അങ്കമാലി ഡയറീസ് :

ഹൃദ്യതയുടെ താളവും താളുകളും

March 3, 2017, 3:52 pm


ഹൃദ്യതയുടെ താളവും താളുകളും
Movie Reviews
Movie Reviews


ഹൃദ്യതയുടെ താളവും താളുകളും

അങ്കമാലി ഡയറീസ് :

ഹൃദ്യതയുടെ താളവും താളുകളും

Movie Rating

★★★★★ ★★★★★

പ്രേക്ഷകര്‍ സ്വീകരിക്കാതെ പോയ പരീക്ഷണ സിനിമയ്ക്ക് ശേഷവും സാഹസികമായ മറ്റൊരു പരീക്ഷണത്തിനുള്ള ധൈര്യം. വന്‍ ബജറ്റും മുന്‍നിര താരങ്ങളും മുഖമായിരുന്ന സിനിമയില്‍ നിന്ന് 86 പുതുമുഖ അഭിനേതാക്കളുടെ സിനിമ. ഒരേതരം ഫോര്‍മുലകളില്‍ നിന്ന് ഒരിക്കലും പുറത്ത് കടക്കാന്‍ ധൈര്യപ്പെടാത്ത ഭൂരിപക്ഷത്തിനിടയില്‍ നിന്നാണ് പതിവ് ആസ്വാദന ശീലങ്ങളെ പരിലാളിക്കാതെ സമീപനത്തിലും അവതരണത്തിലുമെല്ലാം അടിമുടി പൊളിച്ചെഴുത്തിന് മുതിരാന്‍ ലിജോ ജോസ് പെല്ലിശേരി തയ്യാറായത്. അങ്കമാലി ഡയറീസ് മലയാള സിനിമയിലെ മിടുക്കുള്ള മാറ്റത്തെയാണ് കുറിച്ചിട്ടത്. ഈ ഡയറിയുടെ താളുകളിലോരോന്നിലും തുടര്‍ന്നങ്ങോട്ട് നമ്മുടെ കാഴ്ചകളെ അമ്പരപ്പിക്കാന്‍ പോന്ന പ്രതിഭകളുടെ പേരുകളുണ്ട്. സര്‍വ്വമേഖലയിലും ലിജോ പെല്ലിശേരി എന്ന പ്രതിഭയുടെ കയ്യടയാളം പതിഞ്ഞിട്ടുമുണ്ട്. മലയാളത്തിലെ മികച്ച സ്വഭാവ നടന്‍മാരിലൊരാളായ ചെമ്പന്‍ വിനോദ് ജോസാണ് അങ്കമാലി ഡയറീസിന്റെ രചയിതാവ്. ചെമ്പന് ഇത് സ്വന്തം നാടിന്റെ കഥ കൂടിയാണ്.അങ്കമാലി ഡയറീസ്
അങ്കമാലി ഡയറീസ്

