പിണറായിയെ പുകഴ്ത്തിയ ജയമോഹനെ പരിഹസിച്ച് സച്ചിദാനന്ദന്‍; ‘ചുരുങ്ങിയത് അയാള്‍ക്ക് മൂന്നു കാര്യങ്ങള്‍ അറിഞ്ഞു കൂട’ 

April 17, 2017, 7:37 pm
 പിണറായിയെ പുകഴ്ത്തിയ ജയമോഹനെ പരിഹസിച്ച് സച്ചിദാനന്ദന്‍; ‘ചുരുങ്ങിയത് അയാള്‍ക്ക് മൂന്നു കാര്യങ്ങള്‍ അറിഞ്ഞു കൂട’ 
Social Stream
Social Stream
 പിണറായിയെ പുകഴ്ത്തിയ ജയമോഹനെ പരിഹസിച്ച് സച്ചിദാനന്ദന്‍; ‘ചുരുങ്ങിയത് അയാള്‍ക്ക് മൂന്നു കാര്യങ്ങള്‍ അറിഞ്ഞു കൂട’ 

പിണറായിയെ പുകഴ്ത്തിയ ജയമോഹനെ പരിഹസിച്ച് സച്ചിദാനന്ദന്‍; ‘ചുരുങ്ങിയത് അയാള്‍ക്ക് മൂന്നു കാര്യങ്ങള്‍ അറിഞ്ഞു കൂട’ 

ഇന്ത്യയുടെ നല്ല മുഖ്യമന്ത്രിമാരില്‍ ഒരാള്‍ പിണറായി വിജയനാണെന്നാണ് പുകഴ്ത്തിയ എഴുത്തുകാരന്‍ ജയമോഹനെ പരിഹസിച്ച് കവി സച്ചിദാനന്ദന്‍. ഫേസ്ബുക്കിലൂടെയാണ് സച്ചിദാനന്ദന്റെ വിമര്‍ശനം.

ഹിന്ദുമതം അപകടത്തിലാണെന്നും ഹിന്ദുക്കള്‍ സംഘടിച്ചില്ലെങ്കില്‍ മുസ്ലീങ്ങളും മറ്റും രാജ്യത്ത് നേതൃത്വം പിടിച്ചെടുക്കുമെന്നും പലര്‍ക്കും സന്ദേശങ്ങള്‍ അയച്ചു കൊണ്ടിരുന്ന (ഭേദപ്പെട്ട) ഒരു തമിഴ് എഴുത്തുകാരന്‍ ( സന്ദേശം ഞാനും കണ്ടിട്ടുണ്ട്) തന്റെ രാഷ്ട്രീയം സുന്ദരരാമസ്വാമിയുടെയും എം ഗോവിന്ദന്റെയുമാണെന്നും അതും പോരാഞ്ഞു താന്‍ പിണറായി വിജയനെ, ആരൊക്കെയോ പറഞ്ഞു കേട്ടത് കൊണ്ട്, ഒരു മാതൃകാമുഖ്യമന്ത്രിയായി കരുതുന്നുവെന്നും ' ഭാഷാപോഷിണി 'മാസികയില്‍ എഴുതിയത് കണ്ടു ചിരിക്കണമോ കരയണമോ എന്നറിയാതായി. ചുരുങ്ങിയത് അയാള്‍ക്ക് മൂന്നു കാര്യങ്ങള്‍ അറിഞ്ഞു കൂടാ: ഒന്നാമത് തന്നെത്തന്നെ . രണ്ടാമത് രാഷ്ട്രീയം. മൂന്നാമത് സുന്ദരരാമസ്വാമിയെയുംഎം ഗോവിന്ദനെയും. കവിത അറിയില്ലെന്ന് ഇദ്ദേഹം മുന്‍പേ തെളിയിച്ചിരുന്നു- വൈലോപ്പിള്ളിയും ഇടശ്ശേരിയും മറ്റും മോശം കവികള്‍ ആണെന്നും സമകാലീന മലയാളകവിത തമിഴ് കവിതയുടെ വളരെ പിന്നില്‍ ആണെന്നും പ്രഖ്യാപിച്ചു കൊണ്ട്.

എന്നാണ് സച്ചിദാനന്ദന്റെ വിമര്‍ശനം. ഇന്ത്യയുടെ നല്ല മുഖ്യമന്ത്രിമാരില്‍ ഒരാള്‍ പിണറായി വിജയനാണെന്നായിരുന്നു് ജയമോഹന്റെ പരാമര്‍ശം. ഭാഷാപോഷിണി മാസികയില്‍ എഴുതിയ ലേഖനത്തിലാണ് ജയമോഹന്‍ തന്റെ നിലപാട് വ്യക്തമാക്കുന്നത്. തനിക്ക് അറിയാവുന്ന തൊഴില്‍ വാണിജ്യ രംഗങ്ങളില്‍ നിന്ന് തെലുങ്കാനയിലെ ചന്ദ്രശേഖര റാവുവിന് ശേഷം ഏറ്റവും നല്ല അഭിപ്രായം വരുന്നത് പിണറായിയെക്കുറിച്ചാണ്. എളുപ്പം കാണാന്‍ കഴിയും. കാര്യങ്ങള്‍ നേരെ പറയാം. നല്ലത് നടക്കണമെന്ന് പിണറായി ആഗ്രഹിക്കുന്നുമുണ്ടെന്നും ജയമോഹന്‍ വ്യക്തമാക്കുന്നു. തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളും ജയമോഹന്‍ തുറന്നുപറയുന്നുണ്ട്. താന്‍ മാര്‍ക്സിസ്റ്റ് അല്ലെന്നും എഴുത്തുകാരന്‍ മാത്രമാണെന്നും അദ്ദേഹം പറയുന്നു. പറഞ്ഞുവന്നാല്‍ എം. ഗോവിന്ദന്റെയോ സുന്ദര രാമസ്വാമിയുടെയോ രാഷ്ട്രീയമാണ് തന്റേത്. എന്നുവെച്ചാല്‍ അരാഷ്ട്രീയം. ഒരു ഫിലിസ്‌റ്റൈന്‍ ആയിരിക്കലാണ് എഴുത്തുകാരന് പറ്റിയ രാഷ്ട്രീയമെന്നാണ് അഭിപ്രായമെന്നും ജയമോഹന്‍ പറയുന്നു.

‘മുന്‍പ് ഇയാള്‍ എനിക്ക് കത്തുകള്‍ അയക്കാറുണ്ട്, നിറയെ അക്ഷരത്തെറ്റും വ്യാകരണത്തെറ്റുമുള്ള മലയാളം. പിന്നെ അയാള്‍ മലയാളത്തില്‍ എഴുത്തുകാരനായപ്പോള്‍ അത്ഭുതം തോന്നി, ഒന്നുകില്‍ സ്വന്തം പരിശ്രമം, അല്ലെങ്കില്‍ പത്രാധിപന്മാരുടെ കാരുണ്യം’ എന്ന് പോസ്റ്റിന് കീഴെ വന്ന കമന്റിന് മറുപടിയായി സച്ചിദാനന്ദന്‍ ഇങ്ങനെയും പ്രതികരിച്ചിട്ടുണ്ട്.