‘യു ഷുഡ് സ്റ്റോപ് ഇറ്റ് നൗ, നോ സര്‍ വി വോണ്ട് സ്റ്റോപ് ഇറ്റ് നൗ’; ന്യൂസ് 18 എഡിറ്റര്‍ രാജീവ് ദേവരാജ് രമണ്‍ ശ്രീവാസ്തവ എന്ന ഡിജിപിയെ ഓര്‍ക്കുന്നു

April 12, 2017, 2:36 pm


‘യു ഷുഡ് സ്റ്റോപ് ഇറ്റ് നൗ, നോ സര്‍ വി വോണ്ട് സ്റ്റോപ് ഇറ്റ് നൗ’; ന്യൂസ് 18 എഡിറ്റര്‍ രാജീവ് ദേവരാജ് രമണ്‍ ശ്രീവാസ്തവ എന്ന ഡിജിപിയെ ഓര്‍ക്കുന്നു
Social Stream
Social Stream


‘യു ഷുഡ് സ്റ്റോപ് ഇറ്റ് നൗ, നോ സര്‍ വി വോണ്ട് സ്റ്റോപ് ഇറ്റ് നൗ’; ന്യൂസ് 18 എഡിറ്റര്‍ രാജീവ് ദേവരാജ് രമണ്‍ ശ്രീവാസ്തവ എന്ന ഡിജിപിയെ ഓര്‍ക്കുന്നു

‘യു ഷുഡ് സ്റ്റോപ് ഇറ്റ് നൗ, നോ സര്‍ വി വോണ്ട് സ്റ്റോപ് ഇറ്റ് നൗ’; ന്യൂസ് 18 എഡിറ്റര്‍ രാജീവ് ദേവരാജ് രമണ്‍ ശ്രീവാസ്തവ എന്ന ഡിജിപിയെ ഓര്‍ക്കുന്നു

മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ പൊലീസിന്റെ ഉപദേശകനാക്കുന്നതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നു. സിറാജുന്നിസ എന്ന പതിനൊന്നുവയസുകാരിയുടെ കൊലപാതകത്തിന് കാരണമായ വെടിവെപ്പിന് നിര്‍ദേശം നല്‍കിയത് രമണ്‍ ശ്രീവാസ്തവയാണെന്ന് നിലവില്‍ ആരോപണങ്ങളുണ്ട്. ഇതിന് പുറമെയാണ് കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് ഡിജിപിയായിരുന്ന രമണ്‍ ശ്രീവാസ്തവയെ ന്യൂസ് 18 ചാനലിന്റെ എഡിറ്റര്‍ രാജീവ് ദേവ്‌രാജ് ഓര്‍മിക്കുന്നത്. മനോരമ ന്യൂസ് ചാനലിന്‍റെ ഭാഗമായി ജോലി ചെയ്യുന്നേരം ഒരു ഹര്‍ത്താല്‍ ദിവസം ചാനലില്‍ പോയിക്കൊണ്ടിരുന്ന വിഷ്വല്‍സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡിജിപി ആയിരുന്ന ശ്രീവാസ്തവ തന്നെ വിളിച്ചതെന്നും രാജീവ് ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കുന്നു.

രാജീവ് ദേവ്‌രാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പൊലീസ് ഉപദേഷ്ടാവിനെക്കുറിച്ച് ഒരു ഓര്‍മ... ഒരു ഇടതുമുന്നണി ഹര്‍ത്താല്‍ ദിനം.വര്‍ഷം കൃത്യമായി ഓര്‍ക്കുന്നില്ല. രമണ്‍ ശ്രീവാസ്തവ അന്ന് കേരളത്തിന്റെ പൊലീസ് മേധാവിയാണ്. റോയ്ഡ എന്ന കോട്ടയം സ്വദേശിനിക്ക് അന്നുണ്ടായ അനുഭവം കേരളത്തില്‍ എല്ലാവരേയും പിടിച്ചുലച്ചതാണ്. ബ്യൂട്ടീഷ്യനായ റോയ്ഡ അവരുടെ ജോലിയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു. ഇതിനിടെ നാട്ടില്‍ അവരുടെ കുഞ്ഞ് മരണപ്പെട്ടു. വിവരമറിഞ്ഞ് നാട്ടിലേക്ക് പോകാന്‍ തിരുവനന്തപുരത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയെങ്കിലും ട്രെയിനും തടഞ്ഞ ആ ഹര്‍ത്താലില്‍ ആ അമ്മയ്ക്ക് ഒറ്റയ്ക്കിരുന്ന് കരയുകയല്ലാതെ മറ്റൊരു നിവൃത്തിയും ഉണ്ടായിരുന്നില്ല.

