കാരുണ്യകഥകള്‍ നിരത്തി ദിലീപിനായി സഹതാപതരംഗം സൃഷ്ടിക്കാനുള്ള നീക്കവും പാളുന്നു, പി ആര്‍ സംഘത്തിന്റെ കാപട്യ പോസ്റ്റുകള്‍ക്കെതിരെ രൂക്ഷപ്രതികരണം 

July 14, 2017, 5:29 pm
കാരുണ്യകഥകള്‍ നിരത്തി ദിലീപിനായി സഹതാപതരംഗം സൃഷ്ടിക്കാനുള്ള നീക്കവും പാളുന്നു, പി ആര്‍ സംഘത്തിന്റെ 
കാപട്യ പോസ്റ്റുകള്‍ക്കെതിരെ രൂക്ഷപ്രതികരണം 
Social Stream
Social Stream
കാരുണ്യകഥകള്‍ നിരത്തി ദിലീപിനായി സഹതാപതരംഗം സൃഷ്ടിക്കാനുള്ള നീക്കവും പാളുന്നു, പി ആര്‍ സംഘത്തിന്റെ 
കാപട്യ പോസ്റ്റുകള്‍ക്കെതിരെ രൂക്ഷപ്രതികരണം 

കാരുണ്യകഥകള്‍ നിരത്തി ദിലീപിനായി സഹതാപതരംഗം സൃഷ്ടിക്കാനുള്ള നീക്കവും പാളുന്നു, പി ആര്‍ സംഘത്തിന്റെ കാപട്യ പോസ്റ്റുകള്‍ക്കെതിരെ രൂക്ഷപ്രതികരണം 

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിന് തൊട്ടടുത്ത ദിവസം തന്നെ നടന്‍ ദിലീപിനെ ചലച്ചിത്രലോകം ഒന്നാകെ കൈവിട്ടിരുന്നു. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, തിയറ്ററുടമകളുടെ സംഘടന എന്നിവര്‍ തൊട്ടടുത്ത ദിവസം തന്നെ ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പൊതസമൂഹവും സാമൂഹ്യ മാധ്യമങ്ങളും താരത്തിനെതിരെ ഒരു പോലെ രോഷവും പ്രതിഷേധവും ഉയര്‍ത്തിയതോടെ അതുവരെ താരത്തെ പിന്തുണച്ചവരും കളം മാറി. സഹപ്രവര്‍ത്തകയ്ക്ക് നേരെ ഹീനമായ കൃത്യം ചെയ്ത കേസിലെ പ്രതിയായ ആള്‍ക്കൊപ്പം ഇനി അഭിനയിക്കാനില്ലെന്ന ആസിഫലിയുടെ വാക്കുകളും ഇതിനുപിന്നാലെയെത്തി.

കേരളത്തിന് പ്രിയങ്കരിയായ ഒരു നടിക്കെതിരെ ഉണ്ടായ ക്രൂരമായ ആക്രമണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന് പിന്നാലെ ദിലീപിനെതിരെ കോടതിക്ക് മുന്നിലും പോലീസ് ക്ലബ്ബിന് മുന്നിലുമെല്ലാം രോഷപ്രകടനങ്ങളുണ്ടായപ്പോള്‍ അറസ്റ്റ് നടന്ന ദിവസമോ തൊട്ടടുത്ത ദിവസമോ അനുകൂലിച്ച് സംസാരിക്കുന്നവരെയും എവിടെയും കണ്ടില്ല. എന്നാല്‍ നടന്‍ സിദ്ദീഖിന്റെ പേരിലെത്തിയ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ആസൂത്രിതമായ പ്രതിച്ഛായാ പുനര്‍നിര്‍മ്മാണ തന്ത്രവുമായി പ്രബലരായ പി ആര്‍ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടമുറപ്പിച്ചു. ആക്രമണത്തിനിരയായ നടിയെയും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്ന് ആവര്‍ത്തിച്ച പോലീസിനെയും അറസ്റ്റിനെ പിന്തുണച്ചെത്തിയ ഇടത് സര്‍ക്കാരിനെയും പരാമര്‍ശിക്കാതെ ദിലീപിനെതിരെ മാധ്യമ വേട്ടയും മാധ്യമവിചാരണയും നടക്കുന്നുവെന്ന രീതിയില്‍ വ്യാപകമായ പ്രചരണങ്ങളാണ് അറസ്റ്റ് നടന്ന് മൂന്നാം ദിവസം മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ അരങ്ങേറിയത്. ഒരിക്കല്‍ കയ്യടിച്ച അതേ ആള്‍ക്കൂട്ടം അറസ്റ്റിലായ ദിവസം മുതല്‍ കൂവലും പ്രതിഷേധ മുദ്രാവാക്യവും അസഭ്യവര്‍ഷവുമായി താരത്തിനെതിരെ തിരിഞ്ഞതും മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ചലച്ചിത്ര സംഘടനകളും ഒന്നാകെ ജനപ്രിയ നായകനെ കയ്യൊഴിഞ്ഞതിനും പിന്നാലെയുള്ള പ്രതിഛായാ നഷ്ടം തിരികെപ്പിടിക്കാനാണ് ഓണ്‍ലൈന്‍ സിനിമാ പ്രമോഷന്‍ ഗ്രൂപ്പുകളെയും പേജുകളെയും പുതുതായി രൂപമെടുത്ത ഓണ്‍ ലൈന്‍ പോര്‍ട്ടലുകളെയും ചലച്ചിത്ര മേഖലയില്‍ നിന്നുള്ള അനുകൂലികളെയും അണി നിരത്തി പി ആര്‍ സംഘത്തിന്റെ പ്രചരണം.

