ബാഹുബലി ദി കണ്‍ക്ലൂഷന്‍ :

ബലേ ഭേഷ് 

April 28, 2017, 1:39 pm
ബലേ ഭേഷ് 
Movie Reviews
Movie Reviews
ബലേ ഭേഷ് 

ബാഹുബലി ദി കണ്‍ക്ലൂഷന്‍ :

ബലേ ഭേഷ് 

Movie Rating

★★★★★ ★★★★★

ആമേനില്‍ സോളമനെ താങ്ങിനിര്‍ത്തിപ്പിടിച്ച് ഷെവലിയാര്‍ പോത്തച്ചന്‍ പറഞ്ഞത് പോലെ ജനപ്രിയ സിനിമയുടെ അതികായന്‍മാര്‍ ഇനി രാജമൗലിയോട് സമ്മതിച്ചേക്കാം, ഇതിന് മുകളില്‍ ഒന്ന് ഞങ്ങള്‍ക്ക് അസാധ്യമാണെന്ന്. ബാഹുബലി ആദ്യവരവിലെ പോരായ്മകളും പാളിച്ചകളും പണിക്കുറവുകളുമെല്ലാം തികഞ്ഞ ബോധ്യത്താല്‍ തിരുത്തിയാണ് ബാഹുബലി ദ കണ്‍ക്ലൂഷന്‍ സംവിധായകന്‍ ഉപസംഹരിച്ചത്. ജനപ്രിയതയുടെ അളവുതൂക്കങ്ങളും രസപ്പൊരുത്തവുമെല്ലാം എസ് എസ് രാജമൗലിയോളം ഉള്‍ക്കൊണ്ട ചലച്ചിത്രകാരനെ സമീപകാലത്തൊന്നും ഇന്ത്യന്‍ ചലച്ചിത്രലോകം കണ്ടിട്ടില്ലെന്നതിന് സാക്ഷ്യമാണ് ബാഹുബലി ദ കണ്‍ക്ലൂഷന്‍. സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാത്ത വിധം ആസ്വാദകരെ ഉദ്വേഗനെറുകയിലും വൈകാരിക തീവ്രതയിലും ത്രസിപ്പിച്ച് നിര്‍ത്തുംവിധമാണ് സിനിമ.

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യം ഉദ്വേഗവും കാത്തിരിപ്പുമാക്കി അവശേഷിപ്പിച്ചാണ് രാജമൗലി ബാഹുബലി ദ ബിഗിനിംഗ് അവസാനിപ്പിച്ചത്. ഹോളിവുഡില്‍ പോലും ഒരു സിനിമയുടെ ക്ലൈമാക്‌സും അതിപ്രധാനമായ ട്വിസ്റ്റും രണ്ടാം ഭാഗത്തിലേക്ക് മാറ്റിവയ്ക്കുന്നതില്‍ വാണിജ്യകൗശലത്തിന്റെ അത്ര തന്നെ സാഹസിക ഉത്തരവാദിത്വവുമുണ്ട്. ബാഹുബലി ആദ്യഭാഗം പുറത്തിറങ്ങിയ 2015 ജൂലായ് 15 മുതല്‍ കാഴ്ചക്കാര്‍ കാത്തിരുന്ന ഉത്തരം തൃപ്തികരമായ രീതിയിലും രസാവഹമായും അവതരിപ്പിക്കുക എന്ന റിസ്‌ക്. ആ ദൗത്യം ബാഹുബലി ഉപസംഹാര പതിപ്പില്‍ ഭംഗിയായി നിറവേറ്റുന്നുണ്ട് എസ് എസ് രാജമൗലി. ഹോളിവുഡിനോട് മത്സരിക്കാനുള്ള ഇന്ത്യന്‍ സിനിമയുടെ പ്രാപ്തിയുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമാണോ ബാഹുബലിയെന്ന് ചോദിച്ചാല്‍ വാണിജ്യ സാധ്യത വിപുലീകരിക്കുന്ന കാര്യത്തിലാണെങ്കില്‍ ഉണര്‍വേകുന്ന ഉത്തരമാണെന്ന് പറയാം. സര്‍ഗാത്മകതയും സാങ്കേതികമേന്മയും സമന്വയിക്കുന്ന ഹോളിവുഡ് ക്ലാസിക്കുകളോടല്ല വാര്‍ ഡ്രാമയായും ഫാന്റസി എന്റര്‍ടെയിനറായും വരുന്ന സിനിമകളോടാണ് ബാഹുബലി രൂപഭാവങ്ങളില്‍ അടുത്തുനില്‍ക്കുന്നത്. തെന്നിന്ത്യന്‍ ഭാഷകളില്‍ തമിഴ് സിനിമകളോളം സ്വീകാര്യത തെലുങ്കിനില്ല. ബോളിവുഡിനെ ഇന്ത്യന്‍ സിനിമയായി അവതരിപ്പിക്കുന്നിടത്ത് നിന്ന് അതിനെ വകഞ്ഞുമാറ്റി ഒരു തെലുങ്ക് ചിത്രം ആഭ്യന്തര വിപണിയിലും വിദേശ മാര്‍ക്കറ്റിലും ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിക്കുന്നുവെന്ന സവിശേഷത ബാഹുബലിയുടേതാണ്. ഭാഷാസിനിമകള്‍ക്ക് ശക്തിയാര്‍ജ്ജിക്കാനുള്ള മൂലധനം ബാഹുബലിയുടെ വിജയക്കുതിപ്പിലൂടെ ലഭിക്കും.

