‘ആ വൈകൃതം നിറഞ്ഞ ട്രോളുകള്‍ നിങ്ങള്‍ക്ക് കുടുംബത്തില്‍ കാണിക്കാനാകുമോ?’; നടിയെ അധിക്ഷേപിക്കുന്ന ട്രോളുകള്‍ വേദനിപ്പിക്കുന്നുവെന്ന് സഹോദരന്‍

July 15, 2017, 10:28 am
‘ആ വൈകൃതം നിറഞ്ഞ ട്രോളുകള്‍ നിങ്ങള്‍ക്ക് കുടുംബത്തില്‍ കാണിക്കാനാകുമോ?’; നടിയെ അധിക്ഷേപിക്കുന്ന ട്രോളുകള്‍ വേദനിപ്പിക്കുന്നുവെന്ന് സഹോദരന്‍
Social Stream
Social Stream
‘ആ വൈകൃതം നിറഞ്ഞ ട്രോളുകള്‍ നിങ്ങള്‍ക്ക് കുടുംബത്തില്‍ കാണിക്കാനാകുമോ?’; നടിയെ അധിക്ഷേപിക്കുന്ന ട്രോളുകള്‍ വേദനിപ്പിക്കുന്നുവെന്ന് സഹോദരന്‍

‘ആ വൈകൃതം നിറഞ്ഞ ട്രോളുകള്‍ നിങ്ങള്‍ക്ക് കുടുംബത്തില്‍ കാണിക്കാനാകുമോ?’; നടിയെ അധിക്ഷേപിക്കുന്ന ട്രോളുകള്‍ വേദനിപ്പിക്കുന്നുവെന്ന് സഹോദരന്‍

ആക്രമിക്കപ്പെട്ട പെണ്‍കുട്ടി എന്ന പരിഗണന പോലുമില്ലാതെ സമൂഹ മാധ്യമങ്ങളില്‍ തന്റെ സഹോദരിയെ കുറിച്ച് പ്രചരിക്കുന്ന ട്രോളുകള്‍ക്കെതിരെ നടിയുടെ സഹോദരന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. പൊട്ടിച്ചിപ്പിച്ച് സന്തോഷവും മാത്രം നൽകിയിരുന്ന ഒന്നായിരുന്നു ട്രോളുകളെങ്കില്‍ ഏതാനും ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്ന ട്രോളുകൾ വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്ന് കുറിപ്പില്‍ പറയുന്നു. തന്റെ സഹോദരിയെ ക്രൂശിക്കുന്നതിന് വേണ്ടി നിർമ്മിക്കപ്പെട്ടവയായത് കൊണ്ട് മാത്രമല്ല അതെന്നും സർഗ്ഗാത്മക മനസ്സിനെ എങ്ങനെ വൈകൃതം കൊണ്ടുനിറയ്ക്കാം എന്നുകൂടി കാണിച്ചു തരുന്നത് കൊണ്ടാണിതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. വൈകൃത്യങ്ങള്‍ നിറഞ്ഞ ഇത്തരം ട്രോളുകള്‍ അടുപ്പുമുള്ള സ്ത്രീകളെ അഭിമാനത്തോടെ കാണിക്കാനാകുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

ആക്രമിക്കപ്പെട്ട നടിയുടെ സഹോദരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം -

പ്രിയപ്പെട്ട ട്രോൾ കലാകാരൻമാരോട് ...

