അലമാര :

വിരസതയുടെ താക്കോല്‍ 

March 19, 2017, 4:19 pm
വിരസതയുടെ താക്കോല്‍ 
Movie Reviews
Movie Reviews
വിരസതയുടെ താക്കോല്‍ 

അലമാര :

വിരസതയുടെ താക്കോല്‍ 

Movie Rating

★★★★★ ★★★★★

കരിയറിലെ ആദ്യ ഹിറ്റ് 'ആന്‍മരിയ' പുറത്തിറങ്ങി ഏഴ് മാസം പിന്നിടുമ്പോഴാണ് സണ്ണി വെയ്‌നിനെത്തന്നെ നായകനാക്കി 'അലമാര'യുമായി മിഥുന്‍ മാനുവല്‍ തോമസിന്റെ വരവ്. വിവാഹശേഷം അടുക്കളകാണല്‍ ചടങ്ങിന്റെ ഭാഗമായി പെണ്‍വീട്ടുകാര്‍ വരന്റെ വീട്ടിലെത്തിക്കുന്ന അലമാരയാണ് ചിത്രത്തിന്റെ ടൈറ്റിലില്‍ ഇടംപിടിച്ചിരിക്കുന്നത്. പൊങ്ങച്ച പ്രദര്‍ശനത്തിനായി പലപ്പൊഴും ഉപയോഗിക്കപ്പെടുന്ന ഈ 'വിവാഹസമ്മാനം' എങ്ങനെ നവദമ്പതികളുടെ സ്വാസ്ഥ്യം കെടുത്തുന്ന ഒരൊഴിയാബാധയായി മാറുന്നുവെന്നാണ് നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കാന്‍ സംവിധായകന്റെ ശ്രമം.

വിവാഹത്തെക്കുറിച്ചുള്ള ഒരു ആക്ഷേപഹാസ്യമായിരിക്കും 'അലമാര'യെന്നും കാലികപ്രസക്തമായ കുറെ കാര്യങ്ങള്‍ ഇതില്‍ കടന്നുവരുമെന്നും ചിത്രത്തിന്റെ പ്രഖ്യാപനവേളയില്‍ മിഥുന്‍ പറഞ്ഞിരുന്നു. ചിന്തയെ പാട്ടിനുവിടാത്ത ചിരിയുമായെത്തിയ 'ആന്‍മരിയ'യുടെയും തീയേറ്ററുകളില്‍ കൈയൊഴിയപ്പെട്ടെങ്കിലും ടൊറന്റും ഡിവിഡിയും വഴി ആരാധകരെ സൃഷ്ടിച്ച 'ഷാജി പാപ്പന്റെ'യും സംവിധായകന്‍ വിവാഹത്തെ ആസ്പദമാക്കി ഒരു ആക്ഷേപഹാസ്യം ചമയ്ക്കുന്നതില്‍ ഒരു കൗതുകമുണ്ടായിരുന്നു. പക്ഷേ ആസ്വാദകരുമായുള്ള അകലം കുറച്ച 'ആന്‍മരിയ'ക്ക് ശേഷം തീയേറ്ററുകളിലെത്തുന്ന മിഥുന്‍ മാനുവല്‍ തോമസിന്റെ 'അലമാര' നിരാശയാണ് സമ്മാനിക്കുക.

ബംഗളൂരുവില്‍ ബാങ്കുദ്യോഗസ്ഥനായി ജോലി ചെയ്യുന്ന അരുണാണ് സണ്ണി വെയ്ന്‍. പെണ്ണുകാണല്‍ ചടങ്ങ് നാല്‍പത്തിയേഴ് തവണ ആവര്‍ത്തിച്ചതിന് ശേഷം നിശ്ചയിച്ചുറപ്പിച്ച നായകന്റെ വിവാഹം മുടങ്ങിപ്പോകുന്നിടത്താണ് സിനിമയുടെ ആരംഭം. സുവിന്‍ എന്ന സുഹൃത്തിനുവേണ്ടി (അജു വര്‍ഗീസ്) കാണാന്‍പോകുന്ന പെണ്‍കുട്ടി അവിചാരിതമായി സ്വന്തം ജീവിതസഖിയാവുന്നതിനൊപ്പമാണ് അരുണിന്റെ ജീവിതത്തിലേക്ക് ടൈറ്റില്‍ കഥാപാത്രമായ 'അലമാര'യും കടന്നുവരുന്നത്.

