എബി :

ആകാശത്തിന്റെ അതിര് 

February 24, 2017, 8:48 pm
ആകാശത്തിന്റെ അതിര് 
Movie Reviews
Movie Reviews
ആകാശത്തിന്റെ അതിര് 

എബി :

ആകാശത്തിന്റെ അതിര് 

Movie Rating

★★★★★ ★★★★★

ചുറ്റുപാടുകള്‍ ഉയര്‍ത്തുന്ന പ്രതിബന്ധങ്ങള്‍ക്കിടെ ഏതോ ലക്ഷ്യത്തിലൂന്നിയ മിഴികളുമായി എന്നെങ്കിലും അത് സാധ്യമായിക്കാണാന്‍വേണ്ടി മാത്രം ജീവിക്കുന്ന കഥാപാത്രങ്ങള്‍. പ്രതിഭയുടെ ദംശനത്താല്‍ സമൂഹത്തിന്റെ ശരാശരിയില്‍ സ്വയം തളയ്ക്കാനാവാതെ ഉഴറുന്നവര്‍. ലക്ഷ്യസാധ്യത്തിലോ പരാജയത്തിലോ എത്തുന്ന അവരുടെ ജീവിതത്തിന്റെ സഞ്ചാരവഴികള്‍ സിനിമ എന്ന മാധ്യമത്തിന്റെ എക്കാലത്തെയും ഇഷ്ടവിഷയമാണ്. മറ്റ് ഭാഷകളിലെന്നപോലെ മലയാളത്തിലുമെത്തിയിട്ടുണ്ട് അത്തരം മനുഷ്യരും അവരുടെ കഥകളും. പക്ഷേ അത്തരം കഥകള്‍ മലയാളത്തില്‍ എത്തുമ്പോള്‍ മറ്റേത് ഷോണറുകളിലും (genre) സംഭവിക്കുന്നതുപോലുള്ള അപകടമുണ്ട്. കഥാപാത്രത്തെയും എന്തിനോടെങ്കിലുമുള്ള അയാളുടെ/ അവളുടെ തീവ്രാഭിനിവേശത്തെയും പരിചയപ്പെടുത്തിയതിന് ശേഷം സ്വപ്‌നം സ്വപ്‌നത്തിന്റെ വഴിക്കുപോകും. സിനിമ സ്ഥിരം ക്ലീഷേകളിലൂടെ അതിന്റെ വഴിക്കും. പ്രധാന പ്രമേയത്തിന്റെ കാമ്പെല്ലാം ചോര്‍ത്തിക്കളയുംമട്ടില്‍ ഉപകഥകളെ അവിടെയുമിവിടെയും കൂട്ടിെേക്കട്ടി കരിമലകയറ്റംപോലെ എങ്ങനെയോ ഉന്തിത്തള്ളി ക്ലൈമാക്‌സില്‍ എത്തിക്കും. സര്‍വ്വം ശുഭം, തീര്‍ന്നു കഥ! പക്ഷേ ആ വലിയ അപകടത്തില്‍പ്പെടാതെ 'എബി'യെ രക്ഷിച്ച് നിര്‍ത്തുന്നു നവാഗതനായ ശ്രീകാന്ത് മുരളി.