കേരളത്തിലെ മിക്ക പ്രദേശങ്ങള്‍ക്കും ആ നാടിന്റേതായ തനത് ജീവിതശൈലിയോ സ്വഭാവമോ സവിഷേതകളോ കാണും. അത്തരം സവിഷേതകളിലൂടെ അങ്കമാലിക്ക് മാത്രം ചിരപരിചിതമായ ചില ശീലങ്ങളിലൂടെ കുറേ സാധാരണക്കാരുടെ ജീവിതം പറയുകയാണ് അങ്കമാലി ഡയറീസ്. പള്ളിയും പെരുന്നാളും പോര്‍ക്ക് കച്ചവടവുമായി ജീവിക്കുന്ന തനിക്ക് പരിചയമുള്ള നാടിന്റെ, നാട്ടുകാരുടെ കഥയെന്നാണ് ചെമ്പനും അങ്കമാലി ഡയറീസിനെ വിശേഷിപ്പിച്ചത്. ആ അര്‍ത്ഥത്തില്‍ ചെമ്പന്റെ ഡയറിക്കുറിപ്പുകള്‍ കൂടിയാവാം സിനിമ. പുറമേയുള്ളവര്‍ക്ക് ഒരു മൈല്‍ക്കുറ്റിയിലോ റെയില്‍വേ സ്‌റ്റേഷന്‍ ബോര്‍ഡിലോ കടകളുടെ ബോര്‍ഡുകളിലോ പരിചിതമായ ഇടമാണ് അങ്കമാലി. അങ്കമാലിയെ ആദ്യം പരിചയപ്പെടുത്തിയാണ് സിനിമയുടെ തുടക്കം. മൊണ്ടാഷുകള്‍ക്ക് പകരം കഥ സംഭവിക്കുന്നവരിലൂടെ ആ നാടിന്റെ സവിഷേതകളെയും കൗതുങ്ങളെയും കഥയുടെ സ്വാഭാവിക വികാസത്തിനൊപ്പം അനാവരണം ചെയ്യുന്നു. കഥാപാത്രങ്ങളുടെ അഭിനയത്തിലും കഥ പറച്ചിലിലും റിയലിസ്റ്റിക് പരിചരണം നടത്തി ആസ്വാദ്യകരമാകുംവിധം സിനിമാറ്റിക് വളവുതിരിവുകള്‍ക്കൊപ്പം മുന്നേറുന്നതാണ് അങ്കമാലി ഡയറീസിന്റെ ഘടന. ആമേനിലേതുപോലെ ബ്ലാക്ക് ഹ്യൂമറും സറ്റയര്‍ സാധ്യതയുമെല്ലാം ഉള്‍ച്ചേര്‍ന്നതാണ് കഥ പറച്ചില്‍. എടുത്തുപറയാനൊരു കഥ അങ്കമാലി ഡയറീസിന് ഇല്ല. സിനിമയിലും ജീവിതത്തിലുമൊക്കെ പലകുറി ആവര്‍ത്തിക്കപ്പെട്ടതോ കണ്ടുകഴിഞ്ഞതോ ആയ കഥകളെ/സംഭവങ്ങളെ വശ്യമാര്‍ന്ന റിയലിസ്റ്റിക് പരിചരണത്താല്‍ അങ്ങേയറ്റം ആസ്വാദ്യകരമാക്കിയിരിക്കുകയാണ് ലിജോ പെല്ലിശേരി. ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനും സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ളയും കഥ പറച്ചില്‍ ഹൃദ്യവും സംഗീതാര്‍ദ്രവും രസകരവുമാക്കുന്നതില്‍ സംവിധായകനൊപ്പം തോള്‍ചേര്‍ന്നുനിന്നിട്ടുണ്ട്.

പുതുമുഖ താരം ആന്റണി വര്‍ഗീസ് അവതരിപ്പിക്കുന്ന വിന്‍സെന്റ് പെപ്പെയാണ് കഥ പറയുന്നത്. പെപ്പെയാണ് നായകന്‍. എന്നാല്‍ കഥ മുന്നേറുമ്പോള്‍ ഈ നായകനില്‍ നിന്ന് കൂട്ടുകാരനിലേക്കും കൂട്ടുകാരിലേക്കും നാട്ടുകാരിലേക്കും പെരുകി ഒടുക്കം അങ്കമാലിയിലെ എത്രയോ സാധാരണ മനുഷ്യരുടെ അസാധാരണ ജീവിതത്തിന്റെ കുറിപ്പടിയാകുന്നുണ്ട് അങ്കമാലി ഡയറീസ്. കഥ നായകനിലെത്തി നില്‍ക്കുന്ന ഒരു ഫഌഷ് ബാക്കില്‍ നിന്നാണ് സിനിമയുടെ തുടക്കം. കൂലിത്തല്ലും പന്തുകളിയും പോര്‍ക്ക് കച്ചവടവും പ്രണയവും പ്രതികാരവും പള്ളിപ്പെരുന്നാളും അങ്ങനെ ചെറുതും വലുതുമായ ജീവിതമുഹൂര്‍ത്തങ്ങളുടെ പെരുന്നാള്‍ പ്രദക്ഷിണം. തല്ല് കൊടുത്തും കൊണ്ടും കൊന്നും മുന്നേറുന്ന നായകന്‍മാരും പ്രതിനായകന്‍മാരും. നായക, വില്ലന്‍ വേഷത്തിനപ്പുറം സാഹചര്യം ജീവിതത്തെയും വിധിയെയും നിശ്ചയിച്ചപ്പോള്‍ അതിനൊപ്പം തോട്ടയെടുത്തും കത്തിയെടുത്തും ഓടിയ കുറേ നിഷ്‌കളങ്കരും നിസ്സാരരുമായ മനുഷ്യരായി ഒടുക്കം അവര്‍ മാറുന്നുണ്ട്. നായകത്വത്തിനും വില്ലത്തത്തിനും വരെയുണ്ട് ഊഴം.അങ്കമാലി ഡയറീസ്
അങ്കമാലി ഡയറീസ്