രണ്ട് വ്യക്തികളുടെ സഹജീവനമെന്നതിലുപരി രണ്ട് കുടുംബങ്ങളുടെ അഭിമാനപ്രശ്‌നമായി മാറുന്ന വിവാഹങ്ങളെക്കുറിച്ചുള്ള ആക്ഷേപഹാസ്യമാണ് സംവിധായകന്‍ ഉദ്ദേശിച്ചതെങ്കില്‍, സ്‌ക്രീനില്‍ കാണാനാവുക ടെലിവിഷന്‍ സീരിയലുകളെ അനുസ്മരിപ്പിക്കുന്ന ഒന്നാണ്. 'ഇവരെന്താ ഇങ്ങനെ പെരുമാറുന്നത്, സംസാരിക്കുന്നത്' എന്നൊക്കെ കഥാപാത്രങ്ങളെക്കുറിച്ച് സാധാരണ തോന്നുക ടെലിവിഷന്‍ സീരിയലുകള്‍ കാണുമ്പോഴാണ്. പരസ്പരമുള്ള 'കലഹിക്കല്‍' എപ്പിസോഡുകള്‍തോറും നിര്‍ബന്ധമായ കലയായതിനാല്‍ എന്തിന് 'ഇങ്ങനെയെല്ലാം പറയുന്നു' എന്നതിന് 'തിരക്കഥാകൃത്ത് എഴുതിയതുകൊണ്ട്' എന്ന് മാത്രമാവും ആ പാവം സീരിയല്‍ കഥാപാത്രങ്ങളുടെയൊക്കെയും ഉത്തരം. വിവാഹസമ്മാനമായി വരന്റെ വീട്ടിലേക്കെത്തുന്ന അലമാരയില്‍ ഊന്നി ഒരു ആക്ഷേപഹാസ്യം എന്നത് കൗതുകമുള്ള ചിന്തയാണെങ്കിലും തിരക്കഥാകാരന്റെ ഭാവനാദാരിദ്ര്യമാണ് സിനിമയിലുടനീളം കാണാനാവുക. അഥവാ രസമുള്ള ഈ ചിന്തയെ ഒരു സിനിമാരൂപത്തിലേക്ക് വിടര്‍ത്താന്‍ സൃഷ്ടാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. പിന്നിലിട്ട കലണ്ടര്‍ മറച്ചിരിക്കുന്നതിനാല്‍, എട്ടാള്‍ ഒന്നിച്ചുതാങ്ങിയാലും പൊങ്ങാത്ത കൂറ്റന്‍ അലമാര ഉടന്‍ മാറ്റണമെന്ന് ഭര്‍ത്താവിനോട് വാശിപിടിക്കുന്ന നായകന്റെ അമ്മയും (സീമ ജി.നായര്‍) അതിന് ശ്രമിക്കുമ്പോള്‍ ആണികൊണ്ട് കൈമുറിയുന്ന അച്ഛനുമൊക്കെ (രണ്‍ജി പണിക്കര്‍) ബിഗ് സ്‌ക്രീനിനേക്കാള്‍ മിനി സ്‌ക്രീനിലാവും കൂടുതല്‍ യോജിക്കുക.

നായകന്റെ അച്ഛനും അമ്മയും മാത്രമല്ല, സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ കടന്നുവരുന്ന രംഗങ്ങളിലെല്ലാം ഒരേപോലെ പെരുമാറുന്ന മറ്റ് കഥാപാത്രങ്ങളും സിനിമ മുന്നോട്ടുകൊണ്ടുപോകണമെന്ന ഒറ്റ ഉദ്ദേശത്തില്‍ ഒരു അലമാരയുടെ പേരില്‍ വാശിപിടിക്കുന്നതുപോലെയാണ് കണ്ടിരിക്കുമ്പോള്‍ തോന്നുക. 'അമ്മായിഅമ്മ-നാത്തൂന്‍' മട്ടിലുള്ള പോരുകള്‍ക്ക് സദാ സന്നദ്ധരായ വധൂവരന്മാരുടെ അമ്മമാര്‍ കാക്കത്തൊള്ളായിരംവട്ടം ആവര്‍ത്തിച്ചതാണെങ്കിലും കണ്ടില്ലെന്ന് നടിക്കാം. പക്ഷേ ബംഗളൂരുവില്‍ ബാങ്കുദ്യോഗസ്ഥയായ, പുതുതലമുറയില്‍പ്പെട്ട നായികയും പാതിരാത്രിയില്‍ ഭര്‍ത്താവിന്റെ വീട്ടിലിരിക്കുന്ന അലമാരയാല്‍ ഉറക്കം നഷ്ടപ്പെട്ട് അയാളെ വിളിച്ചുണര്‍ത്തുന്നതില്‍ അസ്വാഭാവികതയുടെ ഏച്ചുകെട്ടലല്ലാതെ എന്താണുള്ളത്?

