അച്ചായന്‍സ് :

ചിരിയുടെ ചീട്ടുകൊട്ടാരം 

May 20, 2017, 11:14 am
ചിരിയുടെ ചീട്ടുകൊട്ടാരം 
Movie Reviews
Movie Reviews
ചിരിയുടെ ചീട്ടുകൊട്ടാരം 

അച്ചായന്‍സ് :

ചിരിയുടെ ചീട്ടുകൊട്ടാരം 

Movie Rating

★★★★★ ★★★★★

മലയാളത്തിന്റെ തിരശ്ശീലയില്‍ ആണ്‍മയുടെ ആഘോഷങ്ങളുമായെത്തി, വലിയ വിജയം നേടിയ അനേകം നായകന്മാര്‍ ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ നിന്നുള്ളവരായിരുന്നു. കുടിയേറ്റക്കാരായ പൂര്‍വ്വികരുള്ള, നന്നായി മദ്യപിച്ചാലും കാലുറയ്ക്കുന്ന, അല്‍പസ്വല്‍പം തല്ലുകൊള്ളിത്തരമുണ്ടെങ്കിലും സ്നേഹിക്കാന്‍ കൊള്ളാവുന്ന, തറവാടിന്റെയോ സ്ഥലത്തിന്റെയോ പേരില്‍ കൂട്ടി വിളിക്കപ്പെടുന്ന നായകന്മാര്‍ നിര്‍മ്മാതാക്കളെയും സംവിധായകരെയും സംബന്ധിച്ച് തുറുപ്പുചീട്ട് ആയിരുന്നു ഒരുകാലത്ത്. കോട്ടയം കുഞ്ഞച്ചനും ആടുതോമയും ആനക്കാട്ടില്‍ ചാക്കോച്ചിയുമടക്കം പില്‍ക്കാലത്ത് കള്‍ട്ട് ഫോളോവിംഗ് തന്നെ നേടിയവര്‍ അക്കൂട്ടത്തിലുണ്ടെങ്കില്‍ കാമ്പും കഴമ്പും തീരെയില്ലാത്ത കഥാപശ്ചാത്തലത്തില്‍ കെട്ടിയിറക്കിയ 'അച്ചായന്മാരെ' പ്രേക്ഷകര്‍ നിഷ്‌കരുണം തള്ളിക്കളഞ്ഞിട്ടുമുണ്ട്. സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കോടുകൂടിയ പുതിയ ഓണ്‍ സ്‌ക്രീന്‍ ഇമേജില്‍ ജയറാമിനെ നായകനാക്കി, ഏറെക്കാലത്തിന് ശേഷം അദ്ദേഹത്തിനൊരു ബോക്‌സ്ഓഫീസ് വിജയം നേടിക്കൊടുത്ത (ആടുപുലിയാട്ടം) കണ്ണന്‍ താമരക്കുളം 'അച്ചായന്‍സു'മായി വരുമ്പോള്‍ പലകാലങ്ങളില്‍ വിജയംകണ്ട ആ ആണത്ത-ആഘോഷ ചേരുവയുടെ ആവര്‍ത്തനം എന്നായിരുന്നു മുന്‍വിധി. 'സെലിബ്രേഷന്‍സ് അണ്‍ലിമിറ്റഡ്' എന്ന ടാഗ്‌ലൈന്‍ ആ മുന്‍വിധിയെ ഇരട്ടിപ്പിച്ചു.

അച്ചായന്‍സ്‌ 
അച്ചായന്‍സ്‌ 

ജയറാമിന്റെ അച്ചായനും 'തറവാട്ടുകാരനാ'ണ്. കൊച്ചിയിലെ പേരുള്ള തറവാടുകളിലൊന്നായ തോട്ടത്തില്‍ വീട്ടിലെ മൂന്ന് ആണ്‍മക്കളില്‍ മൂത്തവനാണ് റോയ്. സാഹസികത, മദ്യത്തോടുള്ള ആസക്തി, തല്ല് കിട്ടിയാല്‍ തിരിച്ചുകൊടുക്കുന്ന സ്വഭാവം തുടങ്ങി തിരശ്ശീലയിലെ 'അച്ചായന്മാര്‍'ക്ക് ഒഴിച്ചുകൂടാനാവാത്ത സ്വഭാവവിശേഷങ്ങളൊക്കെയുണ്ട്. അവതരിപ്പിക്കുന്നത് ജയറാം ആയതിനാല്‍ ഇടയ്ക്ക് ചില നേരമ്പോക്കുകളൊക്കെ കാട്ടാന്‍ റോയിക്ക് 'ഹീറോയിസം' ഒരു ഭാരമല്ലെന്ന് മാത്രം. മദ്യപാനത്തിന്റെയും അരാജകജീവിതത്തിന്റെയും കാര്യത്തില്‍ ചേട്ടനെ തോല്‍പ്പിക്കുന്ന അനിയനാണ് ഉണ്ണി മുകുന്ദന്റെ ടോണി തോട്ടത്തില്‍. എബി തോട്ടത്തില്‍ എന്ന മൂന്നാമത്തെ 'അച്ചായനെ' അവതരിപ്പിച്ചിരിക്കുന്നത് ആദില്‍ ഇബ്രാഹിമാണ്. അച്ചായന്മാരുടെ എന്ത് കാര്യത്തിനും ഒപ്പമുള്ള അടുത്ത സുഹൃത്താണ് സഞ്ജു ശിവറാം അവതരിപ്പിച്ചിരിക്കുന്ന റാഫി.

