‘കുമ്മനം, വളച്ചൊടിക്കാനെങ്കിലും അല്‍പം ചരിത്രം വായിക്കൂ’; മലബാര്‍ കലാപം വര്‍ഗീയകൂട്ടക്കൊലയാക്കിയതിനെതിരെ എംകെ മുനീര്‍  

October 11, 2017, 7:32 pm
‘കുമ്മനം, വളച്ചൊടിക്കാനെങ്കിലും അല്‍പം ചരിത്രം വായിക്കൂ’; മലബാര്‍ കലാപം വര്‍ഗീയകൂട്ടക്കൊലയാക്കിയതിനെതിരെ എംകെ മുനീര്‍  
Social Stream
Social Stream
‘കുമ്മനം, വളച്ചൊടിക്കാനെങ്കിലും അല്‍പം ചരിത്രം വായിക്കൂ’; മലബാര്‍ കലാപം വര്‍ഗീയകൂട്ടക്കൊലയാക്കിയതിനെതിരെ എംകെ മുനീര്‍  

‘കുമ്മനം, വളച്ചൊടിക്കാനെങ്കിലും അല്‍പം ചരിത്രം വായിക്കൂ’; മലബാര്‍ കലാപം വര്‍ഗീയകൂട്ടക്കൊലയാക്കിയതിനെതിരെ എംകെ മുനീര്‍  

1921ലെ മലബാര്‍ കലാപത്തെ കൂട്ടക്കൊലയായി വിശേഷിപ്പിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ മുസ്ലീം ലീഗ് നേതാവും എംഎല്‍യുമായ എംകെ മുനീര്‍.

മലബാര്‍ കലാപം ബ്രിട്ടീഷുകാര്‍ക്ക് എതിരല്ലായിരുന്നെന്നും നിരപരാധികള്‍ കൊല്ലപ്പെടുകയും ക്ഷേത്രങ്ങള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്‌തെന്നായിരുന്നു കുമ്മനത്തിന്റെ പ്രസ്താവന. മലബാര്‍ കലാപത്തിന്റെ പെന്‍ഷന്‍ നല്‍കേണ്ടത് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പലായനം ചെയ്തവര്‍ക്കുമാണെന്നും കുമ്മനം പറഞ്ഞു.

കുമ്മനം ചരിത്രം വളച്ചൊടിക്കാനെങ്കിലും ഒരല്പം ചരിത്രം വായിക്കണമെന്ന് എം കെ മുനീര്‍ ഫെയ്‌സ്ബുക്കിലൂടെ തിരിച്ചടിച്ചു. വാഗണ്‍ ട്രാജഡിയില്‍ മുസ്ലിംകള്‍ വാഗണിനകത്ത് പിടഞ്ഞു മരിച്ചത് ഏതെങ്കിലും ഹിന്ദു സമൂഹത്തോടുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടല്ല. ആ വാഗണില്‍ അവരെ കുത്തി നിറച്ചത് ബ്രിട്ടീഷുകാരായിരുന്നു. ബ്രിട്ടീഷുകാരുമായുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടതും, വാഗണില്‍ കുത്തി നിറക്കപ്പെട്ടതും. ചിലയിടങ്ങളില്‍ ജന്മി-കുടിയാന്‍ പ്രശ്‌നങ്ങള്‍, ചിലയിടങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്ക് ഓശാന പാടി നിന്നവരുമായുള്ള പ്രശ്‌നങ്ങള്‍ എന്നിങ്ങനെ വര്‍ഗ്ഗീയമല്ലാത്ത പ്രശ്‌നങ്ങള്‍ സംഭവിച്ചിട്ടുണ്ട് . അത് അങ്ങോട്ടും, ഇങ്ങോട്ടും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആരും ഇതിനെ വര്‍ഗ്ഗീയ നിറം നല്‍കി വ്യാഖ്യാനിച്ചിട്ടില്ല. പക്ഷെ 1921 ഇപ്പോള്‍ കുമ്മനം മാറ്റിയെഴുതാനുള്ള ഒരുക്കത്തിലാണെന്നും മുനീര്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.

എംകെ മുനീറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കുമ്മനം,ചരിത്രം വളച്ചൊടിക്കാനെങ്കിലും ഒരല്പം ചരിത്രം വായിക്കൂ!!

കുമാരനാശാൻ എഴുതിയ "ദുരവസ്ഥ "യ്ക്ക് കെ. എം സീതിസാഹിബ് ഒരു മറു കുറിപ്പെഴുതിയിരുന്നു. അതിന്റെ തലക്കെട്ട് "ഇതെന്തൊരവസ്ഥ '' എന്നായിരുന്നു. അതിനു ശേഷം സീതി സാഹിബും കുമാരനാശാനും കൂടിക്കാഴ്ച നടത്തി. അതിന്റെ ഫലമായി തനിക്ക് തെറ്റ് പറ്റിയെന്നും ഇതിന് ഒരു മറു കവിത താനെഴുതുമെന്നും ആശാൻ തീരുമാനിച്ചു. എന്നാൽ കവിത എഴുതും മുമ്പേ കുമാരനാശാൻ ഒരു ബോട്ടപകടത്തിൽ മരണപ്പെട്ടു. ഈ ചരിത്ര യാഥാർത്ഥ്യം കുമ്മനം രാജശേഖരൻ ഇനിയും വായിച്ചിട്ടില്ലെങ്കിൽ അതു വായിക്കാൻ പറ്റുന്ന ഗ്രന്ഥങ്ങൾ അദ്ദേഹത്തിന് എത്തിച്ചു കൊടുക്കാൻ തയ്യാറാണ്.