സണ്ണി വെയ്‌നിന് നായകനെന്ന നിലയില്‍ ഒരു സോളോ ഹിറ്റ് ആദ്യമായി നേടിക്കൊടുത്ത ചിത്രമായിരുന്നു 'ആന്‍മരിയ കലിപ്പിലാണ്'. അലമാരയിലെ വിവാഹാന്വേഷിയായ യുവ ബാങ്കറായി തെറ്റ് പറയാനില്ലാത്ത കാസ്റ്റിംഗാണ് സണ്ണിയുടേത്. സണ്ണിയിലെ നടനെ ആയാസപ്പെടുത്തുന്നതൊന്നുമില്ലാത്ത കഥാപാത്രത്തെ ഏതെങ്കിലും തരത്തില്‍ അടയാളപ്പെടുത്തുന്ന പ്രകടനമില്ല. അതേസമയം സ്‌ക്രീനില്‍ മടുപ്പിക്കാത്ത നായകസാന്നിധ്യമാകുന്നുമുണ്ട് സണ്ണി വെയ്ന്‍. സിനിമയിലെ കൗതുകമുണര്‍ത്തുന്ന രണ്ട് കാസ്റ്റിംഗുകള്‍ ഇന്ദ്രന്‍സിന്റെയും മണികണ്ഠന്റെയുമാണ്. ശ്രീരാമ ഷെട്ടി എന്ന അധോലോകനേതാവായി വേറിട്ട മേക്കോവറിലാണ് ഇന്ദ്രന്‍സ് എത്തുന്നത്. നായകസംഘത്തിന്റെ ആദ്യത്തെ അടിയില്‍ തിരിച്ചുതല്ലാന്‍ നില്‍ക്കാതെ സംഘാംഗങ്ങളോടൊപ്പം സ്ഥലംവിടുന്ന ഷെട്ടി വില്ലന്മാരുടെ സ്പൂഫ് ആണെന്നാണ് ആദ്യം തോന്നുക. പക്ഷേ പിറ്റേന്ന് മുതല്‍ തല്ല് കൊണ്ട തന്റെ സംഘത്തോടൊപ്പം സാധാരണ വില്ലന്മാരെപ്പോലെ പക തീര്‍ക്കാനിറങ്ങുകയും അതില്‍ ഏറെക്കുറെ വിജയിക്കുകയുമാണ് ഷെട്ടി. കമ്മട്ടിപ്പാടം മണികണ്ഠന്‍ അഭിനയിച്ചതില്‍ സ്‌ക്രീനിലെത്തുന്ന മൂന്നാമത്തെ കഥാപാത്രമാണ് നായകകഥാപാത്രത്തിന്റെ മാമന്‍. കൈയില്‍ കിട്ടിയതിനെ പൊലിപ്പിച്ചെങ്കിലും കഥാപാത്രത്തെക്കുറിച്ച് പൂര്‍ണ ബോധ്യമാവാതെ നില്‍ക്കുന്ന ഒരു മികച്ച നടനെ കാണാം 'മാമനി'ല്‍. മക്കളുടെ തോളില്‍ കൈയിടുകയും ഒരു സുഹൃത്തിനെപ്പോലെ അവരോട് സംസാരിക്കുകയും ചെയ്യുന്ന സ്ഥിരം അച്ഛന്‍ വേഷങ്ങളില്‍ നിന്ന് വ്യത്യസ്തതയുള്ളതാണ് രണ്‍ജി പണിക്കരുടെ അച്ഛന്‍ ഇത്തവണ. ഭാര്യയുടെ പുരികക്കൊടിക്കനുസരിച്ച് ചലിക്കുന്ന കാരിക്കേച്ചര്‍ സ്വഭാവത്തിലുള്ള കഥാപാത്രം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന സമയത്ത് രസിപ്പിക്കുമെങ്കിലും കടന്നുവരുന്ന രംഗങ്ങളിലെല്ലാം ഒരേ കാര്യങ്ങള്‍ മാത്രം പറഞ്ഞ് ബോറടിപ്പിക്കുന്നുമുണ്ട്.