കുടുംബസുഹൃത്ത് ജെസീക്ക (ശിവദ)യുമായുള്ള ടോണിയുടെ വിവാഹത്തെക്കുറിച്ചുള്ള ആലോചനകളിലും തയ്യാറെടുപ്പുകളിലുമാണ് ചിത്രത്തിന്റെ ആരംഭം. വിവാഹത്തിന്റെ അന്തരീക്ഷവും ഒപ്പം തുടക്കം മുതലുള്ള മദ്യപാനരംഗങ്ങളും ലാല്‍ ജൂനിയര്‍ ചിത്രം 'ഹണീ ബീ 2'വിനെ പെട്ടെന്ന് ഓര്‍മ്മയിലെത്തിക്കും.

ജയറാം, ഉണ്ണി മുകുന്ദന്‍ 
ജയറാം, ഉണ്ണി മുകുന്ദന്‍ 

ധ്യാനകേന്ദ്രത്തിലെ പുരോഹിതന്റെ വേഷത്തില്‍ രമേശ് പിഷാരടിയെ കാണുമ്പോള്‍ 'സെലിബ്രേഷന്‍സി'നുവേണ്ട വകുപ്പുകള്‍ സംവിധായകനായ കണ്ണന്‍ താമരക്കുളം അവിടെ നിന്നുതന്നെ കണ്ടെത്തുമെന്ന് കരുതുന്നെങ്കില്‍ തെറ്റി. ആഘോഷങ്ങള്‍ 'അണ്‍ലിമിറ്റഡ്' ആവേണ്ടതുള്ളതിനാല്‍ ധ്യാനകേന്ദ്രത്തിലെത്തി ഏറെ വൈകുംമുന്‍പ് 'അച്ചായന്മാര്‍'ക്ക് മുന്നില്‍ പുറത്തേക്കുള്ള വാതില്‍ തുറന്നിടുകയാണ് സംവിധായകന്‍. ടോണിയുടെ വിവാഹം വരെയുള്ള ദിനങ്ങളില്‍ ആഘോഷം മാത്രം ലക്ഷ്യമാക്കി ധ്യാനകേന്ദ്രം വിടുന്ന 'അച്ചായന്മാര്‍'ക്ക് വഴിയില്‍ പരിചയപ്പെടേണ്ടിവരുന്ന രണ്ട് യുവതികളും (അമലപോളിന്റെ 'റീത്ത'യും അനു സിത്താരയുടെ 'പ്രയാഗ'യും) അവര്‍മൂലം നേരിടേണ്ടിവരുന്ന ചില അപ്രതീക്ഷിത സംഭവങ്ങളും വഴി ഒരു കുറ്റാന്വേഷണത്തിലേക്കും സിനിമയെ എത്തിക്കുകയാണ് തിരക്കഥാകൃത്തും (സേതു) സംവിധായകനും ചേര്‍ന്ന്.

കഥാപാത്രങ്ങളുടെ 'ആഘോഷങ്ങള്‍'ക്ക് വേണ്ട പശ്ചാത്തലമെന്ന തരത്തില്‍ മാത്രം കഥ മെനഞ്ഞ 'എന്റര്‍ടെയ്നറുകള്‍' മുന്‍പും ഉണ്ടായിട്ടുണ്ട് (ഉദാഹരണം ചേട്ടായീസ്, ഹണിബീ പോലുള്ള ചിത്രങ്ങള്‍). 'ആടുപുലിയാട്ട'ത്തിലൂടെ ജയറാമിനെത്തന്നെ നായകനാക്കി ബോക്സ്ഓഫീസ് വിജയം നേടിയ സംവിധായകന്‍ എന്ന നിലയില്‍, പുതിയ ചിത്രം ചെയ്യാന്‍ ലഭിച്ച വലിയ ക്യാന്‍വാസിനാല്‍ കണ്ണന്‍ താമരക്കുളത്തിന് വഴിതെറ്റിപ്പോയ സിനിമ പോലെയാണ് 'അച്ചായന്‍സി'ന്റെ കാഴ്ചാനുഭവം. വലുതാക്കി കുളമായിപ്പോയ സിനിമയെന്ന് പച്ചമലയാളത്തില്‍ പറയാം.