ഒരു പൗരാണിക യുദ്ധ-പ്രണയ ഗാഥയുടെ ദേശീപതിപ്പ് എന്നതിനപ്പുറം അതിശയിപ്പിക്കുംവിധം ഭാവനാത്മകമോ സവിശേഷമോ ആയിരുന്നില്ല ബാഹുബലി ദ ബിഗിനിംഗ്. ഭൂരിപക്ഷതൃപ്തിക്ക് വകയേകുന്ന വര്‍ണ്ണശബള രംഗങ്ങളുടെയും,യുദ്ധമുറകളും ആയോധനവേഗങ്ങളും ഉള്‍ക്കൊള്ളുന്ന ദൃശ്യസങ്കലനവും,നിര്‍ബന്ധിത പ്രണയവര്‍ണ്ണനകളും അടങ്ങുന്ന എന്റര്‍ടെയിനര്‍ പാക്കേജായിരുന്നു ഒന്നാം ബാഹുബലി. ചിലന്തിവല പെരുപ്പിച്ച് ഏത് സാഹസിക ദൗത്യവും നിറവേറ്റാനാന്‍ സ്‌പൈഡര്‍മാനും എവിടെയും ക്ഷണനേരത്തില്‍ പറന്നെത്തി രക്ഷാദൗത്യവുമായി മുന്നേറാന്‍ സൂപ്പര്‍മാനും പ്രത്യേക സിദ്ധികളുടെ ആനൂകൂല്യമുണ്ട്. അവിടെയാണ് കയ്യൊന്നുവീശിയാല്‍ ചത്തൊടുങ്ങുന്ന ഈച്ചയെ പ്രതികാരദൗത്യമേല്‍പ്പിച്ച് രൗജമൗലി ഒരു ചെറുജീവിയുടെ പരിമിതികളില്‍ സാധ്യത കണ്ടെത്തിയത്. രാജമൗലി എന്ന ചലച്ചിത്രകാരന്റെ മൗലികമായ ഭാവനയുടെയും, ആവിഷ്‌കാര സാമര്‍ത്ഥ്യത്തിന്റെയും കയ്യൊപ്പായ ഈഗ(ഈച്ച)യോളം ആസ്വാദ്യകരമായിരുന്നില്ല എനിക്ക് ഒന്നാം ബാഹുബലി. പൂര്‍വ്വജന്മത്തിലെ ചതിയും, പുനര്‍ജന്മത്തിലെ വീണ്ടെടുപ്പും പ്രതികാരവും മഗധീരയിലും ഈഗയിലും അവസാനിപ്പിക്കാതെ ബാഹുബലിയിലും തുടര്‍ന്നപ്പോള്‍ ആവര്‍ത്തനത്തേക്കാള്‍ മുഷിപ്പിച്ചത് അവതരണത്തിലെ അതിനാടകീയതയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ബാഹുബലി രണ്ടാം ഭാഗത്തിനുള്ള ട്രെയിലറായിരുന്നു ബാഹുബലി ഒന്ന്.