തൊടുപുഴ ശാന്തിഗിരി കോളേജിലും എറണാകുളം സ്വിഫ്റ്റ് ജംഗ്ഷനിലും തെളിവെടുപ്പിനെത്തിച്ചപ്പോള്‍ കരിങ്കൊടിയും കൂവലുമായി അന്വേഷണ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തെ തന്നെ ആള്‍ക്കൂട്ടം തടസ്സപ്പെടുത്തിയിരുന്നു. പ്രതിക്ക് വേണ്ടി കോടതിയില്‍ ഹാജരാകാനെത്തിയ അഡ്വ രാംകുമാറിനെയും കൂവലോടെയാണ് പുറത്ത് നിന്ന ആള്‍ക്കൂട്ടം വരവേറ്റിരുന്നത്. ഇതിന് തടയിടുന്നതിനാണ് ചലച്ചിത്ര മേഖലകളില്‍ നിന്നുള്ളവരുടെ ദിലീപ് അനുകൂല ഫേസ്ബുക്ക് പോസ്റ്റുകള്‍ നിരത്തിയും മിക്ക മാധ്യമങ്ങളുടെയും ഫേസ്ബുക്ക് പേജിലെ ദിലീപ് വാര്‍ത്തകളുടെ കമന്റ് ബോക്‌സില്‍ താരത്തിന് സഹതാപം ലഭിക്കുന്ന രീതിയിലുള്ള ഒരേ കമന്റുകള്‍ കോപ്പി പേസ്റ്റ് നടത്തിയും ന്യൂസ് ചാനലുകളില്‍ നിന്ന് ദിലീപ് അനുകൂല ചര്‍ച്ചകള്‍ അടര്‍ത്തിയെടുത്തുമുള്ള പ്രചരണം. നടന്‍ സിദ്ദീഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്, ദിലീപ് ഇങ്ങനെയൊരു കൃത്യം ചെയ്യില്ലെന്നാണ് ഉറച്ച വിശ്വാസമെന്ന് പറഞ്ഞുള്ള സംവിധായകന്‍ വൈശാഖിന്റെ എഫ് ബി പോസ്റ്റ്, കുറ്റം തെളിയിക്കപ്പെടും വരെ ദിലീപ് കുറ്റവാളിയല്ലെന്ന മുരളി ഗോപിയുടെ പ്രസ്താവന, ദിലീപ് അല്ല നടിയെ ആക്രമിച്ചതെന്ന പി സി ജോര്‍ജ്ജ് എംഎല്‍എയുടെ പ്രതികരണം, വായീത്തോന്നിയത് പറയല്ലേ ചേട്ടാ എന്ന് തെളിവെടുപ്പിനിടെ ദിലീപ് മാധ്യമപ്രവര്‍ത്തകരോട് പറയുന്ന വീഡിയോ എന്നിവ ഉള്‍പ്പെടുത്തിയാണ് പി ആര്‍ സംഘം പ്രചരണം ബലപ്പെടുത്തിയത്. എന്നാല്‍ ദുര്‍ബലമായ വാദങ്ങള്‍ ഉന്നയിച്ചുള്ള പി ആര്‍ ക്യാമ്പയിന്‍ തുടക്കത്തിലേ തന്നെ പാളി. സാമൂഹിക മാധ്യമങ്ങള്‍ സ്വീകാര്യതയുള്ള നിരവധി പേര്‍ ഇതിനെതിരെ പരസ്യ നിലപാടുമായി എത്തിയതും ഇരയെ പിന്തുണയ്ക്കുന്നുവെന്ന് പ്രത്യക്ഷത്തില്‍ വരുത്തി കുറ്റവാളിക്കൊപ്പമാണെന്ന് സ്ഥാപിക്കുന്ന നിലപാടാണ് പി ആര്‍ സംഘം നിയോഗിക്കുന്ന ഫേസ്ബുക്ക് പ്രൊഫൈലുകളിലൂടെ നടക്കുന്നതെന്ന സ്ഥാപിച്ചതുമാണ് പ്രതിഛായാ പുനര്‍നിര്‍മ്മാണത്തിനുള്ള വ്യാപക പദ്ധതികളെ തകര്‍ത്തത്.