'അണ്‍ലിമിറ്റഡ് ആഘോഷ' ശ്രമങ്ങളില്‍ നിന്ന് കുറ്റാന്വേഷണത്തിലേക്ക് ഗിയര്‍ മാറ്റിയുള്ള മുന്നോട്ടുപോക്കില്‍ സംവിധായകന്റെ പക്കല്‍ സ്റ്റിയറിംഗ് സുരക്ഷിതമല്ല. നര്‍മ്മത്തിന്റെ കുത്തൊഴുക്കില്‍ ആരംഭിച്ച് പിന്നീട് ഒരു കുറ്റകൃത്യത്തിലേക്കോ കുറ്റാന്വേഷണത്തിലേക്കോ വഴിമാറുന്ന സിനിമകള്‍ മുന്‍പുമുണ്ട്. പശ്ചാത്തലം ഗൗരവപൂര്‍ണമാവുമ്പോഴും സ്വന്തം നിസ്സഹായതയാല്‍ ചിരിയുണര്‍ത്തുന്ന കഥാപാത്രങ്ങളുള്ള സിനിമകളും അത്രനേരവും ചിരിയുണര്‍ത്തിയ കഥാപാത്രങ്ങളും ഗൗരവക്കാരാവുന്ന സിനിമകളും അക്കൂട്ടത്തിലുണ്ട്. കുറ്റാന്വേഷണ എപ്പിസോഡുകള്‍ക്കിടെ ചില പുതുകഥാപാത്രങ്ങളെ അവതരിപ്പിച്ച് ചിരിയുണര്‍ത്താനുള്ള ശ്രമമുണ്ടെങ്കില്‍, ശരിക്കും തമാശയാവുന്നത് സംവിധായകന്‍ ഗൗരവത്തോടെ അവതരിപ്പിക്കുന്ന കുറ്റാന്വേഷണം തന്നെയാണ്.

പ്രകാശ് രാജ്, ജയറാം 
പ്രകാശ് രാജ്, ജയറാം 

പ്രകാശ് രാജ് അവതരിപ്പിച്ചിരിക്കുന്ന പാതി തമിഴനും പാതി മലയാളിയുമായ 'ഇന്‍സ്പെക്ടര്‍ കാര്‍ത്തി'യാണ് കുറ്റാന്വേഷണത്തിന്റെ ബുദ്ധികേന്ദ്രം. കേസന്വേഷണങ്ങളുടെ ബേജാറിനിടെ സ്വയം തണുക്കാന്‍ ജഗതി ശ്രീകുമാറിന്റെ രംഗങ്ങള്‍ കാണാറുണ്ടെന്ന് അവകാശപ്പെടുന്ന ഇന്‍സ്‌പെക്ടറെ പ്രകാശ് രാജിന്റെ രൂപത്തില്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ കൗതുകമുണ്ടെങ്കിലും സിനിമ അവസാനിക്കുമ്പോള്‍ അതൊരു 'മിസ്‌കാസ്റ്റാ'യാണ് അനുഭവപ്പെടുന്നത്. സംവിധായകന്‍ ഉദ്ദേശിക്കാത്ത ചിരികള്‍ ഉണര്‍ത്തിയത് പ്രധാനമായും ആ കഥാപാത്രമാണ്. പ്രകാശ് രാജ് തന്നെയാണ് മലയാളത്തില്‍ ചിത്രത്തിന് ഡബ്ബ് ചെയ്തിരിക്കുന്നത്. രണ്ടാംപകുതിയില്‍ ഇടയ്ക്കിടെ തന്റെ പഴയ മാധ്യമമായ ടെലിവിഷന്‍ സീരിയലിലേക്ക് കണ്ണന്‍ താമരക്കുളം മടങ്ങിപ്പോകുന്നതുപോലെ തോന്നിപ്പിക്കുന്ന രംഗങ്ങളുണ്ട്. അതീവലളിതമായി, നിഷ്‌കളങ്കമെന്ന് പറയാവുന്ന തരത്തിലാണ് സിനിമയിലെ കുറ്റാന്വേഷണം. അതിനിടെയാണ് 'കടിച്ചാല്‍ പൊട്ടാത്ത' മലയാളത്തില്‍ എന്തോ വലിയ കണ്ടെത്തലുകളെന്ന മട്ടില്‍ പ്രകാശ് രാജിന്റെ ഇന്‍സ്പെക്ടര്‍ വന്നുനിന്ന് അന്വേഷണത്തിലെ ഓരോരോ ട്വിസ്റ്റുകള്‍ അവതരിപ്പിക്കുന്നത്.

