1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്‌ :

തണുപ്പന്‍ പട്ടാളം! 

April 7, 2017, 6:43 pm
തണുപ്പന്‍ പട്ടാളം! 
Movie Reviews
Movie Reviews
തണുപ്പന്‍ പട്ടാളം! 

1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്‌ :

തണുപ്പന്‍ പട്ടാളം! 

Movie Rating

★★★★★ ★★★★★

അതിര്‍ത്തി ദേശങ്ങളുടെയോ അവിടെ പല കാലങ്ങളായി നടന്നിട്ടുള്ള യുദ്ധങ്ങളുടെയോ ഒന്നും നേരനുഭവങ്ങളില്ലാത്ത സമൂഹമായതുകൊണ്ടാവണം നമ്മുടെ സിനിമകളിലെ പട്ടാളക്കാര്‍ ചായക്കടകളില്‍ സ്ഥിരമായി ബഡായി പറയാനെത്തിയത്. നാട്ടില്‍ അവധിക്കെത്തുമ്പോള്‍ മാത്രം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്ന പട്ടാളക്കാരനെ യുദ്ധഭൂമിയില്‍ വിശ്വസനീയതയോടെ കൊണ്ടുനിര്‍ത്തിയതിനുള്ള ക്രെഡിറ്റ് മേജര്‍ രവിക്ക് അവകാശപ്പെട്ടതാണ്. 2006ല്‍ പുറത്തെത്തിയ 'കീര്‍ത്തിചക്ര' മലയാളത്തിന്റെ തിരശ്ശീലയില്‍ ഒരു പുതിയ അനുഭവമായിരുന്നു. മേജര്‍ മഹാദേവന്റെ ആദ്യവരവ് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചെങ്കില്‍ കേണലായും മേജറായുമൊക്കെയുള്ള തുടര്‍ 'ഓപറേഷനുകള്‍' ആവേശം കുറച്ചു. 'മഹാദേവന്‍' എന്ന മോഹന്‍ലാലിന്റെ പട്ടാളക്കഥാപാത്രത്തെ നാലാമത് സ്‌ക്രീനിലെത്തിച്ചിരിക്കുകയാണ് മേജര്‍ രവി '1971: ബിയോണ്ട് ബോര്‍ഡേഴ്‌സി'ലൂടെ. എന്നാല്‍ ഇക്കുറി സൈനികര്‍ക്ക് ഓര്‍ഡറുകള്‍ നല്‍കാനുള്ള ചുമതല സൈനികോദ്യോഗസ്ഥന്‍ തന്നെ ആയിരുന്ന മഹാദേവന്റെ അച്ഛന്‍ 'മേജര്‍ സഹദേവനാ'ണെന്ന് മാത്രം.

ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ ഭാഗമായി 1971ല്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ നടന്ന 13 ദിവസം നീണ്ട യുദ്ധത്തില്‍ 'പങ്കെടുത്ത' മേജര്‍ സഹദേവന്റെ സവിശേഷാനുഭവങ്ങളാണ് '1971: ബിയോണ്ട് ബോര്‍ഡേഴ്‌സ്'. കീര്‍ത്തിചക്രയും കുരുക്ഷേത്രയും ഉള്‍പ്പെടെയുള്ള മേജര്‍ രവിയുടെ ആദ്യസിനിമകള്‍ അതിര്‍ത്തിക്കപ്പുറത്തുള്ള 'പൊതുശത്രു'വിനെതിരായ നായകന്റെ വിജയങ്ങള്‍ ഉദ്‌ഘോഷിക്കുന്നവയായിരുന്നു. എന്നാല്‍ അവസാനം ചെയ്ത 'പിക്കറ്റ് 43'യിലെത്തുമ്പോള്‍ വിഷയത്തോടുള്ള സംവിധായകന്റെ സമീപനത്തില്‍ വ്യത്യാസം വന്നിരുന്നു. അതിര്‍ത്തിക്കിരുപുറവും പരസ്പരം തോക്കേന്തി നില്‍ക്കുന്നവരെ യുദ്ധത്തിന്റെ രീതിശാസ്ത്രങ്ങള്‍ക്കപ്പുറത്ത് മാനുഷികമായ കണ്ണോടെ നോക്കിക്കാണാന്‍ ശ്രമിച്ച സിനിമയായിരുന്നു പൃഥ്വിരാജ് നായകനായ 'പിക്കറ്റ് 43'. പ്രമേയപരമായി ഈ ചിത്രത്തിന്റെ തുടര്‍ച്ച തന്നെയാണ് പേര് സൂചിപ്പിക്കുമ്പോലെ '1971: ബിയോണ്ട് ബോര്‍ഡേഴ്‌സ്'. സൈനികപശ്ചാത്തലത്തിലാണ് ഫിലിമോഗ്രഫിയിലെ മിക്ക സിനിമകളെങ്കിലും ഒരു ഹൈ-സ്‌കെയില്‍ യുദ്ധരംഗം മേജര്‍ രവി ചിത്രത്തിലും ഇതുവരെ അന്യമായിരുന്നു. ടാങ്ക് ഫൈറ്റ് ഉള്‍പ്പെടെ അത്തരത്തിലൊന്ന് '1971'ലുണ്ടാകുമെന്ന ട്രെയ്‌ലര്‍ സൂചനകളും ചിത്രം കാണുംമുന്‍പുള്ള പ്രതീക്ഷയായിരുന്നു.