ഒരു സിനിമ പുറത്തിറങ്ങി രണ്ടാം വര്‍ഷത്തിലെത്തുമ്പോള്‍ ആദ്യസിനിമയുടെ ക്ലൈമാക്‌സ്. അതിന് വേണ്ടി രണ്ട് വര്‍ഷം പ്രേക്ഷകരെ കാത്തുനിര്‍ത്താനായി എന്നതിലാണ് രാജമൗലിയുടെ മിടുക്ക്. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും വലിയ പ്രീ മാര്‍ക്കറ്റിംഗ് തന്ത്രവും ഈ സിനിമയുടേതായിരുന്നു. ഒരു കല്‍പ്പിത കഥയിലെ നായകന്റെ കൊലപാതകത്തിന്റെ കാരണം തേടി സിനിമാസ്വാദകരെ ഒരു പോലെ ഉദ്വേഗത്തില്‍ നിര്‍ത്തിയത് തന്നെയാണ് വലിയ കൗശലം. ബാഹുബലി രണ്ടാം ഭാഗത്തിലെത്തുമ്പോള്‍ നേരിട്ട് കൊലപാതക കാരണത്തിലേക്ക് കടക്കുകയല്ല സിനിമ. ആദ്യഭാഗം കൈക്കുഞ്ഞില്‍ നിന്നും ശിവുഡു എന്ന ആദിവാസി ബാലനില്‍ നിന്നും മഹേന്ദ്ര ബാഹുബലിയെന്ന സ്വന്തം വ്യക്തിത്വത്തിലേക്ക് ചെന്നെത്തുന്ന നായകനെയാണ് സംവിധായകന്‍ പരിചയപ്പെടുത്തിയത്. ഇവിടെ മഹിഷ്മതിയുടെ മഹാമനസ്സായ അമരേന്ദ്ര ബാഹുബലിയുടെ വ്യക്തി വൈശിഷ്ഠ്യങ്ങളിലേക്കും സവിശേഷ സിദ്ധികളിലേക്കും കടന്നുചെല്ലുകയാണ് തുടക്കത്തിലേ തന്നെ രാജമൗലി. ബാഹുബലിയുടെ തുടര്‍ച്ചയല്ല (സീക്വല്‍) പ്രാരംഭ കഥയായാണ് സിനിമയുടെ തുടക്ക ഭാഗം.

അതിമാനുഷികതയുടെ ആറാട്ടും, മെലോഡ്രാമയുടെ കുത്തൊഴുക്കും തെലുങ്ക് സിനിമകളുടെ സ്ഥിരഭാവമാണ്. ഒന്നാം ബാഹുബലിയിലും നാടകീയതയുടെ ആധിക്യമുണ്ടായിരുന്നു. എന്നാലിവിടെ അമാനുഷികതയും നാടകീയതയും അതിവൈകാരികതയുമെല്ലാം ഒരു ഘട്ടത്തിലും വിരസതയിലേക്ക് വലിഞ്ഞു നീളാത്തക വിധം മുറുക്കമുളളതാക്കി മാറ്റിയിട്ടുണ്ട്. താളപ്പെരുക്കത്താല്‍ കൊട്ടിക്കയറില്‍ ആസ്വാദനം ഒരു വേളയില്‍ ഇടറിപ്പോകാത്ത രീതിയിലുള്ള കിടയറ്റ രംഗാവിഷ്‌കാര പാടവം ഈ സിനിമയുടേതാണ്. സിനിമയുടെ ആസ്വാദന താളത്തിലേക്ക് ലയിപ്പിച്ചു നിര്‍ത്തി പുറത്തേക്ക് വിടാത്ത രീതിയിലാണ് എം എം കീരവാണിയുടെ പശ്ചാത്തല സംഗീതം. കഥയിലെ വൈകാരികമായ മാറിമറിച്ചിലുകള്‍ക്കൊപ്പം ആസ്വാദനത്തെ ചേര്‍ത്തുനിര്‍ത്തുന്നതില്‍ കീരവാണിയുടെ പശ്ചാത്തല സംഗീതം നിര്‍ണായകമായി നിലയുറപ്പിക്കുന്നുണ്ട്.