തരത്തിനൊത്ത്, ജീവിതസാഹചര്യത്തിനൊത്ത്, അതിജീവനത്തിനായി ഓരോ വേഷമണിയുന്ന കുറേ മനുഷ്യര്‍. ക്രൗര്യവും ദുഷ്ടതയുമൊക്കെ സാഹചര്യം അവരില്‍ സൃഷ്ടിക്കുന്ന വികാരങ്ങള്‍ മാത്രമാണ്. ലിജോ പെല്ലിശേരിയുടെ ആമേന്‍ തീര്‍ത്തും ഫാന്റസി ട്രാക്കിലായിരുന്നുവെങ്കില്‍ ഇവിടെ റിയലിസ്റ്റിക് അവതരണത്തില്‍ നിന്ന് വ്യതിചലിക്കുന്നില്ല സംവിധായകന്‍. എന്നാല്‍ അവതരണത്തിലെ ഹൃദ്യത കൊണ്ടും ലാളിത്യം കൊണ്ടും ലിജോയുടെ അഞ്ച് സിനിമകളില്‍ ആമേനോട് അടുപ്പമുള്ളതാണ് അങ്കമാലി ഡയറീസ്.

എപ്പിസോഡിക് സ്വഭാവത്തില്‍ വിന്‍സെന്റ് പെപ്പെയുടെയും കൂട്ടുകാരുടെയും അതുവഴി നാട്ടുകാരുടെയും നാടിന്റെയും ജീവിതത്തിലുണ്ടായ സംഭവവികാസങ്ങളിലൂടെയാണ് സിനിമ നീങ്ങുന്നത്. വിന്‍സെന്റ് പെപ്പെയുടെ കുട്ടിക്കാലത്ത് തുടങ്ങുന്ന ആദ്യപകുതി പ്രധാനമായും അയാള്‍ക്ക് ചുറ്റുമുള്ളവരെയും അവര്‍ക്കിടയില്‍ രൂപപ്പെട്ട ആത്മബന്ധത്തിന്റെയും വിവരണമാണ്. കഥാപാത്രങ്ങളുടെ രൂപത്തിലും ചലനത്തിലും ഇടപെടലിലും ജീവിതരീതിയിലുമെല്ലാം സംവിധായകന്‍ അങ്കമാലിയുടെ സ്വഭാവ വ്യാഖ്യാനം നടത്തുന്നു. ഓരോ മനുഷ്യരും ഓരോ പ്രത്യേകതകളാല്‍ സവിശേഷതയുള്ളവരാകുന്നു. കഥ മുന്നോട്ട് പോകുമ്പോള്‍ പെപ്പെ അവരുടെ ജീവിതത്തിലും അവര്‍ പെപ്പെയുടെ ജീവിതത്തിലും പല തരത്തില്‍ ഇടപെടുന്നു. അറവുകാരന്റെ കൂടത്തിന് കീഴില്‍ ജീവിതം തീരുന്ന പന്നിക്കൂട്ടത്തിനും അരയില്‍ കത്തിയും തോക്കും തിരുകി ജീവിതവുമായി ഓടുന്നവര്‍ക്കും ഒരേ നിസഹായതയില്‍ അവസാനിക്കുന്ന ജീവിതമാണെന്ന് പറയാതെ പറയുന്നുണ്ട് സംവിധാകന്‍. ജീവിതം കയ്യില്‍പ്പിടിച്ചുള്ള അവരുടെ ഓട്ടത്തില്‍ പന്നി ഫാമിലെ പന്നികളുടെ മരണവെപ്രാളവും പിടച്ചിലും പശ്ചാത്തല സംഗീതമായും കടന്നുവരുന്നത് കാണാം.അങ്കമാലി ഡയറീസ്
അങ്കമാലി ഡയറീസ്