ദിലീപിനൊപ്പം ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞ ആസിഫലിക്കെതിരെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ കനത്ത ആക്രമണവും പൊങ്കാലയും ബഹിഷ്‌കരണ ആഹ്വാനവും വന്നതോടെ ആസിഫലി നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞു. ദിലീപിനെ ഫേസ് ചെയ്യാനുള്ള മടികൊണ്ടാണ് അത്തരമൊരു പ്രസ്താവനയെന്ന് ആസിഫലി തിരുത്തി. വെള്ളിയാഴ്ച പുതിയ ചിത്രം സണ്‍ഡേ ഹോളിഡേ പുറത്തിറങ്ങാനിരിക്കെയായിരുന്നു ആസിഫലിയുടെ പ്രതികരണം. ഈ ചിത്രത്തിനെതിരെയും ആക്രമണം നടത്തുമെന്ന സൂചന ആസിഫലിയുടെ ഫേസ്്ബുക്ക് പേജുകളിലെ കമന്റ് ബോക്‌സിലെത്തിയിരുന്നു.

ഫേക്ക് പ്രൊഫൈലുകളില്‍ നിന്നും അടുത്ത ദിവസങ്ങളിലായി രൂപമെടുത്ത പേജുകളില്‍ നിന്നുമാണ് വിവിധ രാഷ്ട്രീയ -സാമൂഹിക ചര്‍ച്ചാ ഗ്രൂപ്പുകളില്‍ ദിലീപ് അനുകൂല പോസ്റ്റുകള്‍ എത്തുന്നത്. മാധ്യമങ്ങളെ ട്രോളിയുടെ ഫേസ്ബുക്ക് ട്രോളുകളും വ്യാപകമാണ്. മാധ്യമങ്ങളുടെ വിചാരണയാണ് ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നാണ് ഇവരുടെ വാദം. പ്രത്യക്ഷത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത കേരളാ പോലീസിനെതിരെയും പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയും ഈ പി ആര്‍ സംഘങ്ങള്‍ ഇതുവരെ പ്രതിഷേധമുയര്‍ത്തിയിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയ എഡിജിപി സന്ധ്യ, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ എന്നിവരെയും ചില പോസ്റ്റുകള്‍ പേരെടുത്ത് വിമര്‍ശിക്കുന്നുണ്ട്. ദിലീപ് പല കാലങ്ങളിലായി നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചിത്രവും വീഡിയോയും പോസ്റ്റ് ചെയ്തും പ്രചരണം ശക്തമാണ്. ദിലീപിന്റെ ആദ്യ ഭാര്യയും നടിയുമായ മഞ്ജു വാര്യരെയും മകള്‍ മീനാക്ഷിയെയും ചേര്‍ത്തും ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ദിലീപിനെ കുടുക്കിയത് മഞ്ജു വാര്യരാണെന്ന് മകള്‍ പറഞ്ഞതായാണ് ചിലര്‍ നല്‍കുന്ന വാര്‍ത്ത. ആക്രമണത്തിന് ഇരയായ നടി കഴിഞ്ഞ ദിവസം നല്‍കിയ വാര്‍ത്താക്കുറിപ്പ് വളച്ചൊടിച്ച് പോലീസിനെ ആക്രമണത്തിന് ഇരയായ നടിയും കൈവിട്ടു, ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ തൊപ്പി തെറിക്കും എന്ന മട്ടില്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളും തുടക്കം മുതല്‍ ദിലീപ് അനുകൂല വാര്‍ത്തകള്‍ മാത്രം നല്‍കിപ്പോരുന്ന ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ നല്‍കിയിട്ടുണ്ട്.