ജന്മനാ ബധിരനും മൂകനുമെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന കുട്ടിക്കാലമാണ് ഹൈറേഞ്ചുകാരനായ 'എബി'യുടേത്. ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്‌നംകാണുന്ന അവന്റെ ഏറ്റവും വലിയ ആഗ്രഹം പക്ഷികളെപ്പോലെ പറക്കാനാണ്. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കൊപ്പം സ്‌പെഷ്യല്‍ സ്‌കൂളില്‍ വിദ്യാഭ്യാസമാരംഭിക്കുന്ന കുഞ്ഞ് എബിയുടെ വേറിട്ട അഭിരുചി പതിയെ തിരിച്ചറിയപ്പെടുന്നു. അമ്മയുടെ ശവസംസ്‌കാരദിവസം 'അമ്മ' എന്ന് ആദ്യമായി വിളിച്ച് സംസാരശേഷി നേടുന്നുവെങ്കിലും ആരോടും ഏറെയൊന്നും പറയാനില്ല അവന്, മുതിരുമ്പോഴും. മറിച്ച് തന്നെ ഒട്ടുമേ തിരിച്ചറിയാത്ത അച്ഛനും അല്‍പമൊക്കെ തിരിച്ചറിയുന്ന ചിലര്‍ക്കുമിടയില്‍ പറക്കണമെന്നുള്ള അടങ്ങാത്ത ആഗ്രഹത്തിന് ചിറക് മുളപ്പിക്കാനുള്ള ശ്രമത്തിലാണ് അയാള്‍.

വസുദേവ് എന്ന കുട്ടിനടന്റെ രൂപത്തിലാണ് 'എബി'യെ നാം ആദ്യം കാണുന്നത്. കാഴ്ചയിലെ ഓമനത്തത്തിനപ്പുറത്ത് 'പ്രതിഭ' ഉള്ളിലൊളിഞ്ഞിരിക്കുന്ന, എന്തൊക്കെയോ വ്യത്യസ്തതകളുള്ള കുട്ടിയായി വസുദേവിനെ സ്‌ക്രീനില്‍ അവതരിപ്പിക്കുമ്പോള്‍ സംവിധായകന് ആ കഥാപാത്രത്തെ സംബന്ധിച്ച് ഏറെ വിശദീകരണങ്ങളിലേക്ക് പോകേണ്ട കാര്യമില്ല. വൈകാരികതയുടെ പിരിമുറുക്കമുള്ള രംഗങ്ങളില്‍പോലും ഈ കുഞ്ഞ് നടന്‍ മികച്ച് നിന്നു.

മുതിര്‍ന്ന 'എബി'യെ അവതരിപ്പിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ഇത്രയും വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രത്തെ വിനീത് ഇതുവരെ സ്‌ക്രീനില്‍ അവതരിപ്പിച്ചിട്ടില്ല. കഥാപാത്രത്തിന്റെ സവിശേഷതകള്‍ക്ക് പുറമെ നിര്‍ത്താതെയുള്ള സംഭാഷണങ്ങളുടെ അഭാവവും. 'എബി' ആരാണെന്ന, വസുദേവ് അവതരിപ്പിച്ച അല്‍പം ദൈര്‍ഘ്യമുള്ള കുട്ടിക്കാലത്തിന് ശേഷമാണ് വിനീത് സ്‌ക്രീനിലെത്തുന്നത്. 'എബി'യാവാന്‍ വിനീതിന്റെ ഭാഗത്തുനിന്ന് ആത്മാര്‍ഥമായ ശ്രമമുണ്ടെങ്കിലും വസുദേവിലൂടെത്തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അതിനകം മനസിലാക്കിക്കഴിഞ്ഞ കാണിക്ക് വിനീതിന്റെ രൂപത്തില്‍ 'എബി'യെ സ്വീകരിക്കാന്‍ തുടക്കത്തില്‍ ബുദ്ധിമുട്ടുണ്ട്. രചനയിലും സംവിധാനത്തിലും മികവറിയിക്കുന്നതെന്ന് ആദ്യമേ തോന്നലുണര്‍ത്തുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്റേത് ഒരു മിസ്‌കാസ്റ്റിംഗ് ആകുമോ എന്ന് ആശങ്കപ്പെടുത്തുന്നെങ്കിലും ഏറെനേരത്തേക്ക് നീളുന്നില്ല അത്. മുന്നോട്ടുപോക്കില്‍ വിനീതില്‍ 'എബി'യെ കണ്ടെത്താനാവുന്നുണ്ട് കാണിക്ക്. 'എബി' ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ക്ക് ഉള്ളും വ്യക്തിത്വവും പകര്‍ന്നുള്ള സന്തോഷ് ഏച്ചിക്കാനത്തിന്റെ രചനയ്ക്കാണ് അതില്‍ പകുതി മാര്‍ക്ക്. ഒരു തരത്തില്‍ വലിയ വെല്ലുവിളിക്ക് മുന്നില്‍പ്പെട്ട വിനീത് ശ്രീനിവാസനിലെ നടന്റെ പരിമിതികളെ ഒരു ഘട്ടം പിന്നിടുമ്പോള്‍ അതിലംഘിച്ച് പറക്കുകയാണ് 'എബി' എന്ന കഥാപാത്രം.