എന്ത് കാരണത്താല്‍ ബാഹുബലി വധിക്കപ്പെട്ടു എന്നതിനേക്കാള്‍ പ്രാധാന്യത്തോടെ ഏഴൈതോഴനായ ബാഹുബലിയുടെ മഹാമനസ്‌കതയും സവിശേഷതയും തീവ്രതയോടെ അവതരിപ്പിക്കുകയാണ്. ബാഹുബലി ആദ്യഭാഗത്തില്‍ യുദ്ധരംഗങ്ങളായി ഹൈലൈറ്റ്. ദൃശ്യധാരാളിത്തത്തിനപ്പുറം വിശ്വസനീയമായും സര്‍ഗാത്മകമായും പൗരാണിക യുദ്ധരംഗങ്ങള്‍ മികച്ച വാര്‍ കൊറിയോഗ്രഫിയിലൂടെ ഹോളിവുഡ് സിനിമകളിലും വിദേശ സിനിമകളിലും ആവിഷ്‌കരിച്ചിട്ടുണ്ട്. സമര്‍ത്ഥമായ ആക്ഷന്‍ കൊറിയോഗ്രഫിയുടെയും പശ്ചാത്തലമികവിന്റെയും അവതരണ ഭദ്രതയുടെയും അനുഭവമായിരുന്നു 300,ലോര്‍ഡ് ഓഫ് റിംഗ്സ്,റെഡ് ക്ളിഫ്,ഹീറോ തുടങ്ങിയ സിനിമകള്‍. ഒന്നാം ബാഹുബലിയിലെ പൗരാണിക അന്തരീക്ഷ നിര്‍മ്മിതിയും യുദ്ധരംഗങ്ങളുടെ ചിത്രീകരണവും വിഎഫ്എക്‌സ് സങ്കലനവുമൊക്കെ അതിശയപ്പെടുത്തുന്നതിന് പകരം നിരാശപ്പെടുത്തുകയാണ് ചെയ്തിരുന്നത്. ഹോളിവുഡ് വാര്‍ സിനിമകളുടെ നാലിലൊന്ന് മുടക്കുമ്പോള്‍ ഇതൊന്നും സാധ്യമാകില്ലെന്നത് വാസ്തവാണ്. അപ്പോഴും ദൃശ്യവിന്യാസ മികവില്‍ താരതമ്യം സ്വാഭാവികമാണ്. രണ്ടാം ബാഹുബലിയില്‍ അത്തരമൊരു താരതമ്യത്തിന് വലിയ രീതിയില്‍ അവസരം നല്‍കുന്നില്ല സംവിധായകന്‍. ഒന്നാം ബാഹുബലിയില്‍ നിന്ന് വ്യത്യസ്ഥമായി പറയുന്ന കഥയുടെ വൈകാരിക വ്യാപ്തിയിലാണ് രാജമൗലി പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്. അതിനൊത്ത ദൃശ്യവിന്യാസവും പശ്ചാത്തവുമൊക്കെ സൃഷ്ടിക്കുന്നതിന് രണ്ടാം പരിഗണനയാണ് നല്‍കിയത്. അതുകൊണ്ട് തന്നെ കണ്ണഞ്ചിപ്പിക്കുന്ന യുദ്ധക്കാഴ്ചകള്‍ക്കും ഒളിയുദ്ധങ്ങള്‍ക്കും കൂറ്റന്‍ കൊട്ടാരക്കെട്ടുകള്‍ക്കും മീതെ അമരേന്ദ്ര ബാഹുബലിയുടെയും ശിവകാമിയുടെയും ദേവസേനയുടെയും കട്ടപ്പയുടെയും വൈകാരിക പ്രശ്‌നങ്ങളെ പ്രതിഷ്ഠിച്ചിരിക്കുകയാണ് രാജമൗലി. മഹിഷ്മതി രാജധാനിയുടെ പകിട്ടിനേക്കാള്‍ ഹൃദ്യത ശിവകാമിയുടെയും ബാഹുബലിയുടെയും ജീവിതമുഹൂര്‍ത്തങ്ങളില്‍ സംവിധായകന്‍ ആവിഷ്‌കരിച്ചു.