ട്രോളുകളുടെ വരവ് ഒരുപാട് പേർക്ക് അവരവരുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കുവാനുള്ള ഒരിടമായി മാറിയെന്ന് പല ട്രോളുകളും കാണുന്പോൾ എനിക്ക് തോന്നാറുണ്ട് . സമാന മനസ്ക്കരോട് ഞാനിക്കാര്യം പങ്കുവെയ്ക്കാറുമുണ്ട് . നാം മറന്നു തുടങ്ങിയ പല താരങ്ങളും വീണ്ടും പഴയകാലം ഓർമ്മിപ്പിച്ചുകൊണ്ട് , പൊട്ടിച്ചിരികളും സന്തോഷവും മാത്രം നൽകിക്കൊണ്ട് നമുക്ക് മുന്നിലേക്ക് തിരിച്ചു വന്നതും ഈ ട്രോളുകൾ നിർമ്മിച്ച സൃഷ്ട്ടി കർത്താക്കളിലൂടെയുമായിരുന്നു . എന്നാൽ ഏതാനും ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്ന ട്രോളുകൾ വല്ലാതെ വേദനിപ്പിക്കുന്നുണ്ട് . എന്റെ സഹോദരിയെ ക്രൂശിക്കുന്നതിന് വേണ്ടി നിർമ്മിക്കപ്പെട്ടവ എന്നതുകൊണ്ട് മാത്രമല്ല അതെന്നെ വേദനിപ്പിച്ചത് . മറിച്ച് ഒരു സർഗ്ഗാത്മക മനസ്സിനെ എങ്ങിനെ വൈകൃതം കൊണ്ടുനിറയ്ക്കാം എന്നുകൂടി ഇതെനിക്ക് കാണിച്ചു തരുന്നു . വൈകൃതങ്ങൾ നിറഞ്ഞ മനസ്സിന് എങ്ങിനെ വേണമെങ്കിലും സഞ്ചരിക്കാം . അവിടെയൊരിക്കലും കുറ്റബോധത്തിനു സ്ഥാനമില്ല . അത്തരക്കാർ അവരുടെ മനോവൈകൃതങ്ങൾക്ക് ജീവൻ പകരുന്നത് നിങ്ങളെപ്പോലുള്ള കലയെ ഉപാസിക്കുന്നവരിലൂടെയാണ് . ഒരു കലാകാരൻ ദൈവതുല്യനാണ് , അവൻ സൃഷ്ട്ടികർത്താവാണ് . അവൻ പകരുന്ന ജീവൻ സത്യസന്ധവും ജ്വലിക്കുന്നതുമായിരിക്കണം . ഒരു കലാകാരൻ ഒരിക്കലും നീതി നിഷേധത്തിന് കൂട്ട് നിൽക്കുന്നവനാകരുത് . കലുഷമായ മനസ്സിൽ പലതും ജനിക്കും . ജനിച്ചില്ലെങ്കിൽ അത്തരക്കാർ ജനിപ്പിക്കും . അതിനൊരുപക്ഷേ അവർക്ക് ഒരു കലാകാരന്റെ സഹായം കൂടിയേ തീരൂ . സത്യത്തിന് തനിച്ചാണെങ്കിലും നിവർന്നു നിൽക്കാൻ സാധിക്കും . പക്ഷെ നുണയ്ക്കൊരു തുണവേണം . എന്നാലും അതിന് നിവർന്നു നിൽക്കാനാകില്ല . ഇത്തരം സഹായങ്ങളും തുണകളും ഒരു കലാകാരന്റെ സർഗ്ഗസൃഷ്ട്ടിയേയും അവന്റെ കലാജീവിതത്തേയുമാണ് അവൻ പോലുമറിയാതെ പ്രതികൂലമായി സ്വാധീനിക്കുന്നത് . പണത്തിനു വേണ്ടിയോ അല്ലെങ്കിൽ വ്യത്യസ്തതയ്ക്കു വേണ്ടിയോ നിങ്ങൾ ഇങ്ങിനെ ചെയ്യുന്നു എന്ന് വേണമെങ്കിൽ നിങ്ങൾക്കവകാശപ്പെടാം . ഇന്നലെകളിൽ നിങ്ങൾ ചെയ്ത നിർദ്ദോഷകരമായ ട്രോളുകൾ ... അഭിമാനത്തോടെ നിങ്ങൾ നിങ്ങളുടെ സ്ത്രീ സുഹൃത്തുക്കൾക്ക് മുന്നിലും നിങ്ങളുടെ അമ്മയുടേയും പെങ്ങളുടേയും കാമുകിയുടേയും ഭാര്യയുടേയും മുന്നിൽ കാണിച്ചു കൊടുക്കുകയും അതവരെ ആഹ്ലാദിപ്പിക്കുകയും അതിലൂടെ നിങ്ങൾ കലാകാരനെന്ന നിലയിൽ നിങ്ങളുടെ കഴിവിൽ അഭിമാനം കൊള്ളുകയും ചെയ്തിട്ടുണ്ടെങ്കിൽ ഇന്ന് നിങ്ങൾക്ക് നഷ്ടമായത് എന്തെല്ലാമാണെന്ന് നിങ്ങൾ സ്വയം തിരിച്ചറിയുക . നിങ്ങൾ നിർമ്മിച്ച വൈകൃതം നിറഞ്ഞ ട്രോളുകൾ നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തിൽ അഭിമാനത്തോടെ കാണിക്കാൻ സാധിക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ ഞാൻ സംവദിക്കുന്നത് നിങ്ങളോടല്ല . താൻ ജന്മം നൽകിയ കുഞ്ഞിന്റെ പിതൃത്വാവകാശം പോലും ഉന്നയിക്കാനാവാതെ കുനിഞ്ഞ ശിരസ്സോടെ നിൽക്കുന്ന കലാകാരന്മാരോടാണ് എനിക്ക് പറയുവാനുള്ളത് . നിറഞ്ഞ മനസ്സോടെ കലയെ വ്യഭിചരിക്കുന്നവൻ കലാകാരനല്ല . നെഞ്ചിൽ കൈവെച്ചു കൊണ്ട് ഞാൻ പറയും കലയെ ഉപാസിക്കുന്നവനായിരിക്കണം ഒരു യഥാർത്ഥ കലാകാരൻ . അല്ലാത്തപക്ഷം അവനൊരു ശാപം കിട്ടിയ ജന്മമാണ് . ഓരോ കലാകാരനും ഓരോ നിമിഷവും അവനവനെത്തന്നെ സ്വയം ഓർമ്മിപ്പിക്കേണ്ട സത്യമാണിത് . ഇന്ന് കണ്ണാടിയിൽ നിങ്ങളുടെ പ്രതിരൂപം നിങ്ങൾ കാണുന്പോൾ , ഇന്നലെകളിലെ നിഷ്കളങ്കനായ കലാകാരനെ നിങ്ങൾക്ക് അതിൽ കണ്ടെത്താനായില്ലെങ്കിൽ ഒരു കലാകാരന്റെ ആത്മഹത്യയാണ് അവിടെ നടന്നതെന്ന് നിങ്ങൾക്ക് സമ്മതിക്കേണ്ടി വരും ... നിങ്ങൾ നിങ്ങളിലേക്ക് തന്നെ തിരിഞ്ഞു നോക്കുന്പോൾ നിങ്ങളുടെ പ്രവൃത്തിയിൽ ഒരിക്കലെങ്കിലും നിങ്ങൾക്ക് കുറ്റബോധം തോന്നിയാൽ, സുഹൃത്തേ ... നിങ്ങൾ പരാജയപ്പെട്ടത് നിങ്ങളോടും നിങ്ങളുടെ കലാജീവിതത്തോടും തന്നെയാണെന്ന് നിങ്ങൾക്ക് സമ്മതിക്കേണ്ടതായിവരും . അങ്ങിനെ ഉണ്ടാകാതിരിക്കട്ടെ ...

സ്നേഹപൂർവ്വം

രാജേഷ് ബി മേനോൻ

ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിക്കുന്ന തരത്തില്‍ നിരവധി ട്രോളുകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട നടന് പിന്തുണ പ്രഖ്യാപിക്കുന്നവരില്‍ ചിലരും ഇതിനായി നടിയെ അധിക്ഷേപിക്കുന്നുണ്ട്. കേസിന് കേരള പൊലീസും മാധ്യമങ്ങളും നല്‍കുന്ന പ്രാധാന്യത്തെ പരിഹസിച്ചും പോസ്റ്റുകള്‍ നിറയുന്നുണ്ട്.