പാര്‍ട്ടിയെ മാര്‍ക്സിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് ആഷിഖ് അബു ; ‘അവസാനത്തെ ‘എം’ ജര്‍മ്മന്‍ ഫിലോസഫറാണ്’  

April 21, 2017, 3:43 pm
പാര്‍ട്ടിയെ മാര്‍ക്സിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് ആഷിഖ് അബു ; ‘അവസാനത്തെ ‘എം’ ജര്‍മ്മന്‍ ഫിലോസഫറാണ്’  
Social Stream
Social Stream
പാര്‍ട്ടിയെ മാര്‍ക്സിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് ആഷിഖ് അബു ; ‘അവസാനത്തെ ‘എം’ ജര്‍മ്മന്‍ ഫിലോസഫറാണ്’  

പാര്‍ട്ടിയെ മാര്‍ക്സിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് ആഷിഖ് അബു ; ‘അവസാനത്തെ ‘എം’ ജര്‍മ്മന്‍ ഫിലോസഫറാണ്’  

ഭൂമി ആരുടെയും സ്വത്തല്ല എന്ന മാര്‍ക്‌സിന്റെ വാക്കുകള്‍ പാര്‍ട്ടിയെ ഓര്‍മ്മിപ്പിച്ച് സംവിധായകന്‍ ആഷിഖ് അബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഒരു ജര്‍മന്‍ ഫിലോസഫര്‍! അവസാനത്തെ (എം)ന്റെ ഉടമ എന്ന വരികളോടെയാണ് മാര്‍ക്‌സിന്റെ വാക്കുകള്‍ ആഷിഖ് അബു പോസ്റ്റ് ചെയ്തിരിക്കുന്നത്. സിപിഐ(എം) എന്ന പാര്‍ട്ടി പേരിലേതുപോലെ എം ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്.

'ഭൂമി ഒറ്റപ്പെട്ട വ്യക്തികളുടെയോ ഒരു സമൂഹത്തിന്റെയോ ഒരു രാഷ്ട്രത്തിന്റെയോ സ്വത്തല്ല. എന്തിന് ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെയും കൂട്ടുസ്വത്തുമല്ല അത്. ഭൂമിയുടെ ഗുണഭോക്താക്കള്‍ മാത്രമാണ് നമ്മള്‍. നമുക്ക് ലഭിച്ചതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ വരുംതലമുറയ്ക്ക് കൈമാറാന്‍ ബാധ്യതപ്പെട്ടവരാണ് നമ്മള്‍' എന്ന മാര്‍ക്‌സിയന്‍ വചനങ്ങളാണ് ആഷിഖ് അബു പങ്ക് വെയ്ക്കുന്നത്. മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ഭൂമി കയ്യേറിയ നിര്‍മ്മിച്ച കുരിശ് പൊളിച്ചുമാറ്റിയതിന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ പരസ്യമായി ശാസിച്ച സാഹചര്യത്തിലാണ് ആഷിഖ് അബുവിന്റെ ഓര്‍മ്മപ്പെടുത്തല്‍.

മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ഭൂമി കയ്യേറിയ നിര്‍മ്മിച്ച കുരിശും കെട്ടിടങ്ങളും പൊളിച്ചുമാറ്റിയതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആരോട് ചോദിച്ചിട്ടാണ് കുരിശില്‍ തൊട്ടതെന്നും സര്‍ക്കാരുള്ള കാര്യം ഓര്‍ക്കാതിരുന്നതെന്തെന്നും മുഖ്യമന്ത്രി ചോദിച്ചു. മഹാകയ്യേറ്റം എന്ന നിലയില്‍ ഭീകരമായ ഒഴിപ്പിക്കലാണ് നടന്നത്. അനാവശ്യമായ ഒരു വികാരം സൃഷ്ടിക്കലാണ് ഇതിന് പിന്നിലെ ഉദ്ദേശം. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കുരിശിനെതിരെ യുദ്ധം നടത്തുന്ന ഒരു സര്‍ക്കാരാണ് എന്ന പ്രതീതി ഉണ്ടാക്കലല്ലേ ഇതിന് പിന്നിലെന്നും പിണറായി ചോദിച്ചു.

ക്രിസ്തീയസഭകളില്‍ നിന്ന് തന്നെ വലിയൊരു വിഭാഗം കുരിശ് പൊളിച്ച് മാറ്റിയതിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. കുരിശ് പൊളിച്ചുമാറ്റിയിനെ അനുകൂലിച്ച് ഇന്നലെ സീറോ മലബാര്‍ സഭ രംഗത്തെത്തിയിരുന്നു. അനധികൃതസ്ഥലത്ത് നില്‍ക്കുന്നതിനാല്‍ കുരിശ് പൊളിച്ച് മാറ്റേണ്ടതാണെന്ന് സഭാവക്താവ് ഫാദര്‍ ജിമ്മി പൂച്ചക്കാട്ടില്‍ പറഞ്ഞു. കുരിശിനെ അധിക്ഷേപിച്ച് സംസാരിക്കില്ല. കുറച്ച് മാന്യമായ രീതിയില്‍ കുരിശ് നീക്കം ചെയ്യാമായിരുന്നെന്നും ഫാദര്‍ ജിമ്മി പൂച്ചക്കാട്ടില്‍ പറഞ്ഞു.

സര്‍ക്കാര്‍ഭൂമി കയ്യേറിയ നിര്‍മ്മിച്ച കുരിശും കെട്ടിടങ്ങളും പൊളിച്ചുമാറ്റിയതിനെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അഭിനന്ദിച്ചിരുന്നു. മൂന്നാറിലെ കുരിശ് അധിനിവേശ പാരമ്പര്യത്തിന്റെ സമീപകാല ഉദാഹരണമാണെന്ന് കൂറിലോസ് പറഞ്ഞു. ആ കുരിശ് ഇന്ന് നീക്കപ്പെട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കും. മൂന്നാര്‍ ദൗത്യത്തിന് അഭിവാദ്യങ്ങള്‍. നമുക്ക് അവസാനം ഒരു റവന്യൂ മന്ത്രി ഉണ്ടായിരിക്കുന്നുവെന്നും കൂറിലോസ് പറഞ്ഞു.

കുരിശ് പൊളിച്ചതിനെ വിമര്‍ശിച്ച മുഖ്യമനത്രിയോട് കുരിശുകൊണ്ട് പുതിയ സഭ തുടങ്ങാനാണോ ഉദ്ദേശം എന്ന് കപ്പൂച്ചിന്‍ വൈദികനായ ജിജോ കുര്യന്‍ ചോദിച്ചിരുന്നു. പൊളിക്കല്‍ അല്ല ഏറ്റെടുക്കല്‍ ആണ് സര്‍ക്കാര്‍ നയം എന്ന പിണറായിയുടെ പ്രസ്താവനയെയും വൈദികന്‍ പരിഹസിച്ചു. ആ കുരിശ് ഏറ്റെടുത്തിട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്തിനാ സഖാവേ? നിങ്ങള്‍ പുതിയ സഭ തുടങ്ങാന്‍ പോവ്വ്വാ? എന്നാണ് ഫാദര്‍ ജിജോ കുര്യന്‍ ചോദിച്ചത്.