മനുഷ്യത്വത്തില്‍ ഒട്ടും പിശുക്കു കാട്ടിയില്ല, നന്‍മയുടെ ആള്‍രൂപമായി ഓട്ടോ ഡ്രൈവര്‍; യുവതിയുടെ ജീവിതപാഠം നെഞ്ചിലേറ്റി സോഷ്യല്‍ മീഡിയ

April 18, 2017, 3:36 pm


മനുഷ്യത്വത്തില്‍ ഒട്ടും പിശുക്കു കാട്ടിയില്ല, നന്‍മയുടെ ആള്‍രൂപമായി  ഓട്ടോ ഡ്രൈവര്‍; യുവതിയുടെ ജീവിതപാഠം നെഞ്ചിലേറ്റി സോഷ്യല്‍ മീഡിയ
Social Stream
Social Stream


മനുഷ്യത്വത്തില്‍ ഒട്ടും പിശുക്കു കാട്ടിയില്ല, നന്‍മയുടെ ആള്‍രൂപമായി  ഓട്ടോ ഡ്രൈവര്‍; യുവതിയുടെ ജീവിതപാഠം നെഞ്ചിലേറ്റി സോഷ്യല്‍ മീഡിയ

മനുഷ്യത്വത്തില്‍ ഒട്ടും പിശുക്കു കാട്ടിയില്ല, നന്‍മയുടെ ആള്‍രൂപമായി ഓട്ടോ ഡ്രൈവര്‍; യുവതിയുടെ ജീവിതപാഠം നെഞ്ചിലേറ്റി സോഷ്യല്‍ മീഡിയ

സാമ്പത്തിക ഞെരുക്കും ചിലപ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരിക്കും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുക. ആ സമയം പണം കണ്ടെത്താന്‍ സാധ്യമായ വഴികളെല്ലാം നാം തേടും. ആദ്യം സുഹൃത്തുക്കളെയാകും സമീപിക്കുക. ആരാണ് യഥാര്‍ത്ഥ സുഹൃത്തുക്കളെന്ന് അറിയാനുള്ള ഒരു ലിറ്റ്മസ് ടെസ്റ്റു കൂടിയാകും ചിലപ്പോള്‍ അത്. എന്നാല്‍ തീര്‍ത്തും അപരിചിതമായ ഒരു സ്ഥലത്ത് പണമില്ലാതെ വലഞ്ഞാല്‍ എന്തുചെയ്യും? 'പെട്ടത് തന്നെ'- എന്നായിരിക്കും വായ്‌മൊഴിയില്‍ ഒട്ടുമിക്ക പേരുടേയും ഉടനടിയുള്ള പ്രതികരണം. അത്തരമൊരു പ്രതിസന്ധിയായിരുന്നു ഹൈദരാബാദില്‍ വിസാ അഭിമുഖത്തിനായി എത്തിയ വരിജശ്രീ വേണുഗോപാല്‍ എന്ന യുവതിയേയും കാത്തിരുന്നത്. കയ്യില്‍ ആവശ്യത്തിന് പണമില്ല. എടിഎമ്മുകളടക്കം സാധ്യമായ വഴികളെല്ലാം തേടി. പക്ഷെ പണം മാത്രം കിട്ടിയില്ല. എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുമ്പോഴാണ് നഗരത്തില്‍ സാരഥിയാകാന്‍ ഒപ്പം കൂട്ടിയ ഓട്ടോ ഡ്രൈവര്‍ രക്ഷകനായി അവതരിക്കുന്നത്. 3,000 രൂപ തന്റെ മുന്നിലേക്ക് വെച്ചുനീട്ടിയപ്പോള്‍ വരിജശ്രീ ശരിയ്ക്കും ഞെട്ടിപ്പോയി. ജീവിതത്തില്‍ വലിയ പാഠമാണ് താന്‍ പഠിച്ചതെന്ന തിരിച്ചറിവില്‍, ഓട്ടോ ഡ്രൈവറുടെ സഹായമനസ്‌കതയെ കുറിച്ച് യുവതി ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികള്‍ ഇപ്പോള്‍ യൂസര്‍മാര്‍ നെഞ്ചിലേറ്റിയിരിക്കുകയാണ്.