സമീപകാലത്ത് സോഷ്യല്‍മീഡിയയില്‍, വിശേഷിച്ച് ട്രോള്‍ പേജുകള്‍ വഴി ജനകീയമായ ചില കഥാപാത്രങ്ങളെയും സംഭാഷണങ്ങളുമൊക്കെ അതേപടി പകര്‍ത്തിവച്ചിട്ടുണ്ട് മിഥുന്‍ മാനുവല്‍. ആക്ഷന്‍ ഹീറോ ബിജുവില്‍ സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തവേ തുറന്നുചിരിച്ച ചേച്ചിമാര്‍ കൂട്ടംതെറ്റാതെ ഒരുമിച്ച് തന്നെയുണ്ട് ഇവിടെയും. മണികണ്ഠനെക്കൊണ്ട് 'കൈയടിക്കെടാ' എന്ന് വീണ്ടും പറയിച്ചങ്കെില്‍ മഹേഷിന്റെ പ്രതികാരത്തില്‍ കരാട്ടെ പഠിക്കാനെത്തിയ വിജിലേഷിനെക്കൊണ്ട് അതിലെ മഹേഷിനെപ്പോലെ 'ചിന്‍ അപ്' പറയിച്ചിട്ടുണ്ട്.

'അലമാര'യിലെ പല രംഗങ്ങളും ഉദ്ദേശിച്ച ചിരിയുണര്‍ത്താതെ പോകുന്നതിനും സിനിമ തന്നെ സംവിധായകന്റെ കൈയില്‍നിന്നും വഴുതിയതിനും പ്രധാന കാരണമായി തോന്നുന്ന മറ്റൊന്നുമുണ്ട്. രണ്‍ജി പണിക്കരുടെയും ഇന്ദ്രന്‍സിന്റെയും മാത്രമല്ല, മറ്റ് പല കഥാപാത്രങ്ങളെയും കാരിക്കേച്ചര്‍ സ്വഭാവത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്. പക്ഷേ അവരുടെയൊക്കെ അവതരണം മലയാളത്തിലെ മുഖ്യധാരയില്‍ ഇപ്പോള്‍ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന റിയലിസ്റ്റിക് സമീപനത്തിലും. കഥാപാത്രങ്ങള്‍ക്ക് പറയാനുള്ള സംഭാഷണങ്ങള്‍ കാരിക്കേച്ചര്‍ കോമിക് സ്വഭാവത്തിലാവുമ്പോള്‍ അതവര്‍ പറയേണ്ടിവരുന്നത് സിനിമയുടെ റിയലിസ്റ്റിക് ദൃശ്യഭാഷയില്‍ നിന്നുകൊണ്ടുമാണ്. ഇവ രണ്ടും ചേര്‍ന്ന് കഥാപാത്രങ്ങളുടെ പരസ്പരമുള്ള ഇടപെടലുകളിലൊക്കെ ഉണ്ടാക്കുന്ന ഒരു സംഘര്‍ഷമുണ്ട് . ഒരു ആക്ഷേപഹാസ്യചിത്രം (അങ്ങനെയല്ല സ്‌ക്രീനില്‍ വന്നിരിക്കുന്നതെങ്കിലും) ആവശ്യപ്പെടുന്ന മീറ്ററിലല്ല മുന്നോട്ടുപോകുന്നത് എന്നതാണ് ഉദ്ദേശിച്ചത് നടപ്പാകാതെ പോയതിന് ഒരു കാരണം.

ആശയത്തില്‍ കാമ്പും കൗതുകവുമുണ്ടാവുകയും എന്നാല്‍ സ്‌ക്രീനിലെത്തുമ്പോള്‍ അമ്പേ നിരാശപ്പെടുത്തുകയും ചെയ്യുന്ന സിനിമകളുടെ കൂട്ടത്തിലാണ് അലമാരയുടെ സ്ഥാനം. 'ആന്‍മരിയ'യുടെ വിജയം നല്‍കിയ അമിതാത്മവിശ്വാസത്താല്‍ മിഥുന്‍ മാനുവല്‍ തോമസ് വേണ്ടത്ര തയ്യാറെടുപ്പില്ലാതെ ചെയ്ത സിനിമ പോലെയും തോന്നുന്നുണ്ട് അലമാര കണ്ടിറങ്ങുമ്പോള്‍.