കുട്ടനാട്ടിലൊരുക്കിയ കുമരങ്കരി എന്ന കാല്‍പ്പനിക ഗ്രാമത്തില്‍ നിന്ന് ആമേന്‍ കഥ പറഞ്ഞത് പക്കാ ഫാന്റസി മൂഡിലായിരുന്നു. പഴകി മുനയും മൂര്‍ച്ചയും പോയ ഒരു കഥയായിരുന്നിട്ടും ഭ്രമാത്മകതയുടെ കെട്ടുവള്ളമൂന്നി പുതിയ കരയിലെത്തിച്ചിടത്താണ് ആമേന്‍ കാഴ്ചയില്‍ മതിവരാത്ത അതുല്യാനുഭവമായത്. പുണ്യാളന്റെ പേരിലുള്ള ബാന്‍ഡ് ആമേന്‍ എന്ന ചിത്രത്തിന് ശ്വാസതാളമായത് പോലെ അങ്കമാലി ഡയറീസിലും സംഗീതത്തിന് നിര്‍ണായകത്വമുണ്ട്. കുറേക്കൂടി ശബ്ദമുഖരിതമായ കഥാസന്ദര്‍ഭങ്ങളില്‍ സംഗീതം പുറമേക്കല്ല അകമേ അലിഞ്ഞുചേര്‍ന്നിരിക്കുകയാണ്. പോര്‍ക്കും മനുഷ്യനും കത്തിക്കിരയാകുമ്പോഴും തോട്ടയും കത്തിയും തോക്കുമായി ഓടുമ്പോഴും പാതിരായ്ക്ക് പ്രണയം പറയുമ്പോഴും പള്ളിപ്പെരുന്നാള് കൂടുമ്പോഴും ബാന്‍ഡും ചെണ്ടയും ഡ്രംസും സാക്‌സഫോണും പശ്ചാത്തലമാകുന്നുണ്ട്. വിദേശ സിനിമകളില്‍ നിന്ന് കട്ടുകടത്തിയോ അനുകരണപതിപ്പ് തീര്‍ത്തോ താല്‍ക്കാലിക കേള്‍വിസുഖത്തിനപ്പുറം നിലനില്‍പ്പില്ലാത്ത പശ്ചാത്തല സംഗീതമൊരുക്കുന്നവര്‍ക്കിടയില്‍ പ്രശാന്ത് പിള്ള മലയാളം ഇനിയെങ്കിലും ആഘോഷിക്കേണ്ട സംഗീത സംവിധായകനാണ്. സിനിമയുടെ ഭാവാന്തരീക്ഷം ഹൃദ്യമാക്കുന്നതില്‍, ഒരു പടി ഉയര്‍ത്തുന്നതില്‍ ഈ സംഗീതസംവിധായകന് നിര്‍ണായക റോള്‍ ഉണ്ട്. ശബ്ദസംവിധാനം നിര്‍വഹിച്ച രംഗനാഥ് രവിയും അങ്കമാലി ജീവിതത്തെ യഥാതഥമായി അനുഭവിക്കുന്നതിന് വലിയ തോതില്‍ സഹായിച്ചു.

തമിഴിലെ നവനിര സിനിമകള്‍ റിയലിസ്റ്റിക് അവതരണത്താലും ദൃശ്യശൈലിയില്‍ നടത്തുന്ന പരീക്ഷണത്താലും ശ്രദ്ധ നേടുമ്പോള്‍ മലയാളത്തില്‍ മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം തുടങ്ങിയ മികവാര്‍ന്ന പരീക്ഷണവിജയങ്ങള്‍ അപൂര്‍വ്വമായാണ് സംഭവിക്കുന്നത്. അത്തരം ധീരശ്രമങ്ങള്‍ക്കുള്ള തുടര്‍ച്ചയാകുന്നുണ്ട് അങ്കമാലി ഡയറീസ്.അങ്കമാലി ഡയറീസ്
അങ്കമാലി ഡയറീസ്