അന്ന് എന്റെ സഹപ്രവര്‍ത്തകനായിരുന്ന കെ ആര്‍ ഷിബുകുമാര്‍ റോയ്ഡയുടെ ദയനീയമായ അവസ്ഥ മനോരമ ന്യൂസില്‍ റിപ്പോര്‍ട്ട് ചെയ്തു. അതൊരു വലിയ വാര്‍ത്തയായി. ആദ്യം ന്യായീകരിച്ചെങ്കിലും പിന്നീട് സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചു. ഇനി പൊലീസ് മേധാവിയുടെ റോള്‍ റോയ്ഡയ്ക്ക് നാട്ടിലെത്താന്‍ വഴിയൊരുങ്ങി. അത് കഴിഞ്ഞപ്പോഴാണ് ഡി ജി പി രമണ്‍ ശ്രീവാസ്തവ നേരിട്ട് വിളിക്കുന്നത്. നിങ്ങള്‍ ആ അമ്മയുടെ വിഷ്വല്‍സ് കാണിക്കുന്നത് ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. അതെന്തിന് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ആ സംഭവം കഴിഞ്ഞില്ലേ അവര്‍ വീട്ടില്‍ പോയല്ലോ നിങ്ങള്‍ പിന്നെയും അത് എന്തിന് കാണിക്കുന്നു എന്നായി ഡി ജി പി യുടെ ചോദ്യം...ഈ വാദത്തിന് എന്ത് മറുപടി പറയണമെന്നറിയാതെ ഒരു നിമിഷം ഒന്നാലോചിച്ചപ്പോള്‍ ഡിജിപിയുടെ കര്‍ശനനിര്‍ദ്ദേശം ‘യു ഷുഡ് സ്റ്റോപ്പ് ഇറ്റ് നൗ’. അതിന് മറുപടി പറയാന്‍ എനിക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. ‘സോറി സര്‍ വീ വോണ്ട് സ്റ്റോപ്പ് ഇറ്റ്... താങ് യൂ’.

1991ല്‍ പാലക്കാട് മേപ്പറമ്പില്‍ സിറാജുന്നിസയെന്ന പതിനൊന്നുവയസുകാരിയെ കൊല്ലപ്പെടാന്‍ കാരണമായ വെടിവെപ്പിന് നിര്‍ദേശം നല്‍കിയത് രമണ്‍ ശ്രീവാസ്തവയാണെന്നാണ് നിലവിലുളള ആരോപണം. എനിക്ക് വേണ്ടത് മുസ്ലീം ബാസ്റ്റാര്‍ഡ്സിന്റെ ഡെഡ് ബോഡികളാണ്, ഇതെന്റെ ഉത്തരവാണ് അനുസരിക്കുക എന്നായിരുന്നു ശ്രീവാസ്തവയുടെ വിവാദമായ ഉത്തരവ്. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന 1991ലാണ് സിറാജുന്നിസയെ പൊലീസ് വെടിവെച്ച് വീഴ്ത്തുന്നത്. അന്ന് കോഴിക്കോട് ഡിഐജിയായിരുന്നു രമണ്‍ ശ്രീവാസ്തവ ഷൊര്‍ണൂര്‍ എഎസ്പി ആയിരുന്ന സന്ധ്യയോടാണ് ഇത്തരത്തില്‍ ഉത്തരവിട്ടതെന്നാണ് ആരോപണങ്ങള്‍.

കോണ്‍ഗ്രസ് നേതാവും കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാലും രമണ്‍ ശ്രീവാസ്തവയുടെ നിയമനവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെതിരെ പരിഹാസവുമായി എത്തിയിരുന്നു. രമണ്‍ ശ്രീവാസ്തവയെ പിണറായിയുടെ ഉപദേശകനാക്കി വെക്കുമ്പോള്‍ 22 വര്‍ഷം മുമ്പ് സിപിഐഎമ്മുകാര്‍ വിളിച്ച മുദ്രാവാക്യമാണ് ഓര്‍മ്മ വരുന്നത്. ചാരന്‍ ശ്രീവാസ്തവയെ സംരക്ഷിക്കുന്ന ചാരമുഖ്യന്‍ കരുണാകരന്‍ രാജിവെയ്ക്കുക എന്ന ഫെയ്‌സ്ബുക്ക് സ്റ്റാറ്റസിലൂടെയാണ് പദ്മജയുടെ പരിഹാസം. ഇന്നലെ തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രമണ്‍ ശ്രീവാസ്തവയെ പൊലീസിന്റെ കാര്യങ്ങളില്‍ സഹായിക്കാന്‍ നിശ്ചയിക്കുന്നുണ്ടെന്ന വിവരം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിക്കുന്നത്. ആഭ്യന്തരവകുപ്പിനല്ല, പൊലീസിനാണ് ഉപദേശകനെന്നും, നമുക്ക് ഉപദേശകന്‍മാരുണ്ടാകുന്നത് നല്ലതല്ലേ എന്നുമായിരുന്നു മുഖ്യമന്ത്രി ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്.

രാജീവ് ദേവ്‌രാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.