ഇവിടെ കുമ്മനം എന്ന ഒരു പുതിയ ചരിത്രകാരൻ ജനിക്കുകയാണ്. ഫാഷിസ്റ് ശൈലിയിൽ ചരിത്രത്തെ വളച്ചൊടിക്കുന്ന സംഘ പരിവാർ അജണ്ട കേരളത്തിൽ കുമ്മനം പരീക്ഷിക്കുകയാണ്. താജ് മഹൽ എന്നാൽ തേജ് മഹാലേ എന്ന ക്ഷേത്രമായിരുന്നെന്നും, കുതബ് മിനാർ കുത്തബുദ്ധീൻ ഐബക് നിർമ്മിച്ചതല്ലെന്നുമുള്ള വ്യാജ ചരിത്രങ്ങൾ നിർമ്മിച്ചെടുക്കുകയാണ്. അങ്ങനെ നൂറായിരം ചരിത്രങ്ങളിൽ അസത്യങ്ങൾ പുരട്ടി കൊണ്ടിരിക്കുകയും ചരിത്ര പുരുഷൻമാരുടെ പേരിലുള്ള റോഡുകളും, സ്മാരകങ്ങളും പേര് മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഫാഷിസ്റ് കാലഘട്ടത്തിൽ കുമ്മനം യഥാർഥ ഫാഷിസ്റ്റാണെന്ന് തെളിയിച്ച് കൊണ്ട് 1921 ന് ഒരു പുതിയ ചരിത്രം എഴുതി ചേർക്കുകയാണ്.

വാഗൺ ട്രാജഡിയിൽ മുസ്ലിംകൾ വാഗണിനകത്ത് പിടഞ്ഞു മരിച്ചത് ഏതെങ്കിലും ഹിന്ദു സമൂഹത്തോടുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടല്ല. ആ വാഗണിൽ അവരെ കുത്തി നിറച്ചത് ബ്രിട്ടീഷുകാരായിരുന്നു. ബ്രിട്ടീഷുകാരുമായുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് അവർ അറസ്റ്റ് ചെയ്യപ്പെട്ടതും, വാഗണിൽ കുത്തി നിറക്കപ്പെട്ടതും.അക്കാലത്ത് ചില സംഭവങ്ങൾ ഉണ്ടായതിനെക്കുറിച്ചും,മലബാർ കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും അതിന്റെ അന്തർധാരകളെക്കുറിച്ചും കെ പി കേശവമേനോനും ഇ മൊയ്തു മൗലവിയും ചരിത്രകാരന്മാരായ എം ജി എസ് നാരായണനും, എം. ഗംഗാധരനുമൊക്കെ എഴുതിയിട്ടുണ്ട്.

ചിലയിടങ്ങളിൽ ജന്മി-കുടിയാൻ പ്രശ്നങ്ങൾ, ചിലയിടങ്ങളിൽ ബ്രിട്ടീഷുകാർക്ക് ഓശാന പാടി നിന്നവരുമായുള്ള പ്രശ്നങ്ങൾ എന്നിങ്ങനെ വർഗ്ഗീയമല്ലാത്ത പ്രശ്നങ്ങൾ സംഭവിച്ചിട്ടുണ്ട് . അത് അങ്ങോട്ടും, ഇങ്ങോട്ടും ഉണ്ടായിട്ടുണ്ട്. എന്നാൽ ആരും ഇതിനെ വർഗ്ഗീയ നിറം നൽകി വ്യാഖ്യാനിച്ചിട്ടില്ല.പക്ഷെ 1921 ഇപ്പോൾ കുമ്മനം മാറ്റിയെഴുതാനുള്ള ഒരുക്കത്തിലാണ്.

കുറച്ച് കൂടി കഴിഞ്ഞാൽ മഹാത്മാ ഗാന്ധി സ്വാതന്ത്ര്യ സമരത്തിൽ ഉണ്ടായിരുന്നില്ല, നെഹ്റുവും ഉണ്ടായിരുന്നില്ല; ഉണ്ടായിരുന്നത് സവർക്കറും, പിന്നെ നാഥുറാം ഗോഡ്സെയും, ശ്യാമപ്രസാദ് മുഖർജിയും മാത്രമായിരുന്നുവെന്ന് കുമ്മനം എഴുതിയേക്കാം. അങ്ങനെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുഖത്ത് നിന്നയാളുകൾ, ഇന്ത്യാ ഗേറ്റിൽ പേരെഴുതി വെച്ചിട്ടുള്ള ഹിന്ദുവും, മുസ്ലിമും, സിഖുകാരനും, ക്രിസ്ത്യാനിയും ആയ പോരാളികളുടെ പേരുകൾ മായ്ച്ച് ഫാഷിസ്റ് ഭരണത്തിന് കീഴിൽ പുതിയ പേരുകളും, ആളുകളും രംഗപ്രവേശം നടത്തുകയും ചെയ്യുന്ന കാലം വിദൂരമല്ല. അങ്ങനെ വരുമ്പോൾ കുമ്മനം രാജശേഖരൻ തന്നെ ഒരു സ്വാതന്ത്ര്യ സമര സേനാനിയായി മാറിയേക്കാം. എല്ലാ ആർ. എസ്. എസ്സുകാരനും, ബി ജെ പി ക്കാരനും സ്വാതന്ത്ര്യ സമര സേനാനികളും അല്ലാത്തവരെല്ലാം രാജ്യദ്രോഹികളുമായി മാറുന്ന പുതിയ ചരിത്രമെഴുത്ത് കൽബുർഗിയെ കൊല ചെയ്ത, പൻസാരെയെ ഇല്ലാതെയാക്കിയ, ഗൗരി ലങ്കേഷിനെ തൂത്തെറിഞ്ഞ ഫാഷിസ്റ്റുകളിൽ നിന്ന് ഉടനെ പ്രതീക്ഷിക്കാം.