രാജീവ് രവിയുടെ കമ്മട്ടിപാടം എന്ന ചിത്രം വയലന്‍സിനെ ഗ്രാമ-നഗര അന്തരീക്ഷത്തില്‍ ഒരു തീം എന്ന നിലയില്‍ രാജീവ് രവി മനോഹരമായി വികസിപ്പിച്ചിരുന്നു. അങ്കമാലിയിലെ ആണ്‍കൂട്ടം, ക്രിമിനല്‍ പ്രവൃത്തികളിലേക്ക് അവര്‍ എടുത്തെറിയപ്പെടുന്ന സാഹചര്യം അവരുടെ അതിജീവനം എന്നീ നിലകളില്‍ കമ്മട്ടിപ്പാടത്തില്‍ നിന്ന് വ്യത്യസ്ഥമായാണ് സിനിമ വയലന്‍സിനെയും കുറ്റകൃത്യങ്ങളെ തെരഞ്ഞെടുക്കുന്ന മനുഷ്യരെയും നിര്‍വചിക്കുന്നത്. കമ്മട്ടിപ്പാടത്തിലെ ഹിംസയും കുറ്റകൃത്യവ്യാഖ്യാനവും പുറമ്പോക്കുകാരന്റെ ചെറുത്തുനില്‍പ്പും അതിജീവനശ്രമങ്ങളുടെയും ഭാഗമായിരുന്നു. അങ്കമാലി ഡയറീസില്‍ എത്തുമ്പോള്‍ വയലന്‍സ് ഉപജീവനമാണ്. നിലനില്‍പ്പിനായി പരസ്പരം വെട്ടിവീഴ്ത്തുമ്പോഴും വീരത്വത്തെക്കാള്‍ ഭീരുത്വമുള്ള വെറും മനുഷ്യരാണ് ഇവരെന്ന് കമ്മട്ടിപ്പാടത്തിനൊപ്പം അങ്കമാലി ഡയറീസും പറയുന്നുണ്ട്. യു ക്ലാമ്പ് രാജനും അപ്പാനി രവിയെയുമൊക്കെ പ്രതിനായകരായി നിലനിര്‍ത്തുമ്പോഴും ജീവിതത്തോടും സഹജീവികളോടുമുള്ള അവരുടെ സമീപനത്തില്‍ പൊതുബോധ വിധികളെ പിന്തുടരുന്നില്ല സംവിധായകന്‍. വയലന്‍സിനെ ട്രീറ്റ്‌മെന്റില്‍ കാവ്യാത്മകമായും, ഹാസ്യാത്മകമായും കൈകാര്യം ചെയ്തിട്ടുണ്ട് സംവിധായകന്‍.

കൊല്ലാനോങ്ങുന്ന കൂടത്തിന് മുന്നിലൂടെ വിറളി പിടിച്ചോടുന്ന പന്നിക്കൂട്ടവും,തിന്നും കുടിച്ചും മദിച്ചും ആഘോഷിച്ചും മുന്നേറി കത്തിമുനയിലേക്കോടി അവസാനിക്കുന്ന ആണ്‍കൂട്ടവും ഒരേ വിധിയെ നേരിടുന്നതും മനോഹരമായി പറഞ്ഞിട്ടുണ്ട് അങ്കമാലി ഡയറീസ്. തമിഴ് സിനിമകള്‍ മധുരൈയെയും, തിരുനെല്‍വേലിയെയും ഗ്രാമീണ ഗാംഗ്സ്റ്റര്‍ കഥാപരിസരങ്ങളാക്കി ഉപയോഗിച്ചാണ് അന്നാടിന്റെ കട്ട ലോക്കല്‍ പടമുണ്ടാക്കിയത്. അങ്കമാലി ഡയറീസിലെത്തുമ്പോള്‍ അങ്കമാലിയെ നാടനായും ജൈവികമായും അവതരിപ്പിച്ച് കഥ പറച്ചിലില്‍ പ്രാദേശികത്വം തീര്‍ക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. രാജീവ് രവിയുടെ അന്നയും റസൂലും എന്ന സിനിമ നവതലമുറയിലെ ചലച്ചിത്രകാരന്‍മാര്‍ക്ക് റിയലിസ്റ്റിക് അവതരണത്തിനും കാണികള്‍ക്ക് ആസ്വാദനത്തെ നവീകരിക്കാനും എത്രമാത്രം സഹായകമായിട്ടുണ്ട് എന്നതിന് പ്രേമം,1983, ആക്ഷന്‍ ഹീറോ ബിജു, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം എന്നീ സിനിമകള്‍ നേടിയ സ്വീകാര്യത ഉദാഹരണമായിരുന്നു. കഥ നടക്കുന്ന കാലത്തെയും കഥാപാത്രങ്ങളെയും യഥാതഥമായി അവതരിപ്പിക്കുക എന്നതിനെ അഭിനേതാക്കളുടെ കാര്യത്തിലും സാങ്കേതിക പരിചരണത്തിലും പ്രൊഡക്ഷന്‍ ഡിസൈനിലുമെല്ലാം ലിജോ വിജയിച്ചിട്ടുണ്ട്.