ബാഹുബലിയെ കട്ടപ്പ കൊന്നതിന് പിന്നിലുള്ള ഒരൊറ്റ ട്വിസ്റ്റാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ അരങ്ങേറുന്നത് ട്വിസ്റ്റുകളുടെ ഘോഷയാത്രയാണ്. അതിഗംഭീരമായ പശ്ചാത്തല ഈണത്തിനൊപ്പമുള്ള ആദ്യ ഫൈറ്റ് സീക്വന്‍സ്. ആനക്കൂട്ടവും കാളക്കൂട്ടവുമെല്ലാം യോദ്ധാക്കളാകുന്ന യുദ്ധമുറകള്‍. ശിവുഡു-അവന്തിക പ്രണയ വിലാപങ്ങളുടെ നീളന്‍ രംഗങ്ങളുടെ സ്ഥാനത്ത് യോദ്ധാക്കളായ പ്രണയികള്‍. പടയപ്പയില്‍ രജനീകാന്തിന് പ്രതിനായികയായി ശരീരഭാഷ കൊണ്ടും ചലനങ്ങളാലും മാനറിസങ്ങളിലും അതുല്യപ്രകടനം കാഴച് വച്ച് രമ്യാ കൃഷ്ണന് അതിന് ശേഷം ലഭിച്ച ഗംഭീര കഥാപാത്രമാണ് ശിവകാമി. ബാഹുബലിയെന്നാണ് പേരെങ്കിലും സിനിമ ശിവകാമിയുടെയും ദേവസേനയുടെയും കഥയെന്ന് വായിച്ചെടുക്കാം. ഈ രണ്ട് കഥാപാത്രങ്ങളുടെ വാക്കുകളിലും നിലപാടുകളിലും പെണ്‍മയുടെ രാഷ്ട്രീയത്തിലുമാണ് മഹിഷ്മതിയുടെ വിധിയും വിശ്വാസവും അധികാരവുമെല്ലാം നിര്‍ണയിക്കപ്പെടുന്നത്. ഒന്നാം ബാഹുബലിയില്‍ അവന്തിക എന്ന അപരിചിതയായ പെണ്‍യോദ്ധാവിനെ വസ്ത്രാക്ഷേപം ചെയ്ത് ആക്രമണം നടത്തിയതിനെ പ്രണയമെന്ന വ്യാഖ്യാനിച്ച സംവിധായകന്‍ ശിവകാമിയിലൂടെയും ദേവസേനയിലൂടെയും തെറ്റ് തിരുത്തുന്നുണ്ട്. സര്‍വ്വകലാവല്ലഭനായ ബാഹുബലി നിസഹായനാകുന്നിടത്തും തന്നിലെ സ്ത്രീത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട് ദേവസേന. ചൂതിനും യുദ്ധത്തിനും ഈട് വയ്ക്കാനുള്ള പണയോപകരണങ്ങളല്ല പെണ്ണെന്ന് കഥാപാത്രങ്ങളിലൂടെ സമര്‍ത്ഥിക്കുന്നു സംവിധായകന്‍. ഒന്നാം ഭാഗത്തേക്കാള്‍ മികച്ച പ്രകടനമാണ് മിക്ക താരങ്ങളും കാഴ്ച വച്ചിരിക്കുന്നത്. ആദ്യ ബാഹുബലി സത്യത്തില്‍ വേണമെങ്കില്‍ ഈ സിനിമയുടെ റിഹേഴ്‌സലായും കാണാം. പുലിമുരുകനിലെ മൂപ്പനെ പോലെ ബാഹുബലിയെയും ദേവസേനയെയും രണ്ടാം ബാഹുബലിയെയുമൊക്കെ ചേര്‍ന്നിരുത്ത് പ്രകീര്‍ത്തിക്കേണ്ട ചുമതലകള്‍ കട്ടപ്പയും മറ്റു പലരുമായി നിര്‍വഹിക്കുന്നത് ചില ഘട്ടങ്ങളില്‍ മുഷിപ്പിക്കും. അവിടെയും വിരസതയിലേക്ക് തെന്നാതെ രസഭരിതമാക്കി എളുപ്പം വഴിമാറുന്നുണ്ട് സംവിധായകന്‍.