'അച്ചായന്‍സ്' എന്നപേരില്‍ 'ആണ്‍മയുടെ ആഘോഷ' ലേബലില്‍ എത്തിയ സിനിമയില്‍ അത്തരം ചിത്രങ്ങളില്‍ 'ഒഴിച്ചുകൂടാനാവാത്ത' സ്ത്രീവിരുദ്ധ ദ്വയാര്‍ഥപ്രയോഗങ്ങളൊക്കെയുണ്ട്. പക്ഷേ സിനിമ അടിമുടി ആണ്‍മയുടെ ആഘോഷങ്ങളില്‍ മുങ്ങിനിവരുന്ന ഒന്നല്ലെന്നും ആദ്യപകുതിയ്ക്ക് ശേഷം കഥ മുന്നോട്ടുപോകുന്നത് 'നായകന്മാരേ'ക്കാള്‍ രണ്ട് സ്ത്രീകഥാപാത്രങ്ങളുടെ ചുമലിലേറിയാണെന്നതും കൗതുകം. സ്വവര്‍ഗാനുരാഗത്തിന്റെ അടിയൊഴുക്കുകളുണ്ടെന്ന് സൂചന നല്‍കുമ്പൊഴും 'കുടുംബപ്രേക്ഷകര്‍' എന്ത്കരുതുമെന്ന് ചിന്തിച്ച് അതങ്ങ് തുറന്നുപറയാന്‍ മടികാട്ടുകയാണ് സിനിമ. മൂന്നാം ലിംഗാവസ്ഥയോ സ്വവര്‍ഗ്ഗലൈംഗികതയോ വളര്‍ത്തുദോഷമോ സഹവാസം മൂലമുണ്ടാകുന്ന സ്വഭാവദൂഷ്യമോ രോഗാവസ്ഥയോ ആയി അവതരിപ്പിക്കാനാണ് ഈ തിരക്കഥാകൃത്തുക്കള്‍ ഇപ്പോഴും ശ്രമിക്കുന്നത്. തിരശ്ശീലയില്‍ ഏറെ ആഘോഷിക്കപ്പെട്ട 'അച്ചായന്‍-യുഎസ്പി' പേരില്‍ത്തന്നെ വഹിച്ചെത്തിയ, 'മാസ് മസാല'യെന്നൊക്കെയുള്ള ടാഗിലുള്ളതെന്ന് പ്രീറിലീസ് പരസ്യങ്ങളിലൂടെ വിളംബരം ചെയ്ത ഒരു ചിത്രം സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കി എന്നതുതന്നെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്, സിനിമ മോശമാണെങ്കിലും.