യുഎന്‍ രക്ഷാസേനയുടെ ഭാഗമായി വിദേശദൗത്യത്തിന് പോകുന്ന ഇന്ത്യന്‍ സൈനികരുടെ കമാന്ററുടെ റോളില്‍ മേജര്‍ മഹാദേവനായാണ് സിനിമയില്‍ മോഹന്‍ലാല്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടിയുടെ വോയ്‌സ്ഓവറിലാണ് ചിത്രത്തിന്റെ ആരംഭം. വിദേശദൗത്യത്തിനിടെ താന്‍ രക്ഷിക്കുന്ന ഒരു പാകിസ്താന്‍ പട്ടാളക്കാരനെ ആദ്യമായി കാണുകയാണെങ്കിലും അയാളുമായി ഒരു സവിശേഷബന്ധമുണ്ടെന്ന് തിരിച്ചറിയുകയാണ് മഹാദേവന്‍. ആ ബന്ധം അച്ഛന്‍ സഹദേവനിലൂടെ അയാള്‍ക്ക് കൈവന്നതുമാണ്. മഹാദേവന്റെ അച്ഛന്‍ മേജര്‍ സഹദേവന്റെ 1971ലെ യുദ്ധകാലോര്‍മ്മകളിലാണ് ചിത്രം കഥ നിവര്‍ത്തുന്നത്.

സാങ്കേതികമായി നിലവാരമുള്ള ഒരു യുദ്ധസിനിമ എന്ന പ്രതീക്ഷയാണ് 1971ന്റെ ട്രെയ്‌ലര്‍ നല്‍കിയതെന്ന് പറഞ്ഞു. സിനിമയുടെ ആമുഖമായി വരുന്ന ജോര്‍ജ്ജിയന്‍ സീക്വന്‍സ് അത്തരമൊരു പ്രതീക്ഷ അസ്ഥാനത്തല്ലെന്ന് തോന്നിപ്പിക്കുന്നതുമാണ്. മലയാളത്തിന്റെ സ്‌ക്രീനില്‍ തീര്‍ത്തും അന്യമായ ലൊക്കേഷനിലെ ഗണ്‍ഫൈറ്റിലാണ് ചിത്രത്തിന്റെ ആമുഖം. പക്ഷേ തൊട്ടുപിന്നാലെ മഹാദേവന്‍ താന്‍ ജീവന്‍ രക്ഷിച്ച പാകിസ്താനി പട്ടാള ഉദ്യോഗസ്ഥനുമായി സംസാരിച്ച് തുടങ്ങവേ പ്രേക്ഷകര്‍ സംശയിച്ചുതുടങ്ങുന്നു, ഇത്തരം സംഭാഷണങ്ങളില്‍ അവസാനിച്ചുപോകാനാവുമോ ഈ സിനിമയുടെ യോഗം? ആ സംശയം അസ്ഥാനത്തല്ലെന്ന് സിനിമ മുന്നോട്ടുനീങ്ങവെ മനസിലാവുന്നു.