നമ്മുടെ സിനിമകളില്‍ സമൂഹത്തിന്റെ ഇടപെടല്‍ പലപ്പോഴും ഗാനരംഗങ്ങളിലോ പാസിംഗ് ഷോട്ടുകളിലോ ആയിരിക്കും. ഇവിടെ സമൂഹത്തെ അവിടെയുള്ള ആരവങ്ങളെ ആര്‍പ്പുവിളികളെ,വഴക്കുകളെ,കൂട്ടായ്മകളെ തുടങ്ങി ഒന്നിപ്പിനെയും ഭിന്നിപ്പിനെയുമെല്ലാം സിനിമയുടെ ഭാഗമാക്കിയിട്ടുണ്ട് സംവിധായകന്‍. എല്ലാ സിനിമകളും കാസ്റ്റിംഗ് കോളിലൂടെ പുതുമുഖങ്ങളെ കൂട്ടത്തോടെ വരവേല്‍ക്കുന്ന കാലമാണിത്. എന്നാല്‍ അടുത്ത കാലത്ത് കണ്ടവയില്‍ ഏറ്റവും മികച്ചതും പൂര്‍ണത അനുഭവപ്പെടുത്തുന്നതുമായ കാസ്റ്റിംഗ് അങ്കമാലി ഡയറീസിലേതാണ്. വിന്‍സെന്റ് പെപ്പെ എന്ന നായകനായ ആന്റണി വര്‍ഗീസ് മലയാളത്തിന് വരുംകാലത്തേക്ക് മുതല്‍ക്കൂട്ടാകുന്ന താരവും നടനുമാണ്. നിഷ്‌കളങ്കമായ നോട്ടങ്ങളില്‍,എടുത്തുചാട്ടങ്ങളില്‍,ഗൗരവക്കാരനെയും, പ്രണയിയെയും,സ്‌നേഹസമ്പന്നനായ സുഹൃത്തിനെയും സഹോദരനെയും ശരീരഭാഷയിലൂടെയും ഭാവവിനിമയത്തിലൂടെയും ആന്റണി വര്‍ഗ്ഗീസ് പ്രതിനിധീകരിച്ചിട്ടുണ്ട്. പുതിയ സിനിമകളിലേക്ക് ഈ നായക നടനെ നോക്കിവയ്ക്കാവുന്നതാണ്. അപ്പാനി രവി എന്ന മെലിഞ്ഞുണങ്ങിയ പ്രതിനായകനാണ് അങ്കമാലി ഡയറീസില്‍ പ്രകടനം കൊണ്ട് അമ്പരപ്പിച്ച മറ്റൊരാള്‍. സന്ദീപ് ചന്ദ്രന്‍ എന്ന അഭിനേതാവിന് വേണ്ടിയും കയ്യടിപ്പിക്കുന്നു ഈ ചിത്രം. ടെന്‍ എംഎല്‍ തോമസിനെ അവതരിപ്പിച്ച നടന്‍ മലയാളത്തില്‍ ശക്തമായ സ്വഭാവ നടനായി വളരട്ടെ. പോര്‍ക്ക് വര്‍ക്കി,ഭീമന്‍, കുഞ്ഞൂട്ടി, കണകുണാ മാര്‍ട്ടി, രാജന്‍ എന്നീ അഭിനേതാക്കളില്‍ തുടങ്ങി പെപ്പെയുടെ സഹോദരീ കഥാപാത്രം വരെ പ്രകടനം കൊണ്ട് അമ്പരപ്പിച്ചു.