ദിലീപ് അനുകൂല സഹതാപ തരംഗം തീര്‍ക്കാന്‍ വിവിധ പി ആര്‍ ഗ്രൂപ്പുകളും പേയ്ഡ് ഓണ്‍ലൈന്‍ പേജുകളും രംഗത്ത് വന്നതോടെ ഇതിനെ തുറന്നുകാട്ടി പാരഡി പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദിലീപിനെ പോലെ ജിഷാ കേസിലെ അമീറുള്‍ ഇസ്ലാമിനെയും, ചന്ദ്രബോസ് വധക്കേസിലെ നിസാമിനെയും പരമോന്നത കോടതി ശിക്ഷിച്ചിട്ടില്ലെന്നും കാട്ടി അമീറുള്‍ ഇസ്ലാമിനൊപ്പം, പള്‍സര്‍ സുനിക്കൊപ്പം, ഞങ്ങള്‍ക്ക് പള്‍സറിനെ അറിയാം എന്ന രീതിയില്‍ പാരഡി കാമ്പയിനുകളും ചിലര്‍ നടത്തുന്നുണ്ട്. ദിലീപ് അറസ്റ്റിലായ ദിവസം അപ്രത്യക്ഷമായ ദിലീപ് ഓണ്‍ലൈന്‍ എന്ന ഫാന്‍ ഗ്രൂപ്പ് ഫേസ്ബുക്ക് പേജും തൊട്ടടുത്ത ദിവസം മുതല്‍ അനുകൂല തരംഗമുണ്ടാക്കാന്‍ മുന്നിട്ടിറങ്ങുന്നുണ്ട്. ചാനലുകളില്‍ സമീപദിവസങ്ങളില്‍ ദിലീപിനെതിരെ പരസ്യനിലപാടെടുത്തവരെ അനുകൂലികളാക്കി മാറ്റി മാധ്യമങ്ങളോട് സംസാരിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ച വെള്ളിയാഴ്ച രാവിലെ ആലുവാ പോലീസ് ക്ലബിന്റെ എതിര്‍വശത്തായി ദിലീപ് അതിശക്തനായി തിരിച്ചുവരുമെന്ന്് സൂചിപ്പിച്ചുള്ള ബാനറും പ്രത്യക്ഷപ്പെട്ടിരുന്നു.

നടിയുടെ പത്രക്കുറിപ്പ് ദിലീപിന് അനുകൂലമാക്കി മാറ്റിയിരിക്കുന്നു
നടിയുടെ പത്രക്കുറിപ്പ് ദിലീപിന് അനുകൂലമാക്കി മാറ്റിയിരിക്കുന്നു

സംഘപരിവാര്‍ അനുകൂല പേജായ സുദര്‍ശനം, പൊളിച്ചെഴുത്ത് എന്നിവ ദിലീപിന് ഇര പ്രതിഛായ നല്‍കി സജീവമായി രംഗത്തുണ്ട്. സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളും ദിലീപിനെ വേട്ടയാടുകയാണെന്ന വാദവുമായി ഇതേ പ്രചരണത്തിലാണ്. വരുംദിവസങ്ങളില്‍ ദിലീപിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ആനുകൂല്യം ലഭിച്ചവരെ രംഗത്തിറക്കി കൂടി അനുകൂല തരംഗം തീര്‍ക്കാനാണ് പി ആര്‍ ടീമിന്റെ ശ്രമം. ചലച്ചിത്ര മേഖലയില്‍ നിന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പ്രസ്താവനകളുമായി രംഗത്തെത്തിക്കാനുമാണ് ആലോചനയുണ്ടെന്നറിയുന്നു.നടിയുടെ പത്രക്കുറിപ്പ് ദിലീപിന് അനുകൂലമാക്കി മാറ്റിയിരിക്കുന്നു
നടിയുടെ പത്രക്കുറിപ്പ് ദിലീപിന് അനുകൂലമാക്കി മാറ്റിയിരിക്കുന്നു