'പിക്കറ്റ് 43'യിലെ പൃഥ്വിരാജിന്റെയും ജാവേദ് ജെഫ്രിയുടെയും കഥാപാത്രങ്ങള്‍ പറഞ്ഞുനിര്‍ത്തിയിടത്തുനിന്ന് പറഞ്ഞുതുടങ്ങുകയാണ് മേജര്‍ സഹദേവനും ലെഫ്. കേണല്‍ റാണ ഷെരീഫ് എന്ന പാകിസ്താനി ഓഫീസറും (അരുണോദയ് സിംഗ്). 'പിക്കറ്റ് 43'യില്‍ പ്രധാന കഥാപാത്രങ്ങള്‍ ഏറെക്കുറെ ഏകാന്തരായിരുന്നെങ്കില്‍ ഇവിടെ സഹദേവനും റാണ ഷെരീഫും ഒരു വലിയ യുദ്ധമുഖത്താണെന്നതും അനേകം ബെറ്റാലിയനുകള്‍ അവര്‍ക്കൊപ്പമുണ്ടെന്നതുമാണ് വ്യത്യാസം.

ഇന്‍ട്രൊഡക്ഷന്‍ സീനില്‍ പ്രത്യക്ഷപ്പെടുമ്പോഴുള്ള അതേ സ്വഭാവസവിശേഷതകള്‍ എന്‍ഡ് ക്രെഡിറ്റ്‌സ് വരെ നിലനിര്‍ത്തുന്ന കഥാപാത്രങ്ങളാണ് ചിത്രത്തിലേത്. യുദ്ധമുഖം പോലെ ജീവന് ഭീഷണിയുള്ള, കനത്ത മാനസിക സമ്മര്‍ദ്ദം താങ്ങേണ്ടിവരുന്ന ഒരിടത്ത് നില്‍ക്കുമ്പോഴും അവര്‍ക്കൊന്നും ആശങ്കകളോ ആശയക്കുഴപ്പങ്ങളോ ഇല്ല, സഹദേവന്‍ ഉള്‍പ്പെടെ. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ തരത്തില്‍ പെരുമാറാന്‍ സംവിധായകന്‍ കൂടിയായ തിരക്കഥാകൃത്തിനാല്‍ കീ കൊടുത്ത് സ്‌ക്രീനിലെത്തപ്പെട്ടവരെപ്പോലെയാണ് കഥാപാത്രങ്ങളെ കാണുമ്പോള്‍ തോന്നുക. മേജര്‍ രവി സിനിമകളില്‍ ഒഴിവാക്കാനാവാത്ത പട്ടാളക്കാരന്റെ അവധിക്കാല ഗൃഹാതുരതയില്‍ നിന്നാണ് സഹദേവന്‍ 1971ലെ യുദ്ധമുഖത്തെത്തുന്നത്. യുദ്ധമെല്ലാം കഴിഞ്ഞിട്ടാണ് നായകന്റെ 'നിലപാട് പ്രഖ്യാപന'മെങ്കില്‍ പോട്ടെന്നുവെക്കാം. പക്ഷേ ശത്രു തൊട്ടപ്പുറത്തുള്ളപ്പോഴും, യുദ്ധം ഏത് നിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന സാഹചര്യത്തിലും കൂസലൊന്നും കൂടാതെ സഹദേവന്‍ തന്റെ യുദ്ധവിരുദ്ധ നിലപാടുകള്‍ വെച്ചടിക്കുകയാണ്. യുദ്ധത്തിന് തൊട്ടുമുന്‍പ് സൈനികരെ സജ്ജരാക്കാന്‍ ലക്ഷ്യം വച്ചുള്ള അഭിസംബോധനയില്‍ത്തന്നെ ഒരു ഉയര്‍ന്ന സൈനികോദ്യോഗസ്ഥന്‍ അവരുടെ വീര്യം ചോര്‍ത്തിക്കളയുന്ന തരത്തില്‍ സംസാരിക്കുന്നത് സ്‌ക്രീനില്‍ ഒരുപക്ഷേ ആദ്യമാവാം.

