക്കുന്നവയെ കൊണ്ട് മറ്റ് വിദ്യകള്‍ ഒരുപാട് കാണിക്കാനുമുണ്ട്. പണം മുടക്കിയ യജ്ഞം കാണാനെത്തിയവര്‍ ഒന്നിന്റെ മാത്രം പ്രകടനം കണ്ട് തൃപ്തരാകില്ലല്ലോ. തന്റെ ധനകാര്യ സെക്രട്ടറി കെഎം എബ്രഹാമിനെ കൈവിടാന്‍ തോമസ് ഐസക് സന്നദ്ധനല്ല. മാണിയുടെ കൂടിയൊയായിരുന്നിട്ടും ഐസക് കളയാന്‍ തീരുമാനിച്ചില്ല. അതുകൊണ്ടുതന്ന യജ്ഞത്തിന്റെ മുന്നോട്ടുള്ള പാത ഇനിയും ക്ലേശകരമായേക്കും. എന്തരോ എന്തോ.