ജയറാം 
ജയറാം 

കഥാസന്ദര്‍ഭങ്ങളില്‍ കൃത്രിമത്വം മുഴച്ചുനില്‍ക്കുമ്പോള്‍ത്തന്നെ ചില അഭിനേതാക്കള്‍ തങ്ങളുടെ മികവടയാളം പതിപ്പിച്ചിട്ട് പോകും. അടുത്തിടെ തന്നിലെ നടനെ പ്രകടമാക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്ന സിദ്ദിഖിന് 'അച്ചായന്‍സി'ലും വേഷമുണ്ട്. അമല പോള്‍ അവതരിപ്പിക്കുന്ന 'റീത്ത'യുടെ അച്ഛന്‍, മുന്‍ നാവികോദ്യോഗസ്ഥനായ 'ഫെര്‍ണാണ്ടസാ'ണ് സിദ്ദിഖ്. സിനിമ അപ്പാടെ നിരാശപ്പെടുത്തി നില്‍ക്കുമ്പോള്‍, ബലമില്ലാത്ത തിരക്കഥയിലെ ഒരു രംഗം സിദ്ദിഖിലെ നടന്‍ സ്‌ക്രീനിലെത്തി ഞൊടിയിടയ്ക്കുള്ളില്‍ ഭാവോജ്വലമാക്കുന്നു. അദ്ദേഹത്തിലെ നടനെ 'പരീക്ഷിക്കുന്ന' കനപ്പെട്ട പലതും തേടിയെത്തട്ടെയെന്ന് ആഗ്രഹിക്കുന്നു. അമല പോളിന്റേത് ഒരു ക്ലീഷേ ടോംബോയ് കഥാപാത്രമാണെങ്കിലും അവരത് നന്നായി അവതരിപ്പിച്ചിട്ടുണ്ട്. 'രാമന്റെ ഏദന്‍തോട്ട'ത്തില്‍ മാലിനിയായ അനു സിത്താരയുടെ പ്രയാഗയും കൊള്ളാം. സംഭാഷണങ്ങള്‍ കുറവായ കഥാപാത്രത്തെ അനു വൃത്തിയായി സ്‌ക്രീനിലെത്തിച്ചു. സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ സ്‌റ്റൈലിഷായി പ്രത്യക്ഷപ്പെടുകയല്ലാതെ ജയറാമിന് കാര്യമായൊന്നും ചെയ്യാനില്ലാത്ത ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെയും പുതിയ താരപരിവേഷത്തെ നന്നായി ഉപയോഗിച്ചിട്ടുണ്ട്. അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള കഥാപാത്രമൊന്നുമല്ലെങ്കിലും ഉണ്ണി ഒരു നടനെന്ന നിലയില്‍ മെച്ചപ്പെട്ടുതുടങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുവെന്നത് മറ്റൊരു കൗതുകം.

പ്രദീപ് നായരുടെ ഛായാഗ്രഹണം 'ഒന്നുമില്ലായ്മ'യ്ക്കിടയിലും ദൃശ്യപരമായി സിനിമയെ കണ്ടിരിക്കാവുന്നതാക്കിയിട്ടുണ്ട്. രതീഷ് വേഗയുടേതാണ് പാട്ടുകള്‍. പശ്ചാത്തലസംഗീതം ഗോപി സുന്ദറിന്റേതും. ആദ്യ ഫ്രെയിം മുതല്‍ (വിശേഷിച്ചും ആദ്യപകുതിയില്‍) അതിവേഗതയിലാണ് 'അച്ചായന്‍സി'ന്റെ ദൃശ്യഭാഷ. പ്രേക്ഷകരെ ചിന്തിക്കാനനുവദിക്കാത്ത രീതിയില്‍ ചടുലവേഗമുള്ള ദൃശ്യങ്ങളും സംഭാഷണമില്ലാത്തപ്പോഴെല്ലാം ഉച്ചസ്ഥായിയിലുള്ള പശ്ചാത്തലസംഗീതവും സംവിധായകര്‍ സാധാരണ ഉപയോഗിക്കുന്നത് 'ലോജിക്കില്ലാ സിനിമകള്‍' ഒരുക്കുമ്പോഴാണ്. കഥപറച്ചിലില്‍ ഇഴയടുപ്പമില്ലെങ്കിലും മികച്ച താരനിര ഉള്‍പ്പെടെയുള്ള കാരണങ്ങള്‍കൊണ്ട് 'ലോജിക്കില്ലായ്മ' മുഴച്ചുനില്‍ക്കാത്തപ്പൊഴും അത്തരമൊരു ദൃശ്യഭാഷയാണ് കണ്ണന്‍ താമരക്കുളം ഉപയോഗിച്ചിരിക്കുന്നത്. അതിനുതക്കത് എന്നല്ലാതെ സംഗീതവിഭാഗത്തെക്കുറിച്ച് ഒന്നും പറയാനില്ല.

അച്ചായന്‍സ് 
അച്ചായന്‍സ് 

പ്രീ-റിലീസ് പരസ്യങ്ങളിലൂടെ വാഗ്ദാനം നല്‍കിയതെന്തോ, അത് പാലിക്കാന്‍ കഴിയുന്നില്ല 'അച്ചായന്‍സി'ന്. മൂന്നാംചിത്രത്തില്‍ ലഭിച്ച താരതമ്യേന വലിയ ക്യാന്‍വാസിനെ ഉപയോഗപ്പെടുത്താനായില്ല കണ്ണന്‍ താമരക്കുളത്തിന്. നായകന്മാര്‍ 'അതിരില്ലാത്ത ആഘോഷങ്ങളി'ല്‍ ഏര്‍പ്പെടുമ്പോള്‍ ഇതില്‍ 'രസം' എവിടെയെന്ന് തിരഞ്ഞ് സ്‌ക്രീനിലേക്ക് നോക്കി മിഴിച്ചിരിക്കാനാണ് പ്രേക്ഷകരുടെ നിയോഗം.