സിനിമ ആരംഭിച്ച് ഏറെവൈകാതെ യുദ്ധമുഖത്തെത്തിയിട്ടും സ്‌ക്രീനില്‍ പ്രതീക്ഷിച്ച ആ സാങ്കേതികത്തികവുള്ള യുദ്ധരംഗങ്ങളെവിടെ എന്ന് മുന്നോട്ടുപോക്കിനിടെ സംശയം തോന്നാം. രാജസ്ഥാന്‍ മരുഭൂമിയുടെ പശ്ചാത്തലവും ടാങ്കുകളുടെ സാന്നിധ്യവുമൊക്കെയുണ്ടെങ്കിലും ആ യുദ്ധരംഗങ്ങള്‍ ക്ലൈമാക്‌സിനും മുന്നോടിയായുള്ള ടാങ്ക്‌ഫൈറ്റിനുമായി നീക്കിവെച്ചിരിക്കുകയാണ് ചിത്രം. ക്ലൈമാക്‌സ് അടുക്കുംവരെ മേജര്‍ രവിയുടെ മുന്‍ചിത്രങ്ങളില്‍ കണ്ടതിന് സമാനമായ, സമയദൈര്‍ഘ്യമില്ലാത്ത ചെറു യുദ്ധരംഗങ്ങളാണ് കടന്നുവരുന്നത്. ഒപ്പം 'സ്വഭാവ സര്‍ട്ടിഫിക്കറ്റ്' വാങ്ങാന്‍ മത്സരിക്കുന്ന കഥാപാത്രങ്ങളും. തടവിലാക്കിയ ശത്രുവിനോട് കരുണയോടെ പെരുമാറുന്ന സൈനികരാണ് '1971'ലെ ഭൂരിപക്ഷം കഥാപാത്രങ്ങളും. ഇന്ത്യന്‍ പക്ഷത്തുള്ളവര്‍ മാത്രമല്ല, പാകിസ്താന്റെ സൈനിക യൂണിഫോം അണിഞ്ഞവരും. സഹദേവനും റാണാ ഷെരീഫും യഥാര്‍ഥ സൈനികോദ്യോഗസ്ഥരെ ആസ്പദമാക്കി നിര്‍മ്മിച്ച കഥാപാത്രങ്ങളാണെങ്കിലും അവരുടെ സംഭാഷണങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ സ്‌ക്രീനില്‍ കൊണ്ടുവരാനായിട്ടില്ല ഷിജു നമ്പ്യാത്തിന്. ആസ്പദമാക്കിയ യഥാര്‍ഥ സൈനികര്‍ അതാത് സര്‍ക്കാരുകളുടെ ഉന്നത സൈനിക ബഹുമതികള്‍ നേടിയവരാണെന്ന കാര്യം വിസ്മരിക്കുന്നില്ല. കഥാപാത്രങ്ങളുടെ പലപ്പോഴുമുള്ള സംഭാഷണങ്ങളും പെരുമാറ്റങ്ങളും അതിനാടകീയമായിപ്പോവുന്നതിലാണ് വിയോജിപ്പ്. ബലൂച് ഖാന്‍ എന്ന പാകിസ്താന്‍ ഭാഗത്തെ ഒരുദ്യോഗസ്ഥന്‍ മാത്രമാണ് ഇതിന് വിപരീതമായി 'സ്വഭാവ സര്‍ട്ടിഫിക്കറ്റി'ന് അര്‍ഹനല്ലാത്തയാള്‍. അതിനാല്‍ത്തന്നെ സിനിമയില്‍ കഥാപാത്രരൂപത്തിലുള്ള ഒരേയൊരു വില്ലനും. ജോര്‍ജ്ജിയയില്‍ പാക് പട്ടാള ഉദ്യോഗസ്ഥനുമായുള്ള മേജര്‍ മഹാദേവന്റെ കൂടിക്കാഴ്ചയില്‍ത്തന്നെ എന്താണ് ഒടുക്കംവരെ പ്രതീക്ഷിക്കേണ്ടതെന്ന സൂചനകള്‍ വ്യക്തമാണ്. പ്രതീക്ഷയ്ക്ക് വിപരീതമായി ഒന്നും സംഭവിക്കാത്തതിനാല്‍ ഇന്തോ-പാക് സൈനികരുടെ 'നല്ലപിള്ള ചമയല്‍' കാണിക്ക് വിരസതയല്ലാതെ മറ്റൊന്നുമല്ല സമ്മാനിക്കുന്നത്.