ക്ലീഷേകളില്‍ മുങ്ങിമരിക്കാറുള്ള മലയാളത്തിലെ വ്യത്യസ്ത ഷോണറുകളെക്കുറിച്ച് സൂചിപ്പിച്ചു. അത്തരം കുഴികളിലൊന്നും വീഴ്ത്താതെ 'എബി'യുടെ സ്വപ്‌നത്തെയും ഒപ്പം സിനിമയെയും വിരസമാക്കാതെ മുന്നോട്ട് നയിക്കുന്നത് സന്തോഷ് ഏച്ചിക്കാനത്തിന്റെ രചനയാണ്. പ്രധാന കഥാപാത്രത്തിന്റെ പറക്കാനുള്ള ആഗ്രഹം എന്ന കേന്ദ്രപ്രമേയത്തിലുള്ള ഫോക്കസ് ഒരിക്കല്‍പ്പോലും നഷ്ടപ്പെടുന്നില്ല. വിരസത കൂടാതെ സ്വാഭാവികതയോടെ മുന്നോട്ടുകൊണ്ടുപോകാനാവുന്നതിനാല്‍ അനാവശ്യ ഉപകഥകള്‍ കൂട്ടിച്ചേര്‍ക്കേണ്ടതായും വരുന്നില്ല. ഹൈറേഞ്ചിലെ ഗ്രാമീണപശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. എബിയുടെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമൊക്കെയായി ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളുണ്ട് സിനിമയില്‍. 'എന്റര്‍ടെയ്ന്‍മെന്റി'ന് വേണ്ടിയുള്ള 'സിനിമാറ്റിക്ക് ഏച്ചുകെട്ടലുകള്‍' കുറവാണ്. 'എബി'യേക്കാള്‍ സംഭാഷണപ്രിയരാണ് മറ്റ് കഥാപാത്രങ്ങളെങ്കിലും തീയേറ്ററുകളിലെ ആരവങ്ങള്‍ മാത്രം ലക്ഷ്യമാക്കി അവരിലാരെയും അസ്ഥാനത്ത് സംസാരിപ്പിച്ചിട്ടില്ല തിരക്കഥാകൃത്തും സംവിധായകനും. 'എബി'യുടെ അച്ഛനെപ്പോലെ ('ബേബിച്ചന്‍'- സുധീര്‍ കരമന)യുള്ള കഥാപാത്രങ്ങള്‍ക്ക് വളര്‍ച്ചയുണ്ട്. കഥാപാത്രങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകള്‍, വ്യത്യസ്ത സന്ദര്‍ഭങ്ങളിലെ പരസ്പരസംഭാഷണങ്ങള്‍ വൈകാരിക സത്യസന്ധതയുള്ളതും ഏച്ചുകെട്ടല്‍ തോന്നിപ്പിക്കാത്തതുമാണ്. ഹൈറേഞ്ച് ആണ് പശ്ചാത്തലമെങ്കില്‍ ഗ്രാമീണരായ കഥാപാത്രങ്ങളെക്കൊണ്ട് മുട്ടിനുമുട്ടിന് മണ്ടത്തരം പറയിച്ച് തമാശയുണ്ടാക്കുന്നത് മലയാളത്തിലെ സ്ഥിരം രീതിയാണ്. അതും ഇവിടെ ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