ഇത് ബാബയാണ്, ഹൈദരാബാദിലെ ഓട്ടോ ഡ്രൈവര്‍. പ്രതിസന്ധി ഘട്ടത്തില്‍ അദ്ദേഹം എന്നെ രക്ഷിച്ചു. വിസാ അഭിമുഖത്തിന് ഹൈദരാബാദില്‍ എത്തിയതായിരുന്നു ഞാന്‍. എന്നാല്‍ കയ്യില്‍ ആവശ്യത്തിന് പണമുണ്ടായിരുന്നില്ല. വിസാ ഫീസ് ആയി ഏതാണ്ട് 5,000 രൂപയാണ് വേണ്ടിയിരുന്നത്. എന്റെ കൈവശം ഉണ്ടായിരുന്നത് രണ്ടായിരം രൂപയും. പണമെടുക്കാനായി ഞങ്ങള്‍ പത്ത്, പതിനഞ്ച് എടിഎമ്മുകളില്‍ അലഞ്ഞു. എന്നാല്‍ പണം മാത്രം കിട്ടിയില്ല. എന്തോ വിചിത്രമായ പ്രശ്‌നമുള്ളത് പോലെയായിരുന്നു ഹൈദരാബാദിലെ എല്ലാ എടിഎമ്മുകളും. പിന്നെ കുറച്ചു കടകളില്‍ കയറി സൈ്വപിങ് മെഷീന്‍ തരുമോയെന്ന് ചോദിച്ചു. എന്റെ കാര്‍ഡ് സ്വൈപ് ചെയ്ത് അതിനു തുല്യമായ പണം വാങ്ങുകയായിരുന്നു ഉദ്ദേശ്യം. അതൊന്നും നടന്നില്ല. എന്നാല്‍ എന്റെ നിസഹായാവസ്ഥ മനസിലാക്കിയ ബാബ 3000 രൂപ നീട്ടി എന്നോട് പറഞ്ഞു-’ മാഡം ഈ പണം ഉപയോഗിച്ചോളൂ, ഹോട്ടലില്‍ എത്തിയിട്ട് പിന്നീട് തിരിച്ചു തന്നാല്‍ മതി’. അദ്ദേഹത്തിന്റെ സഹായമനസ്‌കത എന്നെ ശരിയ്ക്കും അത്ഭുതപ്പെടുത്തി. തീര്‍ത്തും അപരിചിതയായ ഒരു വ്യക്തിയെ ആണ് മറ്റൊന്നും നോക്കാതെ അദ്ദേഹം സഹായിച്ചത്. അതെ, ദൈവം ഏറ്റവും വിചിത്രവും സുന്ദരവുമായ വഴികളിലൂടെ പ്രത്യക്ഷമാകും. എല്ലാ ദിനവും ജീവിതത്തില്‍ ഓരോ പാഠങ്ങള്‍ പഠിക്കുന്നു. മനുഷ്യത്വമാണ് ഏറ്റവും വലിയ മതമെന്ന് എന്നെ ഓര്‍മ്മിപ്പിച്ചതിന് നന്ദി ബാബാ.
യുവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് 

30,000ത്തോളം പേരാണ് വരിജശ്രീയുടെ പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്. ആറായിരത്തിലധികം ആളുകള്‍ യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തങ്ങളുടെ വാളുകളിലേക്ക് പങ്കുവെച്ചിരിക്കുന്നു. ഓട്ടോ ഡ്രൈവര്‍ക്ക് സല്യൂട്ട് നല്‍കിയാണ് കമന്റ് ബോക്‌സിലെ പ്രതികരണങ്ങള്‍.