1971ലെ സൈനിക പശ്ചാത്തലം പുനസൃഷ്ടിക്കേണ്ടിയിരുന്നതിനാല്‍ കലാസംവിധാനത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയായിരുന്നു 'ബിയോണ്ട് ബോര്‍ഡേഴ്‌സ്'. കലാസംവിധായകന്‍ സാലു കെ.ജോര്‍ജ്ജ് തന്റെ ഭാഗം ഭംഗിയായി നിര്‍വ്വഹിച്ചിട്ടുണ്ട്. യുദ്ധരംഗങ്ങള്‍ നടക്കുന്ന 'ഇന്ത്യ-പാക് അതിര്‍ത്തി' കൃത്രിമത്വമൊന്നും തോന്നാത്തതരത്തില്‍ സ്‌ക്രീനിലെത്തിയിട്ടുണ്ട്. ടാങ്ക് ഉള്‍പ്പെടെയുള്ള യുദ്ധോപകരണങ്ങള്‍ പഴയ കാലത്തേത് ചിലത് ലഭ്യമാക്കിയെന്നും അല്ലാത്തത് ഗ്രാഫിക്‌സ് ഉപയോഗിച്ച് പഴയകാലത്തേക്ക് മാറ്റിയെന്നും മേജര്‍ രവി പറഞ്ഞിരുന്നു. 1971ലെ യുദ്ധകാലത്തെ സൈനികപശ്ചാത്തലത്തിന് മൊത്തത്തില്‍ വിശ്വസനീയതയുണ്ട് സിനിമയില്‍.

കലാസംവിധാനവും അഭിനേതാക്കളുടെ പ്രകടനവും ഒഴിച്ചുനിര്‍ത്തിയാല്‍ 1971ല്‍ കാണാനായ ഒരേയൊരു മികവ് അതിലെ ക്ലൈമാക്‌സ് വാര്‍ സീക്വന്‍സുകളാണ്. മലയാളത്തിന്റെ സ്‌ക്രീനില്‍ ആദ്യമായി കാണുന്ന ടാങ്ക് ഫൈറ്റും തുടര്‍ന്ന് വരുന്ന, രാത്രി തുടങ്ങി പ്രഭാതം വരെ നീളുന്ന പ്രധാന യുദ്ധരംഗങ്ങളും. സുജിത്ത് വാസുദേവ് എന്ന ഛായാഗ്രാഹകന്റെ മികവിന്റെ അടയാളമാണ് ഈ രംഗങ്ങള്‍. ടാങ്ക് ഫൈറ്റിന്റെ ഹെലിക്യാം ഷോട്ടുകള്‍ ഒരു കാഴ്ച തന്നെയാണ്. സിനിമയില്‍ ക്ലൈമൈക്‌സിലേക്കെത്തുംവരെയുള്ള രംഗങ്ങള്‍ തിരക്കഥയുടെ ബലമില്ലായ്മയും അതിനെ എടുത്ത് കാട്ടുന്ന എഡിറ്റിംഗും കൂടി ചേര്‍ന്ന് അവിയല്‍ പരുവത്തിലാണ്. പക്ഷേ അന്ത്യത്തിലെ യുദ്ധരംഗങ്ങളുടെ ഛായാഗ്രഹണത്തോടൊപ്പം എഡിറ്റിംഗും നന്നായി. എന്നാല്‍ സിനിമയുടെ മൊത്തത്തിലുള്ള നിലവാരമില്ലായ്മയില്‍നിന്ന്, സുജിത്ത് ബുദ്ധിമുട്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ക്കും മോചനമില്ല. ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതമാണ് ഇവിടെ വില്ലന്‍. ഛായാഗ്രഹണ മികവിനാല്‍ ഏറ്റവും ചുരുങ്ങിയത് ഇന്ത്യന്‍ നിലവാരമെങ്കിലുമുള്ള സീക്വന്‍സിനെ ഒരു പാര്‍ട്ടിക്ക് പാട്ടുകള്‍ മാറ്റിമാറ്റി പ്ലേ ചെയ്യുന്ന ലാഘവത്തോടെ തീര്‍ത്തും അരോചകമാക്കി മാറ്റിയിട്ടുണ്ട്‌ ഗോപി സുന്ദര്‍.