ക്ലൈമാക്‌സിലെ പതിനൊന്ന് മിനുട്ട് നീളുന്ന പെരുന്നാള്‍ പരിസരത്തെ നിര്‍ണായക രംഗചിത്രീകരണം മുതല്‍ അങ്കമാലിയുടെ പുറംകാഴ്ചയും അകംകാഴ്ചയും പന്നിക്കൂട്ടവും ആണ്‍കൂട്ടവും തുടങ്ങി കഥാന്തരീക്ഷത്തിലേക്ക് പ്രേക്ഷകരെ ലയിപ്പിച്ചു നിര്‍ത്തി ഛായാപരിചരണമാണ് ഗിരീഷ് നടത്തിയത്. ഗിരീഷ് ഗംഗാധരന് തന്നെ സിഗ്നേച്ചര്‍ വര്‍ക്ക് എന്ന നിലയില്‍ നിലവില്‍ ഒന്നാമത് വയ്ക്കാവുന്ന സിനിമയുമാണ് അങ്കമാലി ഡയറീസ്. ഗപ്പിയും അങ്കമാലി ഡയറീസും നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയും പരിഗണിക്കുമ്പോള്‍ പ്രമേയത്തെ സംവിധായകന്‍ സമീപിക്കുന്ന രീതിക്കൊത്ത് ദൃശ്യപരിചരണം നടത്തുന്നതില്‍ ഈ പ്രതിഭയുടെ മിടുക്ക് വേറിട്ടറിയാനുമാകും. ബാന്‍ഡും ചെണ്ടയും തുടങ്ങി നാടന്‍ താളവാദ്യ മുഖരിതമായി ചിത്രത്തിന് ഇഴചേര്‍ന്നുനീങ്ങുന്ന തീംമ്യൂസിക് രൂപപ്പെടുത്താന്‍ പ്രശാന്ത് പിള്ളയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പാട്ടുകളില്‍ പ്രീതി പിള്ള രചിച്ച് ശ്രീകുമാര്‍ പാടിയ ദോ നൈന, അങ്കമാലിയുടെ നാട്ടുപാട്ടുകളായ തീയാമേ, തന ധിന തുടങ്ങിയ ഗാനങ്ങള്‍ മികച്ചുനില്‍ക്കുന്നു.

അങ്കമാലി ഡയറീസിന് താളപ്പെരുക്കവും, താളപ്പൊരുത്തവും സൃഷ്ടിക്കുന്നതിലും അഴകൊത്ത ഒതുക്കം അനുഭവപ്പെടുത്തുന്നതിലും ഷമീര്‍ മുഹമ്മദ് ചിത്രസംയോജകന്റെ ഔചിത്യപൂര്‍ണമായ ഇടപെടലുണ്ട്.അങ്കമാലി ഡയറീസ്
അങ്കമാലി ഡയറീസ്

തലവാചകത്തില്‍ ഓളവും താളവും തീര്‍ക്കാന്‍ അടിമുടി വ്യത്യസ്ഥമെന്നും കൂറ്റന്‍ മാറ്റമെന്നുമൊക്കെ പെരുമ പറയുന്ന സിനിമകള്‍ രുചിച്ചവര്‍പ്പുകളിലൂടെയുള്ള പ്രദക്ഷിണമാകാറാണ് പതിവ്. ഇവിടെയാണ് ആസ്വാദന മുന്‍വിധികള്‍ക്ക് വഴങ്ങാതെ തന്റെ 86 പുതുമുഖങ്ങളിലൂടെ അങ്കമാലിയിലെ കുറേ സാധാരണ മനുഷ്യരുടെ കഥ ആവിഷ്‌കാരത്തിലെ അസാധാരണത്വത്തിനൊപ്പം ലിജോ പറയുന്നത്. നായകന്‍ എന്ന സിനിമയിലൂടെയുള്ള അരങ്ങേറ്റം മുതല്‍ സിനിമയുടെ പൊതുനിരത്തുകളില്‍ നിന്ന് മാറിസഞ്ചരിച്ച ലിജോ ജോസ് പെല്ലിശേരി മലയാളസിനിമയുടെ നവശൈലീമാറ്റത്തെ മുന്നില്‍ നിന്ന് നയിക്കുമെന്ന പ്രതീക്ഷ ആമേന്‍ എന്ന സിനിമയ്‌ക്കൊപ്പം പങ്കുവച്ചിരുന്നു. അങ്കമാലീസ് ഡയറീസ് കണ്ടിറങ്ങുമ്പോള്‍ ഇക്കാര്യം ആവര്‍ത്തിക്കാനാകുന്നു.