രമ്യാ കൃഷ്ണനൊപ്പം പ്രകടനത്തിലേക്ക് മറ്റ് താരങ്ങള്‍ ഉയര്‍ന്നില്ലെങ്കിലും ആകാരവഴക്കത്തിലും ബാഹുബലിയെ ഭാവഭദ്രമാക്കിയിട്ടുണ്ട് പ്രഭാസ്. അച്ഛന്‍ ബാഹുബലിക്കും മകന്‍ ബാഹുബലിക്കും രണ്ട് ശൈലി അനുഭവപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്. സ്‌ക്രീന്‍ പ്രസന്‍സും യുദ്ധരംഗങ്ങളിലെ ഉള്‍പ്പെടെയുള്ള മെയ് വഴക്കത്തിലും ചലനങ്ങളിലുമെല്ലാം ഈ നടന്റേത് ഔട്ട്സ്റ്റാന്‍ഡിംഗ് പ്രകടനമാണ്. സത്യരാജ് നല്ല രീതിയില്‍ അമിതാഭിന ശ്രമങ്ങള്‍ നടത്തുന്ന നടനാണ്. വൈകാരിക രംഗങ്ങളില്‍ കൈവിട്ട് പോക്ക് മിക്കപ്പോഴും കാണാം. ഇവിടെ ബാഹുബലി-കട്ടപ്പ ബന്ധത്തിന്റെ ഊഷ്മളതയും ഗാഢതയുമൊക്കെ നന്നായി അവതരിപ്പിക്കാന്‍ സത്യരാജിന് കഴിഞ്ഞു. വൈകാരിക രംഗങ്ങളില്‍ മിതത്വവും കാണാനായി. അഴകിന്റെയും ആയോധനത്തിന്റെയും റാണിയായി ദേവസേനയെ അവതരിപ്പിക്കാന്‍ അനുഷ്‌കയ്ക്ക് കഴിഞ്ഞു. പല ഷെഡ്യൂളുകളിലുള്ള ചിത്രീകരണത്താലാകും കുന്തളദേശം കാണിക്കുമ്പോഴുള്ള ദേവസേനയ്ക്ക് ഇഞ്ചി ഇടുപ്പഴകയിലെ കഥാപാത്രത്തിന് വേണ്ടിയുണ്ടാക്കിയ രൂപത്തിന്റെ ശേഷിപ്പുകള്‍ ഇടക്ക് അറിയാനുണ്ട്. കരുത്തനായ രാജാവും യോദ്ധാവുമായി ഭല്‍വാ ദേവനെ ചിത്രീകരിച്ചപ്പോള്‍ ബാഹുബലിക്കൊത്ത പ്രതിനായകനായി അഭിനയത്തിലും ആകാരചലനങ്ങളില്‍ വളരുന്നുണ്ട് റാണാ ദഗുബട്ടി. നാസറിന്റെ കഥാപാത്രവും നന്നായിട്ടുണ്ട്.