മേജര്‍ സഹദേവനായി മോഹന്‍ലാല്‍ നന്നായിട്ടുണ്ട്. ലാലിലെ നടന് വെല്ലുവിളി ഉയര്‍ത്തുന്ന വേഷമൊന്നുമല്ലെങ്കിലും ഇത്തരം കഥാപാത്രങ്ങളോടുള്ള അദ്ദേഹത്തിന്റെ ആവേശം സ്‌ക്രീനില്‍ കാണാം. മൂന്ന് ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ സ്‌ക്രീനിലെത്തുന്നത്. സഹദേവന്റെയും മഹാദേവന്റെയും ചെറുപ്പത്തിലും സഹദേവന്റെ പ്രായമുള്ള ലുക്കിലും. ഒപ്പം 'നായകസങ്കല്‍പങ്ങളുടെ പൂര്‍ണകാല'ത്തെ മോഹന്‍ലാല്‍ നൊസ്റ്റാള്‍ജിയയെ താലോലിക്കാന്‍ ആരാധകര്‍ക്കുവേണ്ടിയുള്ള മുണ്ടുടുത്ത് മീശ പിരിച്ച ഗേറ്റപ്പിലും. പ്രായമായ സഹദേവന്‍ ചെറുചലനങ്ങളിലൂടെ അനായാസം അടയാളപ്പെടുത്തുമ്പോള്‍ യുദ്ധരംഗത്തെ സഹദേവനെ എല്ലാ ഊര്‍ജ്ജത്തോടെയും സ്‌ക്രീനിലെത്തിച്ചിട്ടുണ്ട് മോഹന്‍ലാല്‍. ചിത്രത്തിലെ ശ്രദ്ധേയമായ മറ്റൊരു കാസ്റ്റിംഗ് പാകിസ്താന്‍ പട്ടാള ഉദ്യോഗസ്ഥന്‍ റാണാ ഷെരീഫായി ബോളിവുഡ് താരം അരുണോദയ് സിങ്ങിന്റേതാണ്. തിരക്കഥയില്‍ മോഹന്‍ലാലിന് തുല്യം നില്‍ക്കുന്ന കഥാപാത്രത്തെ വിശ്വസനീയമായി അവതരിപ്പിക്കാനായി അരുണോദയിന്. മഹാദേവന്‍ സ്‌ക്രീനിലെത്തുമ്പോള്‍ സ്ഥിരമുണ്ടാവാറുള്ള 'പ്രിയങ്കരനായ യുവ സഹപ്രവര്‍ത്തകനെ' ഇക്കുറി അവതരിപ്പിച്ചത് അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരീഷാണ്. ഏറെയൊന്നും ചെയ്യാനില്ലെങ്കിലും കൗതുകമുള്ള കാസ്റ്റിംഗ് മോശമാക്കിയില്ല സിരീഷ്.

അതിര്‍ത്തിക്കിരുപുറവും നേര്‍ക്കുനേര്‍ തോക്കേന്തുന്ന പട്ടാളക്കാര്‍ പരസ്പരം വില്ലന്മാരല്ലെന്നും യഥാര്‍ഥവില്ലന്‍ ഇക്കാര്യത്തില്‍ അവരെ അങ്ങോട്ടയച്ച ഭരണകൂടങ്ങളാണെന്നുമാണ് മേജര്‍ രവി പറഞ്ഞുവെക്കുന്നത്. അധികാരത്തിലിരിക്കുന്നവരുടെ യുദ്ധക്കൊതിയെക്കുറിച്ചൊക്കെയുള്ള പരാമര്‍ശങ്ങള്‍ 71ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. തന്റെ ശത്രുവിനെ സ്വയം നിശ്ചയിക്കാത്ത പട്ടാളക്കാരന്റെ ജീവിതം സാര്‍വജനീയമെങ്കിലും സംവിധായകന് പറയാനുള്ളതെല്ലാം പ്രധാന കഥാപാത്രം മേജര്‍ സഹദേവനിലൂടെ രണ്ട് മണിക്കൂര്‍ 14 മിനിറ്റെടുത്ത് പറഞ്ഞുതീര്‍ക്കുന്നു എന്നതിലാണ് '1971'ന്റെ പരാജയം. നിലവാരമുള്ള ഒരു യുദ്ധചിത്രം ഒരുക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍, മലയാളത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ലഭ്യമാക്കിയിട്ടും തന്റെ പക്കലുള്ള ആശയം സിനിമാരൂപത്തിലേക്ക് മാറ്റുന്നലില്‍ മേജര്‍ രവി പരാജയപ്പെട്ടു. പറയാനുള്ളത് ഇത്തരത്തില്‍ പറയാനായിരുന്നെങ്കില്‍ ഒരു പുസ്തകമെഴുതിയാല്‍ മതിയായിരുന്നു. സിനിമയ്ക്ക് ഇത് പോര!