പ്രാധാന്യമുള്ളതും അല്ലാത്തതുമായ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത് അനുയോജ്യരായ നടീനടന്മാരാണ്. സുധീര്‍ കരമന, 'എബി'യുടെ അമ്മയെ അവതരിപ്പിച്ച വിനീത കോശി, പരാജയം മറക്കാന്‍ മദ്യത്തില്‍ അഭയംതേടുന്ന എയര്‍ക്രാഫ്റ്റ് ഡിസൈനറെ അവതരിപ്പിച്ച ബോളിവുഡ് താരം മനീഷ് ചൗധരി, 'എബി'യുടെ കൂട്ടുകാരിയായെത്തിയ മറീന മൈക്കിള്‍, സുരാജ് വെഞ്ഞാറമ്മൂടിന്റെ കെഎസ്ഇബി ഉദ്യോഗസ്ഥന്‍, അവസാനം പൊലീസായി എത്തുന്ന സംവിധായകന്‍ ദിലീഷ് പോത്തന്‍ എന്നിവരൊക്കെ കഥാപാത്രങ്ങളായി ബോധ്യപ്പടുത്തി. അജു വര്‍ഗീസ് ഇത്തവണയും നായകന്റെ കൂട്ടുകാരനാണെങ്കിലും മിതത്വമുള്ള അഭിനയത്തിലൂടെയും ശരീരഭാഷയിലെ ചെറുവ്യത്യാസങ്ങള്‍ കൊണ്ടും 'കുഞ്ഞൂട്ടനെ' രസകരമാക്കി അദ്ദേഹം.

ദൃശ്യപരമായി മികവും ഒപ്പം മിതത്വവും പുലര്‍ത്തുന്നുണ്ട് 'എബി'. സുധീര്‍ സുരേന്ദ്രനാണ് ഡയറക്ടര്‍ ഓഫ് ഫൊട്ടോഗ്രഫി. പറക്കാനാഗ്രഹിക്കുന്നയാളാണ് ടൈറ്റില്‍ കഥാപാത്രമെങ്കിലും ഹെലിക്യാം ഷോട്ടുകളുടെ ധാരാളിത്തമൊന്നും കാണിച്ച് സിനിമയുടെ ഉള്ളടക്കത്തെ മറിച്ചിടുന്നില്ല ദൃശ്യഭാഷ.

എന്ത് പറയാന്‍ തീരുമാനിച്ച് എത്തുന്ന കഥാപാത്രങ്ങളെയും ആവര്‍ത്തനത്താല്‍ മടുപ്പനുഭവിപ്പിക്കുന്ന സ്ഥിരം വൈകാരികതാ സമവാക്യങ്ങളുടെ തെങ്ങില്‍ കൊണ്ടുക്കെട്ടി അവസാനം പറയാന്‍വന്നത് മറക്കുക ഭൂരിഭാഗം മലയാളസിനിമകളുടെയും രീതിയാണ്. പറയുന്നത്, പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കുന്ന ഒരു പ്രതിഭയുടെ കഥയാണെങ്കിലും പെട്ടുപോകാവുന്ന സ്ഥിരം ക്ലീഷേകളില്‍നിന്ന് അകലം പുലര്‍ത്തുന്നു 'എബി'. ടൈറ്റില്‍ കഥാപാത്രത്തിന്റെ ആഗ്രഹത്തിനൊപ്പംതന്നെ ആദ്യാവസാനം നില്‍ക്കുകയാണ് സിനിമയും. ബോറടിപ്പിക്കാത്ത ഒരു കാഴ്ചയ്ക്ക് ക്ഷണിക്കുകയാണ് ശ്രീകാന്ത് മുരളിയുടെ ആദ്യചിത്രം.