ആനയുദ്ധവും ക്ലൈമാക്‌സിലെ യുദ്ധരംഗവും അതിഗംഭീരമായി ചിത്രീകരിച്ചിട്ടുണ്ട്. വിഎഫ്എക്സ്,ആക്ഷന്‍ കൊറിയോഗ്രഫി,ശബ്ദ സങ്കലനം എന്നിവയുടെ അഴകൊത്ത ലയം ഈ രംഗങ്ങളിലുണ്ട്. ബാഹുബലി ഒന്നിലെ ട്വിസ്റ്റ് വിശദീകരിക്കുന്ന രംഗമാണ് ഏറ്റവും മനോഹരമായി ഒരുക്കിയിരിക്കുന്നത്. രാജമൗലി എന്ന ചലച്ചിത്രകാരന്റെ മാസ്റ്റര്‍ ക്രാഫ്റ്റ് വ്യക്തമാക്കുന്നതാണ് ഈ നിര്‍ണായക രംഗം. ഈ സീനിലേക്ക് നയിക്കുന്ന മുന്‍രംഗങ്ങളില്‍ ചെറു ബില്‍ഡപ്പുകള്‍ തീര്‍ത്ത് പിരുമുറുക്കമേറ്റിയാണ് അതിപ്രധാന രംഗത്തെ രാജമൗലി ആവിഷ്‌കരിച്ചിരിക്കുന്നത്. ദൃശ്യപരിചരണത്തിലും അതിഗംഭീരമാണ് ഈ ഭാഗം. ഛായാഗ്രാഹകന്‍ സെന്തില്‍കുമാര്‍ വിഎഫ്എക്‌സ് ടീം, സംഗീത സംവിധായകന്‍ കീരവാണി എന്നിവര്‍ രാജമൗലിയോട് തോള്‍ചേര്‍ന്നുനില്‍ക്കുന്ന രംഗങ്ങളുമാണ് ഈ ഭാഗത്തേത്.

ആദ്യഭാഗത്തേക്കാള്‍ ഭാവനാത്മകമായാണ് മഹിഷ്മതിയെന്ന സാങ്കല്‍പ്പിക രാജ്യത്തെ ചിത്രീകരിച്ചിരിക്കുന്നത്. ജലയാത്രയ്‌ക്കൊപ്പം പറക്കുകയും ചെയ്യുന്ന യാനവും, പുത്തന്‍ യുദ്ധമുറകളിലെ കൗതുകവുമെല്ലാം പ്രൊഡക്ഷന്‍ ഡിസൈന്‍- വി എഫ് എക്‌സ ടീമിന്റെ മിടുക്കറിയിക്കുന്നുണ്ട്. അതേ സമയം തന്നെ ആദ്യഭാഗത്തേത് പോലെ മഹിഷ്മതിയുടെ പുറംകാഴ്ച ജീവസുറ്റ ദൃശ്യങ്ങളായല്ല ആനിമേറ്റഡ് പരമ്പരകളിലെ കൃത്രിമ കെട്ടിടങ്ങള്‍ പോലെയാണ് അനുഭവപ്പെടുക. കാടുകളും മരങ്ങളും പൂന്തോട്ടവുമെല്ലാം കടന്നുവരുന്ന രംഗങ്ങളിലും ഇതേ രീതിയില്‍ കൃത്രിമത്വമുണ്ട്. കുന്തള ദേശത്തെ പുന്തോട്ടത്തിലൂടെ ബാഹുബലി മുന്നേറുമ്പോള്‍ വിന്‍ഡോസ് വാള്‍പേപ്പറായെത്തുന്ന ചില ചിത്രങ്ങളാണ് ഓര്‍മ്മ വരുന്നത്. 250 കോടിക്ക് മുകളില്‍ മുതല്‍മുടക്കിയ ചിത്രമെന്നതിനാലാണ് വിഎഫ്എക്‌സിലെ അസ്വാഭാവികത എടുത്തുപറയുന്നത്. വൈഡ് ഫ്രെയിമുകളില്‍ ചില യുദ്ധരംഗങ്ങള്‍ നിഴലാട്ടം മാത്രമായിരിക്കുന്നതും കാണാം. ബാഹുബലിക്ക് എന്ത് സംഭവിച്ചുവെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചതിന് ശേഷമുള്ള കഥാഭാഗങ്ങളില്‍ ആസ്വാദനം ഇടറുമ്പോള്‍ സംവിധായകന്‍ അത് മറികടക്കുന്നത് സ്‌റ്റൈലിഷ് ട്രീറ്റ്മെന്റിലുള്ള യുദ്ധരംഗത്താലാണ്.

സാബു സിറില്‍ എന്ന പ്രൊഡക്ഷന്‍ ഡിസൈനറെയും കോട്ടഗിരി വെങ്കിടേശ്വര റാവു എന്ന എഡിറ്ററെയും വിട്ടുപോകാനാകില്ല. അമര്‍ ചിത്രകഥയിലേതെന്ന പോലെ പൗരാണിക രാജധാനിയും യുദ്ധസന്നാഹവും മാന്ത്രിക കപ്പലും കൊട്ടാരക്കെട്ടുമെല്ലാം വിശ്വസനീയമായി ഉണ്ടാക്കാന്‍ സാബു സിറിലിന് കഴിഞ്ഞിട്ടുണ്ട്. ആദ്യഭാഗം കാണാത്ത പ്രേക്ഷകര്‍ക്കും ഉള്‍ക്കൊള്ളാനാകും വിധത്തില്‍ രണ്ടാം ബാഹുബലിയെ ക്രമീകരിക്കുകയും ഒതുക്കത്തോടെ ഒരുക്കിയതിലും എഡിറ്ററുടെ റോളും നിര്‍ണായകമാണെന്ന് വേണം കരുതാന്‍. ആക്ഷന്‍ കോര്‍ഡിനേറ്ററായ മോര്‍ഗന്‍ ബെനോയിറ്റ് ഉള്‍പ്പെടെയുള്ള സ്റ്റണ്ട് ടീമും നന്നായി പ്രയത്‌നിച്ചിട്ടുണ്ട്.

പാണ്ഡവ-കൗരവയുദ്ധത്തെയും ശകുനിയുടെ തന്ത്രങ്ങളെയും ഓര്‍മ്മപ്പെടുത്തുന്ന കഥാപാത്രങ്ങളും പശ്ചാത്തലങ്ങളും ബാഹുബലിയിലുണ്ട്. ദേവസേനയെ ദ്രൗപതിയില്‍ നിന്ന് കണ്ടെടുത്തതാണോ എന്നും സംശയിച്ചേക്കാം. അപ്പോഴും അമര്‍ ചിത്രകഥകളുടെ ഭാവനാ പ്രപഞ്ചത്തിലേക്ക് വിഷ്വല്‍ ഇഫക്ടിന്റെയും ഗ്രാഫിക്സിന്റെയും പ്രൊഡക്ഷന്‍ ഡിസൈനിന്റെയും സംഗീതത്തിന്റെയും മറ്റ് സാങ്കേതിക പരിചരണങ്ങളുടെയും പിന്തുണയില്‍ മികച്ച ഏകോപനത്തില്‍ ഇതുവരെയുള്ള കരിയറിലെ മികച്ച ചിത്രം സമ്മാനിച്ചിരിക്കുകയാണ് എസ് എസ് രാജമൗലി എന്ന മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍. തെലുങ്ക് സംവിധായകനായ രാജമൗലിയുടേതല്ല, ഷോ ബിസിനസ് എന്ന രീതിയില്‍ ഇന്ത്യന്‍ സിനിമയുടെ വാണിജ്യഭൂപടം തിരുത്താന്‍ ശേഷിയുള്ള ഏറ്റവും മിടുക്കനായ ചലച്ചിത്രകാരന്റേതാണ് ബാഹുബലി രണ്ട്. മുടക്കുമുതലിന്റെ വലിപ്പത്തില്‍ അല്ലാതെ ജനപ്രിയതയുടെ മര്‍മ്മമറിഞ്ഞ ഒരു ഇന്ത്യന്‍ സിനിമയെ ബ്രഹ്മാണ്ഡമെന്ന് വിശേഷിപ്പിക്കാനാകുമെങ്കില്‍ അത് ഈ ബാഹുബലിക്ക് മാത്രം അവകാശപ്പെടതാണ്.